Thursday, December 9, 2010

അല്പം വിദേശവാര്‍ത്തകള്‍ 4

മ്യാന്‍മര്‍ പ്രശ്‌നത്തില്‍ ഇന്ത്യ കാര്യക്ഷമമായ നിലപാട് സ്വീകരിക്കണമെന്ന് സൂകി

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ ജനാധിപത്യത്തിനായി നടക്കുന്ന സമരത്തിന് ഇന്ത്യ പിന്തുണ നല്‍കണമെന്ന് ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകി അഭ്യര്‍ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ  ഇന്ത്യ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടികളാണ് സ്വീകരിക്കേണ്ടത്. മ്യാന്‍മറുമായുളള വാണിജ്യതാല്‍പ്പര്യങ്ങള്‍ ഇക്കാര്യത്തിന് വിലങ്ങുതടിയാകരുതെന്ന് പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂകി അഭിപ്രായപ്പെട്ടു.

 മ്യാന്‍മര്‍ പട്ടാളഭരണകൂടവുമായുളള വാണിജ്യബന്ധം മ്യാന്‍മറിലെ ജനാധിപത്യത്തിന് അനുകൂലമായ നിലപാടെടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ഭരണകൂടത്തെ പിന്‍തിരിപ്പിക്കുന്നതായി നേരത്തേയുയര്‍ന്ന ആരോപണത്തെ പരാമര്‍ശിക്കുകയായിരുന്നു സൂകി. ഇന്ത്യാസന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബാരക് ഒബാമയും ഇക്കാര്യത്തിലുളള ഇന്ത്യയുടെ തണുപ്പന്‍ നയത്തെ വിമര്‍ശിച്ചിരുന്നു. പട്ടാള ഭരണകൂടവുമായുളള ഇന്ത്യയുടെ വ്യാപാരബന്ധത്തെ താന്‍ എതിര്‍ക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട സൂകി മ്യാന്‍മറിലെ ജനാധിപത്യമുന്നേറ്റത്തിനും തന്റെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയ്ക്കും ഇന്ത്യയുടെ പിന്തുണ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കി. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നത് വസ്തുതയാണ്.

ഒരിക്കല്‍ സൂകിയുടെ പോരാട്ടങ്ങള്‍ക്ക് ഏറ്റവും ശക്തമായ പിന്തുണ നല്‍കിപ്പോന്നിരുന്ന ഇന്ത്യ 1990കളുടെ മധ്യത്തില്‍ പട്ടാളഭരണകൂടവുമായി വ്യാപാരബന്ധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ്  നിലപാടുകളില്‍ അയവുവരുത്തിയത്. പ്രകൃതിവാതക രംഗത്തും ജലവൈദ്യുതപദ്ധതികളിലും ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.

നയതന്ത്ര രഹസ്യങ്ങള്‍ പരസ്യമായത് അമേരിക്കയുടെ കഴിവില്ലായ്മയെന്ന് ഓസ്‌ട്രേലിയ

സിഡ്‌നി: വിക്കിലീക്ക്‌സ് കേബിളുകള്‍ വഴി അമേരിക്കന്‍ നയതന്ത്രരഹസ്യങ്ങള്‍ പുറത്തായതില്‍ വെബ്‌സൈറ്റ് ഉടമ ജൂലിയന്‍ അസാഞ്ചെയെ പഴിച്ചിട്ട് കാര്യമില്ലെന്ന് ഓസ്‌ട്രേലിയ. അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിലെ ഗുരുതരമായ പിഴവുകളാണ് ചോര്‍ച്ച വഴി പുറത്തുവന്നതെന്ന് വിദേശകാര്യമന്ത്രി കെവിന്‍ റുഡ് അഭിപ്രായപ്പെട്ടു. തന്നെക്കുറിച്ചുളള വിക്കിലീക്ക്‌സിന്റെ പരാമര്‍ശങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച റുഡ് ലണ്ടനില്‍ അറസ്റ്റ് ചെയ്യപ്പെട്ട അസാഞ്ചെയ്ക്ക്  ഓസ്‌ട്രേലിയന്‍ പൗരനെന്ന നിലയില്‍ നയതന്ത്രപരമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു.

