Wednesday, December 8, 2010

സംസ്ഥാന വാര്‍ത്തകള്‍ 5

ട്രഷറി സേവിങ്സ് പലിശ അര ശതമാനം കൂട്ടി

ആലപ്പുഴ: ട്രഷറി സേവിങ്സ് ബാങ്കിന്റെ പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. ട്രഷറികളില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കിയ ജനുവരി 15 ഇനി മുതല്‍ ഉപഭോക്തൃ ദിനമായി ആചരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ട്രഷറികളില്‍ അടിസ്ഥാന സൌകര്യ വികസന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സംസ്ഥാനതല വിതരണം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവീകരണത്തിന്റെ ഭാഗമായി 114 പുതിയ ട്രഷറികള്‍ക്ക് കെട്ടിടം പണിയാന്‍ അനുവാദം കൊടുത്തു. നിലവിലുള്ള ട്രഷറികളിലെ സംവിധാനത്തിന് മാറ്റം വരുത്താന്‍ 120 കോടി രൂപ അനുവദിച്ചു. 21 കോടി രൂപയുടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് നല്‍കുന്നത്. 12 കോടി രൂപയുടെ ഉപകരണങ്ങളുടെ വിതരണമാണ് തിങ്കളാഴ്ച നടന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി അധ്യക്ഷയായി

ജിഎസ്ടി യോഗത്തില്‍ വീണ്ടും തീരുമാനമായില്ല


ന്യൂഡല്‍ഹി: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതാധികാരസമിതി യോഗം കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളുമായുള്ള അഭിപ്രായഭിന്നത പരിഹരിക്കാതെ പിരിഞ്ഞു. എട്ട് സംസ്ഥാന ധനമന്ത്രിമാര്‍ പങ്കെടുത്ത യോഗം സുപ്രധാന പ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്തില്ല. വടക്കുകിഴക്കന്‍ മേഖലയിലും മറ്റു പിന്നോക്ക സംസ്ഥാനങ്ങള്‍ക്കും ഇളവുപരിധി കുറയ്ക്കുന്നത് ചര്‍ച്ചചെയ്ത് യോഗം പിരിയുകയായിരുന്നു. ജിഎസ്ടി നടപ്പാക്കാന്‍വേണ്ട ഭരണഘടനാ ഭേദഗതി, മൂന്നുതലത്തിലുള്ള നികുതിനിരക്കുഘടന തുടങ്ങിയ പ്രശ്നങ്ങള്‍ യോഗം ചര്‍ച്ചയ്ക്കെടുത്തില്ല. ജിഎസ്ടി നടപ്പാക്കുമ്പോള്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനുള്ള നിര്‍ദേശങ്ങളെ ചൊല്ലി തര്‍ക്കം തുടരുകയാണ്. നഷ്ടം നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചെന്ന് ഉന്നതാധികാരസമിതി ചെയര്‍മാനായ പശ്ചിമബംഗാള്‍ ധനമന്ത്രി അസിം ദാസ്ഗുപ്ത പറഞ്ഞു. ജിഎസ്ടി നടപ്പാക്കാന്‍വേണ്ട ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിക്കുന്ന കൌണ്‍സിലില്‍ കേന്ദ്ര ധനമന്ത്രിക്ക് കല്‍പ്പിച്ചുനല്‍കിയിരുന്ന വീറ്റോ അധികാരത്തിനെതിരെയാണ് സംസ്ഥാനങ്ങളുടെ എതിര്‍പ്പ്. ജിഎസ്ടി കൌസിലില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കാന്‍പോലും കേന്ദ്ര ധനമന്ത്രിയുടെ അനുമതി വേണമെന്ന വ്യവസ്ഥ സമവായത്തിലൂടെ തീരുമാനം എടുക്കണമെന്നാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായി അഭിപ്രായസമന്വയം ഉണ്ടാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ചരക്കുസേവനനികുതി 2011 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാകില്ലെന്ന് നേരത്തെതന്നെ ഉറപ്പായിരുന്നു. എല്ലാ സംസ്ഥാനവും നിയമം പാസാക്കുകയും വേണം. ആദ്യവര്‍ഷം തന്നെ ആയിരം കോടിയോളം രൂപയുടെ നികുതി വരുമാനം അധികം ലഭിക്കുമെന്നതിനാല്‍ ജിഎസ്ടി ഉടന്‍ നടപ്പാക്കണമെന്ന നിലപാടിലാണ് കേരളം. സംസ്ഥാന വാണിജ്യനികുതി കമീഷണര്‍ സുമന്‍ ബില്ല യോഗത്തില്‍ പങ്കെടുത്തു.

