Monday, November 1, 2010

അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം- 2

ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം

ബിജെപി-യുഡിഎഫ് സഖ്യം ഏറ്റവും പ്രകടമായി പുറം ലോകം കണ്ടത് 'വടകര-ബേപ്പുര്‍' സഖ്യത്തിലൂടെയായിരുന്നു. പാളിപ്പോയ പരീക്ഷണമെന്ന് കെ ജി മാരാര്‍ വിശേഷിപ്പിച്ച ഈ സഖ്യം രണ്ടുപതിറ്റാണ്ടിനിപ്പുറവും കേരളത്തില്‍ സജീവം. എസ്ഡിപിഐയും ബിജെപിയുമൊക്കെ വര്‍ഗീയപാര്‍ടികളാണെന്നും ഇവരുമായി കൂട്ടുകെട്ടിനില്ലെന്നും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും ഇപ്പോഴും വാചാടോപം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ പണ്ടേതന്നെ വര്‍ഗീയകക്ഷിയായാണ് കണക്കാക്കുന്നതെന്ന് തങ്കച്ചനും മറ്റും ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കുമ്പോഴും ബിജെപിയുടെ സഹായം സ്വീകരിച്ചും അവരെ സഹായിച്ചും നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കഥകള്‍ സംസ്ഥാനത്തെ പല ജില്ലകളിലും പ്രകടമാണ്. ബിജെപിയുടെ സാന്നിധ്യം അല്‍പ്പമെങ്കിലും പ്രകടമാകുന്ന പാലക്കാട്ടാണ് ഈ അവിശുദ്ധബാന്ധവത്തില്‍ കെട്ടിപ്പൊക്കിയ വിജയത്തിന്റെ അപകടകരമായ കഥകള്‍ ചുരുളഴിയുന്നത്.

കുപ്രസിദ്ധമായ 'വടകര-ബേപ്പൂര്‍ സഖ്യ'ത്തിന്റെ പുതിയ പതിപ്പാണ് പാലക്കാട്ട് അരങ്ങേറിയത്. കോണ്‍ഗ്രസ്-ബിജെപി-ലീഗ് സഖ്യത്തിന് ശക്തി പകരാന്‍ സിപിഐ എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലരും ഒപ്പം ചേര്‍ന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ഏതുവിധേനെയും പരാജയപ്പെടുത്താന്‍ ഈ അപകടക്കൂട്ട് പ്രധാനമായും തെരഞ്ഞെടുത്തത് എലപ്പുള്ളി, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളാണ്. ഇതിനൊരു കാരണമുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി അത്ഭുതകരമായ വികസനമുന്നേറ്റം സാക്ഷാത്കരിച്ച പഞ്ചായത്തുകളാണ് ഇവ രണ്ടും. ദൂരദര്‍ശന്‍ അടുത്തയിടെ സംപ്രേഷണം ചെയ്ത 'ഗ്രീന്‍ കേരള എകസ്പ്രസ്' റിയാലിറ്റി ഷോയില്‍ ഒന്നും നാലും സ്ഥാനങ്ങള്‍ നേടിയ പഞ്ചായത്തുകളാണിവ. എല്‍ഡിഎഫ് ഭരണസാരഥ്യത്തിലാണ് അഭിമാനകരമായ വികസനനേട്ടം കൈവരിച്ചത്. ഇത് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകരുതെന്ന് അവിശുദ്ധ രാഷ്ട്രീയസഖ്യം തീരുമാനിച്ചതിന്റെ ഉല്‍പ്പന്നമായിരുന്നു രാഷ്ട്രീയധാര്‍മികതയുടെ എല്ലാ സീമകളെയും തകര്‍ത്തെറിഞ്ഞ 'പൌരമുന്നണി'.

കണ്ണാടി പഞ്ചായത്തിലെ 15 വാര്‍ഡുകളില്‍ ഒന്നില്‍ മാത്രമാണ് കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മല്‍സരിച്ചത്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയോ ബിജെപിയുടെ താമരയോ ലീഗിന്റെ കോണിയോ ഉണ്ടായിരുന്നില്ല. എല്ലാവരും പൌരമുന്നണിയുടെ പേരില്‍ സ്വതന്ത്രരുടെ ചിഹ്നങ്ങളില്‍ മത്സരിച്ചു. ബിജെപി മത്സരിച്ച മൂന്ന് സീറ്റിലും താമരചിഹ്നം കാണാനുണ്ടായിരുന്നില്ല. പൌരമുന്നണിയുടെ ബാനറില്‍ മത്സരിച്ച ബിജെപി ഒരു സീറ്റില്‍ കടന്നുകൂടി. ഫലം വന്നപ്പോള്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അവിശുദ്ധ സഖ്യം ഭരണത്തിലെത്തി. എലപ്പുള്ളിയില്‍ മത്സരിച്ച സമാനസഖ്യത്തിന് 11 സീറ്റ് നേടി എല്‍ഡിഎഫിനൊപ്പമെത്താനേ കഴിഞ്ഞുള്ളൂ. പുതുശേരി, പുതൂര്‍(അട്ടപ്പാടി), നല്ലേപ്പള്ളി, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ എന്നീ പാലക്കാടന്‍ പഞ്ചായത്തുകളിലും സമാനമായ കൂട്ടുകെട്ട് വിജയം കണ്ടു.

