Monday, December 6, 2010

തസ്തിക ഒന്നിന് 7 ലക്ഷം

കല്‍പ്പറ്റ: വ്യാജരേഖയുണ്ടാക്കി വയനാട്ടില്‍ സര്‍ക്കാര്‍ജോലി തരപ്പെടുത്തിയവര്‍ നല്‍കിയത് ഒരു തസ്തികയ്ക്ക് ഏഴുലക്ഷമെന്ന് വെളിപ്പെടുത്തല്‍. കലക്ടറേറ്റിലെ എ-സെക്ഷന്‍ ക്ളര്‍ക്ക് അഭിലാഷ് എസ് പിള്ള വഴിയാണ് നിയമനം തരപ്പെടുത്തിയതെന്നും വ്യക്തമായി. താനും രണ്ട് സഹോദരന്മാരും 20 ലക്ഷം രൂപ നല്‍കിയാണ് ജോലി നേടിയതെന്ന് വ്യാജമായി തൊഴില്‍ സമ്പാദിച്ച കൊല്ലം പരവൂര്‍ പൂതക്കളത്തെ എ ആര്‍ ജ്യോതി ദേശാഭിമാനിയോട് പറഞ്ഞു. നിയമനതട്ടിപ്പിനെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. ഭരണഘടനാസ്ഥാപനമായ പിഎസ്സിയെപ്പോലും കബളിപ്പിച്ച തട്ടിപ്പ്സംഘത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും- അദ്ദേഹം പറഞ്ഞു. സംഭവം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

അതിനിടെ, വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ജോലി നേടിയതിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് നല്‍കിയ നിര്‍ദേശം വയനാട് കലക്ടറേറ്റില്‍നിന്ന് മുക്കിയതായും തെളിഞ്ഞു. ദൂരദര്‍ശന്റെ സുതാര്യകേരളം പരിപാടിയിലാണ് വ്യാജനിയമനം സംബന്ധിച്ച് കഴിഞ്ഞ ജൂണില്‍ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചത്. ഈ പരാതി അന്വേഷണത്തിനായി വയനാട് കലക്ടറേറ്റിലേക്ക് അയച്ചിരുന്നു. എന്നാല്‍, അതില്‍ നടപടിയുണ്ടായില്ല. തട്ടിപ്പിന് നേതൃത്വം നല്‍കിയ സെക്ഷന്‍ ക്ളര്‍ക്ക് അഭിലാഷ് എസ് പിള്ളയാണ് പരാതി ഒതുക്കിയത്. പരാതിയില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചതായാണ് അഭിലാഷ് കലക്ടറടക്കമുള്ളവരെ ധരിപ്പിച്ചത്. നിര്‍ദേശം കലക്ടറേറ്റിലെ ഉന്നതര്‍ പരിശോധിച്ചിരുന്നില്ലെന്നും വ്യക്തമായി. ജൂണിനു ശേഷമാണ് കൊല്ലം അഞ്ചല്‍ സ്വദേശികളായ കണ്ണന്‍, ശബരീനാഥന്‍, ജ്യോതി എന്നിവര്‍ സര്‍വീസില്‍ പ്രവേശിച്ചത്. തട്ടിപ്പ് സംബന്ധിച്ച മുഴുവന്‍ രേഖയും കലക്ടറേറ്റില്‍നിന്ന് കാണാതായതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് കലക്ടര്‍ നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ജി സ്പര്‍ജന്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കല്‍പ്പറ്റ ഡിവൈഎസ്പി പി ഡി ശശിക്ക് അന്വേഷണച്ചുമതല നല്‍കിയതായി എസ്പി പറഞ്ഞു. സംഭവത്തില്‍ കൊല്ലം, തിരുവനന്തപുരം, വയനാട്, മലപ്പുറം ജില്ലകളിലെ പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്. കൊല്ലത്തേക്ക് പ്രത്യേക പൊലീസ് സംഘത്തെ അയച്ചതായും എസ്പി പറഞ്ഞു.

