Saturday, June 22, 2013

റിലയന്‍സ് ഏജന്റ്

യുപിഎ സര്‍ക്കാര്‍ കോര്‍പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുകയാനണ്. ഇന്ത്യന്‍ ഭരണത്തില്‍ ഏറ്റവുമധികം സ്വാധീനമുള്ള റിലയന്‍സ് ഇന്‍സ് ഗ്രൂപ്പ് രാജ്യത്തിന്റെ എല്ലാ തലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു. ആകാശത്തിലും ഭൂമിയിലും ഭൂമിക്കടിയിലും ലാഭം കൃഷിചെയ്യാന്‍ അവര്‍ക്ക് ഒത്താശചെയ്യുന്നത് ഭരണകൂടംതന്നെയാണ്. കരാറനുസരിച്ചുള്ള ഉല്‍പ്പാദനം നടത്താതെ പെട്രോളിയം മന്ത്രാലയവും റിലയന്‍സും ചേര്‍ന്ന് രാജ്യത്തിന് ഒരു ലക്ഷം കോടിയിലേറെ നഷ്ടമുണ്ടാക്കിയെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണ ഗോദാവരി ഡി-6 ഖനിയില്‍നിന്ന് 2012-13 വര്‍ഷം 80 എംഎംഎസ്സിഎംഡി യൂണിറ്റ് പ്രകൃതിവാതകമാണ് ഉല്‍പ്പാദിപ്പിക്കേണ്ടിയിരുന്നത്. ലക്ഷ്യമിട്ടതിന്റെ 19 ശതമാനംമാത്രമാണ് റിലയന്‍സ് ഉല്‍പ്പാദിപ്പിച്ചത്. പ്രകൃതിവാതക വില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ഉല്‍പ്പാദനം കുറച്ചത്. പൂഴ്ത്തിവയ്പാണ് നടന്നത്. ഇത്തരം കള്ളക്കളികളിലൂടെ 2009ല്‍ ഉല്‍പ്പാദനം ആരംഭിച്ചശേഷം ഇതുവരെ ഖജനാവിന് 1.10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ കൊള്ള അവഗണിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ പെട്രോളിയം മന്ത്രിയായിരുന്ന ജയ്പാല്‍റെഡ്ഡി 100 കോടി ഡോളര്‍ റിലയന്‍സിന് പിഴ വിധിച്ചതാണ്. അത്തരമൊരു നീക്കം മറികടക്കാന്‍ യുപിഎ നേതൃത്വം ജയ്പാല്‍റെഡ്ഡിയെ മാറ്റി വീരപ്പമൊയ്ലിയെ പെട്രോളിയം മന്ത്രിയാക്കി.

മൊയ്ലി റിലയന്‍സിനുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്യുന്നതില്‍ വ്യാപൃതനാണ്. പര്യവേക്ഷണത്തിനെന്ന പേരില്‍ അനധികൃതമായി, വന്‍തോതില്‍ ഭൂമി റിലയന്‍സിന് ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമമാണ് ഒടുവില്‍ മൊയ്ലിയില്‍നിന്നുണ്ടാകുന്നത്. ഈ കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും യുപിഎ സര്‍ക്കാര്‍ അനങ്ങുന്നില്ല. കോര്‍പറേറ്റ്- രാഷ്ട്രീയ ഉപജാപങ്ങളുടെ തലതൊട്ടപ്പന്മാരിലൊരാളായ മൊയ്ലിയെ വച്ച് റിലയന്‍സിന് രാജ്യത്തെ തീറെഴുതുന്ന യുപിഎ സര്‍ക്കാര്‍ ശ്രമത്തിനെതിരെ കൂടുതല്‍ ശക്തമായ ബഹുജന പ്രക്ഷോഭമുയരേണ്ടതുണ്ട്.

deshabhimani editorial

1 comment:

  1. കേള്‍വിയും കേള്‍പ്പോരുമില്ല
    തടയിടാന്‍ ആരുമില്ല
    ആര്‍ക്കും അതിനുള്ള ശക്തിയുമില്ല
    ബ്ലോഗിലെങ്കിലും പ്രതിഷേധം നടക്കട്ടെ

    ReplyDelete