നിയമന ഓഡിറ്റിങ്ങിനുള്ള അധികാരം പബ്ളിക് സര്‍വീസ് കമീഷന് നല്‍കുന്നതിലൂടെ മാത്രമേ ഉദ്യോഗസ്ഥതലത്തില്‍ ഒറ്റപ്പെട്ട തോതിലെങ്കിലും ഇന്നുണ്ടാകുന്ന അഴിമതിക്കുള്ള പഴുത് പൂര്‍ണമായി അടയ്ക്കാനാകൂ. ഇതാകട്ടെ, സ്റേറ്റ് പബ്ളിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളുടെ കാര്യത്തിലും ഉണ്ടാകണം. ഇതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ച നടക്കേണ്ടതുണ്ട്. ചര്‍ച്ചയിലൂടെ, നിയമനിര്‍മാണത്തിലൂടെ അത്തരമൊരു സംവിധാനം ഉരുത്തിരിഞ്ഞാല്‍ മാത്രമേ, കേന്ദ്രത്തിലെ ആയാലും കേരളത്തിലെ ആയാലും പബ്ളിക് സര്‍വീസ് കമീഷനുകള്‍ക്കു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിറവേറുകയുള്ളൂ.
നിയമനിര്‍മാണസഭയിലും ഉദ്യോഗത്തിലും ജനസംഖ്യാനുപാതമനുസരിച്ച് പ്രാതിനിധ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതുകളില്‍ നടന്ന നിവര്‍ത്തന പ്രസ്ഥാനമടക്കമുള്ള പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു റിക്രൂട്ടിങ് ഏജന്‍സിയെന്ന ആശയം പില്‍ക്കാലത്ത് രൂപപ്പെട്ടത്. അതിന്റെ ആധുനിക രൂപമാണ് പബ്ളിക് സര്‍വീസ് കമീഷന്‍. പിഎസ്സി ആകട്ടെ, തങ്ങളില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം ഇന്ന് ആരോപണങ്ങള്‍ക്കിട നല്‍കാത്തവിധത്തില്‍ നിറവേറ്റിപ്പോരുന്നു. നിയമനത്തിലെ ശുദ്ധിയും സുതാര്യതയും കൊണ്ട് കേരളത്തിലെ പബ്ളിക് സര്‍വീസ് കമീഷന്‍ ദേശീയതലത്തില്‍ത്തന്നെ മാതൃകയായി ഉയര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.
എന്നാല്‍, ഇന്ന് ആ പിഎസ്സിയെ മറികടന്നുകൊണ്ട് കൃത്രിമ മാര്‍ഗങ്ങളിലൂടെ ചിലരെങ്കിലും ഉദ്യോഗത്തില്‍ കയറിപ്പറ്റിയതായും ചില ഉദ്യോഗസ്ഥര്‍തന്നെ അതിന് പഴുതുനല്‍കുന്ന സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തതായും വന്നിരിക്കുന്നു. ഈ പഴുത് അടയ്ക്കേണ്ടതുണ്ട്. അവിടെയാണ്, നിയമന ഓഡിറ്റിങ്ങിനുള്ള അധികാരം പിഎസ്സിക്ക് വേണമെന്ന ആവശ്യം പ്രസക്തവും പരിഗണനാര്‍ഹവുമാകുന്നത്. അത്തരത്തിലൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായിട്ടുള്ള നിയമന തട്ടിപ്പ്, നേരത്തെതന്നെ കണ്ടുപിടിക്കപ്പെടുമായിരുന്നു.
