Sunday, August 1, 2010

ദേശാഭിമാനിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

ലോട്ടറി പ്രശ്നത്തില്‍ ദേശാഭിമാനി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി തരുവാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഉത്തരങ്ങള്‍ക്കൊപ്പം ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു കൂടി മറുപടി ലഭിച്ചാല്‍ ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെടും

ചോദ്യം ഒന്ന്: അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന ഗവണ്മെന്റിന് അധികാരമുണ്ടെന്നാണല്ലോ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും വാദം. എങ്കില്‍പിന്നെ നടപടി അധികാരം സംസ്ഥാനത്തിനു നല്‍കണമെന്നാവശ്യപ്പെടുന്ന കഴിഞ്ഞ ആഗസ്തിലെ സര്‍വകക്ഷി നിവേദനത്തില്‍ ഉമ്മന്‍ചാണ്ടി എന്തിന് ഒപ്പുവച്ചു?

ഉത്തരം: അന്യ സംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്ന് പ്രതിപക്ഷം ഒരിക്കലും പറഞ്ഞിട്ടില്ല. ആ അധികാരം നല്‍കണമെന്ന് ആദ്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് ഞാന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്. ആ ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതു കൊണ്ടുതന്നെയാണ സര്‍വ്വകക്ഷി നിവേദനത്തില്‍ ഒപ്പുവച്ചത്. എന്നാല്‍ കേന്ദ്ര ലേട്ടറി നിയമവും ചട്ടങ്ങളും, ലോട്ടറിയിന്മേലുള്ള സംസ്ഥാന നികുതി നിയമവും, 4.11.2009 ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും ലോട്ടറി മാഫിയയെ നിയന്ത്രിക്കാനും, അവരില്‍ നിന്നും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാനും സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന അധികാരങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നില്ല എന്നാണ് ഞങ്ങളുടെ ആരോപണം. ലോട്ടറി സംബന്ധമായി നടക്കുന്ന നിയമ ലംഘനങ്ങള്‍ അക്കമിട്ട് ചൂണ്ടിക്കാണിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ ചെയ്യാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്തു നടപടി സ്വികരിച്ചു എന്ന് വ്യക്തമാക്കേതുണ്ട്. ഇതാണ് ഞങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

ചോദ്യം രണ്ട്: സുപ്രീംകോടതിയിലെ ലോട്ടറി കേസ് കേരള ഗവണ്മെന്റിന് അനുകൂലമായി നീങ്ങിയ ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് ലോട്ടറി എന്നതില്‍ ഓണ്‍ലൈന്‍ ലോട്ടറിയും പെടും എന്ന നിര്‍വചനത്തോടെ കേന്ദ്ര ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ധൃതിപിടിച്ച് ഭേദഗതിപ്പെടുത്തിയത് ആര്‍ക്കുവേണ്ടിയായിരുന്നു?

ഉത്തരം : 1998 ലെ കേന്ദ്ര ലോട്ടറി നിയമത്തിന് 2010 ലാണ് ചട്ടങ്ങളുണ്ടാക്കിയത്. ഇതെങ്ങനെ ധൃതിപിടിച്ചുള്ളതാകും. പേപ്പര്‍ ലോട്ടറിയോടൊപ്പം ഓണ്‍ലൈന്‍ ലോട്ടറിയും നിയന്ത്രിക്കുന്നതിനാണ് കേന്ദ്ര ഗവണ്മെന്റ് ലോട്ടറി നിയന്ത്രണ ചട്ടങ്ങളില്‍ ഓണ്‍ലൈന്‍ ലോട്ടറികളെക്കൂടി ഉള്‍പ്പെടുത്തിയത്. അതിന് വിരുദ്ധമായി ചട്ടങ്ങളുണ്ടാക്കാനാകില്ല. അതുകൊണ്ടാണ് യു.ഡി.എഫ്. ഭരണകാലത്ത് കേരളം പ്രത്യേക നിയമ നിര്‍മ്മാണം നടത്തി ഓണ്‍ലൈന്‍ ലോട്ടറി സംസ്ഥാനത്ത് നിരോധിച്ചത്. ആ നിയമം ഇപ്പോഴും നിലനില്‍ക്കുകയാണ്.

ചോദ്യം മൂന്ന് : കേന്ദ്രം പുറപ്പെടുവിച്ച ആ ചട്ടമല്ലേ കേരളത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തെ ത്രിശങ്കുവിലാക്കിയതും ഒരു പ്രൊമോട്ടര്‍ക്ക് ഒരു ദിവസം 24 നറുക്കെടുപ്പുവരെ നടത്താം എന്ന അവസ്ഥ ഉണ്ടാക്കിവച്ചതും?

