Monday, December 6, 2010

മഴ മുടക്കിയത് 600 കോടിയുടെ റോഡ് പ്രവൃത്തി

കാലംതെറ്റി തോരാതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് 600 കോടി രൂപയുടെ റോഡുവികസന പ്രവര്‍ത്തനം അവതാളത്തിലായി. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ഉള്‍പ്പെടെ 4000 കിലോ മീറ്റര്‍ റോഡുകളുടെ നിര്‍മാണ, പുനരുദ്ധാരണ, അറ്റകുറ്റപ്പണികളാണ് മഴ കാരണം മുടങ്ങിയത്. ദേശീയപാതയുടെ അറ്റകുറ്റപ്പണിയും പ്രതിസന്ധിയിലായിട്ടുണ്ട്. നാലായിരം കിലോമീറ്റര്‍ റോഡുവികസനത്തിന് 600 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് ടെന്‍ഡര്‍ ഉള്‍പ്പെടെ നടപടിക്രമം പൂര്‍ത്തിയാക്കി കരാര്‍ ഉറപ്പിച്ചു. ടാര്‍, മെറ്റല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമഗ്രിയും ശേഖരിച്ചു. സാധാരണനിലയ്ക്ക് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഈ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. കേരളത്തിന്റെ സാഹചര്യമനുസരിച്ച് തുടര്‍ച്ചയായി അഞ്ചു ദിവസം മഴ പെയ്യാതിരുന്നാലേ ടാര്‍ ചെയ്ത റോഡിന് ആയുസ്സുണ്ടാകൂ. അല്ലാത്തപക്ഷം റോഡ് പൊട്ടിപ്പൊളിയും. ശബരിമല പാതയും തിരുവനന്തപുരത്തെ അട്ടക്കുളങ്ങര റോഡും ഇതിന് ഉദാഹരണമാണ്. പ്രതിപക്ഷം ഉള്‍പ്പെടെ അഭിനന്ദിക്കത്തക്കവിധം മെച്ചപ്പെട്ട രീതിയിലായിരുന്നു ശബരിമല റോഡുവികസനം നടന്നത്. മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. എന്നാല്‍,കനത്തമഴയില്‍ ഈ റോഡുകള്‍ തകര്‍ന്നു. 20 കോടി രൂപയാണ് ഈ ഇനത്തില്‍ നഷ്ടമായത്.

കനത്തമഴയില്‍ ഇങ്ങനെ അനവധി റോഡുകള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയശേഷവും അല്ലാതെയും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മഴ നില്‍ക്കാതെ റോഡ് പ്രവൃത്തി തുടങ്ങുന്നത് കനത്തനഷ്ടത്തിനിടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മഴ 15 ദിവസം വിട്ടുനിന്നാല്‍ റോഡുകളിലെ എല്ലാ കുഴിയും അടച്ച് പൂര്‍ണതോതില്‍ ഗതാഗതയോഗ്യമാക്കാന്‍ കഴിയുമെന്ന് പൊതുമരാമത്തുവകുപ്പ് അറിയിച്ചു. ഇതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 70 ശതമാനം കൂടുതലായാണ് മഴ ലഭിച്ചത്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴ. ഈ മഴ 15 വരെ തുടരുമെന്നാണ് സൂചന. 15നകം പണി തുടങ്ങി ഡിസംബര്‍ അവസാനമാകുമ്പോഴേക്കും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് അധികൃതരുടെ പ്രതീക്ഷ.

മഴ നിലയ്ക്കാതെ കേരളം; അരനൂറ്റാണ്ടിലെ റെക്കോഡ്

കേരളത്തില്‍ കാലം തെറ്റി തിമിര്‍ത്തുപെയ്യുന്ന മഴ സര്‍വകാല റെക്കോഡിലേക്ക്. രണ്ടുമാസമായി നിര്‍ത്താതെ പെയ്യുന്ന മഴ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തിയേറിയതാണെന്ന് കാലാവസ്ഥാനിരീക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദഗ്ധരുടെ പ്രവചനങ്ങള്‍ക്കുമപ്പുറം തുലാവര്‍ഷം (വടക്കുകിഴക്കന്‍ കാലവര്‍ഷം)തുടക്കം മുതല്‍ ഇടതടവില്ലാതെ ശക്തിയാര്‍ജിക്കുകയായിരുന്നു. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണിയടക്കമുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളെയും കാര്‍ഷികമേഖലയെയും പ്രതികൂലമായി ബാധിച്ച മഴ 15 വരെ തുടരുമെന്നാണ് നിഗമനം. തെക്കന്‍കേരളത്തിലും തമിഴ്നാട്ടിലും മഴ കൂടുതല്‍ കനക്കാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 71.1 ശതമാനം അധികമഴയാണ് തുലാവര്‍ഷകാലയളവില്‍ ലഭിച്ചത്. ഒക്ടോബര്‍ ആദ്യവാരം തുടങ്ങിയ തുലാവര്‍ഷത്തില്‍ 457.7 മില്ലീമിറ്റര്‍ മഴയാണ് കിട്ടേണ്ടത്. എന്നാല്‍, ലഭിച്ചത് 784.04 മില്ലീമീറ്റര്‍ അധിക മഴ. കണ്ണൂര്‍ ജില്ലയില്‍ പ്രതീക്ഷിച്ച അളവിനേക്കാള്‍ 126 ശതമാനവും തൃശൂരില്‍ 120 ശതമാനവും എറണാകുളത്ത് 102 ശതമാനവും പത്തനംതിട്ടയില്‍ 86 ശതമാവും അധികമഴ രേഖപ്പെടുത്തി.

