Wednesday, June 19, 2013

ഫിറോസ് പ്രതിയാണെന്നറിഞ്ഞില്ലെന്ന് മന്ത്രി

സൗരോര്‍ജപ്ലാന്റ് തട്ടിപ്പുകേസില്‍ സരിതയുടെ കൂട്ടുപ്രതിയായ പിആര്‍ഡി ഡയറക്ടര്‍ എ ഫിറോസിനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ സി ജോസഫ്. ഫിറോസിനെതിരെ സിറ്റി പൊലീസ് കമീഷണര്‍ നല്‍കിയ ഫയല്‍ മുക്കിയതിനെപ്പറ്റിയും അന്വേഷിക്കും. ഫിറോസ് കൂട്ടുപ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിആര്‍ഡിയുടെ വാഹനം സരിത ഉപയോഗിച്ചതായി സമ്മതിച്ച മന്ത്രി ഇതിനുത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഫിറോസിന്റെ നിയമനത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പൂഴ്ത്തിയതിനെപ്പറ്റി പൊതുഭരണവകുപ്പ് അന്വേഷിക്കും. ഫിറോസിനെ പിആര്‍ഡി ഡയറക്ടറാക്കുമ്പോള്‍ പൊലീസ് കമീഷണറുടെ റിപ്പോര്‍ട്ടിനെപ്പറ്റി സര്‍ക്കാരിന് അറിവില്ലായിരുന്നെന്ന് അവകാശപ്പെട്ട മന്ത്രി ഫയല്‍ മുക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ആരോപിച്ചു.

സരിതയ്ക്കും ബിജു രാധാകൃഷ്ണനും സഹായം ചെയ്തതിന് 2009 ഡിസംബര്‍ 26ന് ഫിറോസിനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കി. 2010 നവംബര്‍ 25ന് പൊലീസ് കമീഷണര്‍ പൊതുഭരണ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ട് കിട്ടിയശേഷം അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ഇലക്ട്രോണിക്സ് എന്ന തസ്തികയുണ്ടാക്കി ഫിറോസിന് പ്രൊമോഷന്‍ നല്‍കിയെന്ന് ആരോപിച്ച മന്ത്രി ഉടന്‍ അത് തിരുത്തി. ഫിറോസിന് പ്രൊമോഷന്‍ ലഭിച്ചത് 2010 ജൂണ്‍ 28 നായിരുന്നു. അപ്പോള്‍ കമീഷണറുടെ റിപ്പോര്‍ട്ട് പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നില്ല. കേശവദാസപുരത്തെ ഗ്രാന്റ്ടെക് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് എംഡി സലീം എം കബീറിന്റെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് എടുത്തകേസില്‍ ഫിറോസ് മൂന്നാം പ്രതിയാണ്. സൗരോര്‍ജപ്ലാന്റും കാറ്റാടി വൈദ്യുതിപാടവും 25 കോടിയുടെ വായ്പയും വാഗ്ദാനംചെയ്ത് 40 ലക്ഷത്തിലേറെ രൂപ സരിതയും ബിജു രാധാകൃഷണും ചേര്‍ന്ന് തട്ടിയെന്നാണ് കേസ്. ഇവരെ പരിചയപ്പെടുത്തിക്കൊടുത്തത് ഫിറോസാണ്. അന്വേഷിച്ച ഉദ്യോഗസ്ഥരെല്ലാം ഫിറോസിന്റെ പങ്ക് ചൂണ്ടിക്കാട്ടി.