പിഎസ്സി മത്സരപരീക്ഷ നടത്തി തെരഞ്ഞെടുത്ത് നിര്‍ദേശിച്ച ആളെത്തന്നെയാണോ നിയമിച്ചിട്ടുള്ളത് എന്ന കാര്യം നിയമനത്തിനുശേഷം പരിശോധിക്കാന്‍ ഇന്ന് പിഎസ്സിക്ക് സംവിധാനമില്ല; അധികാരവുമില്ല. മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെയുള്ള നിയമനങ്ങളുണ്ട്. ഉദ്യോഗസ്ഥന്റെ മരണശേഷം അനന്തരാവകാശിയെ നിയമിക്കല്‍, സ്പോര്‍ട്സ് ക്വോട്ടപോലുള്ളവയിലൂടെ നിയമിക്കല്‍, ലാസ്റ് ഗ്രേഡിലുള്ളയാളെ ക്ളര്‍ക്കായി സ്ഥാനക്കയറ്റം നല്‍കി നിയമിക്കല്‍, താല്‍ക്കാലികമായി നിയമിക്കല്‍ തുടങ്ങിയവ. വ്യത്യസ്ത രൂപത്തിലുള്ള ഇത്തരം നിയമനങ്ങളിലും അര്‍ഹതപ്പെട്ടവരാണോ പരിഗണിക്കപ്പെട്ടത് എന്ന കാര്യം പരിശോധിക്കാനും നിയമനശേഷം സംവിധാനമില്ല. ഇത്തരം തലങ്ങളിലൊക്കെ കൃത്രിമ നിയമനങ്ങള്‍ നടക്കാനുള്ള പഴുതുണ്ട് എന്നതാണ് ഇപ്പോള്‍ സമൂഹത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുള്ള കാര്യം. ഈ പഴുതുകളടയണമെങ്കില്‍ നിയമനശേഷമുള്ള ഓഡിറ്റിങ് നടക്കണം. ഏതു മാര്‍ഗത്തിലൂടെ നിയമിക്കപ്പെട്ടാലും ആദ്യ ശമ്പളം നല്‍കുന്നതിനുമുമ്പ് പിഎസ്സിയുടെ പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കണം എന്ന് വ്യവസ്ഥയുണ്ടാകണം. അത്തരമൊരു സംവിധാനമുണ്ടായാല്‍ ചട്ടങ്ങള്‍ പാലിച്ചുതന്നെയാണോ നിയമനം നടന്നിട്ടുള്ളത് എന്ന് പിഎസ്സിക്ക് പരിശോധിക്കാനുള്ള അവസരം കിട്ടും. മഹാഭൂരിപക്ഷം നിയമനങ്ങളും പിഎസ്സി വഴിയാണ് എന്നതുകൊണ്ടുതന്നെ പിഎസ്സിതന്നെയാണ് ഏറ്റവും നല്ല നിയമന ഓഡിറ്റിങ് അധികാരി എന്നത് തര്‍ക്കമറ്റ കാര്യമാണ്.
ഒഴിവുള്ള തസ്തികകളുടെ എണ്ണം അപ്പപ്പോള്‍ അറിയിക്കണമെന്ന് സര്‍ക്കാര്‍ എത്രതവണ പറഞ്ഞാലും ചില വകുപ്പുമേധാവികളെങ്കിലും കൃത്യമായി അത് അനുസരിക്കാത്ത നിലയുണ്ട്. ഒഴിവുകളെല്ലാം അതതു ഘട്ടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് കണ്ടെത്താനും നിയമന ഓഡിറ്റിങ്ങിലൂടെ സാധിക്കും. പരീക്ഷ എഴുതിയവരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍ പിഎസ്സിയിലുണ്ട് എന്നതിനാല്‍, നിയമിക്കപ്പെട്ടയാള്‍ പരീക്ഷ എഴുതിയ ആള്‍തന്നെയോ എന്ന് ഒത്തുനോക്കാനും പിഎസ്സിക്ക് കഴിയും. ഇതുകൊണ്ടൊക്കെയാണ് നിയമന ഓഡിറ്റിങ് അധികാരം പിഎസ്സിക്കുതന്നെയാണ് നല്‍കേണ്ടതെന്നു പറയുന്നത്.
