ന്യൂഡല്‍ഹി: സ്പെക്ട്രം അഴിമതി അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററിസമിതി രൂപീകരിച്ചില്ലെങ്കില്‍ ബജറ്റുസമ്മേളനത്തിലും പ്രതിഷേധം തുടരുമെന്ന് യുപിഎ-എന്‍ഡിഎ ഇതര കക്ഷികള്‍ വ്യക്തമാക്കി. ബജറ്റുസമ്മേളനം സമാധാനപരമായി നടത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്ന് ഇടതുപക്ഷപാര്‍ടികളുടെ നേതൃത്വത്തില്‍ ചേര്‍ന്ന 11 രാഷ്ട്രീയകക്ഷികളിലെ എംപിമാരുടെ യോഗം ഓര്‍മിപ്പിച്ചു. ജെപിസി ആവശ്യപ്പെട്ട് ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ പ്രധാനകവാടത്തില്‍ ധര്‍ണ നടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ സിപിഐ എം, സിപിഐ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍എസ്പി, ടിഡിപി, ജനതാദള്‍-എസ്, എഐഎഡിഎംകെ, എംഡിഎംകെ, എജിപി, ബിജെഡി, ആര്‍എല്‍ഡി എന്നീ പാര്‍ടികളിലെ എഴുപതോളം എംപിമാര്‍ പങ്കെടുത്തു. ധനവിനിയോഗബില്ലുകളും ഉപധനാഭ്യര്‍ഥനകളും ചര്‍ച്ച കൂടാതെ പാസാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം അംഗീകരിച്ച പ്രമേയം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ് സ്പെക്ട്രം വില്‍പ്പനയെന്നും അതുകൊണ്ടുതന്നെ ജെപിസി രൂപീകരിക്കണമെന്നും യോഗത്തിനുശേഷം സിപിഐ എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റ് സ്തംഭനത്തിന് കാരണം യുപിഎ സര്‍ക്കാര്‍മാത്രമാണ്. പാര്‍ലമെന്ററി ജനാധിപത്യത്തെത്തന്നെയാണ് സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. ബൊഫോഴ്സ് കാലത്തെന്നപോലെ എംപിമാര്‍ കൂട്ട രാജിവയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍, ഇല്ലെന്നായിരുന്നു യെച്ചൂരിയുടെ ഉത്തരം. കോണ്‍ഗ്രസ് എംപിമാര്‍ സിറ്റിങ് അലവന്‍സ് വാങ്ങാത്തത് പാര്‍ലമെന്റ് തടസ്സപ്പെടുത്തുന്നത് തങ്ങളാണെന്ന കുറ്റബോധംകൊണ്ടാണെന്നും യെച്ചൂരി പറഞ്ഞു. അഴിമതിക്കെതിരെ പറയാന്‍ ബിജെപിക്ക് ധാര്‍മികാവകാശമില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും ജെഡി-എസ് നേതാവുമായ ദേവഗൌഡ പറഞ്ഞു. അഴിമതിക്കെതിരെയുള്ള ബിജെപിയുടെ പോരാട്ടം വെറും അവസരവാദമാണെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. കര്‍ണാടകത്തില്‍ ഭൂമി കുംഭകോണത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ സംരക്ഷിക്കുന്ന ബിജെപിയുടെ സമീപനം അവസരവാദത്തിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോര്‍പറേറ്റ് ലോബിയും അഴിമതിയില്‍ ഉള്‍പ്പെട്ടതുകൊണ്ടാണോ സര്‍ക്കാര്‍ ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്ന്് എഐഎഡിഎംകെ നേതാവ് തമ്പിദുരൈ ചോദിച്ചു.