ബിജു മുഖ്യമന്ത്രിയെ കണ്ടത് എന്തിനെന്ന് അന്വേഷിക്കില്ല: തിരുവഞ്ചൂര്‍

തിരു: സൗരോര്‍ജതട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിനെക്കുറിച്ച് അന്വേഷിക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊച്ചി ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും ബിജുവും തമ്മില്‍ എന്താണ് ചര്‍ച്ച നടത്തിയതെന്ന് അറിയില്ല. എം ഐ ഷാനവാസാണ് ബിജുവിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. ഏത് സാഹചര്യത്തിലാണ് ഷാനവാസ് പരിചയപ്പെടുത്തിയതെന്നും അന്വേഷിക്കില്ല. ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷണസംഘത്തിന് ഈ വിഷയത്തില്‍ തീരുമാനമെടുക്കാം. കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ സരിതയുമായി ഫോണില്‍ സംസാരിച്ചതിനെക്കുറിച്ചും അന്വേഷിക്കില്ല. തട്ടിപ്പിന് ഇരയായ സജാദ് എന്നയാള്‍ നല്‍കിയ പരാതി താന്‍ കൈപ്പറ്റിയില്ലെന്നത് ശരിയല്ല. അഡീഷണല്‍ പിഎസിനെ ഏല്‍പ്പിക്കാനാണ് നിര്‍ദേശിച്ചത്. സോളാര്‍ തട്ടിപ്പ് കേസില്‍ ബിജു രാധാകൃഷ്ണനെതിരായ അന്വേഷണം ദുര്‍ബലപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റസിഡന്‍ഷ്യല്‍ സ്കൂളില്‍ സോളാര്‍പ്ലാന്റ്: സരിതയുമായി സംസാരിച്ചെന്ന് മന്ത്രി ജയലക്ഷ്മി

കല്‍പ്പറ്റ: സോളാര്‍പ്ലാന്റ് തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി മന്ത്രി പി കെ ജയലക്ഷ്മി സമ്മതിച്ചു. സംസ്ഥാനത്തെ മോഡല്‍ റസിഡന്‍സ് സ്കൂളുകളില്‍ സോളാര്‍പ്ലാന്റ് സ്ഥാപിക്കുന്നതുമായ പദ്ധതി സംബന്ധിച്ചാണ് സരിത എസ് നായര്‍ തന്നെ വന്ന് കണ്ടതെന്നും മന്ത്രി പറഞ്ഞു. മന്ത്രിയും സരിതയുമായുള്ള ബന്ധം സംബന്ധിച്ച "ദേശാഭിമാനി" വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് പദ്ധതിയുണ്ടായിരുന്നു. ഇത് ടീം സോളര്‍ കമ്പനിയെ ഏല്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് പല തവണ സരിത എസ് നായരുമായി സംസാരിച്ചത്. ഇക്കാര്യം മന്ത്രി സ്ഥിരീകരിച്ചു. എന്നാല്‍ ഈ പദ്ധതിയുമായി മുന്നോട്ടുപോയില്ലെന്നാണ് മന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് മന്ത്രിയും സരിതയും റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ സോളാര്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയത്. മന്ത്രിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി വേറെയും തട്ടിപ്പുകള്‍ സരിത നടത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ടീംസോളാറിന്റെ കല്‍പ്പറ്റയിലെ ഓഫീസ് 2011ല്‍ ഉദ്ഘാടനം ചെയ്തത് മന്ത്രി ജയലക്ഷ്മിയായിരുന്നു. ഇക്കാര്യം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ മന്ത്രിയുടെ ഓഫീസ് ആദ്യം നിഷേധിച്ചു. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ സരിതക്കൊപ്പം നില്‍ക്കുന്ന ഫോട്ടോകള്‍ പുറത്തുവന്നതോടെ ഫ്രാഞ്ചൈസി ഉടമകള്‍ ക്ഷണിച്ചത് പ്രകാരമാണ് ഉദ്ഘാടനത്തിന് പോയെതെന്ന് മാറ്റി പറഞ്ഞു. എന്നാല്‍ തങ്ങളല്ല സരിത എസ് നായരാണ് ഉദ്ഘാടനത്തിന് മന്ത്രിയെ ക്ഷണിച്ചതെന്ന് ഫ്രാഞ്ചൈസി ഉടമകള്‍ ആവര്‍ത്തിക്കുന്നു.

deshabhimani

No comments:

Post a Comment