സ്വീഡനില്‍  രജിസ്റ്റര്‍ ചെയ്യപ്പെട്ട ലൈംഗിക പീഡനക്കേസിലാണ്  അസാഞ്ചെ ലണ്ടനില്‍  അറസ്റ്റിലായത്. അമേരിക്കയുമായിച്ചേര്‍ന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തനിക്കെതിരെ അധാര്‍മികമായ നീക്കം നടത്തുന്നതായി അസാഞ്ചെ നേരത്തേ ആരോപിച്ചിരുന്നു. വിക്കിലീക്ക്‌സ് കേബിളുകള്‍ പുറത്തുവിടരുതെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് നേരത്തേ അസാഞ്ചെയോട് ആവശ്യപ്പെട്ടിരുന്നു. രണ്ടരലക്ഷത്തോളം രഹസ്യ നയതന്ത്രരേഖകള്‍ വിക്കിലീക്ക്‌സിന്റെ കൈകളിലെത്താനിടയായ സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ അമേരിക്ക തയ്യാറാകണമെന്നും കെവിന്‍ റുഡ് ആവശ്യപ്പെട്ടു. വിക്കിലീക്ക്‌സ് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് അമേരിക്കയുടെ കഴിവുകേടാണെന്നും ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചെയ്ക്ക് നയതന്ത്രപരമായ എല്ലാ സഹായങ്ങളും നല്‍കുമെന്നുമുളള പ്രഖ്യാപനം അമേരിക്ക-ഓസ്‌ട്രേലിയ ബന്ധത്തില്‍ വിളളല്‍ വീഴ്ത്തുമെന്ന് നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

വെസ്റ്റ്ബാങ്കിലെ പാര്‍പ്പിടനിര്‍മാണം; അമേരിക്ക ചുവടുമാറ്റുന്നു

ജെറൂസലെം: വെസ്റ്റ്ബാങ്കിലെ ജൂതപാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മാണത്തില്‍ അമേരിക്ക നിലപാട് മാറ്റി. തര്‍ക്കപ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന നടപടി ദീര്‍ഘിപ്പിക്കാനാകില്ലെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയിരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കാമെന്ന് പലസ്തീനെ വിശ്വസിപ്പിച്ചിരുന്ന അമേരിക്ക പെട്ടെന്നാണ് ഇതില്‍ നിന്നും പിന്‍തിരിയുന്നതായി പ്രഖ്യാപിച്ചത്. പാര്‍പ്പിട നിര്‍മാണ പ്രശ്‌നത്തില്‍ ഇനിയും ഇസ്രായേലിനെ നിര്‍ബന്ധിക്കാനാകില്ലെന്നാണ് അമേരിക്കയുടെ വാദം.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച നടപടിയുടെ കാലാവധി ദീര്‍ഘിപ്പിക്കാത്ത ഇസ്രായേല്‍ നിലപാടില്‍  പ്രതിഷേധിച്ച് കഴിഞ്ഞ സെപ്തംബറില്‍ പലസ്തീന്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ പുതിയ നിലപാടില്‍ പലസ്തീന്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുളള സാധ്യതകള്‍ ഇസ്രായേല്‍ നിലപാട് മൂലം പ്രതിസന്ധിയിലായതായി പലസ്തീന്‍ നേതാവ് മെഹമൂദ് അബ്ബാസ് അഭിപ്രായപ്പെട്ടു.  സമാധാനചര്‍ച്ചകള്‍ പുനരാരംഭിക്കാനുളള അമേരിക്കന്‍ ശ്രമങ്ങളില്‍ ആത്മാര്‍ഥതയില്ലെന്ന് ഈ തീരുമാനത്തോടെ വ്യക്തമായതായി സമാധാനചര്‍ച്ചകളിലെ പ്രതിനിധിയും പലസ്തീന്‍ വിമോചന മുന്നണി സെക്രട്ടറി ജനറലുമായ യാസെര്‍ അബേദ് റാബോ ആരോപിച്ചു. വെസ്റ്റ്ബാങ്കിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഇസ്രായേലിനെ പ്രേരിപ്പിക്കാന്‍ കഴിയാത്ത അമേരിക്ക എങ്ങനെയാണ് പശ്ചിമേഷ്യയില്‍ ശാശ്വതമായ ഒരു സമാധാന കരാറുണ്ടാക്കുകയെന്ന് അദ്ദേഹം ചോദിച്ചു. വോയ്‌സ് ഓഫ് പലസ്തീനിയന്‍ റേഡിയോയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വെസ്റ്റ്ബാങ്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കാതെ യാതൊരുവിധ ചര്‍ച്ചകള്‍ക്കും സാധ്യതയില്ലെന്ന് അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതിനാല്‍ അമേരിക്കയുടെ നിലപാടുമാറ്റത്തിലൂടെ ഇക്കാലമത്രയും അവര്‍ നടത്തിയ സമാധാന ശ്രമങ്ങള്‍ പാഴ്‌വേലയായിരുന്നു വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മുന്‍പ് ഉപാധികള്‍ വയ്ക്കുന്ന പലസ്തീന്റെ നിലപാടാണ് സമാധാനശ്രമങ്ങള്‍ ഇരുട്ടിലാക്കിയതെന്ന് ഇസ്രായേല്‍ കാബിനറ്റ് സെക്രട്ടറി സീ ഹാസര്‍ അഭിപ്രായപ്പെട്ടു. സമാധാനശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും പുതിയ സമവായമാര്‍ഗ്ഗങ്ങള്‍ തേടുമെന്നും അമേരിക്കന്‍ വിദേശകാര്യ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

