Tuesday, December 7, 2010

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ക്ളിനിക്കല്‍ പ്രാക്ടീസ് അനുവദിക്കില്ല:

കണ്ണൂര്‍: ഗവണ്‍മെന്റ് ആശുപത്രിക്കടുത്ത് മുറിയെടുത്ത് ക്ളിനിക്കല്‍ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ല. ലാബ് ടെക്നീഷ്യന്മാരുടെയടക്കം സേവനം ഉപയോഗിച്ചാണ് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കൊഴികെ ആരുടെയും സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നിട്ടും ചില ഡോക്ടര്‍മാര്‍ നിയമ വിരുദ്ധ മാര്‍ഗം സ്വീകരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ഓപ്പറേഷന്‍ ബ്ളോക്കും പേവാര്‍ഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പാവപ്പെട്ടവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ കിട്ടുന്ന കേന്ദ്രങ്ങളായി സര്‍ക്കാര്‍ ആശുപത്രികളെ മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇതിനാല്‍ രോഗികളെ ചൂഷണം ചെയ്യുന്ന ഒട്ടേറെ ചെറുകിട സ്വകാര്യ ആശുപത്രികള്‍ പൂട്ടി. സര്‍ക്കാര്‍ മേഖലയില്‍ ഒട്ടേറെ നേഴ്സിങ് കോളേജുകള്‍ സ്ഥാപിച്ചു. മാങ്ങാട്ടുപറമ്പ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയോടനുബന്ധിച്ച് പോസ്റ്റ് ബേസിക് നേഴ്സിങ് കോഴ്സ് ഉടന്‍ തുടങ്ങും. കണ്ണൂര്‍ എ കെ ജി സഹകരണ ആശുപത്രിക്കും ഈ കോഴ്സ് അനുവദിക്കും. ജില്ലയില്‍ ആരോഗ്യമേഖലയില്‍ വന്‍ പുരോഗതിയാണുണ്ടായത്. ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, പയ്യന്നൂര്‍ ആശുപത്രികള്‍ താലൂക്ക് ആശുപത്രികളാക്കി. തലശേരി ജനറല്‍ ആശുപത്രിയുടെ അറ്റകുറ്റപ്പണിക്ക് രണ്ടു കോടി രൂപ അനുവദിച്ചു. ജില്ലാആശുപത്രിയില്‍ സിടി സ്കാന്‍ സംവിധാനം ഉടന്‍ തുടങ്ങും.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണമേറ്റെടുക്കുമ്പോള്‍ ജില്ലാ ആശുപത്രിയില്‍ ഏഴു ഡോക്ടര്‍മാരായിരുന്നു. ഇപ്പോള്‍ 52 ഡോക്ടര്‍മാരുണ്ട്- മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചെലവിലാണ് ഓപ്പറേഷന്‍ തിയേറ്റര്‍ നവീകരിച്ചത്. കെഎച്ച്ആര്‍ഡബ്ള്യൂവാണ് സൊസെറ്റി പേവാര്‍ഡ് നവീകരിച്ചത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സ പി റോസ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി കെ ശബരീഷ്കുമാര്‍, പി പി മഹമ്മൂദ്, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഒ രമണി, ഡിഎംഒ രമേഷ് രൈരു, എന്‍ആര്‍എച്ച്എം ജില്ലാപ്രോഗ്രാം മാനേജര്‍ ദിലീപ് എന്നിവര്‍ സംസാരിച്ചു. ജില്ലാആശുപത്രി സൂപ്രണ്ട് എം വി ലക്ഷ്മണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍ സ്വാഗതവും ആര്‍എംഒ ബി സന്തോഷ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി 071210

2 comments:

  1. ഗവണ്‍മെന്റ് ആശുപത്രിക്കടുത്ത് മുറിയെടുത്ത് ക്ളിനിക്കല്‍ പ്രാക്ടീസ് നടത്തുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനം വച്ചുപൊറുപ്പിക്കില്ല. ലാബ് ടെക്നീഷ്യന്മാരുടെയടക്കം സേവനം ഉപയോഗിച്ചാണ് ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കൊഴികെ ആരുടെയും സ്വകാര്യ പ്രാക്ടീസ് സര്‍ക്കാര്‍ നിരോധിച്ചിട്ടില്ല. എന്നിട്ടും ചില ഡോക്ടര്‍മാര്‍ നിയമ വിരുദ്ധ മാര്‍ഗം സ്വീകരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നവീകരിച്ച ഓപ്പറേഷന്‍ ബ്ളോക്കും പേവാര്‍ഡും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    ReplyDelete
  2. സ്വകാര്യ പ്രാക്ടീസ് നടത്തിയ 5 ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ചിലരെ സ്ഥലം മാറ്റിയിട്ടുണ്ട്. വീട്ടലല്ലാതെ സ്വകാര്യ സ്ഥാപനത്തില്‍ പ്രാക്ടീസ് നടത്തിയവര്‍ക്കെതിരെയാണ് നടപടി. നേരത്തെ വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടപടി സ്വീകരിച്ചത്. (janayugom news 171210)

    ReplyDelete