ഉത്തരം: കേരളം പാസ്സാക്കിയ കേരള ബെറ്റിംഗ് ആന്റ് ഗാംബ്ളിങ്ങ് നിയമം ഇപ്പോഴും സാധുവാണ്. അതുകൊണ്ടാണ് കേരളത്തില്‍ ഓണ്‍ലൈന്‍ ലോട്ടറി നടത്തുവാന്‍ ലോട്ടറി മാഫിയയ്ക്ക് സാധിക്കാത്തത്. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനം ത്രിശങ്കുവിലാണെന്ന് എങ്ങനെ പറയുവാന്‍ സാധിക്കും. നിയമത്തിന് വിരുദ്ധമായി ചട്ടമുണ്ടാക്കിയാല്‍ നിലനില്‍ക്കില്ല. പശ്ചിമബംഗാള്‍ പോലെയുള്ള സംസ്ഥാനങ്ങളില്‍ ഒരു ദിവസം 400 നറുക്കെടുപ്പുവരെ നടക്കുന്നു എന്നതുകൊണ്ടാണ് അതിന്റെ എണ്ണം കേന്ദ്രം നിയന്ത്രിച്ചത്.

ചോദ്യം നാല് : കേരളം ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് ചട്ടമുണ്ടാക്കിയപ്പോള്‍ അതിനെ അത്തരം ലോട്ടറിക്കാര്‍ക്കുവേണ്ടി ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍ ഹാജരായത് താങ്കളുടെ പാര്‍ട്ടിയിലെ പ്രമുഖനായ ചിദംബരമല്ലേ?

ഉത്തരം: കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം പ്രഗത്ഭനായ അഭിഭാഷകനാണ്. അദ്ദേഹം ഏതെങ്കിലും ലോട്ടറി കേസില്‍ ഹാജരായതായി അറിയില്ല.

ചോദ്യം അഞ്ച്: ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴല്ലേ, ഓണ്‍ലൈനെ നിയമവിധേയമാക്കുംവിധമുള്ള ചട്ടഭേദഗതി വരുത്തിയത്?

ഉത്തരം: നിയമമുണ്ടാക്കിയാല്‍ ചട്ടമുണ്ടാക്കേത് ഭരണഘടനാപരമായ ബാധ്യതയാണ്. നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ചട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യമല്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

ചോദ്യം ആറ്: അന്യസംസ്ഥാന ലോട്ടറിക്കെതിരെ സംസ്ഥാനത്തിന് നടപടി എടുക്കാന്‍ അവകാശമില്ലെന്നുമാത്രമല്ല, നടപടി എടുക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്നു നിര്‍ദേശിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നുപോലും സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനുമുമ്പില്‍ വാദിച്ചത് ഉമ്മന്‍ചാണ്ടിയുടെ പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അല്ലേ. ആരുടെ താല്‍പ്പര്യത്തിലുള്ളതായിരുന്നു ആ വാദം? ആ വാദമല്ലേ കേരളത്തെ കേസില്‍ തോല്‍പ്പിച്ചത്?

ഉത്തരം: കേന്ദ്ര ലോട്ടറി നിയമത്തിന് വിരുദ്ധമായി വാദിക്കാന്‍ അഭിഭാഷകര്‍ക്ക് കഴിയില്ല. കേന്ദ്ര നിയമത്തിന്റെ നാലാം വകുപ്പ് ലോട്ടറി മാഫിയ ലംഘിക്കുന്നുവെന്നും, അവര്‍ അന്യസംസ്ഥാനങ്ങളുടെ യഥാര്‍ത്ഥ ഏജന്റുമാരെല്ലെന്നും കേരളം കോടതിയില്‍ വാദിക്കാത്തതുകൊണ്ടാണ് നമ്മുടെ കേസുകള്‍ തോറ്റത്. ഈ വാദങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് യഥാസമയം കോടതിയില്‍ ഹാജരാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിച്ചതും കേസ് തോല്‍ക്കാന്‍ കാരണമായി.

ചോദ്യം ഏഴ് : ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചതും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയതും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും യുഡിഎഫ് ഗവണ്മെന്റല്ല, എല്‍ഡിഎഫ് ഗവണ്മെന്റാണ് എന്നത് കാണുന്നില്ലേ?

ഉത്തരം: ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചത് എല്‍.ഡി.എഫ്. ഗവണ്മെന്റാണ് എന്ന വാദം ശരിയല്ല. 2005 ല്‍ യു.ഡി.എഫ്. സര്‍ക്കാരാണ് ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചത്. സിബി മാത്യുവിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അതില്‍ നടപടിയെടുക്കാതിരിക്കുകയും, ആ റിപ്പോര്‍ട്ട് പ്രധാനപ്പെട്ട ലോട്ടറി കേസുകളില്‍ ഹാജരാക്കാതിരുന്നതുമാണ് ഈ സര്‍ക്കാര്‍ ചെയ്ത അക്ഷന്തവ്യമായ അപരാധം. അന്വേഷണത്തിന് ഉത്തരവിട്ടത് എല്‍ഡിഎഫ് ആണെന്ന് അവകാശപ്പെടുന്നവര്‍ ഒരുകാര്യം മറക്കുന്നു. നിയമലംഘനം നടത്തുന്ന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കുകയും അതേത്തുടര്‍ന്ന് വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമലംഘനങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി കേസെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോട്ടറീസ് ഡയറക്ടര്‍ ആവശ്യപ്പെടുകയും ചെയ്തിട്ട് കൈയുംകെട്ടിയിരിക്കുന്നത് ആരെ സഹായിക്കാനാണ്.

ചോദ്യം എട്ട് : ഓണ്‍ലൈന്‍ ലോട്ടറിക്കാര്‍ക്കെതിരായ നടപടികള്‍ പന്‍വലിക്കുമെന്ന് വിശദീകരിക്കുകയും ഇനി നടപടി എടുക്കില്ല എന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്ന സത്യവാങ്മൂലം സൂപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നില്ലേ യുഡിഎഫ് ഗവണ്മെന്റ് ചെയ്തത്?

ഉത്തരം : കേന്ദ്ര നിയമം നിലനിന്നപ്പോള്‍ തന്നെ യു.ഡി.എഫ്. സര്‍ക്കാര്‍ ലോട്ടറി മാഫിയയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച് പേപ്പര്‍ ലോട്ടറി മാഫിയയെ നിയന്ത്രിക്കാന്‍ നികുതി പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ തുടര്‍ച്ചയായി റെയ്ഡുകള്‍ നടത്തുകയും കേസുകള്‍ എടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില നടപടികള്‍ കോടതിയലക്ഷ്യമാണെന്ന് കോടതി പറയുകയും ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്ത നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നു എന്ന് സുപ്രീം കോടതിയില്‍ സത്യവാങ് മൂലം നല്‍കിയത്. ഈ സംഭവം തന്നെ ലോട്ടറി മാഫിയയ്ക്കെതിരായ യു.ഡി.എഫ്. നിലപാട് വ്യക്തമാക്കുന്നതാണ്. നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് ഓണ്‍ലൈന്‍ ലോട്ടറിയെ പടിക്കു പുറത്താക്കിയ യു.ഡി.എഫിന്റെ നടപടി ഇന്നും നിലനില്‍ക്കുന്നു എന്നുള്ളത് സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നത് എന്തുകൊണ്ടാണ്?

ചോദ്യം ഒമ്പത് : കേരളത്തിന്റെ താല്‍പ്പര്യത്തെ അപകടപ്പെടുത്തുന്നതും ലോട്ടറി സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നതുമായ ഈ സത്യവാങ്മൂലത്തിലെ അപകടം മുന്‍നിര്‍ത്തി അത് ഭേദഗതിപ്പെടുത്താനനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചത് എല്‍ഡിഎഫ് ഗവണ്മെന്റാണെന്ന സത്യം നിഷേധിക്കാനാകുമോ?

ഉത്തരം: യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കൊടുത്ത സത്യവാങ്മൂലം തിരുത്തും എന്നാണ് ധനമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് തിരുത്തണ്ട എന്നാണ് പിന്നീട് കിട്ടിയ നിയമ ഉപദേശമെന്നാണ് അവസാനമായി നിയമസഭയില്‍ പറഞ്ഞത്. നടപടിയെടുക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ തടയുന്നത് കേന്ദ്ര നിയമത്തിലെ നാലാം വകുപ്പാണെന്ന് പറയുന്നത് കഥയറിയാതെ ആട്ടം കാണലാണ്. നാലാം വകുപ്പില്‍ പറയുന്നത് ലോട്ടറി നടത്തുന്നതിനുള്ള നിബന്ധനകളാണ്. ഈ വകുപ്പ് എടുത്തുമാറ്റിയാല്‍ മാഫിയക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നിയമപരമായ പിന്‍ബലം ഇല്ലാതാകും.

എല്‍ഡിഎഫിനോട് ഉമ്മന്‍ചാണ്ടിയുടെ 8 ചോദ്യം

എല്‍.ഡി.എഫിന്റെ ഏതു ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം തരാന്‍ യു.ഡി.എഫിനു സാധിക്കും. എന്നാല്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ സാധിക്കുമോ?

1.04.11.2009-ലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പ്രകാരം കേന്ദ്രനിയമം ലംഘിച്ചുകൊണ്ടു നടത്തുന്ന ലോട്ടറി ആസ്ഥാനങ്ങള്‍ കോടതിയുടെ സെര്‍ച്ച് വാറണ്ടോടുകൂടി റെയ്ഡ് നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം ലഭിച്ചിരിക്കെ, എന്തുകൊണ്ടാണ് ഈ ലോട്ടറിയുടെ ആസ്ഥാനകേന്ദ്രം റെയ്ഡ് ചെയ്ത് കേസ്സെടുക്കാതിരുന്നത്?

