Sunday, June 23, 2013

കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കരുത്: സിഐടിയു

കൊച്ചി കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള നീക്കത്തില്‍നിന്ന് പിന്‍മാറണമെന്ന് കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍(സിഐടിയു) ആവശ്യപ്പെട്ടു. 15 വര്‍ഷമായി കപ്പല്‍ശാല ലാഭത്തിലാണ്. 2010-11ല്‍ 227.53 കോടിയും 2011-2012ല്‍ 172.33 കോടിയും അറ്റാദായമുണ്ടാക്കി. 2012-13ല്‍ 185 കോടിയാണ് ലാഭം. കപ്പല്‍ശാലയുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുടക്കിയ മൂലധനം തിരിച്ചടച്ച പൊതുമേഖലാ സ്ഥാപനം വില്‍ക്കുന്നത് കേരളീയര്‍ അംഗീകരിക്കില്ല. കപ്പല്‍ശാല വികസനം അനിവാര്യമാണ്. അതിന് ജീവനക്കാരുടെ പിന്തുണയുമുണ്ടാകും. ജീവനക്കാരുടെ ആത്മാര്‍ഥ പ്രവര്‍ത്തനത്തിലൂടെയാണ് സ്ഥാപനത്തിന് ലാഭമുണ്ടാക്കാന്‍ സാധിച്ചതെന്ന് അധികൃതര്‍ തിരിച്ചറിയണമെന്ന് ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കപ്പല്‍ശാല വികസനത്തിന്റെ ഭാഗമായി കൊച്ചി തുറമുഖത്തിലെ ചെറിയ ഡോക്ക് ഉള്‍പ്പെടെ 42 ഏക്കര്‍ സ്ഥലവും ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 242 ജീവനക്കാരെയുമാണ് ഏറ്റെടുത്തിട്ടുള്ളത്. അഞ്ചുവര്‍ഷംകൊണ്ടാണ് വികസനം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടം 450 കോടിയാണ് ചെലവ് കണക്കാക്കുന്നത്. കപ്പല്‍ശാലയുടെ കരുതല്‍ശേഖരം ഉപയോഗിച്ചും വരുംവര്‍ഷത്തെ ലാഭംചേര്‍ത്തും വികസനം സാധ്യമാക്കാം. കേന്ദ്രസര്‍ക്കാരില്‍നിന്ന് സഹായമായോ വായ്പയായോ തുക കണ്ടെത്താനാണ് കപ്പല്‍ശാല ഡയറക്ടര്‍ ബോര്‍ഡ് ശ്രമിക്കേണ്ടത്. എന്നാല്‍, വികസനത്തിന്റെ പേരില്‍ കപ്പല്‍ശാലയുടെ സമ്പത്ത് സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതാനാണ് ശ്രമം. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണിയും കെ വി തോമസും കപ്പല്‍ശാല സ്വകാര്യവല്‍ക്കരണം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തന്ത്രപ്രധാനമേഖലയില്‍ സ്ഥിതിചെയ്യുന്ന കപ്പല്‍ശാലയുടെ ഓഹരി വില്‍ക്കാനുള്ള ശ്രമം ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് കെ സുരേഷ്കുറുപ്പ് എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment