Wednesday, December 8, 2010

'ന്യായമായ കൂലിവേണം' അന്യസംസ്ഥാന തൊഴിലാളികളും സംഘടിക്കുന്നു

കണ്ണൂര്‍: മാര്‍ബിളും ടൈലും പതിക്കാന്‍ ചെറിയ കൂലികൊടുത്താല്‍ മതിയെന്ന് കരുതി ഹിന്ദിക്കാരെ വിളിച്ചാല്‍ ഇനി കുടുങ്ങും. ന്യായമായ കൂലികിട്ടാതെ തൊഴിലെടുക്കേണ്ടെന്ന് അവര്‍ക്കും തോന്നിത്തുടങ്ങി. ഈ മേഖലയിലെ സംഘടനക്ക് കീഴില്‍ അണിനിരക്കാനാണ് അന്യസംസ്ഥാനതൊഴിലാളികളുടെ തീരുമാനം.

മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍ മേഖലയിലാണ് അന്യസംസ്ഥാനതൊഴിലാളികള്‍ കൂടുതല്‍. ബംഗാള്‍, രാജസ്ഥാന്‍, ഒറീസ, ഉത്തര്‍പ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ ഏറെയും. കഠിനമായ ജോലിയെടുക്കുമ്പോഴും പരാതിയേതുമില്ലാതെ കിട്ടിയ കൂലി വാങ്ങി ജീവിക്കുകയായിരുന്നു ഇവര്‍. അഞ്ചുവര്‍ഷത്തിനുള്ളിലാണ് അന്യസംസ്ഥാനതൊഴിലാളികള്‍ കൂട്ടമായി കേരളത്തിലേക്കൊഴുകിയത്. ഇത്തരം തൊഴില്‍ മേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതായിരുന്നു കാരണം. തൊഴിലാളികളെ കൊണ്ടുവരുന്ന ബ്രോക്കര്‍മാരുടെ ചൂഷണം വന്‍തോതിലാണ്. 1500 രൂപമുതല്‍ 4000രൂപ വരെ മാസശമ്പളം വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ബ്രോക്കര്‍മാരാണ് സ്ഥാപനങ്ങള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും നല്‍കുന്നത്. എന്നാല്‍ സ്ഥാപനങ്ങളില്‍നിന്നോ കോണ്‍ട്രാക്ടര്‍മാരില്‍നിന്നോ വാങ്ങുന്ന തുകയല്ല നല്‍കുക. തൊഴിലാളികളുടെ വീട്ടുകാര്‍ക്ക് ഇരുപതിനായിരം മുതല്‍ അമ്പതിനായിരം വരെ നല്‍കി കൊണ്ടുവരുന്ന രീതിയുമുണ്ട്. തുക ആദ്യമേ കൈപ്പറ്റിയതിനാല്‍ ഇവര്‍ക്ക് തിരിച്ചുപോകാനും കഴിയില്ല. മെച്ചപ്പെട്ട താമസസൌകര്യമോ ഭക്ഷണമോ ആഗ്രഹിക്കാത്തതിനാല്‍ ആര്‍ക്കും ശല്യവുമില്ല. മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സും പതിക്കുന്നതിന് സ്ക്വയര്‍ ഫീറ്റിനാണ് കേരളത്തില്‍ കൂലി നല്‍കുന്നത്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മാസശമ്പളമാണ് കോണ്‍ട്രാക്ടര്‍മാര്‍ നല്‍കുന്നത്. കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കാമെന്നതിനാല്‍ ഇവര്‍ക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ പരിഗണന നല്‍കുന്നത്. ഫലത്തില്‍ കേരളത്തിലെ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ പണിയില്ലാതാകുന്ന സ്ഥിതിയുമുണ്ട്.

കൂലി ഏകീകരണം ആവശ്യപ്പെട്ട് കേരളത്തിലെ തൊഴിലാളികള്‍ തന്നെയാണ് അന്യസംസ്ഥാന തൊഴിലാളികളെ സംഘടനയിലേക്ക് കൊണ്ടുവരുന്നത്. കുടിയേറ്റ നിയമത്തില്‍ പറഞ്ഞിട്ടുള്ള ആനുകൂല്യം വാങ്ങി നല്‍കാനും അംഗത്വകാര്‍ഡ് നല്‍കാനുമാണ് ചില സംഘടനകള്‍ മുന്‍കൈയെടുക്കുന്നത്. പൊലീസിന്റെ പരിശോധനക്ക് ശേഷമേ അംഗത്വകാര്‍ഡ് നല്‍കുകയുള്ളൂ.
(എന്‍ കെ സുജിലേഷ്)

ദേശാഭിമാനി വാര്‍ത്ത

1 comment:

  1. മാര്‍ബിളും ടൈലും പതിക്കാന്‍ ചെറിയ കൂലികൊടുത്താല്‍ മതിയെന്ന് കരുതി ഹിന്ദിക്കാരെ വിളിച്ചാല്‍ ഇനി കുടുങ്ങും. ന്യായമായ കൂലികിട്ടാതെ തൊഴിലെടുക്കേണ്ടെന്ന് അവര്‍ക്കും തോന്നിത്തുടങ്ങി. ഈ മേഖലയിലെ സംഘടനക്ക് കീഴില്‍ അണിനിരക്കാനാണ് അന്യസംസ്ഥാനതൊഴിലാളികളുടെ തീരുമാനം.

    ReplyDelete