Friday, November 5, 2010

'കൈ'യയച്ച സഹായത്തില്‍ താമര വിരിഞ്ഞു

 വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം -5 , കെ വി സുധാകരന്‍

ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം  

രണ്ടാം ഭാഗം അവിശുദ്ധ സഖ്യം അരക്കിട്ടുറപ്പിച്ച് പാലക്കാട്

മൂന്നാം ഭാഗം ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

നാലാം ഭാഗം വോട്ടുമറിക്കലിന്റെ വണ്ടന്‍‌മേട് മാതൃക 

ഒരുവശത്ത് ബിജെപിയുടെ വര്‍ഗീയതയെയും മറുവശത്ത് എസ്‌ഡി‌പി‌ഐയുടെ തീവ്രവാദത്തെയും മാറിമാറി പുല്‍കിയിട്ടും മലബാറില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായില്ല. എല്‍ഡിഎഫ് കോട്ടകള്‍ കുലുക്കാനായില്ല. ഘടകകക്ഷിയെപ്പോലെ പ്രവര്‍ത്തിച്ച ബിജെപി സ്വന്തം സീറ്റ് നഷ്‌ടപ്പെടുത്തിയും യുഡിഎഫിനെ സഹായിച്ചു. തലശേരി നഗരസഭയിലുണ്ടായിരുന്ന മൂന്നു സീറ്റ് രണ്ടായി, രണ്ടു സീറ്റുണ്ടായിരുന്ന തളിപ്പറമ്പ് നഗരസഭയില്‍ ഒന്നുമില്ലാതായി. കൂത്തുപറമ്പ് നഗരസഭയിലെ ഏകസീറ്റും നഷ്‌ടപ്പെട്ടു. ചിറക്കല്‍, ധര്‍മടം പഞ്ചായത്തുകളിലെ പ്രാതിനിധ്യവും ഇല്ലാതായി.

2005ല്‍ തലശേരി, തളിപ്പറമ്പ് നഗരസഭകളില്‍ സ്വന്തം സ്ഥാനാര്‍ഥികളെ മരവിപ്പിച്ചും യുഡിഎഫ് ബിജെപിയെ സഹായിച്ചിരുന്നു. കുന്നോത്തുപറമ്പിലും വളപട്ടണത്തും ബിജെപിക്ക് പുതുതായി സീറ്റ് ലഭിച്ചു, ആകെ 12. പാനൂരിലും തൃപ്പങ്ങോട്ടൂരിലും 2, കുന്നത്തൂര്‍, കൊളച്ചേരി, പാട്യം, ചിറക്കല്‍, ധര്‍മടം എന്നിവിടങ്ങളില്‍ ഓരോന്ന്, കീഴൂര്‍-ചാവശേരിയില്‍ മൂന്ന്. ഇക്കുറി തൃപ്പങ്ങോട്ട് 4, പാനൂരില്‍ 2, കീഴൂര്‍-ചാവശേരി 2, കുന്നോത്തുപറമ്പ്, വളപട്ടണം എന്നിവിടങ്ങളില്‍ ഓരോന്ന്. ഇതെല്ലാം യുഡിഎഫിന്റെ പ്രത്യുപകാരമാണ്.

യുഡിഎഫ് കോട്ടയായ വളപട്ടണത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപിയെ ജയിപ്പിച്ചു. വന്‍ഭൂരിപക്ഷത്തിനു സഹായിച്ചതാകട്ടെ ആര്‍എസ്എസ് വിരോധം പ്രസംഗിക്കുന്ന മുസ്ളിം ലീഗും. കീഴൂര്‍-ചാവശേരിയില്‍ ബിജെപിയെ ജയിപ്പിക്കാന്‍ യുഡിഎഫ് ഡിസിസി സെക്രട്ടറിയെത്തന്നെ ബലിനല്‍കി. പാറങ്ങോട് വാര്‍ഡില്‍ ഡിസിസി സെക്രട്ടറി പി വി നാരായണന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വളേരി വാര്‍ഡില്‍ ബ്ളോക്ക് കോൺഗ്രസ് സെക്രട്ടറിയും മൂന്നാം സ്ഥാനത്തായി. ഈ പഞ്ചായത്തില്‍ മൂന്നു സീറ്റ് ബിജെപി നേടി.

