Thursday, December 9, 2010

2 ജി സ്‌പെക്ട്രം വിവാദം: മാധ്യമപ്രവര്‍ത്തകര്‍ പാഠംപഠിക്കണമെന്ന്

കൊച്ചി: 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ബര്‍ക്കാദത്തിനും വീര്‍സാംഗ്‌വിക്കുമെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പാഠംപഠിക്കണമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസ് പറഞ്ഞു. ഫസ്റ്റ് ഡ്രാഫ്റ്റ് വിറ്റ്‌നസ് ടു മേക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബര്‍ക്കാദത്തും വീര്‍സാംഗ്‌വിയും വാര്‍ത്താഉറവിടങ്ങളോട് പാലിക്കേണ്ട അകലത്തിനപ്പുറം കടന്നുവെന്ന് സമ്മതിച്ചുകഴിഞ്ഞു. വാര്‍ത്തകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താഉറവിടങ്ങളുമായി പാലിക്കേണ്ട അകലത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ഈ വിവാദത്തിന് കഴിഞ്ഞിട്ടുണ്ട്.

മാധ്യമലോകത്ത് ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഇതാദ്യമല്ല. ലൈസന്‍സ്‌രാജ് നിലവിലുണ്ടായിരുന്ന 70കളില്‍ സര്‍ക്കാരിന്റെ നല്ലകുട്ടികളായിനിന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ വീട്, വിദേശവിനിമയം തുടങ്ങി വിവിധ മേഖലകളില്‍ ആനുകൂല്യം പറ്റിയിട്ടുണ്ട്.

രാജ്യത്തുമുഴുവന്‍ അഴിമതിക്കാരാണെന്നരീതിയില്‍ മാധ്യമങ്ങളില്‍വരുന്ന വാര്‍ത്തകള്‍ ഗുണകരമല്ലെന്നും വര്‍ഗീസ് പറഞ്ഞു. രാജ്യത്ത് നടക്കുന്ന ഒത്തിരി നല്ലകാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടാതെ പോകുന്നുണ്ട്. ദൃശ്യമാധ്യമങ്ങളില്‍ 'ബ്രേക്കിംഗ്‌ന്യൂസ്' എന്നപേരില്‍ പുറത്തുവരുന്നവയില്‍ ഭൂരിഭാഗവും ചവറാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാശ്മീര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് സംസാരിച്ചതിന്റെ പേരില്‍ അരുന്ധതിറോയിയുടെ പേരില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുന്നത് അസംബന്ധമാണ്. അരുന്ധതിയുടെ പരാമര്‍ശങ്ങള്‍ മറന്നുകളയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നും വര്‍ഗീസ് പറഞ്ഞു.

നേരത്തെ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ടി പി ശ്രീനിവാസന് പുസ്തകത്തിന്റെ ആദ്യകോപ്പി കൈമാറി. എം കെ ദാസ്, പ്രസ് അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തിധരന്‍, വി ജി രേണുക തുടങ്ങിയവര്‍ സംസാരിച്ചു.

ജനയുഗം 091210

1 comment:

  1. 2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് ബര്‍ക്കാദത്തിനും വീര്‍സാംഗ്‌വിക്കുമെതിരെ ഉയര്‍ന്ന വിവാദങ്ങളില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പാഠംപഠിക്കണമെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസ് പറഞ്ഞു. ഫസ്റ്റ് ഡ്രാഫ്റ്റ് വിറ്റ്‌നസ് ടു മേക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

    ReplyDelete