Tuesday, June 18, 2013

സമരമുഖങ്ങളില്‍ എന്നും ആവേശം

ഹരിപ്പാട്: പ്രക്ഷുബ്ധസമരമുഖങ്ങളില്‍ സമരസഖാക്കളെ അടിച്ചമര്‍ത്താന്‍ ആയുധങ്ങളുമായി അണിനിരന്ന കാക്കിപ്പടയെ അസാധാരണമായ വ്യക്തിപ്രഭാവത്തിന്റെ മാസ്മരികതയില്‍ നിര്‍വീര്യമാക്കി, സഖാക്കളെ രക്ഷിച്ച നിരവധി സമരാനുഭവങ്ങളാണ് സിബിസിയെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത്. ഐതിഹാസികമായ കള്ളിക്കാട് കുടികിടപ്പുസമരം, കയര്‍തൊഴിലാളി സമരം, കായംകുളം കായല്‍ ഫാമില്‍ നടന്ന കൊയ്ത്തുസമരം, താലൂക്കില്‍ നടന്ന മിച്ചഭൂമി സമരങ്ങള്‍ തുടങ്ങി പാര്‍ടി സഖാക്കള്‍ വേട്ടയാടപ്പെടുന്നിടങ്ങളില്‍ അവര്‍ക്ക് ധൈര്യവും സഹായവുമായി ഓടിയെത്തുന്ന വാര്യര്‍ സാറിനെപ്പറ്റി അനുസ്മരിക്കുമ്പോള്‍ സമരസഖാക്കള്‍ക്ക് നൂറുനാവാണ്.

 അച്യുതമേനോന്‍ മുഖ്യമന്ത്രിയായി ഐക്യമുന്നണി ഭരണകാലത്ത് കയര്‍തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകയോഗം കഴിഞ്ഞ്് പുതുപ്പള്ളി കോട്ടക്കടവില്‍നിന്ന് കള്ളിക്കാട്ടെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കനകക്കുന്നിലെത്തിയ പി ആര്‍ വാസു, ടി കെ ദിവാകരന്‍ എന്നിവരെ കനകക്കുന്നില്‍ പൊലീസ് അറസ്റ്റുചെയ്തു ക്രൂരമര്‍ദനത്തിനിരയാക്കി ഹരിപ്പാട് സ്റ്റേഷന്‍ ലോക്കപ്പില്‍ കാലും കൈയ്യും കെട്ടിയിട്ട വിവരമറിഞ്ഞ് നാട്ടിലെമ്പാടുംനിന്ന് ആയിരക്കണക്കിനാളുകള്‍ ഹരിപ്പാട് പട്ടണത്തെ സ്തംഭിപ്പിക്കുന്നതരത്തില്‍ ജനസാഗരമായി ഇരമ്പിയെത്തി. വിവരമറിഞ്ഞെത്തിയ സിബിസിയെ സ്റ്റേഷനില്‍ കടക്കാന്‍ പൊലീസ് അനുവദിച്ചില്ല. പൊലീസ് വലയംഭേദിച്ച് സ്റ്റേഷനിലെത്തിയ സിബിസി പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊട്ടിത്തെറിച്ചു. സിബിസിയുടെ രോഷത്തില്‍ നടുങ്ങിയ പൊലീസ് പി ആര്‍ വാസുവിനെയും ടി കെ ദിവാകരനെയും ആശുപത്രിയിലെത്തിക്കാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു.

1973ല്‍ പതം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കായംകുളം കായല്‍ ഫാമിങ് തൊഴിലാളി യൂണിയന്‍ പ്രഖ്യാപിച്ച സമരം പൊളിക്കാന്‍ കരിങ്കാലികളെയിറക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. തടയാനെത്തുന്ന തൊഴിലാളികളെ കൈകാര്യം ചെയ്യാന്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിനു പൊലീസുകാരാണ് കായല്‍ഫാമിന്റെ കിഴക്കേബണ്ടില്‍ സജ്ജരായത്. എന്തും സംഭവിക്കാവുന്ന പ്രക്ഷുബ്ധമായ സമരവേദി. മിന്നല്‍പിണര്‍പോലെ പാഞ്ഞെത്തിയ സിബിസിയുടെ പ്രഖ്യാപനത്തിനു മുന്നില്‍ പൊലീസ് പിന്‍വാങ്ങുകയായിരുന്നു. കുടികിടപ്പ് അവകാശ സംരക്ഷണ സമരത്തില്‍ സഖാക്കള്‍ നീലകണ്ഠനും ഭാര്‍ഗവിയും വെടിയേറ്റുവീണതോടെ കള്ളിക്കാടും പരിസരങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ ഒത്താശയോടെ പൊലീസ് ക്യാമ്പ് ആരംഭിച്ച് സിപിഐ എം പ്രവര്‍ത്തകരെയും അനുഭാവികളെയും വേട്ടയാടുന്ന കാലത്ത് കള്ളിക്കാട്ട് സ്ഥിരതാമസമാക്കി പാര്‍ടി സഖാക്കള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച സിബിസിയുടെ ധൈര്യവും സംഘടനാശേഷിയും ആവേശം പകരുന്നതാണെന്ന് കള്ളിക്കാട് സമരത്തില്‍ പങ്കാളിയായിരുന്ന പി നന്ദനന്‍ ആശാന്‍ അനുസ്മരിച്ചു.
(ബിമല്‍റോയി)

