Sunday, August 1, 2010

കാപട്യത്തിന് അതിരില്ലേ?

ലോട്ടറി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെ വെളളപൂശാനും സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പുകമറ സൃഷ്ടിക്കാനുമാണ് യുഡിഎഫ് ലോട്ടറി വിവാദം ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന എട്ടു ചോദ്യങ്ങള്‍ക്കുളള മറുപടി താഴെ കൊടുക്കുന്നു.

ഒന്ന്) ലോട്ടറി വിവാദത്തിലെ കേന്ദ്രപ്രശ്നം അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനത്തിന് കടിഞ്ഞാണിടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോ എന്നതാണ്. ഏതായാലും അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് പ്രതിപക്ഷ നേതാവ് സമ്മതിച്ചു.

ലോട്ടറിമാഫിയയ്ക്കെതിരെ ഭാവിയില്‍ കേസൊന്നും എടുക്കില്ലെന്നും എടുത്ത കേസെല്ലാം പിന്‍വലിക്കാമെന്നും സുപ്രിംകോടതിയില്‍ സാഷ്ടാംഗപ്രണാമം ചെയ്ത് ഉറപ്പു നല്‍കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ആണ്. ഈ സത്യവാങ്മൂലം പിന്‍വലിക്കുന്നതിനും ലോട്ടറി മാഫിയയ്ക്കെതിരെ നടപടിയെടുക്കാനുളള അവകാശം ഉറപ്പിച്ചു കിട്ടുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിയമയുദ്ധം. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ ബഞ്ചില്‍ നിന്നും ഭാഗികമായെങ്കിലും അനുകൂലമായ ഇടക്കാല വിധി കേരള സര്‍ക്കാരിന് നേടാനായത് ലോട്ടറി മാഫിയയ്ക്കെതിരെയുളള പോരാട്ടത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്ന ഇടതുമുന്നണിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ട് മാത്രമാണ്.

ജസ്റിസ് കെ ജി ബാലകൃഷ്ണന്റെ ബഞ്ച് പുറപ്പെടുവിച്ച വിധിയില്‍ നിന്ന് ചില വാചകങ്ങള്‍ പ്രതിപക്ഷനേതാവ് ഉദ്ധരിച്ചിട്ടുണ്ട്. ശരിയാണ്, നിയമം ലംഘിച്ചു എന്ന് ബോധ്യപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന് എഫ്ഐആര്‍ രജിസ്റര്‍ ചെയ്യാം. അത് ചെയ്തിട്ടുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലുടനീളം ലോട്ടറി വില്‍പന കേന്ദ്രങ്ങളും അന്യസംസ്ഥാന ലോട്ടറിയുടെ മുഖ്യ ഏജന്റായ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ആസ്ഥാനവും പൊലീസ് റെയ്ഡ് ചെയ്ത് കേസ് രജിസ്റര്‍ ചെയ്തു. ഇത് മറച്ചുവെച്ച് എന്തിനാണ് റെയ്ഡ് നടത്തിയിട്ടില്ല എന്ന പച്ചക്കളളം ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നത്?

വിധിയില്‍ നിന്നുള്ള ഉദ്ധരണി ഒറ്റവാചകത്തില്‍ ഒതുക്കിക്കളഞ്ഞത് പ്രതിപക്ഷനേതാവിന്റെ കാപട്യത്തിന് ഏറ്റവും നല്ല ഉദാഹരണമാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസായതു കൊണ്ട് എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്താം, കോടതിയുടെ അനുവാദത്തോടു കൂടി സെര്‍ച്ചും ചെയ്യാം, ഇതിനപ്പുറം ഒന്നും ചെയ്യുന്നതിനുളള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് വിധി വായിച്ചാല്‍ ബോധ്യപ്പെടും.

