കുട്ടികള്‍ക്കായി വിദ്യാഭ്യാസനിക്ഷേപ പദ്ധതി തുടങ്ങും: ഐസക്ക്
എസ്എല്‍ പുരം: സംസ്ഥാനത്ത് കുട്ടികളുടെ പേരില്‍ വിദ്യാഭ്യാസ നിക്ഷേപപദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. വരുന്ന ബജറ്റില്‍ ഇതുള്‍പ്പെടെ സാധാരണ ജനങ്ങള്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മാരാരിക്കുളത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികളുടെ പേരില്‍ നിശ്ചിത തുക ട്രഷറിയില്‍ നിക്ഷേപിക്കും. സര്‍ക്കാരിന്റെ വിഹിതംകൂടാതെ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇതിലേക്ക് പണം നിക്ഷേപിക്കാം. കുട്ടികള്‍ 12-ാം തരത്തില്‍ പഠിച്ചതിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനു പോകുമ്പോള്‍ നിശ്ചിത തുക അവര്‍ക്കു നല്‍കുന്ന പദ്ധതിയാണിത്. തൊഴിലാളികള്‍ക്ക് പ്രസവകാലാനുകൂല്യം നല്‍കുന്ന പദ്ധതിയും നടപ്പാക്കും. ഇതിന് 2010 നവംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും.
ചുരുക്കത്തില്‍ ജനനം മുതല്‍ മരണംവരെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഉണ്ടാകുന്ന പ്രയാസങ്ങളില്‍ സാധാരണജനങ്ങളെ സഹായിക്കുകയെന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാരാരിക്കുളം നിയോജകമണ്ഡലത്തിലെ അമ്പലപ്പുഴ താലൂക്കില്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ 74 പേര്‍ക്ക് 3,80,500 രൂപ ചടങ്ങില്‍ വിതരണം ചെയ്തു. കലവൂര്‍ വൈഎംഎ ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പി പി സംഗീത അധ്യക്ഷയായി. ആര്യാട് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി ചെമ്പകക്കുട്ടി, പഞ്ചായത്തംഗങ്ങളായ മിനിമോള്‍, പി എ ജുമൈലത്ത് എന്നിവര്‍ സംസാരിച്ചു. തഹസില്‍ദാര്‍ ടി ആര്‍ ആസാദ് സ്വാഗതവും വില്ലേജ് ഓഫീസര്‍ ടി സക്കറിയ നന്ദിയും പറഞ്ഞു.
നിരാശ്രയ കുടുംബങ്ങള്‍ക്ക് ആശ്വാസമേകി സഹകരണ റിസ്ക്ഫണ്ട് കടാശ്വാസപദ്ധതി
കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കേരള സഹകരണ റിസ്ക്ഫണ്ട്പദ്ധതി ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നു. സഹകരണസംഘങ്ങളില്‍ നിന്നും വായ്പയെടുത്തവരില്‍ മരിച്ചുപോകുന്നവരുടെ ഒരുലക്ഷം രൂപ വരെയുള്ള വായ്പാസംഖ്യയും പലിശയും ഒഴിവാക്കുന്ന പദ്ധതിയാണിത്. കേരള സഹകരണ വികസന ക്ഷേമനിധിബോര്‍ഡ് വഴി നടപ്പാക്കുന്ന പദ്ധതിയുടെ തുടക്കമെന്ന നിലയില്‍ അര്‍ഹരായ 108 വായ്പക്കാരുടെ കുടുംബത്തേയും ജാമ്യക്കാരെയും ആദ്യഘട്ടത്തില്‍ കടബാദ്ധ്യതയില്‍നിന്ന് ഒഴിവാക്കും.