വിടവാങ്ങിയത് "പിന്നിട്ട ദശാബ്ദങ്ങള്\" പൂര്‍ത്തീകരിക്കാതെ

ആലപ്പുഴ: സിബിസി വിടവാങ്ങിയത് ആത്മകഥ പൂര്‍ത്തീകരിക്കാതെ. രണ്ടുവര്‍ഷം മുമ്പ് എഴുതിത്തുടങ്ങിയ ആത്മകഥയുടെ മൂന്ന്് അധ്യായങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. നാലാം അധ്യായത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. ഞായറാഴ്ചയും കുറച്ച്ഭാഗം എഴുതിയെന്ന് മരുമകന്‍ ബാലകൃഷ്ണ വാര്യര്‍ പറഞ്ഞു. ""നിയമസഭയില്‍ ഒരു വ്യാഴവട്ടക്കാലം"" എന്നാണ് ആദ്യം പേരിട്ടത്. എന്നാല്‍ അദ്ദേഹം തന്നെ അത് പിന്നീട് ""പിന്നിട്ട ദശാബ്ധങ്ങള്‍"" എന്നുമാറ്റി. വിദ്യാഭ്യാസവും ചെറുപ്പവും കമ്യൂണിസ്റ്റ് പാര്‍ടി പ്രവേശനവും ഒക്കെ ചുരുക്കത്തില്‍ പ്രതിപാദിച്ചശഷം നിയമസഭാ പ്രവര്‍ത്തനമാണ് ആത്മകഥയില്‍ കൂടുതല്‍ വിവരിക്കുന്നത്. മൂന്നും നാലും നിയമസഭകളുടെ കാലംവരെ പൂര്‍ത്തിയാക്കി. നിയമസഭയ്ക്ക് പുറത്തു നടന്ന രാഷ്ട്രീയ നീക്കങ്ങളും അന്നത്തെ സാമൂഹികാവസ്ഥയുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നു. ആ അര്‍ഥത്തില്‍ കേരളത്തിന്റെ ഒരുകാലഘട്ടത്തിലെ ചരിത്രം കൂടിയാണിതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. ഇവ പ്രസിദ്ധീകരണത്തിനായി സമകാലീന മലയാളത്തിന് നല്‍കി. ഡിസി ബുക്സ് ഇത് പുസ്തകമായി പ്രസിദ്ധീകരിക്കാനും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സി ബി സി ഉജ്വല പാര്‍ലമെന്റേറിയന്‍: പിണറായി

തിരു: തൊഴിലാളിവര്‍ഗ രാഷ്ട്രീയം വളര്‍ത്താന്‍ നിയമസഭാപ്രവര്‍ത്തനത്തെ കലയും ശാസ്ത്രവുമാക്കി മാറ്റിയ വിപ്ലവകാരിയായിരുന്നു സി ബി സി വാര്യര്‍ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. ഉജ്വലനായ പാര്‍ലമെന്റേറിയനും സമര്‍ഥനായ ട്രേഡ്യൂണിയന്‍ നേതാവുമായിരുന്നു. അദ്ദേഹം പങ്കാളിയായ ഒന്നരപ്പതിറ്റാണ്ടിലെ നിയമസഭാപ്രവര്‍ത്തനം വരുംതലമുറയ്ക്ക് പഠിക്കാന്‍ വകനല്‍കുന്നതാണ്. ജനങ്ങളോടും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുമുള്ള പ്രതിബദ്ധതയില്‍ ഊന്നിയ ചടുലമായ പ്രവര്‍ത്തനമാണ് നിയമസഭയില്‍ കാഴ്ചവച്ചത്. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിഞ്ഞ തൊഴിലാളിവിഭാഗങ്ങളെയും പുതിയ സ്ഥാപനങ്ങളിലെ ജീവനക്കാരെയുമെല്ലാം സംഘടിപ്പിക്കുന്നതിലും അവര്‍ക്ക് വര്‍ഗബോധം പകരുന്നതിലും ജാഗ്രത കാണിച്ച സംഘാടകനായിരുന്നു. ആലപ്പുഴ ജില്ലയിലെ തൊഴിലാളിപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന സ്മരണീയമാണെന്നും പിണറായി പറഞ്ഞു.

വൈവിധ്യമാര്‍ന്ന വ്യക്തിത്വം: വി എസ്

ആലപ്പുഴ: പൊതുരംഗത്ത് വൈവിധ്യമാര്‍ന്ന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സിബിസി വാര്യരെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. ഉജ്വലനായ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍, മികച്ച പാര്‍ലമെന്റേറിയന്‍, സിപിഐ എം നിയമസഭാസെക്രട്ടറി എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. സഖാക്കള്‍ നീലകണ്ഠനും ഭാര്‍ഗവിയും രക്തസാക്ഷികളായ കള്ളിക്കാട് വെടിവെയ്പിന് ശേഷം പൊലീസ് അഴിച്ചുവിട്ട ഭീകരതയെ ചെറുക്കാന്‍ സിബിസി വഹിച്ച നേതൃപരമായ പങ്ക് അവിസ്മരണീയമാണ്. അദ്ദേഹത്തിന്റെ മരണം സിപിഐ എമ്മിനും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും തീരാനഷ്ടമാണെന്നും വി എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ചടുലതയുള്ള പാര്‍ലമെന്റേറിയന്‍: കോടിയേരി

തിരു: കേരള നിയമസഭ കണ്ട ഏറ്റവും ചടുലതയുള്ള പാര്‍ലമെന്റേറിയന്മാരില്‍ ഒരാളായിരുന്നു സി ബി സി വാര്യര്‍ എന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. നാടിനോടുള്ള പ്രതിബദ്ധതയെ തന്റെ നിയമപരിജ്ഞാനവുമായി കൂട്ടിയിണക്കി നിയമസഭയെ അദ്ദേഹം പിടിച്ചുലച്ചെന്നും കോടിയേരി പറഞ്ഞു.

deshabhimani

No comments:

Post a Comment