ആലപ്പുഴ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ലയാകുന്നു

ആലപ്പുഴ: ആലപ്പുഴയെ സമ്പൂര്‍ണ്ണ വൈദ്യുതീകരിക്കപ്പെട്ട നാലാമത്തെ ജില്ലയായി ജനുവരി 26 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തെക്കുറിച്ച് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന ആലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹരിപ്പാട്, ആലപ്പുഴ മണ്ഡലങ്ങള്‍ ഒഴികെ ചെങ്ങന്നൂര്‍, കുട്ടനാട്, അമ്പലപ്പുഴ, അരൂര്‍, ചേര്‍ത്തല, മാരാരിക്കുളം, കായംകുളം, മാവേലിക്കര എന്നീ നിയോജകമണ്ഡലങ്ങളിലും പന്തളം നിയോജകമണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലുമായി ആകെ 7330 വീടുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കണം. ഇതിനായി ആകെ 5.78 കോടി രൂപ വേണ്ടിവരും. ഓരോ നിയോജക മണ്ഡലത്തിലും എസ്റിമേറ്റ് തയ്യാറാക്കി അതിന്റെ പകുതി ഒരു കോടി രൂപവരെ കെഎസ്ഇബിയും ബാക്കി എംഎല്‍എയുടെ നേതൃത്വത്തില്‍ എംപി ഫണ്ട്, എംഎല്‍എഫണ്ട്, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്ളാന്‍ ഫണ്ട്, ഗ്രാന്റ്-ഇന്‍-എയ്ഡ് തുടങ്ങി വിവിധ സ്രോതസുകളില്‍ നിന്ന് ഫണ്ട് കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ചിലവീടുകളില്‍ ലൈന്‍ വലിക്കാന്‍ കസന്റിന്റെ പ്രശ്നമുണ്ടാവാം. കലക്ടറുടെ നേതൃത്വത്തില്‍ പ്രാദേശികമായി സിറ്റിങ് നടത്തി പ്രശ്നം പരിഹരിക്കാന്‍ കസന്റ് അദാലത്തുകള്‍ നടത്താവുന്നതാണ്. വീട്ടുനമ്പര്‍ കിട്ടാത്ത വീടുകള്‍ക്ക് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ കണക്ഷന്‍ കൊടുക്കാനും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

വയറിങ് ചെയ്യാനോ സിഡി അടച്ച് കണക്ഷന്‍ രജിസ്റര്‍ ചെയ്യാനോ കഴിയാത്ത വീടുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേകം പദ്ധതി തയ്യാറാക്കണം. ജനുവരി 26 ന് പ്രഖ്യാപിക്കുന്ന പഞ്ചായത്തുകളുടെ ഭരണാനുമതിയ്ക്ക് വേണ്ടിയുള്ള രേഖകള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ നിയോജക മണ്ഡലങ്ങളിലും ഡിസംബര്‍ 13 ന് മുമ്പ് എംഎല്‍എമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേരും. ഈ യോഗത്തില്‍ വിഹിതം സംബന്ധിച്ച് അന്തിമ തീരുമാനമാകും. ഇവിടെ നിന്നും ലഭിക്കുന്ന തീരുമാനം ബോര്‍ഡിനെ അറിയിക്കും. ബോര്‍ഡ് ആവശ്യമായ ഉത്തരവ് നല്‍കും. പഞ്ചായത്തുകളുടെ പശ്ചാത്തല മേഖലയ്ക്കുള്ള ഫണ്ട് പദ്ധതിയ്ക്ക് വിനിയോഗിക്കാം. ഇതിനായി എംപിമാര്‍ രക്ഷാധികാരികളും കലക്ടര്‍ ജനറല്‍ കവീനറായും എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്മാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ളാനിങ് ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ എന്നിവര്‍ അംഗങ്ങളും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കണ്‍വീനറായും ജില്ലാതല മോണിട്ടറിങ് സമിതി രൂപീകരിച്ചു. മോണിട്ടറിങ് സമിതി അവലോകനയോഗം ചേരും.

യോഗത്തില്‍ എംഎല്‍എമാരായ എ എം ആരിഫ്, സി കെ സദാശിവന്‍, പി തിലോത്തമന്‍, കെ കെ ഷാജു, കലക്ടര്‍ പി വേണുഗോപാല്‍, സുധാദേവി, കെ അശോകന്‍, പി സുരേഷ് ചന്ദ്രന്‍ നായര്‍, സഹകരണ മന്ത്രി, ധനമന്ത്രി തുടങ്ങിയവരുടെ പ്രതിനിധികളും പങ്കെടുത്തു.

കാന്തല്ലൂരില്‍ കൊയ്ത്ത് തുടങ്ങി


മറയൂര്‍: കാന്തല്ലൂരിലെ നെല്‍പ്പാടങ്ങളില്‍ കൊയ്ത്ത് തുടങ്ങി. 15 വര്‍ഷമായി തരിശിട്ടിരുന്ന പാടങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിലാണ് 700 ഹെക്ടര്‍ സ്ഥലത്ത് വിത്ത് വിതച്ചത്. വിനോദസഞ്ചാരമേഖലയായ ഇവിടെ നെല്‍പാടങ്ങള്‍ വിളഞ്ഞുകിടക്കുന്നത് സഞ്ചാരികള്‍ക്ക് മനോഹരമായ കാഴ്ചയാണ്. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള കഴിഞ്ഞ ഭരണസമിതിയുടെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് കൃഷിയിറക്കിയത്. തുടര്‍ന്നും കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകരും തൊഴിലാളികളും. സംഭരണവില ഉയര്‍ത്തിയതിനാല്‍ കൂടുതല്‍ കര്‍ഷകര്‍ ഈ രംഗത്തേയ്ക്ക് വരുന്നുണ്ട്.

കരപ്പുറത്ത് 200 ഹെക്ടറില്‍കൂടി പച്ചക്കറികൃഷി

എസ്എല്‍ പുരം: കരപ്പുറത്ത് 200 ഹെക്ടറില്‍ അധികമായി പച്ചക്കറികൃഷി വ്യാപിപ്പിക്കുകയും 3000 മെട്രിക് ട ഉല്‍പ്പാദനം കൈവരിക്കുകയും എന്ന ലക്ഷ്യത്തോടെയുള്ള കരപ്പുറം സമഗ്ര പച്ചക്കറികൃഷി വികസന വിപണനപദ്ധതിക്ക് തുടക്കമായി. 700 പുതിയ കര്‍ഷകരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൃഷിവകുപ്പ്, വിഎഫ്പിസികെ, ജില്ലാ പഞ്ചായത്ത്, നബാര്‍ഡ് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 200 ഹെക്ടറിലെ പച്ചക്കറികൃഷിക്ക് ആവശ്യമായ നടീല്‍വസ്തുക്കളും വിത്തുകളും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വിഎഫ്പിസികെ വിത്തുല്‍പ്പാദനകേന്ദ്രത്തില്‍നിന്നാണ് വിതരണം ചെയ്യുന്നത്. പത്തിനം പച്ചക്കറികളുടെ വിത്താണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഉല്‍പ്പന്നങ്ങള്‍ സംഭരിക്കാനും വിറ്റഴിക്കാനും വിഎഫ്പിസികെയ്ക്ക് പദ്ധതിയുണ്ട്.

ചേര്‍ത്തല തെക്ക്, മാരാരിക്കുളം, തുറവൂര്‍, പാണാവള്ളി എന്നിവിടങ്ങളിലാണ് വിപണനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. എസ്എല്‍ പുരം രംഗകല ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ധനമന്ത്രി ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ അധ്യക്ഷനായി. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ വിജയന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി, ജില്ലാ പഞ്ചായത്തംഗം പി പി സംഗീത, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്‍ത്തികേയന്‍, ജോസ് ജോസഫ്, മാലൂര്‍ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കെ കുസുമം സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടര്‍ ജൂലി സൂസന്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.

