ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതി കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. അഴിമതിയുടെ വ്യാപ്തി കണക്കാക്കുമ്പോള്‍ പ്രത്യേക കോടതി അനിവാര്യമാണെന്ന് സ്പെക്ട്രം കേസില്‍ വാദംകേട്ട ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2001ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്പെക്ട്രം ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
പ്രത്യേക കോടതി അനിവാര്യമാണ്. എങ്കിലേ അഴിമതിവിരുദ്ധ നിയമത്തിന്റെയും വിദേശനാണ്യ കൈകാര്യ നിയമ(ഫെമ)ത്തിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകൂ. കോടതിയുടെ നിലവിലുള്ള ആള്‍ബലവും പശ്ചാത്തലസൌകര്യവുംവച്ച് സ്പെക്ട്രം കേസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല. സ്പെക്ട്രം കേസിനെ സാധാരണ കൊലപാതകക്കേസുപോലെ കാണാനാകില്ല. വന്‍ ഗൂഢാലോചനയാണ് നടന്നത്. ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ട്. 2001ലെ നിരക്കില്‍ത്തന്നെ 2008ലും സ്പെക്ട്രം അനുവദിച്ചതിനെ അസംബന്ധമെന്നാണ് കോടതി വിശേഷിപ്പിച്ചത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് 2001ലെ വിലനയത്തിന്റെ അടിസ്ഥാനത്തില്‍ പെട്രോള്‍ നല്‍കിക്കൂടാ. സ്പെക്ട്രത്തിന്റെ കാര്യത്തില്‍ അസംബന്ധനയമാണ് സ്വീകരിച്ചത്. എന്നിട്ടും അതിനെ നയമെന്നു വിശേഷിപ്പിക്കുന്നു- കോടതി തുറന്നടിച്ചു.
സര്‍ക്കാരിന്റെ ഓരോ നടപടിയും നിയമപരമായി പരിശോധിക്കണം. സ്പെക്ട്രം ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍ കോടിക്കണക്കിനു രൂപ വായ്പ അനുവദിച്ചതിനെ കോടതി കുറ്റപ്പെടുത്തി. സ്പെക്ട്രം കേസ് അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം വേണമോ എന്ന പ്രശ്നത്തില്‍ വിധി പറയാന്‍ കേസ് മാറ്റി. സ്പെക്ട്രം കേസ് വാദത്തിന്റെ അവസാന ദിവസവും സര്‍ക്കാരിനും ടെലികോംവകുപ്പിനും കോടതിയുടെ വിമര്‍ശമുണ്ടായി. ആദ്യം വരുന്നവര്‍ക്ക് ആദ്യപരിഗണന എന്ന തത്വത്തില്‍ 2001ല്‍ സ്പെക്ട്രം വിതരണം നടത്തിയ എന്‍ഡിഎ സര്‍ക്കാരിന്റെ നടപടിയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ കോടതി നിര്‍ദേശിച്ചു. എന്‍ഡിഎ സര്‍ക്കാരിന്റെ നയംതന്നെയാണ് തങ്ങളും പിന്തുടരുന്നത് എന്ന വാദമായിരുന്നു സ്പെക്ട്രം അഴിമതി ന്യായീകരിക്കാന്‍ പ്രധാനമന്ത്രിയും എ രാജയും മുന്നോട്ടുവച്ചത്.
നീരാറാഡിയയുടെ ടേപ്പിലൂടെ പുറത്തുവന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന ആഭ്യന്തരസെക്രട്ടറി ജി ജെ പിള്ളയുടെ പ്രസ്താവനയ്ക്ക് അടിസ്ഥാനമുണ്ടോ എന്നും കോടതി ആരാഞ്ഞു. സ്പെക്ട്രം കേസിന് പ്രത്യേക പരിഗണന ആവശ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ ജി എന്‍ വഹന്‍വതിയും സമ്മതിച്ചു. പ്രത്യേക കോടതിയുടെ കാര്യം സര്‍ക്കാരുമായി ആലോചിച്ച് കോടതിയെ അറിയിക്കാമെന്ന് വഹന്‍വതി പറഞ്ഞു.
