Thursday, June 20, 2013

ഡല്‍ഹിയില്‍ ബിജുവിനെ ഒളിപ്പിച്ചത് കുരുവിള

സൗരോര്‍ജ തട്ടിപ്പുകേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അനൗദ്യോഗിക സെക്രട്ടറി പാവം പയ്യന്‍ എന്നറിയപ്പെടുന്ന തോമസ് കുരുവിള ഒളിവില്‍ പാര്‍പ്പിച്ചു. സരിത അറസ്റ്റിലായ ജൂണ്‍ മൂന്നുമുതല്‍ ആറുവരെയാണ് ഡല്‍ഹിയിലെ നക്ഷത്രഹോട്ടലായ ലീല പാലസില്‍ സ്വന്തം പേരില്‍ മുറിയെടുത്ത് തോമസ് കുരുവിള ബിജുവിനെ പാര്‍പ്പിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും ഈ സമയം ഡല്‍ഹിയിലുണ്ടായിരുന്നു. ജൂണ്‍ മൂന്നിന് രാത്രി 9.48നാണ് കുരുവിളയുടെപേരില്‍ ലീല ഹോട്ടലില്‍ മുറിയെടുത്തത്. ഇതേദിവസം മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിയില്‍ എത്തിയ കുരുവിള കേരള ഹൗസിലെ 103-ാം നമ്പര്‍ മുറിയിലാണ് കഴിഞ്ഞത്. ലീലയില്‍ എടുത്ത മുറിയില്‍ ബിജുവും. ലീലയില്‍ ഇരുവരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചതിന് സാക്ഷികളുണ്ട്. ലീലയില്‍ 10,000 രൂപ ദിവസവാടകയുള്ള റോയല്‍ പ്രീമിയം മുറിയാണ് കുരുവിള എടുത്തിരുന്നത്-റൂം നമ്പര്‍ 644. തോമസ് കുരുവിള, കെ 12, കോട്ടയം പിഒ, 695121 എന്ന വിലാസമാണ് ഹോട്ടല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. കുരുവിളയുടെ ഫോണിലൂടെ മുഖ്യമന്ത്രിയുമായി ബിജു സംസാരിക്കുകയും ചെയ്തു.

സംഘടനാചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രി ജൂണ്‍ മൂന്നിന് രാത്രിയാണ് കേരളത്തിലേക്ക് മടങ്ങിയത്. വിമാനത്താവളംവരെ കുരുവിളയും അനുഗമിച്ചു. ശേഷം ലീലയിലേക്ക് മടങ്ങി. ആഭ്യന്തരസുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം വിളിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജൂണ്‍ അഞ്ചിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിയില്‍ എത്തിയിരുന്നു. ഈ ദിവസങ്ങളിലും ഭരണനേതൃത്വത്തിന്റെ തണലില്‍ ബിജു സുരക്ഷിതനായി കഴിഞ്ഞു. ജൂണ്‍ നാലിനുതന്നെ കുരുവിള കേരളഹൗസിലെ മുറി വിട്ടെങ്കിലും ബില്‍ അടച്ചത് ജൂണ്‍ അഞ്ചിനാണ്. ലീലയില്‍ തോമസ് കുരുവിളയുടെ പേരിലെടുത്ത മുറി ഒഴിയുന്നത് ജൂണ്‍ ആറിന് പകല്‍ 12.01നും. ഭക്ഷണവും താമസവുമടക്കം മൂന്ന് ദിവസത്തെ ഹോട്ടല്‍ ബില്‍ ഇനത്തില്‍ ആകെ 46,839 രൂപയാണ് അടച്ചത്. മുറിയെടുത്ത ജൂണ്‍ മൂന്നിന് ഭക്ഷണ ഇനത്തില്‍ പണമൊന്നും ആയിട്ടില്ല. എന്നാല്‍, കുരുവിള മുഖ്യമന്ത്രിക്കൊപ്പം ദൃശ്യമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ജൂണ്‍ നാലിന് മൂന്നുനേരവും അദ്ദേഹത്തിന്റെപേരില്‍ ലീല ഹോട്ടലില്‍ ഭക്ഷണബില്ലായിട്ടുണ്ട്. രാവിലെ മുതല്‍ മുഖ്യമന്ത്രിക്കൊപ്പം ആയിരുന്ന ഈ ദിവസം ലീലയില്‍ ഭക്ഷണം കഴിച്ചത് ആരാണെന്ന് വെളിപ്പെടുത്തേണ്ടത് കുരുവിള തന്നെയാണ്. മുഖ്യമന്ത്രിയെ വിമാനത്താവളംവരെ അനുഗമിച്ച കുരുവിളയുടെ പിന്നീടുള്ള നീക്കങ്ങള്‍ അജ്ഞാതമാണ്. കേരള ഹൗസില്‍ അദ്ദേഹം തിരിച്ചെത്തിയിരുന്നില്ല.
(എം പ്രശാന്ത്)

സരിത ഡിസംബര്‍ 27ന് ഡല്‍ഹിയില്‍

തിരു: സൗരോര്‍ജതട്ടിപ്പു കേസിലെ പ്രതി സരിത എസ് നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന തോമസ് കുരുവിളയുടെ വെളിപ്പെടുത്തല്‍ ശരിവയ്ക്കുന്ന രേഖകള്‍ പുറത്തുവന്നു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സരിത-മുഖ്യമന്ത്രി കൂടിക്കാഴ്ച നടന്ന 2012 ഡിസംബര്‍ 27ന് സരിത ഡല്‍ഹിയില്‍ എത്തിയതിന് യാത്രാരേഖകള്‍ തെളിവാണ്. "റിപ്പോര്‍ട്ടര്‍" ചാനലാണ് ബുധനാഴ്ച രേഖ പുറത്തുവിട്ടത്. ഡിസംബര്‍ 27ന് പുലര്‍ച്ചെ 6.30ന് കൊച്ചിയില്‍നിന്ന് ജെറ്റ് എയര്‍വേസിന്റെ വിമാനത്തിലാണ് സരിത ഡല്‍ഹിയ്ക്ക് പുറപ്പെട്ടത്. 28ന് തിരുവനന്തപുരത്ത് തിരിച്ചെത്തുകയും ചെയ്തു.

27ന് വൈകിട്ട് നാലിനും അഞ്ചിനും ഇടയില്‍ വിജ്ഞാന്‍ ഭവനില്‍ സരിത മുഖ്യമന്ത്രിയെ കണ്ടുവെന്നാണ് തോമസ് കുരുവിള നേരത്തെ വെളിപ്പെടുത്തിയത്. ചുരുങ്ങിയ കാലത്തിനിടയില്‍ 13 തവണ സരിത ഡല്‍ഹിക്ക് വിമാനയാത്ര നടത്തിയതായി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഡല്‍ഹിയില്‍ സരിതയെ കണ്ടെന്ന വാര്‍ത്ത മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ നിഷേധിച്ചിരുന്നു. 27ന് താന്‍ ഡല്‍ഹിയില്‍ ഇല്ലായിരുന്നെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, 27ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ദേശീയ വികസനസമിതി യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തെന്ന രേഖകള്‍ പുറത്തുവന്നു. ഡല്‍ഹിയില്‍വച്ച് കണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ സുപ്രീംകോടതി അഭിഭാഷക ബീന മാധവനെയായിരുന്നെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ബീന മാധവന്‍ ഇത് നിഷേധിച്ചതോടെ മുഖ്യമന്ത്രിയുടെ ആ വാദവും പൊളിഞ്ഞു.

deshabhimani

No comments:

Post a Comment