Thursday, June 6, 2013

ചെന്നിത്തലയുടെ വലിയപിഴ

ഒരുമാസത്തെ കേരളയാത്ര അവസാനിക്കുമ്പോള്‍ സംസ്ഥാനരാഷ്ട്രീയത്തില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാകുമെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രവചിച്ചത്. പ്രസിഡന്റ് പദവി ഒഴിഞ്ഞ് മന്ത്രിക്കസേരയിലേക്കായിരുന്നു കൊടുംചൂടില്‍ അദ്ദേഹത്തിന്റെ യാത്രാദൗത്യം. എട്ടുവര്‍ഷം മികവോടെ കോണ്‍ഗ്രസിനെ നയിച്ചെന്ന് അവകാശപ്പെട്ട് "കര്‍മപഥത്തില്‍ കരുത്തോടെ" എന്ന പ്രവര്‍ത്തനറിപ്പോര്‍ട്ടും പുറത്തിറക്കി. ചെന്നിത്തല ഉടന്‍ മന്ത്രിസഭയിലെത്തുമെന്ന പ്രതീതി സൃഷ്ടിച്ച് മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ അഭിമുഖങ്ങളുടെ തിരക്കായിരുന്നു. എന്നാല്‍, എട്ടുവര്‍ഷം സംഘടനയെ നയിച്ച പ്രസിഡന്റിനെ ആകാവുന്നിടത്തോളം നാണംകെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരുമാസത്തെ യാത്രയുടെ പ്രൗഢി തീര്‍ത്തുകൊടുക്കാന്‍ ഒറ്റമണിക്കൂറേ ഉമ്മന്‍ചാണ്ടിക്ക് വേണ്ടിവന്നുള്ളൂ.

ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി എന്നിങ്ങനെ ചെന്നിത്തലയ്ക്ക് വകുപ്പുകള്‍ മാറിമറിഞ്ഞു. ഘടകകക്ഷികളെ ഉപമുഖ്യമന്ത്രിപദത്തിന് അവകാശികളായി രംഗത്തിറക്കി. ഏതുവിധേനയും അധികാരത്തിനായി ചെന്നിത്തല തീവ്രമായി ശ്രമിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു. സംസ്ഥാനരാഷ്ട്രീയത്തില്‍ വന്‍മാറ്റം പ്രവചിച്ച ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ഔദ്യോഗികപരിപാടി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നിടംവരെ എത്തിച്ചു. മന്ത്രിയാകണമെന്ന ആഗ്രഹം വലിയ പിഴയെന്നു കാട്ടി കടുത്ത ശിക്ഷയാണ് ഉമ്മന്‍ചാണ്ടി നല്‍കിയത്. ഇനി ആഭ്യന്തരമന്ത്രിക്കസേരയല്ല, മുഖ്യമന്ത്രിപദംതന്നെ ലഭിച്ചാലും തീരാത്ത നാണക്കേട് ചെന്നിത്തലയ്ക്കുമേല്‍ ഉമ്മന്‍ചാണ്ടി വാരിവച്ചുകൊടുത്തിട്ടുണ്ട്. യാത്ര തീര്‍ന്ന മെയ് 18ന് ആരംഭിച്ചതാണ് ചര്‍ച്ചയും വിലപേശലും. അത് അന്തമില്ലാതെ തുടരുകയാണ്. ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനത്തെക്കുറിച്ചാരംഭിച്ച ചര്‍ച്ച മന്ത്രിസഭയിലെ ഒരൊഴിവ് നികത്താനുള്ള ചര്‍ച്ചമാത്രമായി ഉമ്മന്‍ചാണ്ടി മാറ്റി. പ്രസിഡന്റും മുഖ്യമന്ത്രിയും ചേര്‍ന്ന് തീരുമാനിക്കും, തീരുമാനം ഹൈക്കമാന്‍ഡിനു വിട്ടു, സംസ്ഥാനത്തു തന്നെ തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം എന്നിങ്ങനെ നീണ്ടുപോയ ചര്‍ച്ചകള്‍ ബുധനാഴ്ച രാത്രി കെപിസിസി ആസ്ഥാനത്തുണ്ടായ ഏറ്റുമുട്ടലോടെ ക്ലൈമാക്സിലേക്ക് നീങ്ങുകയാണ്.

മുഖ്യമന്ത്രിയോട് പറയാനുള്ളതെല്ലാം കടുത്ത ഭാഷയില്‍ രമേശ് പറഞ്ഞിട്ടുണ്ട്. മന്ത്രിയാകാനില്ലെന്ന് പ്രഖ്യാപിക്കുന്നതിന് അദ്ദേഹം ഹൈക്കമാന്‍ഡിന്റെ അനുമതി തേടി എന്നാണ് വ്യാഴാഴ്ചത്തെ വാര്‍ത്ത. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോഴെല്ലാം പ്രതിഛായാചര്‍ച്ച, വകുപ്പുമാറ്റം, പുനഃസംഘടന എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന പിന്നില്‍നിന്നുകുത്തല്‍ പതിവ് അജന്‍ഡയാണ്. 1991ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ നയിച്ച കെ കരുണാകരനായിരുന്നു ഇരയെങ്കില്‍ 2001ല്‍ എ കെ ആന്റണിക്കാണ് പിന്നില്‍നിന്ന് കുത്തേറ്റത്. മുഖ്യമന്ത്രിമാരെ ഇറക്കിവിട്ട ഈ പുനഃസംഘടനാപ്രക്രിയകളില്‍ ഉമ്മന്‍ചാണ്ടിയുടെ കാര്‍മികത്വം ഇന്നുവരെ ആരും ചോദ്യംചെയ്തിട്ടില്ല. ഉമ്മന്‍ചാണ്ടി അത് തള്ളിക്കളഞ്ഞിട്ടുമില്ല. എട്ടുവര്‍ഷം കോണ്‍ഗ്രസ് സംസ്ഥാനഘടകത്തെ നയിച്ച ചെന്നിത്തലയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ നിഗൂഢതകള്‍ നിറഞ്ഞ രാഷ്ട്രീയകരുനീക്കങ്ങളുടെ ഇര. മുഖ്യനായില്ലെങ്കിലും രണ്ടാമനാകാന്‍ ചെന്നിത്തല ആഗ്രഹിച്ചു. രണ്ടാംസ്ഥാനം തങ്ങള്‍ക്കുള്ളതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും മുസ്ലിംലീഗിനെക്കൊണ്ട് ഉമ്മന്‍ചാണ്ടി പ്രഖ്യാപിപ്പിച്ചു. മന്ത്രിസഭയില്‍ ഇടം കിട്ടിയാല്‍ ചെന്നിത്തല വലിയ അധികാരകേന്ദ്രമാകുമെന്ന് ഉമ്മന്‍ചാണ്ടിയെന്ന സംസ്ഥാനത്തെ ഒന്നാംനമ്പര്‍ കുതന്ത്രരാഷ്ട്രീയക്കാരനെ ആരും പഠിപ്പിക്കേണ്ടതില്ല. ആഭ്യന്തരവകുപ്പ് കൈവിട്ടാലുണ്ടാകുന്ന അപകടം ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പുകാര്‍ക്കും നല്ലവണ്ണമറിയാം. തനിക്കും മന്ത്രിമാര്‍ക്കുമെതിരായ കേസുകള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിന് ഇത് തിരിച്ചടിയേല്‍പ്പിക്കുമെന്ന് ഉമ്മന്‍ചാണ്ടി ഭയക്കുന്നു. പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ നേരിടുന്ന ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റിന്റെ ഫോണ്‍ ചോര്‍ത്താനും പൊലീസിനെ നിയോഗിച്ച കാര്യം പുറംലോകമറിഞ്ഞു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ തെരുവുയുദ്ധത്തിലേക്ക് നീങ്ങി. സംസ്ഥാനഭരണത്തിന്റെയും പുനഃസംഘടനയുടെയും ചെന്നിത്തലയെ നാണംകെടുത്തുന്നതിന്റെയും തിരക്കുകള്‍ക്കിടയിലും മകനെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനുള്ള കരുനീക്കങ്ങള്‍ക്ക് മുഖ്യമന്ത്രി സമയം കണ്ടെത്തുന്നു. വര്‍ഷങ്ങളായി എ ഗ്രൂപ്പിനുവേണ്ടി വെള്ളം കോരുന്നവരെ ദൂരെനിര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ ജനറല്‍ സെക്രട്ടറിപദത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുതര്‍ക്കം തല്ലും കുത്തും കഴിഞ്ഞ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയെ വെട്ടിക്കൊല്ലുന്നിടത്ത് എത്തി. തൃശൂര്‍ അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഇറങ്ങുമ്പോള്‍ ഭാര്യയുടെ മുമ്പിലിട്ടാണ് സ്വന്തം പാര്‍ടിക്കാര്‍ വെട്ടിനുറുക്കിയത്. ഈ അരുംകൊലയ്ക്കുപിന്നിലെ ഗൂഢാലോചനയിലേക്ക് ഇതുവരെ പൊലീസ് അന്വേഷണം നീങ്ങിയിട്ടില്ല. ജൂണ്‍ ഒന്നിനാണ് നടുക്കുന്ന ഈ കൊലപാതകം നടന്നത്. ദിവസങ്ങളായിട്ടും മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ കോണ്‍ഗ്രസ് സംസ്ഥാനനേതാക്കളോ അങ്ങോട്ടുപോയിട്ടില്ല. ഒന്നാംതീയതിയും അടുത്ത ദിവസങ്ങളിലുമൊക്കെ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഉദ്ഘാടന-ശിലാസ്ഥാപന ചടങ്ങുകളില്‍ സജീവമായിരുന്നു. ആഭ്യന്തരസുരക്ഷ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയശേഷം യോഗത്തിനുനില്‍ക്കാതെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ തിരിച്ചുവന്ന ചരിത്രമുണ്ട് മുഖ്യമന്ത്രിക്ക്. ആ മുഖ്യന് സ്വന്തം പാര്‍ടിനേതാവ് ഗ്രൂപ്പ് പോരില്‍ കൊലക്കത്തിക്കിരയായപ്പോള്‍ തിരിഞ്ഞുനോക്കാന്‍ സമയമുണ്ടായില്ല. താന്‍ പോകേണ്ട കാര്യമില്ലെന്നാണ് മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവേളയാണിത്. അധികാരവിഭജനത്തര്‍ക്കത്തില്‍ കുരുങ്ങി ഭരണസംവിധാനം നിശ്ചലമായി. കോണ്‍ഗ്രസ് മന്ത്രിമാര്‍ ഫയലുകളില്‍ കൈവയ്ക്കുന്നില്ല. വകുപ്പ് അഴിച്ചുപണി വരുമെന്ന ആശങ്കയ്ക്കുചുറ്റുമാണിവരുടെ ദിവസങ്ങള്‍ നീങ്ങുന്നത്. രൂക്ഷമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ നടപടിയൊന്നുമില്ല. ലോഡ്ഷെഡിങ് ഒന്നരമണിക്കൂറാക്കിയപ്പോള്‍ നല്ല മഴപെയ്യട്ടെ, വെളിച്ചം തരും എന്നായിരുന്നു വാഗ്ദാനം. മഴ കനത്തുപെയ്തെങ്കിലും ലോഡ്ഷെഡിങ് തുടരുന്നു. മരണം വിതച്ച് പനിയും പകര്‍ച്ചവ്യാധികളും പടരുമ്പോള്‍ പതിവ് പാക്കേജ് പ്രഖ്യാപനങ്ങളില്‍ തലപൂഴ്ത്തുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം റോഡിലും വഴിയോരങ്ങളിലും മാസങ്ങളായി കെട്ടിക്കിടന്ന മാലിന്യം മഴയില്‍ ചീഞ്ഞഴുകി രോഗം വിതയ്ക്കുന്നു. മുസ്ലിംലീഗിന് അഞ്ചാംമന്ത്രി വന്നപ്പോള്‍ നഗരകാര്യം ഏല്‍പ്പിച്ചതാണ്. സ്വന്തം സൗന്ദര്യസംരക്ഷണത്തിനപ്പുറം വേറെ കാര്യമായ പണിയൊന്നും അഞ്ചാംമന്ത്രിക്കില്ല. പനിബാധിതര്‍ മരിച്ചുവീണ നാളുകളില്‍ ആരോഗ്യമന്ത്രി തലസ്ഥാനത്തില്ലായിരുന്നു. തീര്‍ഥാടനത്തിനുപോയ മന്ത്രി നാലുനാള്‍ കഴിഞ്ഞ് മടങ്ങിയെത്തി അവലോകനയോഗം വിളിച്ചു. ജില്ലകളില്‍ സന്ദര്‍ശനവും തുടങ്ങി. ബുധനാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്ന് ആരോഗ്യസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏഴര കോടി രൂപ അനുവദിച്ചു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍വരെ രോഗികള്‍ തിങ്ങിനിറയുമ്പോള്‍ ഈ തുക കൊണ്ട് എന്തുചെയ്യാന്‍ എന്ന ചോദ്യം സര്‍ക്കാരിനെ അലട്ടുന്നതേയില്ല. ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേക മന്ത്രിസഭായോഗം എന്ന ഒറ്റമൂലി പ്രയോഗമാണ് ഉമ്മന്‍ചാണ്ടി നടത്തുന്നത്. ഈ സര്‍ക്കാര്‍ വന്നശേഷം പ്രത്യേക മന്ത്രിസഭായോഗം പതിവാണ്. യോഗങ്ങള്‍ക്കുശേഷം വലിയ പ്രഖ്യാപനങ്ങള്‍ വരും. അതിനപ്പുറം ഒന്നുമുണ്ടാകാറില്ല.