2.ലോട്ടറികളുടെ സെയില്‍ ഔട്ട്ലെറ്റുകളില്‍ മാത്രം പോലീസ് പരിശോധന നടത്തുമ്പോള്‍ സംസ്ഥാനസര്‍ക്കാരിന് അവര്‍ മുന്‍കൂറായി അടച്ച നികുതിയുടെ രസീത് കാണിച്ചാല്‍ കേസെടുക്കാന്‍ കഴിയില്ല. ആ സാഹചര്യത്തില്‍ എന്തിനാണ് അത്തരം പരിശോധനാ നാടകങ്ങള്‍ നടത്തിയത്?

3. സിബി മാത്യുവിന്റെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ട് പ്രധാനപ്പെട്ട ലോട്ടറിക്കേസ്സുകളില്‍ കൃത്യസമയത്ത് കോടതികളില്‍ ഹാജരാക്കിയില്ല?

4. സംസ്ഥാനത്ത് നടക്കുന്ന ലോട്ടറികളെ സംബന്ധിച്ച് നികുതി വകുപ്പ് സെക്രട്ടറി, സിക്കിം സര്‍ക്കാരിന് 14.05.2010 തീയതിയില്‍ കത്തെഴുതിയപ്പോള്‍ കേന്ദ്രനിയമവും ചട്ടവും ലംഘിച്ചാണ് ഇവിടെ ലോട്ടറികള്‍ നടക്കുന്നതെന്ന് തെളിയിക്കാന്‍ സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എന്തുകൊണ്ട് കൂടെ അയച്ചില്ല?

5. കേന്ദ്ര ലോട്ടറി നിയമത്തിന്റെ ചട്ടങ്ങള്‍ ലംഘിച്ചാണ് കേരളത്തില്‍ ലോട്ടറികള്‍ നടക്കുന്നതെന്ന് 14.05.2010-ല്‍ സിക്കിം സര്‍ക്കാരിന് കത്തെഴുതിയ പശ്ചാത്തലത്തില്‍ എന്തു മാനദണ്ഡം വെച്ചാണ് നിയമലംഘനം നടത്തുന്നവര്‍ക്ക് പുതിയ ലോട്ടറികള്‍ കൂടി നടത്താന്‍ 03.07.2010-ന് അനുവാദം കൊടുത്തത്?

6. പേപ്പര്‍ ലോട്ടറി എന്നാല്‍ കേരളാ ലോട്ടറി നികുതി നിയമമനുസരിച്ച്, കേന്ദ്രനിയമത്തിന്റെ നാലാം വകുപ്പിന്റെ നിബന്ധനകളനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി ആണെന്നിരിക്കേ, നാലാം വകുപ്പ് ലംഘിച്ചുവെന്ന് ഗവണ്മെന്റിനുതന്നെ ബോധ്യപ്പെട്ടവരുടെ കൈയില്‍ നിന്നും എന്തിനാണ് മുന്‍കൂര്‍ നികുതി വാങ്ങിയത്?

7. കേരളാ ലോട്ടറി നികുതി നിയമത്തിലെ പത്താം വകുപ്പനുസരിച്ച് മുന്‍കൂര്‍ നികുതി വാങ്ങേണ്ടത് നറുക്കെടുപ്പ് നടക്കുന്നതിന്റെ തലേമാസം ആണെന്നിരിക്കേ, 01.07.2010-ല്‍ നികുതി വാങ്ങുകയും, 03.07.2010-ല്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും, അതേ മാസം തന്നെ 19.07.2010 മുതല്‍ നറുക്കെടുപ്പ് നടത്താന്‍ അനുമതി കൊടുക്കുകയും ചെയ്തുകൊണ്ട് എന്തിനാണ് അനാവശ്യമായ ധൃതി കാണിച്ചത്?

8. നിയമസഭയില്‍ ആരോപണം പൂര്‍ണ്ണമായും നിഷേധിക്കുകയും ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് സഭയില്‍ പ്രഖ്യാപിക്കുകയും ചെയ്ത ധനമന്ത്രി നിയമസഭയ്ക്ക് പുറത്ത് വകുപ്പ്തല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചതും സഭാ സമ്മേളനം കഴിഞ്ഞ ഉടന്‍ ഒരു ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്യുകയും ചെയ്ത സാഹചര്യം കൂടി കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താമോ?

deshabhimani 01082010

ഈ ചോദ്യങ്ങള്‍ക്കുള്ള ഡോ.തോമസ് ഐസക്കിന്റെ മറുപടിയും വായിക്കുക.

No comments:

Post a Comment