തട്ടിപ്പിന്റെ വിവരം വെള്ളിയാഴ്ച പുറത്തായെങ്കിലും ശനിയാഴ്ച രാത്രി എട്ടരയ്ക്കാണ് കലക്ടര്‍ പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യു കമീഷണര്‍ കെ ആര്‍ മുരളീധരന്‍ തിങ്കളാഴ്ച വയനാട്ടിലെത്തും. പിഎസ്സി അറിയാതെ വയനാട്ടില്‍ റവന്യൂ വകുപ്പില്‍ എട്ടുപേര്‍ ജോലിയില്‍ കയറിയ വിവരമാണ് ഇതുവരെ പുറത്തുവന്നത്. കൂടുതല്‍ പേര്‍ ഇങ്ങനെ ജോലി സംഘടിപ്പിച്ചതായി സംശയമുണ്ട്. പിഎസ്സിക്ക് അപേക്ഷ പോലും നല്‍കാത്തവരാണ് വന്‍തുക നല്‍കി ജോലിയില്‍ കയറിയത്. ഇതിനായി വ്യാജരേഖകള്‍ ഉണ്ടാക്കിയതും പണം വാങ്ങിയ സംഘമാണെന്നാണ് സൂചന. റാങ്ക്ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പിലൂടെ ജോലിയില്‍ കയറിയ എട്ടുപേരും കലക്ടറേറ്റിലെ സെക്ഷന്‍ ക്ളര്‍ക്ക് അഭിലാഷ് എസ് പിള്ളയും സസ്പെന്‍ഷനിലാണിപ്പോള്‍. ഇവരെല്ലാം വയനാട്ടില്‍ നിന്ന് മുങ്ങിയിട്ടുണ്ട്.
(പി വി ജീജോ)

നിയമനകാര്യങ്ങള്‍ നിയന്ത്രിച്ചത് അഭിലാഷ്

കല്‍പറ്റ: വയനാട് കലക്ടറേറ്റിലെ സെക്ഷന്‍ ക്ളാര്‍ക്ക് അഭിലാഷ് പിള്ളയുടെ ഇടപെടലിന് അധികാരികളും വഴങ്ങി. ഹുസൂര്‍ ശിരസ്തദാര്‍, എഡിഎം എന്നിവരടക്കം ഉന്നത ഉദ്യോഗസ്ഥരൊന്നും പരിശോധിക്കാതെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എ സെക്ഷനിലെ ക്ളര്‍ക്ക് അഭിലാഷ് എസ് പിള്ളയാണ് പൂര്‍ണമായി നിയന്ത്രിച്ചത്. നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അയച്ച പരാതി ഒതുക്കിയത് അഭിലാഷാണെന്നും വ്യക്തമായി. കൊല്ലം അഞ്ചല്‍ പനച്ചിവിള സ്വദേശി സജിത് ആയിരുന്നു സുതാര്യകേരളം പരിപാടിയില്‍ മുഖ്യമന്ത്രിയോട് നിയമനത്തട്ടിപ്പിനെക്കുറിച്ച് പരാതിപ്പെട്ടത്. സിഎംപിജിആര്‍സി 25963/10/സിഎം എന്ന ഫയല്‍ നമ്പറിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാതോമസ് കലക്ടര്‍ക്കയച്ചത്. കലക്ടറേറ്റിലെ പരാതിപരിഹാര സെല്ലില്‍ 12/28089/10/പിജി-1 ആയി പരാതി കിട്ടിയതായി രേഖയുണ്ട്. നിയമനവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഫയല്‍ എ വ സെക്ഷനിലേക്ക് കൈമാറിയതായി കലക്ടര്‍ ടി ഭാസ്കരന്‍ പറഞ്ഞു.