അട്ടപ്പാടിയില്‍ മൂന്ന് മന്ത്രിമാരാണ് അവലോകനയോഗത്തിന് പോയത്. വലിയ പ്രഖ്യാപനങ്ങള്‍ നടത്തി മൂന്നുപേരും മടങ്ങി. അതുകഴിഞ്ഞ് തിരുവനന്തപുരത്തും നടന്നു അവലോകനം. പക്ഷേ, അവിടെ ഇപ്പോഴും ആദിവാസിക്കുഞ്ഞുങ്ങള്‍ മരണത്തിന് കീഴടങ്ങുന്നു. ആഹാരവും മരുന്നും കുടിവെള്ളവും ഉറപ്പുവരുത്താന്‍ പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. ആദിവാസി സംരക്ഷണച്ചുമതലയുള്ള വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താന്‍പോലും ശേഷിയില്ലാതായിരിക്കുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്. മുന്‍പ്രഖ്യാപനങ്ങളിലൊന്നുപോലും പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെയാണ് വ്യാഴാഴ്ച മുഖ്യമന്ത്രിയും പരിവാരങ്ങളും അട്ടപ്പാടിയിലെത്തിയത്. നിത്യോപയോഗസാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുമെന്ന് തുടരെ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും എല്ലാ നിയന്ത്രണവും വിട്ട് വില കുതിക്കുന്നു. പഴം-പച്ചക്കറി വിപണി കരിഞ്ചന്തക്കാരുടെ പിടിയിലാണ്. ഒരുതരത്തിലും സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല.