ഇപ്പോള്‍ ഉണ്ടായിട്ടുള്ള നിയമന തട്ടിപ്പ് നോക്കുക. ഒരിടത്ത് എട്ട് എന്‍സിസി തസ്തിക റിപ്പോര്‍ട്ട് ചെയ്യുകയും എട്ടിലേക്കും പിഎസ്സി നിയമനത്തിന് അര്‍ഹരായവര്‍ക്ക് അഡ്വൈസ് മെമ്മോ അയക്കുകയും ചെയ്തു. എന്നാല്‍, അതില്‍ ഒരാളുടെ പേരുകൂടി കൃത്രിമമായി തിരുകിക്കയറ്റി ഒമ്പതുപേരെ നിയമിച്ചു. മറ്റൊരിടത്ത്, രണ്ട് വേക്കന്‍സി ഉണ്ടായിരിക്കെ ഒരെണ്ണംമാത്രം റിപ്പോര്‍ട്ട് ചെയ്യുകയും അതിലേക്കുള്ള അഡ്വൈസ് മെമ്മോ വന്നപ്പോള്‍ മറ്റൊരു പേരുകൂടി തിരുകിക്കയറ്റി രണ്ടുപേര്‍ക്ക് നിയമനം നല്‍കുകയും ചെയ്തു. പരീക്ഷ എഴുതിയപ്പോഴത്തെ ഹാള്‍ടിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, പബ്ളിക് സര്‍വീസ് കമീഷന്റെ ഐഡന്ററ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ പരിശോധിച്ചുവേണം ജോലിയില്‍ പ്രവേശിപ്പിക്കാന്‍ എന്നാണ് വ്യവസ്ഥ. അത് ഉദ്യോഗസ്ഥതലത്തില്‍ നടക്കേണ്ടതാണ്. എന്നാല്‍, തങ്ങള്‍ നിര്‍ദേശിച്ചയാളെത്തന്നെയാണോ ജോലിയില്‍ പ്രവേശിപ്പിച്ചത് എന്ന് പരിശോധിച്ച് ഉറപ്പുവരുത്താന്‍ പിഎസ്സിക്ക് നിയമനശേഷം അധികാരമില്ല. ഈ അധികാരമില്ലായ്മയാണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തുന്നത്. ഈ പഴുതാണ് അടക്കേണ്ടത്.
പിഎസ്സി പരീക്ഷ എഴുതാതെയാണ് തനിക്ക് ജോലികിട്ടിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍തന്നെ പറഞ്ഞുനടക്കുകയും അത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അത് പിഎസ്സി ജില്ലാ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി പരിശോധിച്ച പിഎസ്സിക്ക് ഒപ്പിലടക്കം കൃത്രിമം ഉള്ളതായി തോന്നിയില്ല. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വന്നാലേ ഏതുതരത്തിലുള്ള പഴുതാണ് ഇവിടെ പ്രയോജനപ്പെടുത്തിയത് എന്നതറിയാന്‍ കഴിയൂ.
ഏതായാലും നിയമനങ്ങളിലെ ശുദ്ധിയും സുതാര്യതയും കളങ്കപ്പെടാതെ നോക്കാനുള്ള നടപടി സര്‍ക്കാര്‍ എടുത്തുകാണുന്നുവെന്നത് ആശ്വാസകരമാണ്. നിയമനം സ്ഥിരപ്പെടുത്തുന്നതിനുമുമ്പ് പബ്ളിക് സര്‍വീസ് കമീഷന്റെ പരിശോധനകൂടി ഏര്‍പ്പെടുത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതാകട്ടെ, നിയമന ഓഡിറ്റിങ്ങിലേക്കുള്ള ആദ്യപടിയാണ്. അതുകൊണ്ടുതന്നെ സ്വാഗതാര്‍ഹമായ കാര്യമാണിത്. കലക്ടര്‍ അടക്കമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമ്പോള്‍ത്തന്നെ കഴിഞ്ഞ പത്തുവര്‍ഷങ്ങളിലെ പിഎസ്സി നിയമനങ്ങളാകെ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നു. ഉദ്യോഗസ്ഥ-ഭരണപരിഷ്കരണ വിഭാഗത്തിന്റെ പ്രത്യേക സെല്‍ ക്രമക്കേടുകള്‍ കണ്ടെത്താന്‍ നിയുക്തമായിരിക്കുന്നു. ഇതിനെല്ലാംപുറമെ വിജിലന്‍സ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. ഇതെല്ലാം നിയമനത്തിലെ സുതാര്യത നഷ്ടപ്പെടാതെ നോക്കാനുള്ള സര്‍ക്കാരിന്റെ നിഷ്കര്‍ഷയ്ക്ക് ഉദാഹരണങ്ങളാണ്.
എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും തുല്യവസരം നല്‍കി മികവുതെളിയിക്കുന്നവരെ തെരഞ്ഞെടുത്ത് നിയമിക്കുക എന്ന ഭരണഘടനാപരമായ ചുമതലയുള്ള ഭരണഘടനാസ്ഥാപനമാണ് പിഎസ്സി. പൂര്‍ണാര്‍ഥത്തില്‍ ആ ചുമതല പിഎസ്സിക്ക് നിറവേറ്റാന്‍ കഴിയേണ്ടതുണ്ട്. അതിന് സഹായകമാകും ആ സ്ഥാപനത്തിന് നിയമന ഓഡിറ്റിങ് അധികാരംകൂടി നല്‍കുന്നത്.
ദേശാഭിമാനി മുഖപ്രസംഗം 091210
നിയമന ഓഡിറ്റിങ്ങിനുള്ള അധികാരം പബ്ളിക് സര്‍വീസ് കമീഷന് നല്‍കുന്നതിലൂടെ മാത്രമേ ഉദ്യോഗസ്ഥതലത്തില്‍ ഒറ്റപ്പെട്ട തോതിലെങ്കിലും ഇന്നുണ്ടാകുന്ന അഴിമതിക്കുള്ള പഴുത് പൂര്‍ണമായി അടയ്ക്കാനാകൂ. ഇതാകട്ടെ, സ്റേറ്റ് പബ്ളിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളുടെ കാര്യത്തിലും ഉണ്ടാകണം. ഇതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ച നടക്കേണ്ടതുണ്ട്. ചര്‍ച്ചയിലൂടെ, നിയമനിര്‍മാണത്തിലൂടെ അത്തരമൊരു സംവിധാനം ഉരുത്തിരിഞ്ഞാല്‍ മാത്രമേ, കേന്ദ്രത്തിലെ ആയാലും കേരളത്തിലെ ആയാലും പബ്ളിക് സര്‍വീസ് കമീഷനുകള്‍ക്കു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിറവേറുകയുള്ളൂ.
ReplyDeleteനിയമന ഓഡിറ്റിങ്ങിനുള്ള അധികാരം പബ്ളിക് സര്‍വീസ് കമീഷന് നല്‍കുന്നതിലൂടെ മാത്രമേ ഉദ്യോഗസ്ഥതലത്തില്‍ ഒറ്റപ്പെട്ട തോതിലെങ്കിലും ഇന്നുണ്ടാകുന്ന അഴിമതിക്കുള്ള പഴുത് പൂര്‍ണമായി അടയ്ക്കാനാകൂ. ഇതാകട്ടെ, സ്റേറ്റ് പബ്ളിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, യൂണിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍ നിയമനങ്ങളുടെ കാര്യത്തിലും ഉണ്ടാകണം. ഇതിന്റെ ആവശ്യകതയെക്കുറിച്ച് ദേശീയതലത്തില്‍ത്തന്നെ ചര്‍ച്ച നടക്കേണ്ടതുണ്ട്. ചര്‍ച്ചയിലൂടെ, നിയമനിര്‍മാണത്തിലൂടെ അത്തരമൊരു സംവിധാനം ഉരുത്തിരിഞ്ഞാല്‍ മാത്രമേ, കേന്ദ്രത്തിലെ ആയാലും കേരളത്തിലെ ആയാലും പബ്ളിക് സര്‍വീസ് കമീഷനുകള്‍ക്കു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ നിറവേറുകയുള്ളൂ.
ReplyDelete