3 വ്യാജന്മാര്‍ സഹോദരങ്ങള്‍

അഞ്ചല്‍: വ്യാജ പിഎസ്സി രേഖചമച്ച് വയനാട് ജില്ലയില്‍ റവന്യൂവകുപ്പില്‍ ജോലിനേടി പിടിയിലായ അഞ്ചല്‍ സ്വദേശികളായ ശബരിനാഥ്, കണ്ണന്‍, ജ്യോതി എന്നിവര്‍ സഹോദരങ്ങളാണ്. അഞ്ചല്‍ കമലവിലാസത്തില്‍ കൃഷ്ണന്‍ചെട്ടിയാരുടെ മക്കളാണ് മൂവരും. റിട്ട. പോസ്റ്റ്മാസ്റ്റര്‍ ആയ കൃഷ്ണന്‍ചെട്ടിയാര്‍ വ്യാജരേഖകള്‍ ഉണ്ടാക്കി പിഎസ്സി നിയമനം നടത്തിക്കൊടുക്കുന്ന കണ്ണിയുമായി ബന്ധപ്പെട്ട് മക്കള്‍ക്ക് ചുളുവില്‍ ജോലി സംഘടിപ്പിക്കുകയായിരുന്നു. രണ്ടുവര്‍ഷംമുമ്പാണ് ജ്യോതി വിവാഹിതയായി പരവൂര്‍ പൂതക്കുളത്ത് എത്തിയത്. എട്ടുലക്ഷം രൂപ നല്‍കിയാല്‍ പിഎസ്സിയില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് അഞ്ചല്‍, ഇടമുളയ്ക്കല്‍ പ്രദേശത്ത് പല ചെറുപ്പക്കാരെയും കൃഷ്ണന്‍ചെട്ടിയാര്‍ സമീപിച്ചിരുന്നു. ഇടുക്കിയിലുള്ള ഏജന്റ് വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്ന് ഇയാള്‍ പറഞ്ഞു. അഞ്ചല്‍ പനച്ചവിളയില്‍ ഹാര്‍ഡ്വെയര്‍ ഷോപ്പ് നടത്തിവന്ന ശബരിനാഥും കണ്ണനും പണം പലിശയ്ക്ക് കൊടുക്കലും ഉണ്ട്. പോസ്റ്റ് മാസ്റ്ററായിരിക്കെ തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ സര്‍വീസില്‍നിന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇദ്ദേഹം നടത്തിയ തട്ടിപ്പിന്റെ വാര്‍ത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ അന്ന് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന ഇ കെ നായനാര്‍ക്കെതിരെ ഇദ്ദേഹം കേസ് കൊടുത്ത സംഭവം ഉണ്ടായിട്ടുണ്ട്.

വയനാട്ടില്‍ 5 വര്‍ഷത്തെ എല്ലാ നിയമനവും അന്വേഷിക്കും

കല്‍പ്പറ്റ: വ്യാജ രേഖയുണ്ടാക്കി വയനാട്ടില്‍ റവന്യു വകുപ്പില്‍ ആറുപേര്‍ കൂടി ജോലിക്ക് കയറിയതായി കണ്ടെത്തി. വ്യാജരേഖ കാണിച്ച് സഹോദരങ്ങള്‍ സര്‍വീസില്‍ കയറിയത് സംബന്ധിച്ച അന്വേഷണത്തിലാണ് കൂടുതല്‍ തട്ടിപ്പ് പറത്തുവന്നത്. വ്യാജന്മാര്‍ ഇനിയുമുണ്ടായേക്കാമെന്ന നിഗമനത്തില്‍ ജില്ലയില്‍ അഞ്ച് വര്‍ഷമായി നടന്ന എല്ലാ നിയമനങ്ങളും അന്വേഷിക്കാന്‍ കലക്ടര്‍ ടി ഭാസ്കരന്‍ ഉത്തരവിട്ടു. പിഎസ്സിയുടെ ഉത്തരവ് വ്യാജമായി ഉണ്ടാക്കിയ സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്ന് പിഎസ്സി ചെയര്‍മാന്‍ കെ വി സലാഹുദ്ദീന്‍ പറഞ്ഞു. നിയമനത്തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ ആര്‍ മുരളീധരനെ ചുമതലപ്പെടുത്തിയതായി മന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു.