കോട്ടയം ജില്ല സഹകരണബാങ്ക് ഹാളില്‍ റിസ്ക്ഫണ്ട് വിതരണോദ്ഘാടന പദ്ധതിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10ന് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും. ചടങ്ങില്‍ വി എന്‍ വാസവന്‍ എംഎല്‍എ അധ്യക്ഷനാകും. സംസ്ഥാനസഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍, സംസ്ഥാന സഹകരണയൂണിയന്‍ ചെയര്‍മാന്‍ ഇ നാരായണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാധാ വി നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. സഹകരണ ക്രെഡിറ്റ് മേഖലയിലെ മുഴുവന്‍ വായ്പക്കാരുടെയും ആശ്വാസത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ചതാണ് ഈ പദ്ധതി. വായ്പകളുടെ ആവശ്യകത പരിഗണിക്കാതെ എല്ലാത്തരം വായ്പകള്‍ക്കും പദ്ധതിപ്രകാരമുള്ള ആനുകൂല്യം ലഭിക്കും. വായ്പക്കാരന്റെ മരണം ഏതുതരത്തിലുള്ളതായാലും ഉറപ്പായ ആനുകൂല്യം ലഭിക്കും. ഒന്നിലധികംപേര്‍ ചേര്‍ന്നെടുക്കുന്ന വായ്പകള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. വായ്പാക്കാലാവധി മുഴുവനും പദ്ധതിയുടെ പ്രയോജനംലഭിക്കും. വായ്പ നല്‍കിയ സംഘത്തിന് ആനുകൂല്യം ലഭിക്കുന്നതിന് ലളിതവും വേഗതയാര്‍ന്നതുമായ നടപടിക്രമങ്ങളാണ് നടപ്പാക്കുന്നത്. ഇതുമൂലം അനന്തരാവകാശികള്‍ക്കും ജാമ്യക്കാര്‍ക്കും വായ്പക്കാരന്റെ മരണംമൂലം ഉണ്ടാകുന്ന ബാദ്ധ്യതയില്‍ നിന്നും മോചനമാകും. സഹകരണസംഘങ്ങളുടെ കുടിശിക നിലവാരം കുറയ്ക്കാന്‍ ഉതകുന്നതും സംഘങ്ങള്‍ക്ക് സാമ്പത്തിക ബാദ്ധ്യത വരുത്താത്തതുമായ നൂതനപദ്ധതി ശ്രദ്ധേയമാവുകയാണ്.
ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ നിയമനം ഈ മാസം പൂര്‍ത്തിയാക്കും: മന്ത്രി പി കെ ശ്രീമതി
മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിവുള്ള ഡോക്ടര്‍മാരുടെ തസ്തികകളില്‍ ഈ മാസം 31നകം നിയമനം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി കെ ശ്രീമതി പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ പുതിയമന്ദിരം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമങ്ങളിലുള്‍പ്പെടെയുള്ള ആശുപത്രികളില്‍ സ്പെഷ്യാലിറ്റി കേഡര്‍ രീതിയില്‍ ഡോക്ടര്‍മാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിട്ടുണ്ട്. ആര്‍എസ്ബിവൈ കാര്‍ഡുള്ള കുടുംബാംഗങ്ങള്‍ക്ക് മാരകരോഗം വന്നാല്‍ വിദഗ്ധചികിത്സ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങി. ഇത്തരത്തിലുള്ള മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി ഇന്ത്യയിലാദ്യം ചികിത്സാസൌകര്യം ഒരുക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 2006ല്‍ രൂപീകരിച്ച സംസ്ഥാന ഹെല്‍ത്ത് മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ശോച്യാവസ്ഥ പരിഹരിച്ച് മികച്ച സേവനമൊരുക്കാനായത്.
ആശുപത്രികള്‍ക്ക് 600 പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് ഉദ്ഘാടനംചെയ്തു. എറണാകുളം ജില്ലയില്‍ ഏതാനും ആശുപത്രികളൊഴികെയുള്ളവയ്ക്ക് പുതിയ കെട്ടിടങ്ങളായി. ആരോഗ്യരംഗത്തെ വികസനങ്ങളും സേവനങ്ങളും കാലതാമസംകൂടാതെ എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രം ചികിത്സ പൂര്‍ണമാകുന്നില്ല. 60 ശതമാനത്തോളംപേര്‍ സ്വകാര്യആശുപത്രികളില്‍ ചികിത്സ തേടുന്നു. വിദ്യാഭ്യാസരംഗത്തെന്നപോലെ ആരോഗ്യരംഗത്തും ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സേവനങ്ങള്‍ സ്മരിക്കേണ്ടതാണ്. എന്‍ആര്‍എച്ച്എം പദ്ധതിയിലുള്‍പ്പെടുത്തി മൂന്നുകോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. തുടര്‍ന്നുള്ള നവീകരണ-നിര്‍മാണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ പരിഗണനയിലാണെന്ന് ശ്രീമതി പറഞ്ഞു.
