Friday, December 3, 2010

ചീമേനി താപനിലയം ആദ്യഘട്ടം 4 വര്‍ഷത്തിനകം കമീഷന്‍ ചെയ്യും

കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കി താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. എല്‍എന്‍ജി പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുതപദ്ധതിക്ക് 14,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം 2014-15ല്‍ കമീഷന്‍ ചെയ്യും. 1200 മെഗാവാട്ട് ഉല്‍പ്പാദനമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടം 2019-20ല്‍ പൂര്‍ത്തിയാക്കും. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്ക് വഴിതുറക്കുന്ന താപവൈദ്യുതനിലയം സംയുക്തസംരംഭമായി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കുമായി 26 ശതമാനം ഓഹരിയുണ്ടാകും. പദ്ധതിയുടെ പ്രാഥമിക നടപടിക്കായി സര്‍ക്കാരും കെഎസ്ഇബിയും കെഎസ്ഐഡിസിയും ഉള്‍പ്പെടുന്ന പ്രത്യേക കമ്പനി രൂപീകരിക്കും. 74 ശതമാനം ഓഹരി സംയുക്തസംരംഭത്തിലെ പങ്കാളിക്ക് നല്‍കും. പങ്കാളിയെ കണ്ടെത്താനായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതിക്ക് 2000 ഏക്കര്‍ ഭൂമി കൈമാറുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. പാന്റേന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള ഭൂമിയാണ് കൈമാറുന്നത്. നിലയം പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെ അനുബന്ധ വ്യവസായങ്ങള്‍ക്കും സാധ്യത തെളിയും. കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ പൈപ്പ് ലൈന്‍വഴി പ്രകൃതിവാതകം ചീമേനിനിലയത്തില്‍ എത്തിക്കും. ഇന്ധനമായി കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. പിന്നീട് പ്രകൃതിവാതകംമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

തൃശൂര്‍ ആസ്ഥാനമായ ആരോഗ്യ സര്‍വകലാശാലയില്‍ 20 പുതിയ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സ്വയം ബില്ലെഴുതി ശമ്പളം വാങ്ങുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും 2011 ജനുവരി ഒന്നു മുതല്‍ ട്രഷറി സേവിങ്സ് ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചു. അമ്പതിനായിരത്തോളം ഗസറ്റഡ് ഓഫീസര്‍മാര്‍ക്കാണ് ഇത് ബാധകമാകുക. ജീവനക്കാരുടെ ശമ്പളം എടിഎം വഴിയാക്കുന്നതിന്റെ ആദ്യഘട്ടമായാണിത്. ബില്ലെഴുതി ട്രഷറിയില്‍ സമര്‍പ്പിച്ചാല്‍ ശമ്പളം അവരവരുടെ അക്കൌണ്ടില്‍ വരും. ചെക്ക് എഴുതി പണം പിന്‍വലിക്കാം. ഇതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം ട്രഷറി ഓഫീസര്‍മാര്‍ അക്കൌണ്ട് തുടങ്ങും. ഉദ്യോഗസ്ഥര്‍ പ്രത്യേകമായി അപേക്ഷിക്കേണ്ടതില്ല. അക്കൌണ്ടില്‍ അഞ്ഞൂറ് രൂപ യെങ്കിലും ബാക്കിയുണ്ടാകണമെന്ന നിബന്ധന മാറ്റും. ചുരുങ്ങിയത് നൂറ് രൂപ ബാക്കി ഉണ്ടായാല്‍ മതി. ന്യുനപക്ഷവിഭാഗങ്ങള്‍ക്ക് മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാനാവശ്യമായ തസ്തിക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലോളി കമ്മറ്റി ശുപാര്‍ശപ്രകാരമാണ് പരിശീലനകേന്ദ്രങ്ങള്‍. തിരുവനന്തപുരത്തും കൊച്ചിയിലുമാണ് കേന്ദ്രങ്ങള്‍. കോഴിക്കോട്, പയ്യന്നൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ നേരത്തേ കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു.

ദേശാഭിമാനി 011210

1 comment:

  1. കാസര്‍കോട് ജില്ലയിലെ ചീമേനിയില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കി താപവൈദ്യുതനിലയം സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. എല്‍എന്‍ജി പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന വൈദ്യുതപദ്ധതിക്ക് 14,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ഒന്നാംഘട്ടം 2014-15ല്‍ കമീഷന്‍ ചെയ്യും. 1200 മെഗാവാട്ട് ഉല്‍പ്പാദനമാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നത്. രണ്ടാംഘട്ടം 2019-20ല്‍ പൂര്‍ത്തിയാക്കും. കേരളത്തിന്റെ വ്യാവസായിക പുരോഗതിക്ക് വഴിതുറക്കുന്ന താപവൈദ്യുതനിലയം സംയുക്തസംരംഭമായി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനും കെഎസ്ഇബിക്കുമായി 26 ശതമാനം ഓഹരിയുണ്ടാകും. പദ്ധതിയുടെ പ്രാഥമിക നടപടിക്കായി സര്‍ക്കാരും കെഎസ്ഇബിയും കെഎസ്ഐഡിസിയും ഉള്‍പ്പെടുന്ന പ്രത്യേക കമ്പനി രൂപീകരിക്കും. 74 ശതമാനം ഓഹരി സംയുക്തസംരംഭത്തിലെ പങ്കാളിക്ക് നല്‍കും. പങ്കാളിയെ കണ്ടെത്താനായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കും. പദ്ധതിക്ക് 2000 ഏക്കര്‍ ഭൂമി കൈമാറുന്നതിനുള്ള നടപടിയും പുരോഗമിക്കുന്നുണ്ട്. പാന്റേന്‍ കോര്‍പറേഷന്റെ അധീനതയിലുള്ള ഭൂമിയാണ് കൈമാറുന്നത്. നിലയം പൂര്‍ത്തിയാകുന്നതോടെ ഒട്ടേറെ അനുബന്ധ വ്യവസായങ്ങള്‍ക്കും സാധ്യത തെളിയും. കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ പൈപ്പ് ലൈന്‍വഴി പ്രകൃതിവാതകം ചീമേനിനിലയത്തില്‍ എത്തിക്കും. ഇന്ധനമായി കല്‍ക്കരിയും പ്രകൃതിവാതകവും ഉപയോഗിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. പിന്നീട് പ്രകൃതിവാതകംമാത്രം മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

    ReplyDelete