Tuesday, June 18, 2013

പ്രതിഷേധിച്ചവര്‍ക്കുനേരെ മാരക രാസവസ്തുപ്രയോഗം

സൗരോര്‍ജ പ്ലാന്റ് തട്ടിപ്പുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തിയ യുവജന-മഹിളാ മാര്‍ച്ചുകള്‍ക്കുനേരെ മാരക രാസവസ്തു പ്രയോഗം. കലാപബാധിത മേഖലകളില്‍ മാത്രം ഉപയോഗിക്കുന്ന രാസവസ്തുവാണ് കണ്ണീര്‍വാതകഷെല്ലുകളുടെ മറവില്‍ പ്രയോഗിച്ചത്. ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ രാസവാതകം ശ്വസിച്ച് തലചുറ്റി വീണു. അഞ്ച് മിനിറ്റിനകം ഇത്തരം ഒമ്പത് കണ്ണീര്‍വാതക ഷെല്ലാണ് പ്രയോഗിച്ചത്.

തലസ്ഥാനത്ത് യുവജന-മഹിളാ സംഘടനകളുടെ മാര്‍ച്ചിനുനേരെ പ്രകോപനമില്ലാതെയാണ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ചുള്ള പൊലീസ് ഭീകരത. മഴ കൂസാതെ ആയിരക്കണക്കിന് യുവജനങ്ങള്‍ ഡിവൈഎഫ്ഐ മാര്‍ച്ചില്‍ അണിനിരന്നു. പാളയം ആശാന്‍ സ്ക്വയറില്‍ നിന്നാരംഭിച്ച മാര്‍ച്ച് യുദ്ധസ്മാരകത്തിന് അടുത്തെത്തിയപ്പോള്‍ കണ്ണീര്‍ വാതകഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ച്ചയായി ഗ്രനേഡ് എറിഞ്ഞു. ജലപീരങ്കി പ്രയോഗവുമുണ്ടായി. ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് പി ബിജു ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ റോഡില്‍ വീണു. പരിക്കേറ്റ 28 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. കണ്ണീര്‍വാതക ഷെല്ലിന്റെ രൂക്ഷത കാരണം മാധ്യമപ്രവര്‍ത്തകരും കുഴഞ്ഞുവീണു. മനോരമ ന്യൂസ് ക്യാമറാമാന്‍ ഡി സതീഷ്കുമാറിന് പരിക്കേറ്റു. വിവരമറിഞ്ഞ് നിയമസഭയില്‍നിന്ന് പ്രതിപക്ഷ നേതാക്കള്‍ സ്ഥലത്തെത്തി. പ്രതിഷേധ മാര്‍ച്ച് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ സ്ഥലത്തെത്തി. പത്തനംതിട്ടയില്‍ ലാത്തിച്ചാര്‍ജില്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ പ്രദീപിന്റെ തല പൊട്ടി. കോന്നി ഏരിയ പ്രസിഡന്റ് ടി രാജേഷിന്റെ കൈക്കും പൊട്ടലുണ്ട്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃശൂരില്‍ ലാത്തിച്ചാര്‍ജില്‍ ഏഴു പേര്‍ക്കും മലപ്പുറത്ത് രണ്ട് പേര്‍ക്കും പരിക്കേറ്റു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മാര്‍ച്ചും യുദ്ധസ്മാരകത്തിനുമുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന്, ഫൈന്‍ ആര്‍ട്സ് കോളേജിനു മുന്നിലെ റോഡ് സ്ത്രീകള്‍ ഉപരോധിച്ചു. ടി എന്‍ സീമ എംപിയുടെ നേതൃത്വത്തില്‍, കനത്ത മഴ അവഗണിച്ചായിരുന്നു ഉപരോധം. ടിയര്‍ ഗ്യാസ് പൊട്ടിച്ചതിനെത്തുടര്‍ന്ന് ജില്ലാ ജോയിന്റ്സെക്രട്ടറി ഗീനാകുമാരി അടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇ പി ജയരാജന്‍ എംഎല്‍എ അഭിവാദ്യംചെയ്തു. എഐവൈഎഫ് നിയമസഭാ മാര്‍ച്ചിനുനേരെയും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി കെ രാജന്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റു. വി എസ് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ നിയമസഭാ മാര്‍ച്ച് നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

deshabhimani

No comments:

Post a Comment