ആനപ്പാന്തം ആദിവാസികള്‍ക്ക് വീടിന് ഒന്നരലക്ഷം: എ കെ ബാലന്‍
സ്വന്തം ലേഖകന്‍ കൊടകര(തൃശൂര്‍): ആനപ്പാന്തം ആദിവാസി കോളനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുവയ്ക്കാന്‍ ഒന്നരലക്ഷം രൂപ വീതം അനുവദിക്കുമെന്ന് പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കോളനിയില്‍ വൈദ്യുതിയും എത്തിക്കും. ആദ്യഘട്ടത്തില്‍ സൌരോര്‍ജംവഴിയാണ് വെളിച്ചമെത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ഉരുള്‍പ്പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ആനപാന്തത്തെ 68 ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യുന്ന ചടങ്ങ് കോടാലിയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ആദിവാസികള്‍ക്ക് ഭൂമി വിതരണംചെയ്യാന്‍ 14 പട്ടയമേളകള്‍ സംഘടിപ്പിച്ചു. 17500 പേര്‍ക്ക് ഇതിനകം ഭൂമി നല്‍കി. പതിനായിരത്തോളം പേര്‍ക്കുകൂടി ഭൂമി നല്‍കാന്‍ നടപടി സ്വീകരിച്ചുവരികയാണ്. മറ്റുവിഭാഗക്കാര്‍ക്കായി 60 പട്ടയമേളയും സംഘടിപ്പിച്ചു. മൊത്തം 1,70,000 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. റവന്യൂ, വനം, പട്ടികവര്‍ഗ വകുപ്പുകള്‍ സംയുക്തമായി നടത്തിയ തീവ്രശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങള്‍ തടസ്സം സൃഷ്ടിക്കുമ്പോഴും അതിനെ അതിജീവിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനു കഴിഞ്ഞു. ആദിവാസികളുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ബൃഹത്പദ്ധതി നടപ്പാക്കുന്നുണ്ട്. ആശുപത്രികളിലെ ചികിത്സ സൌജന്യമാണ്. വീട്ടില്‍ കിടന്നു ചികിത്സിക്കുന്ന 1,10,000 പേര്‍ക്ക് 26 കോടിരൂപ നല്‍കി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ നടപടി.
ആദിവാസികളുടെ തൊഴില്‍ സംരക്ഷിക്കുന്നതിനും വിവിധ പദ്ധതികള്‍ നടപ്പാക്കി. ആറളം ഫാമില്‍ കോര്‍പറേഷന്‍ രൂപീകരിച്ച് 2300 പേര്‍ക്ക് തൊഴില്‍ നല്‍കി. മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റിലുംപുതിയ തൊഴിലവസരങ്ങളുണ്ടാക്കി. വിദ്യാഭ്യാസ മേഖലകളിലും സമഗ്രമായ പദ്ധതി നടപ്പാക്കി. ആദിവാസികളുടെ എംബിബിഎസ് പഠനത്തിന് പ്രത്യേക സൌകര്യമൊരുക്കി. എന്നാല്‍ കോടതി തടഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ ചട്ടങ്ങള്‍ ഭേദഗതി വരുത്തിയാലേ ആദിവാസികള്‍ക്ക് പ്രത്യക ഇളവ് അനുവദിക്കാന്‍ കഴിയൂ. കേന്ദ്രമന്ത്രിമാരോടും കേരളത്തിലെ പ്രതിപക്ഷ നേതാവിനോടും ഇക്കാര്യം പറഞ്ഞിട്ടും നടപടിയായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സി രവീന്ദ്രനാഥ് എംഎല്‍എ അധ്യക്ഷനായി.
നിര്‍മാണത്തൊഴിലാളികള്‍ക്കും 2 രൂപ നിരക്കില്‍ അരി
പാലക്കാട്: സംസ്ഥാനത്തെ എപിഎല്‍ വിഭാഗക്കാരായ നിര്‍മാണത്തൊഴിലാളികള്‍ക്കും രണ്ടു രൂപ നിരക്കില്‍ റേഷന്‍കടവഴി അരി ലഭ്യമാക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. റേഷന്‍കാര്‍ഡിന്റേയും ഐഡന്റിറ്റികാര്‍ഡിന്റെയും പകര്‍പ്പ്സഹിതം താലൂക്കടിസ്ഥാനത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 10വരെ രാവിലെ കേരള കെട്ടിടനിര്‍മാണത്തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും.
2രൂപ അരിജില്ലയില്‍ ലക്ഷം കുടുംബങ്ങള്‍
കാസര്‍കോട്: എല്‍ഡിഎഫ് സര്‍ക്കാറിന്റെ സമാശ്വാസ പദ്ധതികള്‍ പ്രകാരം ജില്ലയില്‍ രണ്ട് രൂപക്കുള്ള അരി ലഭിക്കുന്നത് ഒരുലക്ഷത്തോളം കുടുംബങ്ങള്‍ക്ക്. ബിപിഎല്‍ കാര്‍ഡുകളില്‍ 48,000 കുടുംബങ്ങള്‍ക്കും വിവിധ ക്ഷേമനിധികളിലുള്‍പെടുന്ന അസംഘടിത മേഖലയിലെ 22,760 തൊഴിലാളികുടുംബങ്ങള്‍ക്കും അന്ത്യോദയ അന്നയോജന പദ്ധതിപ്രകാരം 21,000 കുടുംബങ്ങള്‍ക്കുമാണ് രണ്ട് രൂപയുടെ അരി നല്‍കുന്നത്. ഇതിനു പുറമെ 3000 കുടുംബങ്ങള്‍ക്ക് പത്തു കി. ഗ്രാം അരി സൌജന്യമായും നല്‍കുന്നുണ്ട്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് മാസത്തില്‍ രണ്ട് രൂപ നിരക്കില്‍ 24 കി. ഗ്രാം അരിയും ആറ് കി. ഗ്രാം ഗോതമ്പും റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നുണ്ട്. പഞ്ചസാര ആളൊന്നിന് 400 ഗ്രാം വീതം കിലോക്ക് 13.50 രൂപക്കാണ് നല്‍കുന്നത്.
