Sunday, June 23, 2013

ബൊക്കെ നല്‍കിയ ഊര്‍ജം

ആലപ്പുഴക്കാര്‍ കാണാത്ത പല കളിയും വേണുഗോപാല്‍ കളിച്ചിട്ടുണ്ട്; കണ്ടിട്ടുമുണ്ട്. കൊഴുമ്മല്‍ ചട്ടടി (കെ സി) തറവാട് കളിയാട്ടത്തിന്റെ കേന്ദ്രം കൂടിയാണ്. ആനയാടി ഭഗവതിയും വണ്ണാത്തിപ്പോതിയും തായ് പരദേവതയും ഭൂതവും കെട്ടിയാടുന്നത് കണ്ടുവളര്‍ന്ന കെ സി വേണുഗോപാല്‍ ആ കളി യൂത്തായും മൂത്തതായും ഖദര്‍ പാര്‍ടിയിലും പ്രയോഗിച്ചു. ആരും പക്ഷേ ഗൗനിച്ചില്ല. അന്നാട്ടില്‍ ഗതിപിടിക്കാതെയാണ് തെക്കോട്ട് വണ്ടികയറിയത്. മുടിയേറ്റ്, പടയണി, കാളിത്തീയാട്ട്, പറണിത്തോറ്റം, കുത്തിയോട്ടം തുടങ്ങിയ അനുഷ്ഠാനകലകളില്‍ അഭിരമിച്ചിരുന്നവരെ വടക്കന്‍ മുറയില്‍ കളിയാടി പേടിപ്പിച്ചും പ്രലോഭിപ്പിച്ചും ആലപ്പുഴയുടെ നിത്യഹരിതനായകനായി.

കണ്ണൂരില്‍ തറിയും തിറയും കണ്ട് കൂടെ വളര്‍ന്ന് ഖദറിനുള്ളില്‍ കയറിയ പലരും ഇന്ന് ബ്ലോക്ക് കമ്മിറ്റിയില്‍ വരെയേ എത്തിയിട്ടുള്ളൂ. വയസ്സ് അന്‍പതേ ആയുള്ളൂവെങ്കിലും വേണു എംഎല്‍എയും എംപിയും കേരള-കേന്ദ്ര മന്ത്രിയുമൊക്കെയായി. ഹരിപ്പാട്ടെ വലിയ നേതാവ് ഗതികിട്ടാതെ മന്ത്രിസ്ഥാനത്തിനായി അലഞ്ഞപ്പോള്‍ കായലിലും കനാലിലും വേണുവിന്റെ ആധിപത്യം വന്നു. ലീഡറുടെ ദര്‍ബാറില്‍ ഒന്നാമന്‍ ചെന്നിത്തലയായിരുന്നു. കൂറിലും കഴിവിലും വേണുഗോപാല്‍ താഴെ മാത്രം. ഇന്ന് വേണുവിനാണ് കൂടുതല്‍ ചെറുപ്പവും പദവിയും. പറക്കുന്ന മന്ത്രിയാണിന്ന്. 2004ല്‍ വേണു വേണുമീട്ടിയ ടൂറിസം വകുപ്പ് വേണമെങ്കില്‍ എടുത്തോളാനാണ് ഇന്ന് ചെന്നിത്തലയോട് പറയുന്നത് എന്നാകുമ്പോള്‍ പദവിയിലെ അന്തരം ഊഹിക്കാം. ലീഡറുടെ വത്സലശിഷ്യഗണത്തില്‍നിന്ന് ചാടിയിറങ്ങി ഗറില്ലാ സമരനായകരായപ്പോള്‍ ചെന്നിത്തലയ്ക്കും കാര്‍ത്തികേയനും ഷാനവാസിനും പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല. വേണുഗോപാല്‍ പക്ഷേ, പലതും നേടി.

കാര്‍ത്തികേയന്‍ ഇനി മന്ത്രിയാകണമെങ്കില്‍ ഉമ്മന്‍ചാണ്ടി കനിയണം. ഷാനവാസിന് ജമാ അത്തെ ഇസ്ലാമിയുടെ ശുപാര്‍ശവേണം. ചെന്നിത്തല വേലിപ്പുറത്താണ്. വേണു സ്വയം തീരുമാനിക്കും-ഏതു പദവി വേണം, ഏതു വകുപ്പു വേണം എന്ന്. കണ്ണൂരിലെ തീപ്പൊരിയെന്നെല്ലാം വീമ്പുപറയുമെങ്കിലും വേണുവിനുമുന്നില്‍ സുധാകരന് ചൂടുമില്ല, ചൂരുമില്ല. പറഞ്ഞുവന്നാല്‍, സാറേയെന്നു വിളിക്കണം. സുധാകരന്‍ ഒരുതവണ ചെന്നൈയില്‍ പോകുമ്പോള്‍ വേണു നാലുതവണ ദുബായിലെത്തും. സുധാകരന്‍ ദുബായിയെക്കുറിച്ച് ചിന്തിക്കുന്നത് വേണു ബാങ്കോക്കിലിരുന്ന് മണത്തറിയും. വോളിബോള്‍ കോര്‍ട്ട് വിട്ടിട്ട് പത്തുമുപ്പതുവര്‍ഷമായെങ്കിലും രാഷ്ട്രീയകളിക്കളത്തില്‍ മുമ്പന്‍തന്നെ. പഠിച്ചത് കണക്കും നിയമവുമാണ്. വളര്‍ന്നത് കോണ്‍ഗ്രസിലും. ഈ ഗുണങ്ങളൊന്നും സുധാകരനില്ല. ചെന്നിത്തലയുടെ ഹിന്ദിയെക്കാള്‍ മുന്നിലാണ് വേണുവിന്റെ പിഴയ്ക്കാത്ത കണക്ക്. ഒറ്റനോട്ടത്തില്‍ കോണ്‍ഗ്രസുകാരുടെ നിരയില്‍ ആരും എണ്ണില്ല- അതുകൊണ്ട് വിവാദം വരുന്നില്ല എന്നതാണാശ്വാസം. എന്തൊക്കെ നേടി, എവിടെയെല്ലാം സമാഹരിച്ചു എന്നൊന്നും ആരും ചോദിക്കാറില്ല എന്നതാണ് പലരുടെയും സൗകര്യം.

