Tuesday, November 2, 2010

തദ്ദേശസ്ഥാപന അധ്യക്ഷര്‍: യുഡിഎഫില്‍ തര്‍ക്കം രൂക്ഷം

തദ്ദേശ സ്ഥാനമാനങ്ങള്‍ക്കുവേണ്ടി യുഡിഎഫില്‍ കലഹം നാള്‍ക്കുനാള്‍ മൂക്കുന്നു. ഘടകകക്ഷികള്‍ തമ്മിലും കോണ്‍ഗ്രസിനുള്ളിലും പലയിടത്തും പോര് അതിരൂക്ഷമാണ്.

തലസ്ഥാനജില്ലയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റാകാന്‍ കോണ്‍ഗ്രസില്‍ തര്‍ക്കം ശക്തമാവുകയാണ്. കോൺഗ്രസിലെ രമണി പി നായര്‍, അന്‍സജിത റസല്‍ എന്നിവരാണ് രംഗത്തുള്ളത്. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് കക്ഷിനേതാവാകാനും കോൺഗ്രസ് വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു.

തൃശൂരില്‍ തദ്ദേശസ്ഥാപനങ്ങളില്‍ അധ്യക്ഷന്മാരാകാന്‍ ഐ ഗ്രൂപ്പ്, എ ഗ്രൂപ്പ്, നാലാം ഗ്രൂപ്പ് എന്നിവയെല്ലാം അവകാശവാദവുമായി രംഗത്തുണ്ട്. തൃശൂര്‍ കോര്‍പറേഷനില്‍ മേയറാകാന്‍ മൂന്നുപേരാണ് രംഗത്തുള്ളത്. കോട്ടയം ജില്ലാപഞ്ചായത്ത് ആദ്യം ആരു ഭരിക്കണമെന്നതിനെച്ചൊല്ലി യുഡിഎഫില്‍ അങ്കം മൂത്തു. പാലാ നഗരസഭാ ചെയര്‍മാന്‍സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കൌൺസിലര്‍മാരായ മാണിവിഭാഗം നിയോജകമണ്ഡലം സെക്രട്ടറിയും ഭാര്യയും പാര്‍ടിയില്‍നിന്ന് രാജിവച്ചതായി കെ എം മാണിക്ക് കത്ത് നല്‍കി.

കണ്ണൂരില്‍ യുഡിഎഫ് വിജയിച്ച പഞ്ചായത്തുകളിലും കണ്ണൂര്‍ നഗരസഭയിലും പ്രസിഡന്റ്, ചെയര്‍പേഴ്സൺ സ്ഥാനത്തേക്കുള്ള തര്‍ക്കം രൂക്ഷമായി. യുഡിഎഫിന്റെ സംസ്ഥാന ധാരണപ്രകാരം കണ്ണൂര്‍ നഗരസഭയില്‍ ചെയര്‍പേഴ്സൺസ്ഥാനം മുസ്ളിംലീഗിനാണ്. എന്നാല്‍, കണ്ണൂരില്‍ ചെയര്‍പേഴ്സൺപദവി രണ്ടരവര്‍ഷം വീതം പങ്കിടാനാണ് കരാറെന്ന് കോൺഗ്രസ് വാദിക്കുന്നു.

പത്തനംതിട്ടയില്‍ ജില്ലാപഞ്ചായത്തിലേക്ക് മൂന്നുപേരാണ് പിടി മുറുക്കിയിരിക്കുന്നത്. എ, ഐ വിഭാഗങ്ങള്‍ തമ്മിലും ജില്ലയിലെ കോൺഗ്രസ് നേതാക്കള്‍ വ്യക്തിപരമായി നയിക്കുന്ന വിഭാഗങ്ങള്‍ തമ്മിലുമാണ് പോര്. ജില്ലാപഞ്ചായത്ത് പ്രസിഡന്റുപദവി കേരള കോൺഗ്രസിന് കൊടുക്കാതിരിക്കാന്‍ ഇടുക്കി ജില്ലയില്‍ കോൺഗ്രസ് നീക്കം തുടങ്ങി. ജോസഫ് ഗ്രൂപ്പുമായുള്ള ലയനം വഴിയാണ് ജില്ലയില്‍ ഭൂരിപക്ഷം സീറ്റും യുഡിഎഫ് നേടിയതെന്ന വാദമാണ് കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.

കൊച്ചിയില്‍ സഭാധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതുസംബന്ധിച്ച് സമവായത്തില്‍ എത്താനാകാതെ യുഡിഎഫ് കുഴങ്ങുന്നു. മേയര്‍സ്ഥാനത്തേക്ക് ഐ, എ ഗ്രൂപ്പ് പോരില്‍ കത്തോലിക്കാസഭയും കക്ഷിചേര്‍ന്നതോടെ എരിതീയില്‍ എണ്ണയൊഴിച്ച അനുഭവമായി. കൌൺസിലിലെ മുതിര്‍ന്ന അംഗവും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍ വേണുഗോപാലിനെ ഐ വിഭാഗം ഉയര്‍ത്തിക്കാട്ടുമ്പോള്‍, എ വിഭാഗം ടോണി ചമ്മിണിക്കുവേണ്ടിയാണ് ചരടുവലിക്കുന്നത്. ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനില്‍ തന്നെ വേണുഗോപാല്‍ ഇടപെട്ട് തോല്‍പ്പിച്ചതായി ആരോപിച്ച് വയലാര്‍ രവി വിഭാഗക്കാരനായ എ വി സാബുവും രംഗത്തുണ്ട്.

മലപ്പുറത്ത് മുസ്ളിംലീഗും കോൺഗ്രസും തമ്മിലാണ് തര്‍ക്കം. ജില്ലാപഞ്ചായത്ത് സ്ഥാനങ്ങള്‍ക്കും പിടിവലിയുണ്ട്. കോൺഗ്രസില്‍ പ്രതിഷേധം ശക്തമാണ്. ആലപ്പുഴ ജില്ലയില്‍ യുഡിഎഫ് വിജയിച്ച വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രസിഡന്റുസ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാണ്. ചേര്‍ത്തല, ചെങ്ങന്നൂര്‍, കായംകുളം, മാവേലിക്കര നഗരസഭകള്‍, പട്ടണക്കാട് ബ്ളോക്ക്, തണ്ണീര്‍മുക്കം, മുതുകുളം ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് വടംവലി മൂര്‍ച്ഛിച്ചത്. യുഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ പാലക്കാട് നഗരസഭയില്‍ ചെയര്‍മാന്‍ ആരാകണമെന്നതുസംബന്ധിച്ച് തര്‍ക്കം രൂക്ഷമാവുകയാണ്.

ദേശാഭിമാനി02112010

No comments:

Post a Comment