Thursday, November 4, 2010

ഇന്ത്യയുടെ ആവശ്യങ്ങള്‍ അവഗണിച്ച് ഒബാമ

വാഷിംഗ്ടണ്‍: യു എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളില്ലാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിലെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സുരക്ഷാ സമിതിയിലെ അംഗത്വവും പുറംജോലി കരാറിലെ നിലപാടുകളിലെ മാറ്റവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ ഒബാമ പ്രതികരിച്ചത്.

ഇന്ത്യയുടെ പ്രാധാന്യം മനസിലാക്കിയതുകൊണ്ട് ഏഷ്യന്‍ പര്യടനത്തിലെ ആദ്യ രാജ്യമായി ഇന്ത്യയെ തിരഞ്ഞെടുത്തതെന്നാണ് ഒബാമ പറഞ്ഞത്. ഇന്ത്യയുടെ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ പ്രശ്‌നം ബുദ്ധിമുട്ടേറിയ ഒന്നാണെന്നാണ് ഒബാമയുടെ നിലപാട്. വളരെ ദുഷ്‌കരവും സങ്കീര്‍ണവുമായ ഒന്ന് എന്നാണ് ഇന്ത്യയുടെ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വ ആവശ്യത്തെ ഒബാമ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നത് ദുഷ്‌കരമാണെന്നാണ് ഒബാമ വ്യക്തമാക്കിയത്. ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകള്‍ അസ്ഥാനത്താകുമെന്നതിന്റെ സൂചനകളാണ് ഒബാമ നല്‍കുന്നത്. ഇന്ത്യന്‍ കമ്പനികള്‍ക്ക് പുറംജോലി കരാറുകള്‍ കൂടുതലായി നല്‍കുന്നതിന് എതിരായുള്ള ഒബാമയുടെ നിലപാടിലും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തിയാല്‍ അത് രാജ്യ താലപര്യത്തെ ഹനിക്കുമെന്നാണ് ഒബാമ സൂചിപ്പിച്ചത്.

മുംബൈ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫലപ്രദമായ സഹകരണം നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായില്ല എന്ന ഇന്ത്യയുടെ നിലപാടുകള്‍ക്കും അനുകൂലമായ രീതിയിലല്ല ഒബാമ സംസാരിച്ചത്.  ആണവ ബാധ്യതാ കരാറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ഏര്‍പ്പെടുത്തിയ ചില നിബന്ധനകള്‍ക്കെതിരെ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന സമ്മര്‍ദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും ശ്രമമുണ്ടാകുമെന്ന സൂചനയും ഒബാമ നല്‍കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തോട് തികഞ്ഞ ബഹുമാനമുണ്ട്്. പക്ഷേ, അന്താരാഷ്ട്ര - ദേശീയ തലത്തിലുള്ള ആണവ ദാതാക്കളുടെ താല്‍പര്യം സംരക്ഷിച്ചാലേ ഇന്ത്യയുടെ ആണവോര്‍ജ സ്വപ്‌നങ്ങള്‍ സഫലമാകൂ എന്നാണ് ഒബാമ പറഞ്ഞത്.

janayugom 041110

1 comment:

  1. യു എന്‍ രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യങ്ങള്‍ക്ക് അനുകൂലമായ നിലപാടുകളില്ലാതെയാണ് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യയില്‍ എത്തുന്നത്. ഇന്ത്യയിലെ ത്രിദിന സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് സുരക്ഷാ സമിതിയിലെ അംഗത്വവും പുറംജോലി കരാറിലെ നിലപാടുകളിലെ മാറ്റവും ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാതെ ഒബാമ പ്രതികരിച്ചത്.

    ReplyDelete