മാനന്തവാടി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ളാര്‍ക്ക് കൊല്ലം പറവൂര്‍ പൂതക്കളം എ ആര്‍ ജ്യോതി, വാളാട് വില്ലേജ് അസിസ്റ്റന്റ് മലപ്പുറം അരിയല്ലൂര്‍ കെ വി വിമല്‍, പനമരം വില്ലേജ് അസിസ്റ്റന്റ് തിരുവനന്തപുരം ആനാട് പി എ പ്രേംജിത്, മാനന്തവാടി റീസര്‍വേ അസിസ്റ്റന്റ് ഡയരക്ടറാഫീസിലെ എല്‍ഡിസി കൊല്ലം കൊട്ടാരക്കര കോട്ടാത്തള കണ്ണന്‍കര പുത്തന്‍വീട്ടില്‍ പി ഗോപകുമാര്‍, ബത്തേരി സര്‍വേ സൂപ്രണ്ട് ഓഫീസിലെ എല്‍ഡിസി തിരുവനന്തപുരം നെടുമങ്ങാട് ആനാട് കനകക്കോട്ടയില്‍ സൂരജ് എസ് കൃഷ്ണ, ബത്തേരി താലൂക്ക് ഓഫീസിലെ എല്‍ഡിസി നിലമ്പൂര്‍ എടക്കര കറുത്തേടത്ത്വീട്ടില്‍ കെ വി ഷംസിറ എന്നിവരാണ് വ്യാജരേഖയുടെ ബലത്തില്‍ ജോലി തരപ്പെടുത്തിയത്. അഞ്ച്കുന്ന് വില്ലേജ് അസിസ്റ്റന്റ് കൊല്ലം സ്വദേശി ശബരീനാഥ്, സഹോദരനും ബത്തേരി താലൂക്ക് ഓഫീസിലെ എല്‍ഡി ക്ളര്‍ക്കുമായ കണ്ണന്‍ എന്നിവര്‍ വ്യാജരേഖ ചമച്ച് ജോലി നേടിയതായി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. പിഎസ് സിയില്‍ അപേക്ഷ പോലും ഇരുവരും നല്‍കിയിരുന്നില്ല. റവന്യു വകുപ്പില്‍ ഒഴിവുള്ള എട്ട് പേരുടെ അഡ്വൈസ് മെമ്മോയാണ് പി എസ് സി കലക്ടറേറ്റിലേക്ക് അയച്ചത്. ഈ ലിസ്റ്റില്‍ ഒമ്പതാമനായാണ് ഒരാള്‍ കടന്ന് കൂടിയത്. നിയമനത്തിന് ഒരാള്‍ ഹാജരാകാതിരുന്ന ഒഴിവില്‍ (എന്‍ ജെ ഡി) രണ്ടാമനും കയറിപ്പറ്റി. പി എസ് സി ജില്ലാ കലക്ടര്‍ക്കയച്ച യഥാര്‍ഥ നിയമന കത്തില്‍ പേര് തിരുത്തിയും അധികമായി കൂട്ടിചേര്‍ത്തുമാണ് നിയമനത്തിന് വ്യാജഉത്തരവ് സമ്പാദിച്ചത്. പരീക്ഷ എഴുതിയതായി വ്യാജ ഐഡന്റിഫിക്കേഷന്‍ സര്‍ടിഫിക്കറ്റുകളും നിര്‍മിച്ചു. സംഭവത്തിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ നടന്നതായി സൂചനയുണ്ട്.

deshabhimani 061210

1 comment:

  1. വ്യാജരേഖയുണ്ടാക്കി വയനാട്ടില്‍ സര്‍ക്കാര്‍ജോലി തരപ്പെടുത്തിയവര്‍ നല്‍കിയത് ഒരു തസ്തികയ്ക്ക് ഏഴുലക്ഷമെന്ന് വെളിപ്പെടുത്തല്‍

    ReplyDelete