ഉമ്മന്‍ചാണ്ടിയോട് ആവര്‍ത്തിച്ചു പറയട്ടെ: ലോട്ടറി മാഫിയയ്ക്കെതിരെ ഒരു കേസും എടുക്കില്ലെന്ന് സത്യവാങ്മൂലം നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണ്. ഈ മാഫിയയ്ക്കെതിരെ പടവെട്ടി ഭാഗികമായെങ്കിലും അനുകൂലവിധി നേടിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ കേസുകളില്‍ പരമോന്നതകോടതിയുടെ അന്തിമവിധി കാത്തിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ നീചമായ ചതിപ്രയോഗം. അതാണ്, പുതിയ കേന്ദ്രലോട്ടറി ചട്ടങ്ങള്‍. ലോട്ടറി മാഫിയ കേന്ദ്രനിയമം ലംഘിച്ചാല്‍ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല എന്ന് അസന്നിഗ്ധമായി വ്യക്തമാക്കുന്നതാണ് ഈ ചട്ടം. ലോട്ടറി നിയമത്തിന്റെ ലംഘനം സംസ്ഥാനസര്‍ക്കാര്‍ കൈയും കെട്ടി നോക്കിനിന്നാല്‍ മതിയെന്ന് നിഷ്കര്‍ഷിക്കുന്ന ചട്ടം രൂപപ്പെടുത്തുന്നത്, ലോട്ടറി മാഫിയയുടെ സ്വൈരവിഹാരത്തിന് ഒരു തടസവും ഉണ്ടാകരുത് എന്ന് ഉറപ്പുവരുത്താന്‍ തന്നെയാണ്. അല്ലെങ്കില്‍ പിന്നെന്തിനാണ് ഈ വിവേചനമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കുമോ?

രണ്ട്) കേസുകളെടുക്കുന്നതിന് പൊലീസിന് കര്‍ശന നിദ്ദേശം നല്‍കിയിട്ടുണ്ട്. ഞാന്‍ പങ്കെടുത്തുകൊണ്ട് മൂന്ന് മേഖലാ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഒന്നില്‍ ഡിജിപിയും പങ്കെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് 41 പേര്‍ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തത്. കേന്ദ്ര നിയമത്തിന്റെ നാലാംവകുപ്പിലെ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന പരിശോധന ആസ്ഥാനത്തു മാത്രമല്ല, സെയില്‍സ് ഔട്ട്ലെറ്റുകളിലും നടത്തേണ്ടതുണ്ട്.

കേസുകള്‍ രജിസ്റര്‍ ചെയ്തതിന് ശേഷം തുടര്‍നടപടികള്‍ക്ക് അനുവാദത്തിന് ഉപാധികള്‍ നീക്കം ചെയ്യണമെന്ന് സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. എന്നാല്‍ ഇത് സുപ്രിംകോടതി തള്ളുകയാണ് ഉണ്ടായത്. അന്തിമ വിധിവേളയിലേ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

മറ്റൊരു ഇടക്കാല വിധി കൂടി നല്‍കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകുന്നുവെന്ന് ആവലാതിപ്പെട്ടപ്പോഴായിരുന്നു ഇത്. പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതുവരെ ഇതിന്മേല്‍ ഒരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിന് കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കണമോ എന്ന് ആലോചിക്കുകയാണ്.

മൂന്ന്) നിയമലംഘനം നടത്തുന്ന ലോട്ടറി മാഫിയയ്ക്കെതിരെ നടപടികളൊന്നുമെടുക്കില്ല എന്ന യുഡിഎഫ് സത്യവാങ്മൂലം സുപ്രംകോടതിയില്‍ നിലനില്‍ക്കുമ്പോഴാണ് അവര്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇന്ന് നാഴികയ്ക്ക് നാല്‍പതു വട്ടം യുഡിഎഫ് ഉദ്ധരിച്ചക്കുന്ന സിബി മാത്യുവിന്റെ റിപ്പോര്‍ട്ട് ഇങ്ങനെയാണ് രൂപം കൊണ്ടത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിട്ടില്ല എന്ന നുണ നിയമസഭയിലും പുറത്തും ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് സത്യമാക്കാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ചാണ്ടി.

സിബിമാത്യുവിന്റെ കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പുകമറ സൃഷ്ടിക്കാനുമാണ് യുഡിഎഫ് ലോട്ടറി വിവാദം ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് പ്രതകരിച്ചാണ് മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്തതും നികുതി വാങ്ങാന്‍ വിസമ്മതിച്ചതും. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൈക്കൊണ്ട നടപടികള്‍ക്കെതിരെയാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയില്‍ വാദമധ്യേ ഈ റിപ്പോര്‍ട്ട് ഹാജരാക്കിയിട്ടുണ്ട്, വിധിന്യായത്തില്‍ റിപ്പോര്‍ട്ടിന്റെ കാര്യം പേരെടുത്ത് പരാമര്‍ശിക്കുന്നുമുണ്ട്. എന്നിട്ടും ആര്‍ക്കുവേണ്ടിയാണ് ഉമ്മന്‍ചാണ്ടി സ്വന്തം പദവിയും സ്ഥാനവും മറന്ന് നുണ ആവര്‍ത്തിക്കുന്നത്?