ഭരണസംവിധാനം നിശ്ചലമാണെങ്കിലും ഖജനാവ് ചോര്‍ത്തുന്നതില്‍ ഒരു കുറവും കാണിക്കുന്നില്ല. ചോദിക്കുന്നവര്‍ക്കെല്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അനുവദിക്കുന്നു. 150 സ്കൂളാണ് ലക്ഷ്യം. കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ് ഇതുവഴി സംസ്ഥാനത്തിനുണ്ടാകാന്‍ പോകുന്നത്. സ്കൂള്‍ വീതംവയ്പ് മുസ്ലിംലീഗിന് വിട്ടുകൊടുത്തു. അസംതൃപ്തര്‍ക്ക് വീതംവയ്പിന് പിഎസ്സി അംഗങ്ങളുടെ എണ്ണം 18ല്‍ നിന്ന് 21 ആയി ഉയര്‍ത്തി. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിപദവിയോടെ സമുദായക്ഷേമകോര്‍പറേഷന്‍ സ്ഥാനം വച്ചുനീട്ടി. ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രങ്ങള്‍ അതിജീവിച്ച് രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തിയെങ്കില്‍ത്തന്നെ സംസ്ഥാനം നേരിടുന്ന ഏത് പ്രതിസന്ധിക്കാണ് പരിഹാരമുണ്ടാകാന്‍ പോകുന്നത്? ചെന്നിത്തല ചൂണ്ടിക്കാണിച്ചതുപോലെ പ്രശസ്തമായ കേരളമോഡല്‍ നഷ്ടമായി, ആരോഗ്യ-വ്യവസായ-കാര്‍ഷിക മേഖലകള്‍ വലിയ തിരിച്ചടിയെ നേരിടുന്നു, ക്രമസമാധാനത്തകര്‍ച്ചയും മാഫിയാവാഴ്ചയും സൈ്വരജീവിതം അസാധ്യമാക്കുന്നു, സ്ത്രീകളും പെണ്‍കുട്ടികളും അതിക്രമങ്ങള്‍ക്കിരയാകുന്നു- ഇതില്‍ ഏതിനാണ് ചെന്നിത്തലയുടെ മന്ത്രിപദവി പരിഹാരമാകുക. ഭരണത്തകര്‍ച്ചയിലും ഗുരുതരമായ പ്രശ്നങ്ങളിലും അധികാരദുര്‍വിനിയോഗത്തിലുംനിന്ന് ശ്രദ്ധതിരിക്കാന്‍ പുനഃസംഘടനാവിവാദം തെല്ലൊന്നുമല്ല യുഡിഎഫിനെ സഹായിച്ചത് എന്നതാണ് വസ്തുത.

കെ എം മോഹന്‍ദാസ് deshabhimani

No comments:

Post a Comment