കണ്ണൂര്‍ നഗരസഭ നിലനിര്‍ത്താന്‍ എസ്‌ഡി‌പി‌ഐ വോട്ടുവാങ്ങിയ യുഡിഎഫ് പ്രത്യുപകാരമായി കസാനക്കോട്ട സൌത്ത് വാര്‍ഡില്‍ അവരെ ജയിപ്പിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ യുഡിഎഫിന് 459 വോട്ടുണ്ടായിരുന്നു. ഫലം വന്നപ്പോള്‍ യുഡിഎഫിലെ ഐഎന്‍എല്ലിന്-290, എസ്‌ഡി‌പി‌ഐ-325. (ഇവര്‍ക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കിട്ടിയത്-110).

കോ-ലീ-ബി സഖ്യത്തിന്റെ ബലത്തിലാണ് കൊയിലാണ്ടി നഗരസഭയില്‍ ബിജെപിക്ക് മൂന്നു സീറ്റ് കിട്ടിയത്. കോൺഗ്രസ് ശക്തികേന്ദ്രമായ ചെറിയമങ്ങാട് (വാര്‍ഡ്-35) യുഡിഎഫ് 98 വോട്ടുമാത്രം നേടി ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചു. സിപിഐ എം സ്ഥാനാര്‍ഥി 423 വോട്ടുനേടി രണ്ടാമതെത്തി. വിരുന്നുകണ്ടിയില്‍ (36) ലീഗാണ് സഹായിച്ചത്. നഗരസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന തങ്ങളുടെ എം അഷ്റഫിനെ മൂന്നാം സ്ഥാനത്താക്കി. ലീഗ്-333, ബിജെപി-688, സിപിഐ എം സ്ഥാനാര്‍ഥി-583. പകരമോ കൊയിലാണ്ടി സൌത്തില്‍ ബിജെപിവോട്ട് ലീഗ് സ്ഥാനാര്‍ഥിക്ക് ലഭിച്ചു.
സിവില്‍സ്റ്റേഷനിലും ലീഗ് ബിജെപിക്ക് വോട്ടുമറിച്ചു നല്‍കി വിജയിപ്പിച്ചപ്പോള്‍ സ്വന്തം ശക്തികേന്ദ്രത്തില്‍ ലീഗ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ കോ-ലീ-ബി സഖ്യത്തിന്റെ തണലില്‍ ബിജെപി രണ്ടു സീറ്റ് സ്വന്തമാക്കി. രണ്ടാം വാര്‍ഡായ ആന്തറ്റയില്‍ സോഷ്യലിസ്റ്റ് ജനത സ്ഥാനാര്‍ഥി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ യുഡിഎഫിന് പഞ്ചായത്തിലുണ്ടായിരുന്ന ഏക സീറ്റാണ് ബിജെപിക്ക് മറിച്ചത്. ഇതിനു പകരമായി ഒന്നാംവാര്‍ഡായ അരങ്ങാടത്ത് സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബിജെപി യുഡിഎഫിനെ സഹായിച്ചു. ബിജെപി വോട്ടുകള്‍ പൂര്‍ണമായും യുഡിഎഫ് സ്വന്തമാക്കി. എളാട്ടേരി നോര്‍ത്തില്‍ കോൺഗ്രസ് ബിജെപിയെ സഹായിച്ചപ്പോള്‍ എളാട്ടേരി സൌത്തില്‍ ബിജെപി തിരിച്ചുസഹായിച്ചു. കൊയിലാണ്ടി മേഖലയില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടെ വെറും 62 വോട്ടാണ് ബിജെപിക്കുള്ളത്. പുതുപ്പാടി പഞ്ചായത്തിലെ ഒമ്പതാംവാര്‍ഡായ കൈപ്പൊയിലില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് യുഡിഎഫിനെ സഹായിച്ചത്. വല്യാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അപരനെ നിര്‍ത്തി ബിജെപി യുഡിഎഫിനെ സഹായിച്ചു. ഇവിടെ ബിജെപിക്ക് സ്ഥാനാര്‍ഥിയുണ്ടായിട്ടും ബിജെപി പഞ്ചായത്തുനേതാവുതന്നെ അപരന്റെ വേഷത്തില്‍ സ്വതന്ത്രനായി. (അവസാനിക്കുന്നില്ല)

1 comment: