Wednesday, June 19, 2013

പെന്‍ഷന്‍ കിട്ടാതെ പതിനായിരത്തോളം മത്സ്യത്തൊഴിലാളികള്‍

കോര്‍ ബാങ്കിങ് അക്കൗണ്ട് നിര്‍ബന്ധമാക്കിയതോടെ സംസ്ഥാനത്ത് നിരവധി മത്സ്യത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നു. കഴിഞ്ഞവര്‍ഷംവരെ ഏതാണ്ട് 41000 പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 31000 ആയി. പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന 695 പരാതികളും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു മുമ്പാകെയുണ്ട്. കഴിഞ്ഞവര്‍ഷംവരെ ക്ഷേമനിധി ഓഫീസ്വഴിയും തെരഞ്ഞെടുത്ത കേന്ദ്രങ്ങള്‍വഴിയും മണിയോര്‍ഡറായുമാണ് തുക നല്‍കിയിരുന്നത്. അവശതയാലും അറിവില്ലായ്മയാലും പുതിയ സംവിധാനമുള്ള ബാങ്ക് അക്കൗണ്ട് എടുക്കാനാകാത്തതാണ് ഭൂരിപക്ഷം പേര്‍ക്കും പെന്‍ഷന്‍ നിഷേധിക്കപ്പെടാന്‍ കാരണം.

ക്ഷേമനിധിയില്‍ അംഗങ്ങളായ 60 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് പെന്‍ഷന് അപേക്ഷിക്കാം. എന്നാല്‍, പെന്‍ഷന് അര്‍ഹനായാല്‍ ജോലിക്കിടെയുള്ള അപകടമരണത്തിനുള്ള ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെടും. ഇക്കാരണത്താല്‍ മത്സ്യബന്ധനത്തിനു പോകാനാവാത്തവിധം തീരെ അവശരാകുമ്പോഴാണ് ഭൂരിപക്ഷം പേരും പെന്‍ഷന് അപേക്ഷിക്കുക. ഏറെ പ്രായമായ ഇത്തരക്കാര്‍ക്ക് ബാങ്കുകളിലും മറ്റ് ഓഫീസുകളിലുമൊന്നും കയറിയിറങ്ങാനാവാത്തതും അറിവുള്ളവരുടെ സഹായം ലഭിക്കാത്തതുമാണ് പ്രശ്നമാകുന്നത്. സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഭൂരിപക്ഷം മത്സ്യത്തൊഴിലാളികള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. എന്നാല്‍, ഇത് മൂന്നും നാലും അക്കങ്ങളുള്ള പഴയ സംവിധാനപ്രകാരമുള്ളതാണ്. ആറു മാസത്തിനിടയ്ക്ക് ഒരു ഇടപാട് എങ്കിലും നടത്താത്തതിനാല്‍ മരവിക്കപ്പെട്ട അക്കൗണ്ടുകളുമാണിത്. ഇതിന് ബദലായി കൂടുതല്‍ അക്കങ്ങളുള്ള കോര്‍ ബാങ്കിങ് അക്കൗണ്ടാണ് ക്ഷേമനിധി ബോര്‍ഡ് ആവശ്യപ്പെടുന്നത്. ഇതൊന്നും അറിയാതെ പഴയ അക്കൗണ്ട്നമ്പര്‍ നല്‍കി പെന്‍ഷനായി കാത്തിരിക്കുന്നവരും മത്സ്യമേഖലയില്‍ ഏറെയാണ്. ഒരു ബാങ്ക് അക്കൗണ്ടും ഇല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പതിനായിരത്തോളം കുറഞ്ഞിട്ടുണ്ടെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കമീഷണര്‍ കെ ബി ഷാജി പറഞ്ഞു.

എന്നാല്‍, അക്കൗണ്ട്നമ്പര്‍ നല്‍കിയിട്ടും പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതായി കേവലം 695 പരാതികള്‍ മാത്രമാണ് ബോര്‍ഡിന് ലഭിച്ചിട്ടുള്ളത്. അക്കൗണ്ട്നമ്പര്‍ പൂര്‍ണമായി എഴുതാതിരിക്കുക, രേഖയിലെ പേരിനു പകരം വിളിപ്പേര് എഴുതുക, പൂജ്യത്തിന് പകരം "ഒ" എന്ന ഇംഗ്ലീഷ് അക്ഷരം അടിക്കുക തുടങ്ങിയ തകരാറുകള്‍പോലും പെന്‍ഷന്‍ ലഭിക്കാതിരിക്കാന്‍ കാരണമാകുന്നുണ്ട്. തങ്ങളുമായി ബന്ധപ്പെടുന്നവരെ ഇക്കാര്യം ബോധ്യപ്പെടുത്താറുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. പുത്തന്‍ പരിഷ്കാരത്തിലെ കൃത്യതമൂലം കുറേ അനര്‍ഹര്‍ ഒഴിവാക്കപ്പെടാനിടയുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. പുതിയ പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ സ്ഥലത്തില്ലാത്തവരും ഇക്കൂട്ടത്തിലുണ്ടാവാം. മത്സ്യമേഖല വിട്ട് മറ്റു ജോലി തേടിപ്പോയവരും കാണും. നിയമപ്രകാരം പെന്‍ഷന് അര്‍ഹരായ ഇവര്‍ക്കും അക്കൗണ്ട്നമ്പര്‍ നല്‍കാന്‍ സാവകാശം നല്‍കും. ഇവര്‍ക്ക് വ്യക്തിപരമായി ബോര്‍ഡ് അറിയിപ്പ് നല്‍കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. 2,35,000 അംഗങ്ങളാണ് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ഉള്ളത്. പ്രതിമാസം 400 രൂപവീതം വിഷു, ഓണം, ക്രിസ്മസ് വേളയില്‍ ഗഡുക്കളായാണ് പെന്‍ഷന്‍ നല്‍കുന്നത്. അടുത്ത ഓണംമുതല്‍ ഇത് 500 രൂപയാകും.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment