ഉത്തരേന്ത്യയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ ദുരിതാശ്വാസഫണ്ട് സമാഹരിക്കും. ജൂണ്‍ 30വരെ നടക്കുന്ന ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് എംപിയും ജനറല്‍ സെക്രട്ടറി അഭയ് മുഖര്‍ജിയും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുംമൂലം നൂറുകണക്കിനാളുകളാണ് മരിച്ചത്. ദുരന്തത്തില്‍ ഡിവൈഎഫ്ഐ ദുഃഖം രേഖപ്പെടുത്തുന്നു. ഉടുതുണിയും വീടും സമ്പാദ്യമാകെയും നഷ്ടമായ ആയിരങ്ങള്‍ ഭക്ഷണത്തിനുപോലും വഴിയില്ലാതെ കഷ്ടപ്പെടുകയാണ്. ഇവര്‍ക്ക് ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുന്നില്ല. കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വന്‍ നദികള്‍ വിശാലമായ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി. വിവരണാതീതമായ ദുരിതമനുഭവിക്കുമ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ നടപടിയെടുക്കുന്നില്ല. പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. കാലതാമസമില്ലാതെ ദുരിതാശ്വാസം എത്തിക്കണം. വെള്ളപ്പൊക്കംമൂലമുണ്ടായ നഷ്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗവണ്‍മെന്റ് നല്‍കുന്ന സഹായം നിസ്സാരമാണ്. അതിനാല്‍ ദുരന്തത്തില്‍ കഷ്ടമനുഭവിക്കുന്നവരെ സഹായിക്കാന്‍ ഡിവൈഎഫ്ഐ ഘടകങ്ങള്‍ രംഗത്തിറങ്ങണം. പരമാവധി സഹായം നല്‍കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
deshabhimani
No comments:
Post a Comment