Tuesday, November 2, 2010

എല്‍ഡിഎഫ് അടിത്തറ ഭദ്രം: പിണറായി

എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നത് വസ്തുതയാണ്. പരാജയപ്പെട്ടാല്‍ അത് അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. അല്ലാതെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്നു പറയുന്നവരല്ല. എല്‍ഡിഎഫിന്റെയും സിപിഐ എമ്മിന്റെയും അടിത്തറ കുറെക്കൂടി ബലപ്പെടുത്താന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കുറച്ചുകൂടി പിന്നിലായിരുന്നു. ഇത്തവണ അവിടെനിന്ന് മുന്നോട്ടുവന്നു. ലോക്സഭാതെരഞ്ഞെടുപ്പിനേക്കാള്‍ 10,64,000 വോട്ട്് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചു. ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം 6.87 ലക്ഷമാണ്. ഇത് മറികടക്കാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് ഇതെന്നും പിണറായി എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സമൂഹത്തിന് ആപല്‍ക്കരമായ പ്രവണത ഈ തെരഞ്ഞെടുപ്പില്‍ കണ്ടു, അത് വര്‍ഗീയശക്തികളുടെ ഇടപെടലാണ്. വര്‍ഗീയകക്ഷികളുമായി കൂട്ടുചേര്‍ന്ന് താല്‍ക്കാലിക വിജയം നേടുന്നതാണ് നേട്ടമെന്നു കരുതുന്നവര്‍ രാജ്യത്തിന് വലിയ ദോഷമാണുണ്ടാക്കുന്നത്. എല്‍ഡിഎഫിനെതിരെ ജാതി-മത-വര്‍ഗീയശക്തികളുടെ ഏകീകരണമുണ്ടായി. ബിജെപി-എസ്‌ഡിപിഐ തുടങ്ങിയവരുമായി കൂട്ടുചേരുന്നതിന് യുഡിഎഫിന് ഒരു വൈക്ളബ്യവുമുണ്ടായില്ല. ഇതിനുപുറമെ സംസ്ഥാനത്തെ ചിലയിടങ്ങളിലെ സിപിഐ എം വിരുദ്ധരും യുഡിഎഫിനൊപ്പം അണിചേര്‍ന്നു. ഇങ്ങനത്തെ സാഹചര്യത്തില്‍ ഏതു മുന്നണിയും സാധാരണഗതിയില്‍ തകരും. എന്നാല്‍, ഇതിനെയെല്ലാം നേരിട്ട് എല്‍ഡിഎഫ് നല്ല തെരഞ്ഞെടുപ്പുഫലം ഉണ്ടാക്കി.

2005ല്‍ 49.22 ശതമാനം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചതെങ്കില്‍ ഇത്തവണ 42.32 ശതമാനമായി. 6.90 ശതമാനത്തിന്റെ കുറവ്. എന്നാല്‍, 2005ല്‍ എല്‍ഡിഎഫിനൊപ്പം ഉണ്ടായിരുന്ന ഡിഐസിയും ജനതാദള്‍, ഐഎന്‍എല്‍, കേരളകോൺഗ്രസ് ജോസഫ് എന്നിവയിലെ നല്ലൊരു പങ്കും ഇത്തവണ ഒപ്പമില്ലായിരുന്നു. ഡിഐസിക്ക് 4.67ഉം ജനതാദള്‍ എസിന് 2.37ഉം കേരളകോൺഗ്രസ് ജോസഫിന് 1.79ഉം ഐഎന്‍എല്ലിന് 0.35ഉം ശതമാനം വോട്ടായിരുന്നു അന്ന് കിട്ടിയത്. ഇവയെല്ലാം ചേര്‍ത്താല്‍ 9.18 ശതമാനം വോട്ട് വരും. ഈ വോട്ട് 2005ല്‍ കിട്ടിയ വോട്ടില്‍നിന്ന് കുറച്ചാല്‍ എല്‍ഡിഎഫിന്റെ വോട്ട് 40.04 ശതമാനമാണ്. എന്നാല്‍, ഇത്തവണ അത് 42.32 ശതമാനമാണ്. 2.28 ശതമാനം വര്‍ധിച്ചു. എല്‍ഡിഎഫ് ദുര്‍ബലമായിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നത്.

മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന നയത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ചോദ്യത്തിനു മറുപടിയായി പിണറായി പറഞ്ഞു. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് സമൂഹത്തിന് ആപത്താണ്. ഇക്കാര്യം കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും പറഞ്ഞിട്ടുണ്ട്. വര്‍ഗീയ ഏകീകരണമുണ്ടായെങ്കിലും സംസ്ഥാനത്ത് ക്രിസ്ത്യന്‍ വോട്ടുകളാകെ എല്‍ഡിഎഫിന് നഷ്ടമായിട്ടില്ലെന്ന് തീരദേശമേഖലയിലെ വിജയങ്ങള്‍ ചൂണ്ടിക്കാട്ടി പിണറായി പറഞ്ഞു.

ഒഞ്ചിയത്തും ഷൊര്‍ണൂരും മറ്റും പാര്‍ടിവിരുദ്ധര്‍ നേടിയ വിജയം താല്‍ക്കാലികമാണ്. യുഡിഎഫിന്റെ വാലില്‍ തൂങ്ങുന്നവരാണ് ഇവരെന്നു മനസ്സിലാക്കുമ്പോള്‍ ഇവരെ ഇപ്പോള്‍ പിന്തുണച്ചവര്‍ നിലപാട് മാറ്റും. നേതൃനിരയില്‍ ഇരുന്നു പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് തെറ്റുതിരുത്തി പാര്‍ടിയില്‍ തിരിച്ചുവരാന്‍ സമയമെടുക്കും. എന്നാല്‍, തെറ്റിദ്ധരിച്ച് പാര്‍ടി വിട്ടവര്‍ക്കുമുന്നില്‍ പാര്‍ടിയുടെ വാതില്‍ അടച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. എല്‍ഡിഎഫിന്റെ പ്രവര്‍ത്തനം വച്ചുനോക്കിയാല്‍ ഇന്ന് ലഭിച്ചതിനേക്കാള്‍ വോട്ട് കിട്ടണം. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതലായി എത്തിക്കുകയും അംഗീകാരം വാങ്ങാന്‍ കഴിയുകയും ചെയ്യുമെന്നാണ് കരുതുന്നത്. ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടായെന്ന പ്രചാരണം വസ്തുതകള്‍ക്കു നിരക്കുന്നതല്ലെന്നും പിണറായി വ്യക്തമാക്കി.

ദേശാഭിമാനി 02112010

1 comment:

  1. എല്‍ഡിഎഫ് അടിത്തറ ഭദ്രമാണെന്ന് തദ്ദേശ തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പ്രതീക്ഷിച്ച വിജയം നേടാനായില്ല എന്നത് വസ്തുതയാണ്. പരാജയപ്പെട്ടാല്‍ അത് അംഗീകരിക്കുന്നവരാണ് ഞങ്ങള്‍. അല്ലാതെ തെരഞ്ഞെടുപ്പ് അട്ടിമറിയെന്നു പറയുന്നവരല്ല. എല്‍ഡിഎഫിന്റെയും സിപിഐ എമ്മിന്റെയും അടിത്തറ കുറെക്കൂടി ബലപ്പെടുത്താന്‍ കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കുറച്ചുകൂടി പിന്നിലായിരുന്നു. ഇത്തവണ അവിടെനിന്ന് മുന്നോട്ടുവന്നു. ലോക്സഭാതെരഞ്ഞെടുപ്പിനേക്കാള്‍ 10,64,000 വോട്ട്് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചു. ഇപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വോട്ടുവ്യത്യാസം 6.87 ലക്ഷമാണ്. ഇത് മറികടക്കാന്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ കഴിയുമെന്ന ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് ഇതെന്നും പിണറായി എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

    ReplyDelete