ശൂന്യവേളയും റദ്ദാക്കി സര്‍ക്കാര്‍ ഒളിച്ചോടി
തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സൗരോര്‍ജ തട്ടിപ്പു കേസില്‍ പ്രതിപക്ഷത്തെ നേരിടാനാകാതെ ചൊവ്വാഴ്ച നിയമസഭയുടെ ചോദ്യോത്തരവും ശൂന്യവേളയും റദ്ദുചെയ്തു. നിഷേധിക്കാനാവാത്ത തെളിവുകള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി, ഒളിച്ചോടിയ സര്‍ക്കാറിന് സഭാമര്യാദകളും കീഴ്വഴക്കങ്ങളും ലംഘിച്ച് സ്പീക്കര്‍ കൂട്ടുനിന്നു. അഞ്ചു മിനിറ്റുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തല്‍സമയ സംപ്രേഷണം ഒഴിവാക്കാന്‍ പ്രസ്ഗ്യാലറിയില്‍നിന്ന് ടിവി ക്യാമറകള്‍ നീക്കംചെയ്തു.
സൗരോര്‍ജ തട്ടിപ്പില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങള്‍ സഭാ കവാടത്തില്‍ ധര്‍ണ നടത്തി. മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രതിഷേധം ആളിപ്പടരുമ്പോഴാണ് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സഭാ നടപടികള്‍ റദ്ദാക്കിയത്. ചൊവ്വാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുമായി മുദ്രാവാക്യമുയര്‍ത്തി. ചോദ്യോത്തര വേളയും ശൂന്യവേളയും മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ സ്പീക്കര്‍ അഞ്ചു മിനിറ്റുകൊണ്ട് ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി സഭ പിരിയുന്നതായി പ്രഖ്യപിച്ചു.
സ്പീക്കറുടെയും സര്‍ക്കാരിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ ധര്‍ണ നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്നും സംസ്ഥാനം കണ്ട ഏറ്റവും വലിയ കുംഭകോണത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ആളിപ്പടരുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. യുവജന-മഹിളാസംഘടനകളുടെ മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ നടപടിയും മുഖ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് രാവിലെ എട്ടരയ്ക്ക് ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മന്ത്രിമാരെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ക്ഷണിച്ചെങ്കിലും ബഹളത്തെതുടര്‍ന്ന് മറുപടി പറയാനായില്ല.
സഭാനടപടികള്‍ റദ്ദുചെയ്യുന്നതായി അറിയിച്ച സ്പീക്കര്‍ ചാനല്‍ ക്യാമറകള്‍ നീക്കംചെയ്യാനും ഉത്തരവിട്ടു. പ്രതിഷേധത്തിനിടയില്‍ ഭക്ഷ്യം, എക്സൈസ്, മത്സ്യബന്ധനം, തുറമുഖ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കി 8.35 ന് സ്പീക്കര്‍ മടങ്ങി. തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, എ കെ ബാലന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി സഭാ കവാടത്തിലെത്തി ധര്‍ണ നടത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ശൂന്യവേള റദ്ദു ചെയ്ത സ്പീക്കറുടെ അസാധാരണ നടപടിയിലും ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച കൂടാതെ പാസാക്കിയതിലുമുള്ള പ്രതിഷേധം എല്‍ഡിഎഫ് കക്ഷിനേതാക്കള്‍ സ്പീക്കറെ കണ്ട് അറിയിച്ചു. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സ്പീക്കര്‍ സംരക്ഷിക്കുന്നില്ല. ശൂന്യവേള റദ്ദാക്കിയ നടപടി ചട്ടവിരുദ്ധമാണെന്നും അവര്‍ പരാതിപ്പെട്ടു. മുമ്പും ശൂന്യവേള റദ്ദാക്കിയിട്ടുണ്ടെന്നായിരുന്നു സ്പീക്കറുടെ മറുപടി.
ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ സ്പീക്കര്‍ റബര്‍ സ്റ്റാമ്പായി
തിരു: സോളാര്‍ കുംഭകോണത്തിലെ പ്രതികള്‍ക്കായി നിയമസഭയെ കബളിപ്പിച്ച മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സ്പീക്കര്‍ കൗശലം കാട്ടി സഭാസമ്മേളനം ചൊവ്വാഴ്ച ഞൊടിയിടയില്‍ പിരിച്ചയച്ചപ്പോള്‍ ക്ഷതമേറ്റത് പാര്‍ലമെന്ററി ജനാധിപത്യത്തിന്. സംസ്ഥാനത്തിന്റെ ധനകാര്യനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കാനുള്ള ഉത്തരവാദിത്തം സ്പീക്കര്‍ക്കുണ്ട്. അതോടൊപ്പം പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തഃസത്ത കാത്തുസൂക്ഷിക്കാനുള്ള കടമയുമുണ്ട്. അത് സ്പീക്കര്‍ കളഞ്ഞുകുളിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സഭസമ്മേളനത്തിനു മുമ്പായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ നടത്തിയ കൂടിയാലോചനയുടെ ഫലമായാണ് അതു സംഭവിച്ചത്. മുഖ്യമന്ത്രിയുടെ കൈയിലെ റബര്‍ സ്റ്റാമ്പായി സ്പീക്കര്‍ സ്വന്തം പദവിയെ തരംതാഴ്ത്തി.