(എം പ്രശാന്ത്)
രാജയുടെ വീടുകളില്‍ സിബിഐ റെയ്ഡ്; പങ്കാളി കസ്റ്റഡിയില്‍
സ്പെക്ട്രം അഴിമതിയില്‍ മന്ത്രിസ്ഥാനം രാജിവെച്ച എ രാജയുടെയും നാല് കൂട്ടാളികളുടെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തി. മോത്തിലാല്‍ നെഹ്റു മാര്‍ഗിലെ വീട്ടിലുണ്ടായിരുന്ന രാജയില്‍നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ആരാഞ്ഞു. മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബഹുറയെയും രാജയുടെ മുന്‍ പേഴ്സണല്‍ സെക്രട്ടറി ആര്‍ കെ ചന്ദോളിയയെയും ചോദ്യംചെയ്തു. സിബിഐ രാജയെ ഉടന്‍ ചോദ്യംചെയ്തേക്കും. പതിനാലിടത്ത് നടന്ന റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെടുത്തെന്നും ആരെയും അറസ്റ്ചെയ്തിട്ടില്ലെന്നും സിബിഐ ഡയറക്ടര്‍ എ പി സിങ് വ്യക്തമാക്കി. ഡല്‍ഹിയിലും ചെന്നൈയിലുമുള്ള രാജയുടെ വീടുകളില്‍ അതിരാവിലെതന്നെ എപതോളം സിബിഐ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ തുടങ്ങി. സിദ്ധാര്‍ഥ് ബഹുറ, ആര്‍ കെ ചന്ദോളിയ, ടെലികോം കമീഷന്‍ അംഗം കെ ശ്രീധര്‍, ടെലികോം വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ കെ ശ്രീവാസ്തവ എന്നിവരുടെ വീടുകളും റെയ്ഡ് ചെയ്തു. രാജയുടെ ബന്ധുക്കളുടെ വീടുകളിലും തെരച്ചില്‍ നടത്തി. രാജയുടെ ബിസിനസ് പങ്കാളിയായ സാദിഖ് ബാഷയെ ചോദ്യംചെയ്യാന്‍ കസ്റഡിയിലെടുത്തു.
രഘുപതിയുടെ കത്ത് ലഭിച്ചില്ലെന്ന് കെ ജി ബാലകൃഷ്ണന്‍
മുന്‍ ടെലികോം മന്ത്രി എ രാജ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ആര്‍ രഘുപതി തനിക്ക് കത്തയച്ചിട്ടില്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷനുമായ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അറിയിച്ചു. കമീഷന്‍ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഘുപതി തനിക്ക് കത്തയച്ചതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കത്ത് അയച്ചെന്നുംഅത്താന്‍ മറച്ചുവച്ചെന്നുമുള്ള വാര്‍ത്ത ശരിയല്ല. താന്‍ ചീഫ്ജസ്റ്റിസായിരിക്കെ ഇങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് മുമ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ ത്തന്നെ അന്നത്തെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എച്ച് ആര്‍ ഗോഖലെയില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും കേന്ദ്രമന്ത്രി ജസ്റ്റിസ് രഘുപതിയെ വിളിച്ചതായി പരാമര്‍ശമുണ്ടായിരുന്നില്ല. മാത്രമല്ല കേന്ദ്രമന്ത്രി സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ ജസ്റ്റിസ് രഘുപതിക്ക് തന്നെ കോടതിയലക്ഷ്യനടപടികള്‍ സ്വീകരിക്കാമായിരുന്നതായി കെ ജി ബാലകൃഷ്ണന്‍ പറഞ്ഞു.
ദേശാഭിമാനി 091210
ഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം അഴിമതി കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി സ്ഥാപിക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. അഴിമതിയുടെ വ്യാപ്തി കണക്കാക്കുമ്പോള്‍ പ്രത്യേക കോടതി അനിവാര്യമാണെന്ന് സ്പെക്ട്രം കേസില്‍ വാദംകേട്ട ജസ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. 2001ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന സ്പെക്ട്രം ഇടപാടുകളും സിബിഐ അന്വേഷിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
ReplyDelete