Monday, December 6, 2010

കൃഷിയിറക്കാനുണ്ടോ.... കൃഷി

തൃശൂര്‍: ആളൂര്‍ പാടത്ത് യന്ത്രവുമായി ഇന്ദിര ഞാറു നടുകയാണ്. ഒപ്പം സഹായത്തിന് ശ്യാംഭവിയുമുണ്ട്. വരിതെറ്റാതെ ഞാറ്റടി പാകി യന്ത്രം മുന്നോട്ട് നീങ്ങി. ഞാറ്റടിയാല്‍ പാടം പച്ചവിരിച്ചതോടെ അടുത്ത കണ്ടത്തിലേക്ക്. വരമ്പുമുറിച്ച് കടക്കുമ്പോള്‍ ഒരുകൂട്ടം വെള്ളക്കൊറ്റികളും കൂട്ടിന്. പാടത്തുപണിക്ക് ആളെ കിട്ടാനില്ലെന്ന പരാതിക്ക് മറുപടിയാണ് ഇന്ദിരയും സംഘവും. 13,000രൂപ ഏല്‍പ്പിച്ചാല്‍ ഒരേക്കറില്‍ ഞാറ്റടി മുതല്‍ കൊയ്ത്തുവരെയുള്ള പണി ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. കാര്‍ഷികയന്ത്രസാമഗ്രികളുമായി ഇവര്‍ പാടത്തെത്തും. മണിക്കൂറുകള്‍ക്കകം പണിപൂര്‍ത്തിയാക്കും. നിലം ഒരുക്കല്‍മുതല്‍ നെല്ലാക്കുന്നതുവരെയുള്ള പ്രവൃത്തികള്‍ മൊത്തമായും പണി തിരിച്ചും ഇവര്‍ ഏറ്റെടുക്കും. വിത്തും വളവും കീടനാശിനികളും കര്‍ഷകര്‍ നല്‍കണം. ട്രില്ലര്‍, ട്രാക്ടര്‍, വിതയ്ക്കല്‍ യന്ത്രം, നടീല്‍ യന്ത്രം, കളപറിക്കല്‍ യന്ത്രം, കൊയ്ത്തുമെതി യന്ത്രം എന്നിവയില്‍ പരിശീലനം നേടിയ 25പേരാണ് സംഘത്തിലുള്ളത്. 17പേര്‍ സ്ത്രീകളാണ്. കാര്‍ഷിക സര്‍വകലാശാല, റെയ്ഡ്കോ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കും. മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പരിശീലനംനേടിയത്. തുടര്‍ന്ന് സ്വന്തമായി യൂണിറ്റ് രൂപീകരിക്കുകയായിരുന്നു. കൊടകര വേങ്ങാശേരി മാരാത്ത് ഇന്ദിരാ ലോറന്‍സിന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ച് കര്‍ഷകമിത്ര എന്ന പേരിലാണ് കാര്‍ഷിക യന്ത്രസേവനകേന്ദ്രം തുടങ്ങിയത്. ലീലയാണ് സംഘം പ്രസിഡന്റ്.

പണിയെടുക്കുന്ന ദിവസങ്ങളില്‍ 300രൂപ വീതം ഒരോരുത്തര്‍ക്കും ലഭിക്കും. മിച്ച സംഖ്യ അംഗങ്ങള്‍ വീതിച്ചെടുക്കും. കൃഷിപ്പണിയില്ലാത്ത ദിവസങ്ങളില്‍ കാടുവെട്ട്, മരംമുറി എന്നീ പണികളിലും ഏര്‍പ്പെടും. മെച്ചപ്പെട്ട വരുമാനം എല്ലാവര്‍ക്കും ലഭിക്കുന്നതായി ഇന്ദിര പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കൃഷി അഭിവൃദ്ധിക്ക് വിവിധ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതോടെ കര്‍ഷകര്‍ കൂടുതലായി കൃഷിയിറക്കാന്‍ രംഗത്തെത്തി. പണിപൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ കൂടുതല്‍പ്പേരെ പരിശീലിപ്പിക്കുന്നുണ്ട്.
(സി എ പ്രേമചന്ദ്രന്‍)

ദേശാഭിമാനി 061210

1 comment:

  1. ആളൂര്‍ പാടത്ത് യന്ത്രവുമായി ഇന്ദിര ഞാറു നടുകയാണ്. ഒപ്പം സഹായത്തിന് ശ്യാംഭവിയുമുണ്ട്. വരിതെറ്റാതെ ഞാറ്റടി പാകി യന്ത്രം മുന്നോട്ട് നീങ്ങി. ഞാറ്റടിയാല്‍ പാടം പച്ചവിരിച്ചതോടെ അടുത്ത കണ്ടത്തിലേക്ക്. വരമ്പുമുറിച്ച് കടക്കുമ്പോള്‍ ഒരുകൂട്ടം വെള്ളക്കൊറ്റികളും കൂട്ടിന്. പാടത്തുപണിക്ക് ആളെ കിട്ടാനില്ലെന്ന പരാതിക്ക് മറുപടിയാണ് ഇന്ദിരയും സംഘവും. 13,000രൂപ ഏല്‍പ്പിച്ചാല്‍ ഒരേക്കറില്‍ ഞാറ്റടി മുതല്‍ കൊയ്ത്തുവരെയുള്ള പണി ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. കാര്‍ഷികയന്ത്രസാമഗ്രികളുമായി ഇവര്‍ പാടത്തെത്തും. മണിക്കൂറുകള്‍ക്കകം പണിപൂര്‍ത്തിയാക്കും. നിലം ഒരുക്കല്‍മുതല്‍ നെല്ലാക്കുന്നതുവരെയുള്ള പ്രവൃത്തികള്‍ മൊത്തമായും പണി തിരിച്ചും ഇവര്‍ ഏറ്റെടുക്കും. വിത്തും വളവും കീടനാശിനികളും കര്‍ഷകര്‍ നല്‍കണം. ട്രില്ലര്‍, ട്രാക്ടര്‍, വിതയ്ക്കല്‍ യന്ത്രം, നടീല്‍ യന്ത്രം, കളപറിക്കല്‍ യന്ത്രം, കൊയ്ത്തുമെതി യന്ത്രം എന്നിവയില്‍ പരിശീലനം നേടിയ 25പേരാണ് സംഘത്തിലുള്ളത്. 17പേര്‍ സ്ത്രീകളാണ്. കാര്‍ഷിക സര്‍വകലാശാല, റെയ്ഡ്കോ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നും യന്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കും. മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ പരിശീലനംനേടിയത്. തുടര്‍ന്ന് സ്വന്തമായി യൂണിറ്റ് രൂപീകരിക്കുകയായിരുന്നു. കൊടകര വേങ്ങാശേരി മാരാത്ത് ഇന്ദിരാ ലോറന്‍സിന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ച് കര്‍ഷകമിത്ര എന്ന പേരിലാണ് കാര്‍ഷിക യന്ത്രസേവനകേന്ദ്രം തുടങ്ങിയത്. ലീലയാണ് സംഘം പ്രസിഡന്റ്.

    ReplyDelete