അടുത്ത വര്‍ഷത്തോടെ സൈന്യം അഫ്ഗാന്‍ വിടുമെന്ന് കാമറൂണ്‍


ലണ്ടന്‍: അഫ്ഗാനില്‍ സഖ്യസേനയോടൊപ്പം പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സൈന്യം അടുത്ത വര്‍ഷം ആദ്യത്തോടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു. അഫ്ഗാനിലെ ബ്രിട്ടീഷ് ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സൈനികരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലിബാന്റെ ശക്തി കുറക്കുന്നതിലും അഫ്ഗാന്‍ പൊലീസിന് പരിശീലനം നല്‍കുന്നതിലും ഏറെ മുന്നോട്ടുപോയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.

2015നകം ബ്രിട്ടീഷ് സേനയെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുമെന്നായിരുന്നു കാമറൂണ്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, നിര്‍ദിഷ്ട സമയത്തിനുമുമ്പുതന്നെ ബ്രിട്ടീഷ് സേനക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ പൊലീസ് ഓഫീസര്‍മാരുടെ പരിശീലനം പുരോഗമിക്കുകയാണെന്നും രണ്ട് മാസത്തിലൊരിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കിയ 500 അഫ്ഗാന്‍ പൊലീസുകാര്‍ പുറത്തിറങ്ങുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. 10,000 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനിലുള്ളത്. ഇതിനിടയില്‍ അഫ്ഗാനില്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസവും അഞ്ചുപേര്‍ കൊല്ലപ്പെട്ടിരിന്നു.

ജനയുഗം 091210

1 comment:

  1. മ്യാന്‍മറില്‍ ജനാധിപത്യത്തിനായി നടക്കുന്ന സമരത്തിന് ഇന്ത്യ പിന്തുണ നല്‍കണമെന്ന് ജനാധിപത്യവാദി നേതാവ് ഓങ് സാന്‍ സൂകി അഭ്യര്‍ഥിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടികളാണ് സ്വീകരിക്കേണ്ടത്. മ്യാന്‍മറുമായുളള വാണിജ്യതാല്‍പ്പര്യങ്ങള്‍ ഇക്കാര്യത്തിന് വിലങ്ങുതടിയാകരുതെന്ന് പി ടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൂകി അഭിപ്രായപ്പെട്ടു.

    ReplyDelete