എറണാകുളം ജനുവരിയില്‍ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ല

കൊച്ചി: ജനുവരി 26 നുള്ളില്‍ ജില്ലയിലെ മുഴുവന്‍ വീടും വൈദ്യുതീകരിക്കാനുള്ള കര്‍മപദ്ധതിക്കു രൂപമായി. ഇതോടെ സമ്പൂര്‍ണമായി വൈദ്യുതിയെത്തുന്ന മൂന്നാമത്തെ ജില്ലയായി എറണാകുളം മാറും. മന്ത്രി എ കെ ബാലന്റെ സാന്നിധ്യത്തില്‍ വൈദ്യുതി ബോര്‍ഡിന്റെയും മറ്റു വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ജില്ലയിലെ14നിയോജകമണ്ഡലങ്ങളില്‍ ആലുവ, വടക്കേക്കര എന്നിവ ഇപ്പോള്‍തന്നെ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന മണ്ഡലങ്ങളിലായി 9837 വീടാണ് വൈദ്യുതീകരിക്കാനുള്ളത്. ഈ വീടുകളില്‍ സൌജന്യമായി വൈദ്യുതി എത്തിക്കാന്‍ ഏഴരക്കോടി രൂപ ചെലവാകും. ഈ തുകയുടെ പകുതി തദ്ദേശസ്ഥാപനങ്ങളില്‍നിന്നും എംഎല്‍എഫണ്ടില്‍നിന്നും കണ്ടെത്തും. ബാക്കി കെഎസ്ഇബി വഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ ഇതിനാവശ്യമായ തുക നീക്കിവയ്ക്കും. ഫണ്ടില്‍നിന്ന് ആവശ്യമായ തുക നല്‍കുമെന്ന് യോഗത്തില്‍ എംഎല്‍എമാര്‍ ഉറപ്പുനല്‍കി. തദ്ദേശസ്ഥാപനങ്ങള്‍ ഇതുവരെ ഒന്നരക്കോടി നല്‍കി. എംഎല്‍എമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപന പ്രസിഡന്റുമാരുടെ യോഗവും ചേരും. എല്ലാ വിഭാഗത്തിലുമുള്ള ഗുണഭോക്താക്കള്‍ക്കും വൈദ്യുതി നല്‍കും. ഓരോ വിഭാഗത്തിലുമുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുകയാണ്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, പറവൂര്‍, പള്ളുരുത്തി മണ്ഡലങ്ങളിലാണ് കൂടുതല്‍ വീടുകള്‍ വൈദ്യുതീകരിക്കാനുള്ളത്. എംഎല്‍എമാര്‍, വിവിധ വകുപ്പ് തലവന്മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ട്രാന്‍സ്മിഷന്‍ അംഗം കെ അശോകന്‍, ചീഫ് എന്‍ജിനിയര്‍ ജി സുധാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

700 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി

കൊച്ചി: സ്വന്തമായി ഒരുതുണ്ട് ഭൂമി കിട്ടിയ സന്തോഷത്തിലാണ് ജില്ലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍. ആലുവ പ്രിയദര്‍ശിനി ഹാളില്‍ നടന്ന ജില്ലാതല പട്ടയ വിതരണമേളയില്‍ 700 കുടുംബങ്ങള്‍ക്ക്് തിങ്കളാഴ്ച പട്ടയം വിതരണംചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 208 പേര്‍ക്കും പ്രകൃതിദുരന്ത നിവാരണാശ്വാസനിധിയില്‍നിന്ന് 263 പേര്‍ക്കും ധനസഹായവും വിതരണംചെയ്തു. മന്ത്രി കെ പി രാജേന്ദ്രന്‍ മേള ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ എസ് ശര്‍മ, ജോസ് തെറ്റയില്‍ എന്നിവര്‍ പട്ടയം വിതരണംചെയ്തു.

പുറമ്പോക്കില്‍ താമസിക്കുന്ന 260 പേര്‍ക്കും മിച്ചഭൂമിയില്‍ പാര്‍ക്കുന്ന 65 പേര്‍ക്കും കൈവശാവകാശരേഖയില്ലാത്ത ഒമ്പതുപേര്‍ക്കുമുള്ള പട്ടയമാണ് വിതരണംചെയ്തത്. ലാന്‍ഡ് ട്രിബ്യൂണല്‍വഴിയുള്ള പരാതിയിലൂടെ ഭൂമിപ്രശ്നം പരിഹരിച്ച 140 പേര്‍ക്കും കാണംപുറം വകയില്‍ കണയന്നൂര്‍, പറവൂര്‍ താലൂക്കുകളിലായി താമസിക്കുന്ന 187 പേര്‍ക്കും പട്ടയം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള ചികിത്സാസഹായമായി 9,29,000 രൂപ 208 പേര്‍ക്കായി വിതരണംചെയ്തു. പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച 263 പേര്‍ക്കായി 9,37,150 രൂപ നല്‍കി. സംസ്ഥാനതല ക്വിസ്മത്സര വിജയികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്തു. യോഗത്തില്‍ എ എം യൂസഫ് എംഎല്‍എ അധ്യക്ഷനായി. എംഎല്‍എമാരായ എം എം മോനായി, വി കെ ഇബ്രാഹിംകുഞ്ഞ്, ആലുവ മുനിസിപ്പല്‍ ചെയര്‍മാന്‍ എം ടി ജേക്കബ് എന്നിവരും സംബന്ധിച്ചു.