സോളാര്‍ കുംഭകോണക്കേസില്‍ പ്രതിപക്ഷം ആഞ്ഞടിച്ചപ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പതറിയ മുഖ്യമന്ത്രി തുടര്‍ച്ചയായി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കള്ളങ്ങളും വൈരുധ്യങ്ങളും മാത്രമാണ് അദ്ദേഹത്തിന്റെ ന്യായങ്ങളില്‍ നിറഞ്ഞത്. ഇതില്‍ ഭരണപക്ഷത്തുപോലും അതൃപ്തിയും വിയോജിപ്പുമുണ്ട്. പതിനായിരം കോടി രൂപയുടെ കുംഭകോണമാണ് സോളാര്‍ തട്ടിപ്പെന്നും തട്ടിപ്പുനടത്തിയ വമ്പന്മാര്‍ പുറത്താണെന്നും അവരെ പിടികൂടണമെന്നും വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ചീഫ്വിപ്പ് പി സി ജോര്‍ജ് സഭയില്‍ എത്തിയത്. ജോര്‍ജിന്റെ ശബ്ദം സഭയില്‍ കേള്‍ക്കാതിരിക്കാന്‍ ചൊവ്വാഴ്ച ശൂന്യവേള ഉണ്ടാകരുതെന്നത് ഉമ്മന്‍ചാണ്ടിയുടെയും കുട്ടരുടെയും താല്‍പ്പര്യമായിരുന്നു. മുഖ്യമന്ത്രി സഭയില്‍ നടത്തിയ വിശദീകരണങ്ങളില്‍ നിറഞ്ഞ വൈരുധ്യങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യശരങ്ങളില്‍ നിന്ന് രക്ഷപ്പെടേണ്ടതും അത്യാവശ്യമായിരുന്നു. ഇതിനുള്ള വഴിയൊരുക്കിക്കൊടുക്കുകയായിരുന്നു സ്പീക്കര്‍. പ്രതിപക്ഷ പ്രതിഷേധത്തിനു മധ്യേ ചോദ്യോത്തരവേളയും ശൂന്യവേളയും ഒറ്റയടിക്ക് വേണ്ടെന്ന് റൂള്‍ചെയ്ത് രണ്ടു മന്ത്രിമാരുടെ ധനാഭ്യര്‍ഥന പാസാക്കി അഞ്ചു നിമിഷത്തിനുള്ളില്‍ സഭ സമ്മേളനം അവസാനിപ്പിച്ചത് സംസ്ഥാന നിയമസഭയുടെ ചരിത്രത്തിലെ അത്യപൂര്‍വ നടപടിയാണ്. തിങ്കളാഴ്ച സോളാര്‍ കുംഭകോണത്തില്‍ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചെങ്കിലും ചോദ്യോത്തര വേള പത്തുമിനിറ്റോളം നടത്തുകയും ശൂന്യവേളയില്‍ തട്ടിപ്പ് സംബന്ധിച്ച അടിയന്തര പ്രമേയത്തിനുള്ള അവതരണാനുമതി തേടിയുള്ള സംവാദത്തിന് അവസരം നല്‍കുകയുംചെയ്തിരുന്നു. എന്നാല്‍, ചൊവ്വാഴ്ചയും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നപ്പോള്‍ അസാധാരണമാം വിധം സഭാനടപടി അവസാനിപ്പിക്കുകയാണ് സ്പീക്കര്‍ ചെയ്തത്.
മുഖ്യമന്ത്രിയുടെ രാജിക്കായി നിയമസഭ മാര്‍ച്ച് നടത്തിയ യുവാക്കള്‍ക്കും വനിതകള്‍ക്കും നേരെ മാരക രാസവസ്തു പ്രയോഗിച്ച പൊലീസ് നടപടിക്കെതിരായ അടിയന്തരചര്‍ച്ചയ്ക്ക് പ്രതിപക്ഷം അവസരം തേടിയിരുന്നു. ശൂന്യവേളയുണ്ടായിരുന്നെങ്കില്‍ ഇതേപ്പറ്റിയുള്ള സംവാദം നടക്കുമായിരുന്നു. കൊലക്കേസ് പ്രതി ബിജുരാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ കൊച്ചിയിലെ അതിഥി മന്ദിരത്തില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന് സഭയില്‍ സമ്മതിച്ച മുഖ്യമന്ത്രി അതിനുള്ള ന്യായമായി പറഞ്ഞത് അപ്പോള്‍ അയാള്‍ക്കെതിരെ അറസ്റ്റുവാറന്റുണ്ടായിരുന്നില്ല എന്നായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ വിവിധ കോടതികളില്‍നിന്നായി ബിജുവിന്റെ പേരില്‍ പത്തിലധികം അറസ്റ്റുവാറന്റുണ്ടായിരുന്ന വസ്തുത മറച്ചുവയ്ക്കുകയായിരുന്നു
(ആര്‍ എസ് ബാബു)
deshabhimani
No comments:
Post a Comment