തൊഴിലാളികള്‍ക്കുള്ള പദ്ധതിയില്‍ രണ്ട് രൂപക്ക് മാസത്തില്‍ 12 കി. ഗ്രാം അരിയും മൂന്ന് കി. ഗ്രാം ഗോതമ്പും നല്‍കുന്നു. അന്ത്യയോജന അന്നയോജന പദ്ധതി പ്രകാരം മാസത്തില്‍ 35 കി. ഗ്രാം അരിയും പഞ്ചസാര ആളൊന്നിന് 400 ഗ്രാം വീതം കിലോക്ക് 13.50 രൂപക്ക് വിതരണം ചെയുന്നുണ്ട്. ജില്ലയിലാകെ 1,30,000 എപിഎല്‍ കുടുംബങ്ങളാണുള്ളത്. എപിഎല്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് മാസത്തില്‍ 8.90 രൂപ നിരക്കില്‍ 12 കി. ഗ്രാം അരിയും 6.70 രൂപക്ക് മൂന്ന് കി. ഗ്രാം ഗോതമ്പും റേഷന്‍ കടകള്‍ വഴി വിതരണം ചെയുന്നു. ഇതിനെല്ലാം പുറമെ എല്ലാവിധ റേഷന്‍ കാര്‍ഡുടമകള്‍ക്കും മാസത്തില്‍ 12.70 രൂപാ നിരക്കില്‍ 10 കി. ഗ്രാം അരിയും 9.20 രൂപാ നിരക്കില്‍ ഗോതമ്പും നല്‍കുന്നുണ്ട്. എല്ലാ വിഭാഗത്തിനുള്ള അരിയും താലൂക്ക് സപ്ളൈ ഓഫീസുകള്‍ വഴി റേഷന്‍ കടയുടമകള്‍ക്ക് അലോട്ട് ചെയ്യുന്നുണ്ട്. ഭൂരിപക്ഷം കടയുടമകളും അരിയും ഗോതമ്പും പൂര്‍ണമായും ഗോഡൌണുകളില്‍നിന്ന് കൊണ്ടുപോകാറുണ്ട്. മുമ്പ് ആഴ്ചയില്‍ നല്‍കിയിരുന്ന റേഷന്‍ ഇപ്പോള്‍ മാസത്തിലാണ് നല്‍കുന്നത്. അതുകൊണ്ട് ആഴ്ചയില്‍ വാങ്ങിയില്ലെങ്കിലും മാസത്തിന്റെ അവസാന ആഴ്ചയില്‍ ഒന്നിച്ചും വാങ്ങാന്‍ കഴിയും. എന്നാല്‍ പല കടകളിലും ഒന്നിച്ച് അരികൊടുക്കുന്നില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ളൈ ഓഫീസര്‍ പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ എപിഎല്ലുകാര്‍ക്ക് 1415 ടണ്‍ അരി ജില്ലയില്‍ അലോട്ട് ചെയ്തിട്ടുണ്ട്. എപിഎല്ലുകാര്‍ക്കുള്ള സബ്സിഡി അരിക്ക് 230 ടണ്ണാണ് നല്‍കിയത്. ബിപിഎല്ലുകാര്‍ക്ക് 1125 ടണ്‍ അരിയും നല്‍കിയിട്ടുണ്ട്. അന്ത്യോദയ- അന്നയോജന വിഭാഗത്തില്‍ 725 ടണ്ണും സൌജന്യമായി നല്‍കുന്ന അന്നപൂര്‍ണ അരി 25 ടണ്ണുമാണ് വിതരണം ചെയ്തത്.
ദേശാഭിമാനി വാര്‍ത്തകള്‍
ചുരുക്കത്തില്‍ ജനനം മുതല്‍ മരണംവരെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും ഉണ്ടാകുന്ന പ്രയാസങ്ങളില്‍ സാധാരണജനങ്ങളെ സഹായിക്കുകയെന്ന ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു
ReplyDelete