ജലസംഭരണിയില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപം പദ്ധതി തുടങ്ങി


കോതമംഗലം: ജലകൃഷി വികസന ഏജന്‍സിയും നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡും ചേര്‍ന്നു നടപ്പാക്കുന്ന ജലസംഭരണികളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപപദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഭൂതത്താന്‍കെട്ട് ജലസംഭരണിയില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ടി യു കുരുവിള എംഎല്‍എ നിര്‍വഹിച്ചു. കട്ല, രോഹു, മുഗാല എന്നീ ഇനത്തിലുള്ള 4,56,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ജലാശയത്തില്‍ നിക്ഷേപിച്ചത്. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സി ജെ എല്‍ദോസ്, ജോയി കുര്യാക്കോസ്, ലൈജുപണിക്കര്‍, മോളി ഏലിയാസ്, ലിസി ആന്റണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ ജി ജോര്‍ജ്കുട്ടി, കെ കെ പൊന്നമ്മ, എം പി ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കുട്ടി പൊലീസ് റെഡി


എസ്എല്‍ പുരം: എസ്എല്‍ പുരം ജിഎസ്എംഎം ഗവമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് (കുട്ടി പൊലീസ്) പദ്ധതിക്ക് തുടക്കമായി. 42 കുട്ടികളാണ് ഈ സന്നദ്ധസേനയിലെ അംഗങ്ങള്‍. മദ്യ-മയക്കുമരുന്ന് ഉപയോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം, വിദ്യാര്‍ഥികളില്‍ ദേശസ്നേഹവും നിയമബോധവും വളര്‍ത്തുക, വ്യക്തമായ ലക്ഷ്യബോധത്തോടെ ജീവിക്കുന്ന പുതുതലമുറയെ സൃഷ്ടിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവ കുട്ടി പൊലീസ് ഏറ്റെടുക്കും. കുട്ടി പൊലീസിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ടി എം തോമസ് ഐസക്ക് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി പി സംഗീത അധ്യക്ഷയായി. പൊലീസ് സൂപ്രണ്ട് എ അക്ബര്‍, ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി എ വിജയന്‍, കെ നസറുദ്ദീന്‍, പ്രഭാമധു, മണിക്കുട്ടി, മാലൂര്‍ ശ്രീധരന്‍, സുലതാദേവി, ടി രാധാകൃഷ്ണക്കുറുപ്പ്, പി പി അശോകന്‍, കെ ശ്രീലത എന്നിവര്‍ സംസാരിച്ചു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ സുന്ദര്‍രാജ് സ്വാഗതവും പ്രധാനാധ്യാപിക മേരിക്കുട്ടി ലൂക്കോസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി 071210

1 comment:

  1. ട്രഷറി സേവിങ്സ് ബാങ്കിന്റെ പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ചതായി മന്ത്രി തോമസ് ഐസക് പറഞ്ഞു. ട്രഷറികളില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കിയ ജനുവരി 15 ഇനി മുതല്‍ ഉപഭോക്തൃ ദിനമായി ആചരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ട്രഷറികളില്‍ അടിസ്ഥാന സൌകര്യ വികസന പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സംസ്ഥാനതല വിതരണം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവീകരണത്തിന്റെ ഭാഗമായി 114 പുതിയ ട്രഷറികള്‍ക്ക് കെട്ടിടം പണിയാന്‍ അനുവാദം കൊടുത്തു. നിലവിലുള്ള ട്രഷറികളിലെ സംവിധാനത്തിന് മാറ്റം വരുത്താന്‍ 120 കോടി രൂപ അനുവദിച്ചു. 21 കോടി രൂപയുടെ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളുമാണ് നല്‍കുന്നത്. 12 കോടി രൂപയുടെ ഉപകരണങ്ങളുടെ വിതരണമാണ് തിങ്കളാഴ്ച നടന്നത്.

    ReplyDelete