സിബി മാത്യുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സിക്കിം ലോട്ടറിയ്ക്കെതിരെ സ്വീകരിച്ച നടപടി കോടതി അസ്ഥിരപ്പെടുത്തി. എന്നാല്‍ ഭൂട്ടാന്‍ ലോട്ടറി നിരോധനം ശരിവെച്ചു. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി മാഫിയയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് പരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടുകയും ചെയ്തു.

ഈ വിധിയ്ക്കെതിരെയാണ് കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ ഹൈക്കോടതിയില്‍ ഹാജരായി സംസ്ഥാന സര്‍ക്കാരിനെതിരെ വാദിച്ചത്. കേന്ദ്രലോട്ടറി നിയമത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന് വാദിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം ലോട്ടറി മാഫിയയ്ക്കാണെന്ന് ആര്‍ക്കാണ് അറിയാത്തത്? കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തിന്റെ അടിസ്ഥാനത്തില്‍ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിനെതിരെ വിധി പ്രഖ്യാപിച്ചു. ജയിച്ചത് ലോട്ടറി മാഫിയയാണെന്നും ആരൊക്കെ ചേര്‍ന്നാണ് ജയിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവിന് ഞാന്‍ പറഞ്ഞുതരണോ? അദ്ദേഹത്തോടുളള എന്റെ അടുത്ത ചോദ്യം ഇതാണ്; കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ സോളിസിറ്റര്‍ ജനറലെടുത്ത നിലപാടിനെ തളളിപ്പറയാന്‍ താങ്കള്‍ തയ്യാറുണ്ടോ?

ഒളിച്ചുവെച്ചു എന്ന് പറയുന്ന സിബി മാത്യൂ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധനമന്ത്രി തന്നെ മുന്‍കേന്ദ്ര ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടിലുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയില്‍ അനുഭാവപൂര്‍ണമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതിന് കടകവിരുദ്ധമായ സമീപനമാണ് ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുടെ പക്കല്‍നിന്നും ഉണ്ടായത്.

നാല്) സിക്കിം സര്‍ക്കാരിന് കത്തെഴുതുക മാത്രമല്ല ചെയ്തത്. കത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെത്തിയ സിക്കിം സര്‍ക്കാരിന്റെ പ്രതിനിധിയോട് നേരിട്ട് കാര്യങ്ങള്‍ വിശദമാക്കി. പക്ഷേ, സിബി മാത്യുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കെതിരെ സിക്കിം സര്‍ക്കാര്‍ കേസില്‍ കക്ഷിചേരുകയായിരുന്നു.

അഞ്ച്) സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവായ ജോണ്‍ കെന്നഡിയുടെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിനെ കേരളത്തില്‍ പ്രമോട്ടറായി രജിസ്റര്‍ ചെയ്തത് യുഡിഎഫിന്റെ ഭരണകാലത്താണ്. പ്രമോട്ടറായി രജിസ്റര്‍ ചെയ്യപ്പെടുന്നവരില്‍ നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കണമെന്ന വകുപ്പ് (വകുപ്പ് 10 - 1) ഉള്‍പ്പെടുന്ന കേരളാ പേപ്പര്‍ ലോട്ടറീസ് നിയമം കൊണ്ടുവന്നതും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരാണ്. അതനുസരിച്ച് പുതിയ നറുക്കുകള്‍ക്കുളള മുന്‍കൂര്‍ നികുതി നിരസിക്കാന്‍ ഒരധികാരവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കില്ല. സിബി മാത്യുവിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജോണ്‍ കെന്നഡിയുടെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ രജിസ്ട്രേഷന്‍ കാന്‍സല്‍ ചെയ്യാന്‍ നടപടി സ്വീകരിച്ചത് ഈ സര്‍ക്കാരാണെന്ന് ഉമ്മന്‍ചാണ്ടി വിസ്മരിക്കരുത്. ലോട്ടറി നടത്തുന്ന സംസ്ഥാനം നേരിട്ട് മുഖ്യ ഏജന്റായി നിയമിച്ചിട്ടില്ലെങ്കില്‍ പോലും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് അന്ന് കേരളഹൈക്കോടതി വിധിച്ചത്. അന്ന് ജോണ്‍ കെന്നഡിയെ സംരക്ഷിക്കാനുളള വാദമുഖങ്ങളുമായി ഹൈക്കോടതിയില്‍ പ്രത്യക്ഷപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറലും പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവുമാണ്. ചോദ്യം ഇതാണ്. സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവായ ജോണ്‍ കെന്നഡിയെ കേരളത്തിലേയ്ക്ക് പരവതാനി വിരിച്ച് സ്വീകരിച്ചതും അവരുടെ നിയമലംഘനത്തിന് പരിരക്ഷയുമായി ഹൈക്കോടതി മുതല്‍ സുപ്രിംകോടതി വരെ കാവല്‍ നില്‍ക്കുന്നതും ഉമ്മന്‍ചാണ്ടിയും ചിദംബരവുമടങ്ങുന്ന കോണ്‍ഗ്രസുകാരല്ലേ?

ആറ്) കേന്ദ്രനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന ലോട്ടറിയാണ് എന്ന് ബോധ്യപ്പെട്ടാലും അവരുടെ കൈയില്‍ നിന്ന് മുന്‍കൂറായി നികുതി വാങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഇത് സംബന്ധിച്ച് ഏറ്റവുമൊടുവില്‍ സുപ്രിം കോടതി തന്നെ വിധി പറഞ്ഞിട്ടുണ്ട്. (സ്റേറ്റ് ഓഫ് കേരള & അദേഴ്സ് വേഴ്സസ് ജോണ്‍ റോസ് & അദേഴ്സ് - 18/11/2008). അരുണാചല്‍പ്രദേശ് സര്‍ക്കാരിന്റെ ലോട്ടറി ഏജന്റായ ജോണ്‍ റോസ് പുതിയ ലോട്ടറിയ്ക്ക് വേണ്ടി നല്‍കിയ മുന്‍കൂര്‍ നികുതി കേരള സര്‍ക്കാര്‍ നിരസിച്ചതിനെതിരെ ജോണ്‍ റോസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും നികുതി നിരസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കുകയും ചെയ്തു. പ്രസ്തുത വിധിയ്ക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ജസ്റിസ് എസ്. എച്ച്. കപാഡിയയുടെ ഡിവിഷന്‍ ബഞ്ച് വിധിച്ചത്, ജോണ്‍ റോസിനെ ഏജന്റായി അംഗീകരിച്ച് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ കത്ത് നല്‍കുകയാണെങ്കില്‍ അഡ്വാന്‍സ് ടാക്സ് വാങ്ങണമെന്നായിരുന്നു. (സി എ 6700 - 6701/2008)

സിക്കിം ലോട്ടറി നടത്തിക്കൊണ്ടിരുന്ന ജോണ്‍ കെന്നഡി പുതുതായി ഭൂട്ടാന്‍ സര്‍ക്കാരിന്റെ ലോട്ടറി നടത്തുന്നതിന് വേണ്ടി നല്‍കിയ മുന്‍കൂര്‍ നികുതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ നിരസിച്ചിട്ടുണ്ട്. അതിനെതിരെ ഫയല്‍ ചെയ്ത കേസിലും മുന്‍കൂര്‍ നികുതി വാങ്ങണമെന്നായിരുന്നു കോടതി ഉത്തരവ്. മുന്‍കൂര്‍ നികുതി നല്‍കുന്നതിലുണ്ടായ കാലതാമസത്തിന് പലിശ ഈടാക്കാമെന്നും കോടതി ഉത്തരവിട്ടു. ഈ കോടതിവിധികളോട് എതിര്‍പ്പുണ്ടെങ്കില്‍, ലോട്ടറി മാഫിയയുടെ കേസുകളില്‍ നിന്ന് ദയവായി ഒന്നൊഴിഞ്ഞു നില്‍ക്കാമോ എന്ന് സ്വകാര്യ സംഭാഷണത്തിനിടയിലെങ്കിലും പി ചിദംബരത്തോട് ആവശ്യപ്പെടാനുളള തന്റേടം ഉമ്മന്‍ചാണ്ടി കാണിക്കുമോ?

ഏഴ്) നികുതി ഒടുക്കാന്‍ കാലതാമസമുണ്ടായാല്‍ പലിശയും പിഴയും ഈടാക്കാമെന്നേയുളളൂ. നികുതി നിരസിക്കാന്‍ കഴിയില്ല. കേരള ടാക്സ് ഓ പേപ്പര്‍ ലോട്ടറീസ് നിയമപ്രകാരം നികുതി സ്വീകരിക്കുന്നതിനുളള അധികാരം നികുതി അസിസ്റന്റ് കമ്മിഷണര്‍മാര്‍ക്കാണ്. അവരാണ് ഇതു സംബന്ധിച്ച സ്റാറ്റ്യൂട്ടറി അതോറിറ്റി. നിയമത്തിലെ പത്ത് (ഒന്ന്) വകുപ്പ് അനുസരിച്ച് നറുക്കെടുപ്പിന്റെ തലേമാസം ഒന്നാം തീയതി മുന്‍കൂര്‍ നികുതി ഒടുക്കണം. എന്നാല്‍ ഉപവകുപ്പ് രണ്ടില്‍ കാലതാമസമുളള കേസുകളില്‍ പലിശ സഹിതം മുന്‍കൂര്‍ നികുതി വാങ്ങാന്‍ അനുവദിക്കുന്നുണ്ട്. ആയതിനാല്‍ ഇതനുസരിച്ച് നികുതി വാങ്ങിയതില്‍ തെറ്റില്ല. എന്നാല്‍ ആ ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ഗൌരവമായ വീഴ്ചയുണ്ടായി. ഇതിനെതിരെ നടപടി സ്വീകരിച്ചത് യുഡിഎഫ് ആവശ്യപ്പെട്ടതു കൊണ്ടല്ല. പലിശയീടാക്കിയിട്ടില്ലെന്നും ഈടാക്കിയെന്ന് പിന്നീട് കളളരേഖയുണ്ടാക്കിയെന്നുമായിരുന്നു അവരുടെ ആക്ഷേപം. അന്വേഷണത്തില്‍ ഇത് ശരിയല്ലെന്ന് തെളിഞ്ഞു. നികുതി അടച്ച ദിവസം തന്നെ പലിശയ്ക്കുളള പേ ഓര്‍ഡറും ലഭിച്ചിട്ടുണ്ട്.

എട്ട്) നിയമസഭയില്‍ അന്വേഷണം ഇല്ലെന്ന് പറഞ്ഞിട്ട് അന്വേഷണം നടത്തുമെന്ന് പുറത്തു പറഞ്ഞതിനെക്കുറിച്ചാണ് പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം. ഇതദ്ദേഹം നിയമസഭയിലും ഉന്നയിച്ചിരുന്നു. ഞാന്‍ വ്യക്തമാക്കുകയും സ്പീക്കര്‍ അംഗീകരിക്കുകയും ചെയ്ത കാര്യം എന്തിനാണ് പ്രതിപക്ഷനേതാവ് ഇപ്പോഴും ആവര്‍ത്തിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല.

ആര്യാടന്‍ മുഹമ്മദ് ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് അന്വേഷിക്കാം എന്നു തന്നെയാണ് പറഞ്ഞത്. സിക്കിം സര്‍ക്കാരിന്റെ മുഖ്യപ്രമോട്ടര്‍ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് അല്ല എന്നാണ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. സിക്കിം സര്‍ക്കാര്‍ അയച്ച കത്തില്‍ വ്യക്തമാകുന്ന ശ്രദ്ധേയമായ കാര്യമുണ്ട്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് ആണ് കേരളത്തിലെ അംഗീകൃത ഏജന്‍സിയെങ്കിലും അതിനു മുകളില്‍ ബെസ്റ് കമ്പനിയും അതിനു മുകളില്‍ സിക്കിം അടിസ്ഥാനമാക്കിയുളള ഒരു സോള്‍ ഏജന്റുമുണ്ട്. സമീപകാലം വരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലോട്ടറി സോള്‍ ഏജന്റ് ആസാമിലെ കോണ്‍ഗ്രസ് എംപിയായിരുന്ന മണി സുബ്ബയായിരുന്നു.

എങ്കിലും, ആര്യാടന്റെ ആക്ഷേപത്തില്‍ കഴമ്പുണ്ടോ എന്നറിയാന്‍ സഭയില്‍ പറയില്‍ പറഞ്ഞതുപോലെ സിക്കിം സര്‍ക്കാരില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് ഫാക്സ് അയച്ചിട്ടുണ്ട്. ഇതുപോലെ മൂര്‍ത്തമായ ഏതൊരു വിഷയത്തെയും കുറിച്ച് ഏതൊരു വിമര്‍ശനവും മുഖവിലയ്ക്കെടുത്ത് അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയാകട്ടെ, രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെട്ടത്.

ഡോ. തോമസ് ഐസക് ദേശാഭിമാനി 01082010

1 comment:

  1. ലോട്ടറി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെ വെളളപൂശാനും സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പുകമറ സൃഷ്ടിക്കാനുമാണ് യുഡിഎഫ് ലോട്ടറി വിവാദം ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന എട്ടു ചോദ്യങ്ങള്‍ക്കുളള മറുപടി...

    ReplyDelete