Thursday, December 9, 2010

10 വര്‍ഷത്തെ പിഎസ്സി നിയമനം പരിശോധിക്കും

പിഎസ്സി മുഖേന പത്തുവര്‍ഷത്തിനിടയില്‍ നടന്ന നിയമനം വിശദമായി പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വിഭാഗത്തിലെ പ്രത്യേക സെല്ലാണ് പരിശോധന നടത്തുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ ടി ഭാസ്കരനെ സസ്പെന്‍ഡ് ചെയ്തു. ഭാവിയില്‍ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുമുമ്പ് പിഎസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. വയനാട്ടിലെ നിയമന തട്ടിപ്പ് ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. ഉദ്യോഗസ്ഥതലത്തിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. നിയമനതട്ടിപ്പിനെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും കലക്ടര്‍ അര്‍ഹമായ ഗൌരവത്തോടെ കൈകാര്യംചെയ്തില്ല. ഒക്ടോബറില്‍ റവന്യൂ മന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ത്തന്നെ, കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിന് ലഭിച്ച പരാതി കലക്ടറുടെ തുടര്‍നടപടിക്ക് വിട്ടെങ്കിലും ഗൌരവത്തോടെ പരിഗണിച്ചില്ല. വ്യാജരേഖകളുണ്ടാക്കി ജോലി നേടിയവരെ പൊലീസ് വെരിഫിക്കേഷന്‍ പോലുമില്ലാതെ സ്ഥിരപ്പെടുത്തി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കലക്ടറെ സസ്പെന്‍ഡ് ചെയ്തത്.

നിയമനതട്ടിപ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന യുഡിഎഫ് ആവശ്യത്തില്‍ കാര്യമില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ശക്തമായ നിലയില്‍ അന്വേഷണം നടക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വന്നാല്‍ ഇപ്പോഴത്തെ നടപടികള്‍ നിലയ്ക്കും. അത് കുറ്റവാളികളെ രക്ഷിക്കാനേ സഹായിക്കൂ. നിയമനങ്ങളില്‍ പിഎസ്സിക്ക് പരിശോധനാസംവിധാനമില്ലെന്നാണ് പറയുന്നത്. അത് ശരിയാണോയെന്ന് പരിശോധിക്കും. ഭാവിയില്‍ പിഎസ്സി നിയമനവിവരം ഉദ്യോഗാര്‍ഥികളെ അറിയിച്ചാല്‍ മാത്രം പോരാ. ശമ്പളം നല്‍കുന്നതിനു മുമ്പ് പിഎസ്സിയുടെ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കണം. നിയമനം ലഭിച്ചത് യഥാര്‍ഥ ഉദ്യോഗാര്‍ഥിക്കുതന്നെയാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. റവന്യൂമന്ത്രിയുടെ ഇടപെടല്‍ മൂലമാണ് കലക്ടര്‍ നടപടിയെടുക്കാത്തതെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ച ഉടന്‍ റവന്യൂമന്ത്രി നടപടിയെടുത്തിട്ടുണ്ട്.

പൊതുമേഖലാസ്ഥാപനങ്ങളില്‍ അനധികൃതനിയമനം നടക്കുന്നെന്ന ആരോപണം കാടടച്ച് വെടിവയ്ക്കലാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പലതും വിളിച്ചുപറയുകയും അത് വലിയ വാര്‍ത്തയാക്കുകയും ചെയ്യുന്ന സ്വഭാവത്തിന്റെ ഭാഗമാണിതും. ലോട്ടറി സംബന്ധിച്ച് പാര്‍ടിയും സര്‍ക്കാരും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെയെന്ന വാര്‍ത്തയും മാധ്യമങ്ങളുണ്ടാക്കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കും: കോടിയേരി

നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട പണമിടപാട് വിജിലന്‍സ് ആന്‍ഡ് ആന്റികറപ്ഷന്‍ ബ്യൂറോ അന്വേഷിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളിലെ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ വാര്‍ഷിക കോഫറന്‍സ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സ്ഥാപനങ്ങളിലെ ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. വയനാട്ടിലെ നിയമന തട്ടിപ്പ് റവന്യൂ ഇന്റലിജന്‍സ് പുറത്തുകൊണ്ടുവന്നത് മികച്ച ഉദാഹരണമാണ്. നിയമന തട്ടിപ്പ് സംബന്ധിച്ച് പരാതി കിട്ടിയപ്പോള്‍ത്തന്നെ പൊലീസ് അന്വേഷണം തുടങ്ങി. തുടര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ച് എഡിജിപിക്കാണ്. വ്യാജനിയമനത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടുപോലും വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകരുടെ അഴിമതി അന്വേഷിക്കാന്‍ നാട്ടില്‍ സംവിധാനമുണ്ട്. പല പൊതുമേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാകാന്‍ കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാണ്. എത്ര ഉന്നതരായാലും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണം ഉണ്ടാകില്ല. സംസ്ഥാനത്ത് രണ്ടായിരത്തോളം ഉദ്യോഗസ്ഥര്‍ അഴിമതിക്കേസില്‍ വിചാരണ നേരിടുന്നുണ്ട്. വേറെ 2000 പേരുടെ പേരില്‍ അന്വേഷണം നടക്കുന്നുണ്ട്. കേസ് വിചാരണ വൈകുന്നത് ഒഴിവാക്കാന്‍ വിജിലന്‍സ് കോടതികളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. സ്പെഷ്യല്‍ എസ്പി ഉള്‍പ്പെടെ 30 ഇന്‍സ്പെക്ടര്‍മാരെ കൂടുതലായി നിയമിക്കാനും ഉത്തരവായി.

പൊതുമേഖലയിലെ അഴിമതിനിര്‍മാര്‍ജനം ഇന്നത്തെ നിലയില്‍ മതിയോയെന്ന് ചര്‍ച്ചചെയ്യണമെന്ന് അധ്യക്ഷനായ മന്ത്രി എളമരം കരീം പറഞ്ഞു. വ്യവസായവകുപ്പില്‍ സിഇഒമാര്‍ ആരോപണവിധേയരല്ല. ഇവരുടെ നിയമനപ്രക്രിയയില്‍ വന്ന ഗുണപരമായ മാറ്റമാണ് ഇതിനു കാരണം. പൊതുമേഖല ശക്തിപ്പെടാനും ഇതു സഹായകമായി. കുറ്റവാളിയെ രക്ഷിക്കാതെയും മറ്റുള്ളവരുടെ മനോവീര്യം കെടുത്താതെയുമാകണം അഴിമതി അന്വേഷണമെന്ന് അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ കെ ജയകുമാര്‍, ടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിജിലന്‍സ് ഡയറക്ടര്‍ കെ പി സോമരാജന്‍ സ്വാഗതവും വിജിലന്‍സ് ഐജി പി വിജയാനന്ദ് നന്ദിയും പറഞ്ഞു. വിജിലന്‍സ് ഐജി എ സുരേന്ദ്രന്‍, ടെക്നോപാര്‍ക്ക് സിഇഒ മെര്‍വിന്‍ അലക്സാണ്ടര്‍, വിജിലന്‍സ് എസ്പി കെ ജെ ദേവസ്യ, ലീഗല്‍ അഡ്വൈസര്‍ ആര്‍ എസ് ജ്യോതി എന്നിവര്‍ ക്ളാസെടുത്തു. കെ ജയകുമാര്‍ അധ്യക്ഷനായി.

ജോലിയില്‍ ചേരാത്ത കൂടുതല്‍ പേരുടെ വിലാസം ഉപയോഗിച്ചിരിക്കാമെന്നു സംശയം

വയനാട് ജില്ലയില്‍ ജോലി ലഭിച്ച് ജോലിയില്‍ പ്രവേശിക്കാതിരുന്നവരുടെ വിലാസം ഉപയോഗിച്ച് നിയമനത്തട്ടിപ്പ് സംഘം കൂടുതല്‍ നിയമനങ്ങള്‍ നടത്തിയതായി സംശയം ഉയരുന്നു. ഇപ്പോള്‍ തട്ടിപ്പിന് കുടുങ്ങിയവരില്‍ ഒരാളുടെ നിയമനം ഇത്തരത്തിലായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. തണ്ണീര്‍മുക്കം സ്വദേശി ശ്യാംദിനകറിന്റെ വിലാസം ഉപയോഗിച്ചാണ് അഞ്ചല്‍ കമലവിലാസത്തില്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാരുടെ മകന്‍ ശബരീനാഥ് വയനാട് കലക്ട്രേറ്റില്‍ ജോലിയില്‍ കയറിയത്. പല കാരണങ്ങളാല്‍ വയനാട്ടില്‍ ജോലിയില്‍ പ്രവേശിക്കാതിരുന്നവര്‍ നിരവധിയുണ്ട്. ഇവരുടെ വിലാസം കലക്ടറേറ്റിലെ റവന്യൂ സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകുകയും ചെയ്യും. കൂടുതല്‍ പേരെ തിരുകികയറ്റാന്‍ ഇത് ദുരുപയോഗിച്ചിട്ടുണ്ടാകും എന്നാണ് സംശയം ഉയരുന്നത്.