സരിതോര്‍ജത്തില്‍ ഉമ്മന്‍ചാണ്ടി വെന്തുരുകുമ്പോള്‍ വേണുഗോപാല്‍ ഊറിച്ചിരിക്കുകയാണ്. സരിതാ നായരുടെ വിളിപ്പട്ടികയില്‍ ചെറുതല്ലാത്ത സ്ഥാനമുണ്ട്. വാര്‍ത്ത വന്നപ്പോള്‍ വലിഞ്ഞുകയറി നിഷേധിക്കാനൊന്നും പോയില്ല. സരിത വന്നിരുന്നു; വിളിച്ചിരുന്നു; ബൊക്കെ തന്നിരുന്നു. എല്ലാം സമ്മതിച്ചു. അതാണ് ബുദ്ധി. അത്രയും നിഷേധിക്കാനാകില്ല. ബാക്കിയൊന്നും തെളിയിക്കാനുമാകില്ല. ഊര്‍ജമായിരുന്നു കേന്ദ്രത്തിലെ അന്നത്തെ വകുപ്പ് എന്നതുകൊണ്ട് സരിതയുടെ ഊര്‍ജവുമായുള്ള സമ്പര്‍ക്കം കുറ്റമല്ല. ഉമ്മന്‍ചാണ്ടി പറഞ്ഞത് ബിജു രാധാകൃഷ്ണനുമായി "കുടുംബകാര്യം" സംസാരിച്ചു എന്നാണ്. വേണുഗോപാല്‍ പറയുന്നു, സരിതയുമായി വ്യക്തിപരമായി സംസാരിച്ചില്ല എന്ന്. ചില പ്രദേശങ്ങളില്‍ വ്യക്തിപരമായല്ലാത്ത സംസാരമുണ്ട്- ഒരുപക്ഷേ മുല്ലയ്ക്കലെ പൊതുയോഗപ്രസംഗം സരിത കേട്ടിരുന്നു എന്നാകും.

അതിനിടയില്‍ ഓഫീസിലേക്ക് വെറുതേ ഒന്ന് വരുന്നതും ബൊക്കെ സമ്മാനിക്കുന്നതും കുറ്റമല്ല; ശിക്ഷയുമില്ല. സൗരോര്‍ജപ്ലാന്റിന്റെ പ്രചാരണത്തിന് തന്റെ ചിത്രം വച്ചതും പ്ലാന്റിന് കേന്ദ്രസര്‍ക്കാരിന്റെ ഇളവ് താന്‍ വാങ്ങിക്കൊടുക്കുമെന്ന് വീട്ടില്‍ എടുത്ത ചിത്രം കാട്ടി സരിത പ്രചരിപ്പിച്ചതും വിശ്വസിച്ച് പണം മുടക്കിയ മണ്ടന്മാരാണ് കുറ്റക്കാര്‍. അദ്ദേഹം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും. വെള്ളാപ്പള്ളി പിണങ്ങുമ്പോള്‍ ഡിസിസി പ്രസിഡന്റ് ഷുക്കൂറിനെ ശാസിക്കും. ഗൗരിയമ്മയെ സോപ്പിടാന്‍ പി സി ജോര്‍ജിനെ തള്ളിപ്പറയും. അതുകഴിഞ്ഞ് സ്വന്തം ഫോണില്‍ ജോര്‍ജിനെ വിളിച്ച് വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കും. സരിതോര്‍ജം കൊണ്ട് പൊള്ളലേല്‍ക്കുന്ന പലരുമുണ്ടാകാം. ചങ്ങനാശേരിയില്‍ ചെന്ന് ശാലുമേനോനെ അനുഗ്രഹിച്ച തിരുവഞ്ചൂരിനെപോലുള്ളവരുടെ ഗതിയാണത്. ഇതുകൊണ്ടൊന്നും വേണുഗോപാലിനെ തോല്‍പ്പിക്കാനാകില്ല. കെ സുധാകരന്‍ വിചാരിച്ചിട്ട് നടന്നിട്ടില്ല- പിന്നെയല്ലേ ഒരു സരിതാ നായര്‍. ഇങ്ങനെ എത്രയെണ്ണത്തിനെ വേണുഗോപാല്‍ കണ്ടിരിക്കുന്നു.

സൂക്ഷ്മന്‍ deshabhimani varanthapathipp

No comments:

Post a Comment