പസഫിക് കടലില്‍ രൂപപ്പെട്ട ലാനിന പ്രതിഭാസമാണ് തെക്കേഇന്ത്യയിലടക്കം തുടര്‍ച്ചയായ മഴയ്ക്ക് കാരണമായതെന്ന് കാലാവസ്ഥാവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിലെ താപനിലയിലുണ്ടായ മാറ്റം കാലവര്‍ഷക്കാറ്റിനെ സ്വാധീനിക്കുകയായിരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഒന്നിനുപിറകെ മറ്റൊന്നായി രൂപപ്പെട്ട ന്യൂനമര്‍ദവും അതിനെതുടര്‍ന്നുള്ള കിഴക്കന്‍ കാറ്റ് തരംഗവും അനുകൂലഘടകങ്ങളായി. അറബിക്കടലിലും ഘടകങ്ങള്‍ അനുകൂലമായിരുന്നു. നവംബര്‍ മധ്യത്തിനുശേഷം ദുര്‍ബലമാകാറുള്ള വടക്ക് കിഴക്കന്‍ കാലവര്‍ഷം ഈ വര്‍ഷം പതിവ് തെറ്റിച്ചു. സംസ്ഥാനത്ത് പൊതുവെ കാലവര്‍ഷം ആരംഭിച്ചത് ജൂണിലാണെങ്കിലും മലബാറിലെ ചില ജില്ലകളില്‍ മെയ് മാസം മുതല്‍ മഴയാണ്. ശ്രീലങ്കയുടെ തെക്ക് വരുംദിവസങ്ങളില്‍ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തമിഴ്നാട് തീരം വഴി വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് തെക്കന്‍ കേരളത്തില്‍ വീണ്ടും മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഡോ. കെ സന്തോഷ് പറഞ്ഞു. അറബിക്കടലില്‍ ലക്ഷദ്വീപിനുസമീപം രൂപംകൊണ്ട ന്യൂനമര്‍ദ പാത്തിയും മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും.
(ദിലീപ് മലയാലപ്പുഴ)

deshabhimani 051210&061210

1 comment:

  1. കാലംതെറ്റി തോരാതെ പെയ്യുന്ന മഴയില്‍ സംസ്ഥാനത്ത് 600 കോടി രൂപയുടെ റോഡുവികസന പ്രവര്‍ത്തനം അവതാളത്തിലായി. സംസ്ഥാന പാതകളും ജില്ലാ റോഡുകളും ഉള്‍പ്പെടെ 4000 കിലോ മീറ്റര്‍ റോഡുകളുടെ നിര്‍മാണ, പുനരുദ്ധാരണ, അറ്റകുറ്റപ്പണികളാണ് മഴ കാരണം മുടങ്ങിയത്. ദേശീയപാതയുടെ അറ്റകുറ്റപ്പണിയും പ്രതിസന്ധിയിലായിട്ടുണ്ട്. നാലായിരം കിലോമീറ്റര്‍ റോഡുവികസനത്തിന് 600 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരുന്നു. ഇതനുസരിച്ച് ടെന്‍ഡര്‍ ഉള്‍പ്പെടെ നടപടിക്രമം പൂര്‍ത്തിയാക്കി കരാര്‍ ഉറപ്പിച്ചു. ടാര്‍, മെറ്റല്‍ ഉള്‍പ്പെടെയുള്ള എല്ലാ സാമഗ്രിയും ശേഖരിച്ചു. സാധാരണനിലയ്ക്ക് സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഈ വികസനപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നു. കേരളത്തിന്റെ സാഹചര്യമനുസരിച്ച് തുടര്‍ച്ചയായി അഞ്ചു ദിവസം മഴ പെയ്യാതിരുന്നാലേ ടാര്‍ ചെയ്ത റോഡിന് ആയുസ്സുണ്ടാകൂ. അല്ലാത്തപക്ഷം റോഡ് പൊട്ടിപ്പൊളിയും. ശബരിമല പാതയും തിരുവനന്തപുരത്തെ അട്ടക്കുളങ്ങര റോഡും ഇതിന് ഉദാഹരണമാണ്. പ്രതിപക്ഷം ഉള്‍പ്പെടെ അഭിനന്ദിക്കത്തക്കവിധം മെച്ചപ്പെട്ട രീതിയിലായിരുന്നു ശബരിമല റോഡുവികസനം നടന്നത്. മുഖ്യമന്ത്രി വിളിച്ച അവലോകനയോഗത്തില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഇക്കാര്യം തുറന്നുപറയുകയും ചെയ്തു. എന്നാല്‍,കനത്തമഴയില്‍ ഈ റോഡുകള്‍ തകര്‍ന്നു. 20 കോടി രൂപയാണ് ഈ ഇനത്തില്‍ നഷ്ടമായത്.

    ReplyDelete