തോമസിനെ എന്തുകൊണ്ട് നീക്കിക്കൂടാ: സുപ്രീംകോടതി
ന്യൂഡല്‍ഹി: ആരോപണവിധേയനായ ഒരാള്‍ എങ്ങനെയാണ് കേന്ദ്ര വിജിലന്‍സ് കമീഷണറായി തുടരുന്നതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പി ജെ തോമസിനും സുപ്രീംകോടതി നോട്ടീസയച്ചു. വിജിലന്‍സ് കേസില്‍ കുറ്റാരോപിതനായ തോമസിനെ സിവിസി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. തോമസിനെ എന്തുകൊണ്ട് സിവിസി സ്ഥാനത്തുനിന്ന് നീക്കിക്കൂടാ എന്നതിന് വ്യക്തമായ മറുപടി നല്‍കാനാണ് നോട്ടീസില്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ജനുവരി 27ന് കോടതി കേസില്‍ അന്തിമവാദം കേള്‍ക്കും. കേസ് വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് മറുപടി എത്രയുംവേഗം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും ആറാഴ്ച സമയം വേണമെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതി അഭ്യര്‍ഥിച്ചു.
കേന്ദ്ര സര്‍ക്കാരിനുള്ള നോട്ടീസ് കൈപ്പറ്റിയ വഹന്‍വതി പി ജെ തോമസിനുള്ള നോട്ടീസ് ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. കേസ് പി ജെ തോമസിന് സ്വന്തം നിലയ്ക്ക് വാദിക്കേണ്ടിവരുമെന്ന സൂചനയാണ് അറ്റോര്‍ണി ജനറല്‍ നല്‍കിയത്. ചീഫ് ജസ്റിസ് എസ് എച്ച് കപാഡിയ, ജസ്റിസുമാരായ കെ എസ് രാധാകൃഷ്ണന്‍, സ്വതന്തര്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. സിവിസി നിയമനത്തിന്റെ ഫയലുകള്‍ പരിശോധിച്ചെന്നും കേസ് അന്തിമവാദത്തിനായി മാറ്റുകയാണെന്നും ചീഫ് ജസ്റിസ് കപാഡിയ പറഞ്ഞു. കേസ് 27ലേക്ക് മാറ്റുകയാണെന്ന് അറിയിച്ച കോടതി അതിനുമുമ്പ് നോട്ടീസുകള്‍ക്കുള്ള മറുപടി ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സിവിസി നിയമനത്തിന്റെ ഫയല്‍ സര്‍ക്കാരിന് മടക്കിനല്‍കാന്‍ കോടതി രജിസ്ട്രിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
അങ്ങേയറ്റം ഗൌരവമുള്ള വിഷയമായതിനാല്‍ കോടതി കേസ് വേഗം തീര്‍പ്പാക്കണമെന്ന് ഹര്‍ജിക്കാരായ സെന്റര്‍ ഫോര്‍ പബ്ളിക് ഇന്ററസ്റ് ലിറ്റിഗേഷനുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷ അഭ്യര്‍ഥിച്ചു. പി ജെ തോമസിനുള്ള നോട്ടീസ് അറ്റോര്‍ണി ജനറലിനുതന്നെ ഏറ്റുവാങ്ങാവുന്നതാണെന്നും പ്രശാന്ത് ഭൂഷ അഭിപ്രായപ്പെട്ടു. ഈ ഘട്ടത്തിലാണ് തോമസിനുള്ള നോട്ടീസ് തനിക്ക് ഏറ്റുവാങ്ങാനാകില്ലെന്ന് വഹന്‍വതി അറിയിച്ചത്. അറ്റോര്‍ണി ജനറല്‍ നോട്ടീസ് ഏറ്റുവാങ്ങുന്നില്ലെങ്കില്‍ താന്‍തന്നെ അടുത്ത ദിവസം നോട്ടീസ് കൈമാറാമെന്ന് ഭൂഷ അറിയിച്ചു. കോടതിനടപടിയില്‍ സന്തോഷമുണ്ടെന്ന് പി ജെ തോമസ് പറഞ്ഞു. നോട്ടീസ് ലഭിച്ചതിലൂടെ തനിക്ക് പറയാനുള്ളത് കോടതിയെ ധരിപ്പിക്കാന്‍ അവസരം ലഭിച്ചിരിക്കയാണ്. ജനുവരി 27നുമുമ്പായി നോട്ടീസിന് മറുപടി നല്‍കുമെന്നും തോമസ് പറഞ്ഞു.
ദേശാഭിമാനി 071210
No comments:
Post a Comment