കോട്ടയം നഗരസഭയില്‍ പ്രത്യക്ഷത്തില്‍ സഖ്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ മൂന്ന് ബിജെപി സ്ഥാനാര്‍ത്ഥികളും ഒരു ബിജെപി സ്വതന്ത്രനും ജയിച്ച സീറ്റുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് യുഡിഎഫ്-ബിജെപി രഹസ്യധാരണയെ തുടര്‍ന്നായിരുന്നുവെന്നത് ഇന്ന് നാട്ടില്‍ പാട്ടാണ്.

എറണാകുളം ജില്ലയില്‍ ബിജെപി ചെയ്ത സഹായത്തിന് പ്രത്യുപകാരമായി കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സെന്‍ട്രല്‍, മൂവാറ്റുപുഴ നഗരസഭയിലെ ഏഴാം വാര്‍ഡ്, പുത്തന്‍കുരിശ് പഞ്ചായത്തിലെ വടയന്‍പാത്തന്‍മല വാര്‍ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു. പെരുമ്പാവൂര്‍ നഗരസഭയിലെ 20-ാം ഡിവിഷനില്‍ ബിജെപി പ്രവര്‍ത്തകനായ രഘുവിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി. മൂവാറ്റുപുഴ നഗരസഭയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച ഏഴാം വാര്‍ഡില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് അഞ്ച് വോട്ടുമാത്രം. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച നേതാവ് ഷാജി ജോര്‍ജ് വിജയിച്ച പുത്തന്‍കുരിശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാമതായി. എറണാകുളം സൌത്തില്‍ കഴിഞ്ഞ തവണ 300ലേറെ വോട്ട് നേടിയ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെയാണ് കോണ്‍ഗ്രസിനെ സഹായിച്ചത്.

മറ്റ് ജില്ലകളിലും ബിജെപിയുമായുള്ള കോണ്‍ഗ്രസ് ബാന്ധവത്തിന് ഒത്തിരി കഥകള്‍ പറയാനുണ്ട്. 

തുടരും...

2 comments:

  1. ബിജെപി-യുഡിഎഫ് സഖ്യം ഏറ്റവും പ്രകടമായി പുറം ലോകം കണ്ടത് 'വടകര-ബേപ്പുര്‍' സഖ്യത്തിലൂടെയായിരുന്നു. പാളിപ്പോയ പരീക്ഷണമെന്ന് കെ ജി മാരാര്‍ വിശേഷിപ്പിച്ച ഈ സഖ്യം രണ്ടുപതിറ്റാണ്ടിനിപ്പുറവും കേരളത്തില്‍ സജീവം. എസ്ഡിപിഐയും ബിജെപിയുമൊക്കെ വര്‍ഗീയപാര്‍ടികളാണെന്നും ഇവരുമായി കൂട്ടുകെട്ടിനില്ലെന്നും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും ഇപ്പോഴും വാചാടോപം നടത്തിക്കൊണ്ടിരിക്കുകയാണ്. ബിജെപിയെ പണ്ടേതന്നെ വര്‍ഗീയകക്ഷിയായാണ് കണക്കാക്കുന്നതെന്ന് തങ്കച്ചനും മറ്റും ആവര്‍ത്തിച്ച് കൊട്ടിഘോഷിക്കുമ്പോഴും ബിജെപിയുടെ സഹായം സ്വീകരിച്ചും അവരെ സഹായിച്ചും നേടിയ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കഥകള്‍ സംസ്ഥാനത്തെ പല ജില്ലകളിലും പ്രകടമാണ്. ബിജെപിയുടെ സാന്നിധ്യം അല്‍പ്പമെങ്കിലും പ്രകടമാകുന്ന പാലക്കാട്ടാണ് ഈ അവിശുദ്ധബാന്ധവത്തില്‍ കെട്ടിപ്പൊക്കിയ വിജയത്തിന്റെ അപകടകരമായ കഥകള്‍ ചുരുളഴിയുന്നത്.

    ReplyDelete
  2. സി പി എം വിമത - യുഡി എഫ് - ബി ജെ പി കൂട്ടുകെട്ടിനെ മറച്ചുവെക്കാന്‍ ‘മനോരമ’യുടെ പാലക്കാടന്‍ അഭ്യാസം...!

    ഒറ്റപ്പാലത്ത് യു ഡി എഫിനെ പിന്തുണയ്ക്കാന്‍ വിമതര്‍ തീരുമാനിച്ചതോടെ യു ഡി എഫ് ഭരണത്തിലെത്തുമെന്നാണ് ‘മനോരമ’യുടെ കണക്കപ്പിള്ളമാര്‍ പറയുന്നത്. 36 അംഗ സഭയില്‍ യു ഡി എഫിനുള്ളത് 11 സീറ്റ്. വിമതര്‍ക്ക് 6. രണ്ടു കൂട്ടരും ചേര്‍ന്നാലും കേവലഭൂരിപക്ഷത്തിന് 2 സീറ്റിന്റെ കുറവുണ്ട്. 4 സീറ്റുള്ള ബി ജെ പി കൂടി സഹായിച്ചാലേ ഭൂരിപക്ഷം ആകൂ എന്ന കാര്യം ‘വിഴുങ്ങി’യാണ് ഭരണം യു ഡി എഫിന് ലഭിക്കും എന്ന് ‘മനോരമ’ പ്രഖ്യാപിക്കുന്നത്!

    ReplyDelete