വയനാട്ടില്‍ ജോലിക്കായുള്ള നിയമന ഉത്തരവ് കിട്ടുമ്പോള്‍ ശ്യാംദിനകര്‍ ഇടുക്കി ജില്ലയിലെ തൊടുപുഴ സര്‍വേ ഓഫീസില്‍ സര്‍വേയറായി ജോലിയില്‍ പ്രവേശിച്ചിരുന്നു. യുഡി ക്ളാര്‍ക്കിന്റെ ശമ്പളമാണ് ഈ തസ്തികയ്ക്ക്. സ്വാഭാവികമായും എല്‍ഡി ക്ളാര്‍ക്കിന്റെ ജോലി അദ്ദേഹം നിരസിച്ചു. ശ്യാം വയനാട്ടിലെ ജോലിയില്‍ പ്രവേശിച്ചില്ലെന്നു അറിയാവുന്നതു കലക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കാണെന്നു വ്യക്തം. ഇക്കാര്യം ഉറപ്പാക്കാന്‍ കലക്ടറേറ്റില്‍നിന്ന് എന്നുപറഞ്ഞ് ഒരാള്‍ തൊടുപുഴ ഓഫീസിലെ സര്‍വെ അസിസ്റ്റന്റ് ഡയറക്ടറെയും പിന്നീട് ശ്യാമിനെയും ഫോണില്‍ വിളിച്ചിരുന്നു. നിലവില്‍ ജോലിയുണ്ടെന്ന കാര്യം ഇയാളെ അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കുടുങ്ങിയ ഗൂഢസംഘത്തില്‍പ്പെട്ട ആളാണോ ശ്യാമിനെ വിളിച്ചതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
(എം സുരേന്ദ്രന്‍)

ദേശാഭിമാനി 091210

1 comment:

  1. പിഎസ്സി മുഖേന പത്തുവര്‍ഷത്തിനിടയില്‍ നടന്ന നിയമനം വിശദമായി പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വിഭാഗത്തിലെ പ്രത്യേക സെല്ലാണ് പരിശോധന നടത്തുകയെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വയനാട് ജില്ലയിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ ടി ഭാസ്കരനെ സസ്പെന്‍ഡ് ചെയ്തു. ഭാവിയില്‍ നിയമനങ്ങള്‍ അംഗീകരിക്കുന്നതിനുമുമ്പ് പിഎസ്സിയുടെ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. വയനാട്ടിലെ നിയമന തട്ടിപ്പ് ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. ഉദ്യോഗസ്ഥതലത്തിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തി. നിയമനതട്ടിപ്പിനെക്കുറിച്ച് നേരത്തേ വിവരം ലഭിച്ചിട്ടും കലക്ടര്‍ അര്‍ഹമായ ഗൌരവത്തോടെ കൈകാര്യംചെയ്തില്ല. ഒക്ടോബറില്‍ റവന്യൂ മന്ത്രിക്ക് പരാതി ലഭിച്ചപ്പോള്‍ത്തന്നെ, കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി കലക്ടറെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ സുതാര്യകേരളത്തിന് ലഭിച്ച പരാതി കലക്ടറുടെ തുടര്‍നടപടിക്ക് വിട്ടെങ്കിലും ഗൌരവത്തോടെ പരിഗണിച്ചില്ല. വ്യാജരേഖകളുണ്ടാക്കി ജോലി നേടിയവരെ പൊലീസ് വെരിഫിക്കേഷന്‍ പോലുമില്ലാതെ സ്ഥിരപ്പെടുത്തി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് കലക്ടറെ സസ്പെന്‍ഡ് ചെയ്തത്.

    ReplyDelete