Thursday, December 2, 2010

രാജയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസ്: സുപ്രീംകോടതി

സ്പെക്ട്രം ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നീതിയുക്തമായും സത്യസന്ധമായും വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഉന്നതരുമായി കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ നടത്തിയ സംഭാഷണങ്ങളുടെ പകര്‍പ്പ് കൈമാറാനും സ്പെക്ട്രം കേസില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസില്‍ വാദം തുടരുകയാണ്. സ്പെക്ട്രം ഇടപാടിന്റെ ഓരോഘട്ടവും സംശയകരമാണെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രകടമായി കാണാവുന്നതിനും അപ്പുറം പലതും സ്പെക്ട്രം ഇടപാടില്‍ നടന്നിട്ടുണ്ടെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

ധന- നിയമ മന്ത്രാലയങ്ങളും പ്രധാനമന്ത്രി കാര്യാലയവുമൊക്കെ സ്പെക്ട്രം വിതരണത്തില്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചതാണ്. ഇതെല്ലാം മറികടന്നാണ് ടെലികോം മന്ത്രാലയം നീങ്ങിയത്. സ്വകാര്യ ബിസിനസ് സ്ഥാപനം പോലെ ടെലികോം മന്ത്രാലയത്തിന് പ്രവര്‍ത്തിക്കാനാകില്ല. ലൈസന്‍സ് കിട്ടാന്‍ സാധ്യതയുള്ള കമ്പനികള്‍ക്ക് രേഖകളും ഡിമാന്റ് ഡ്രാഫ്റ്റുമൊക്കെ സമര്‍പ്പിക്കാന്‍ 45 മിനിറ്റ് മാത്രമാണ് സമയം അനുവദിച്ചത്. 45 മിനിറ്റിനുള്ളില്‍ എല്ലാ അപേക്ഷകരിലും വിവരങ്ങള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ 'ടെലിപ്പതി' സംവിധാനമാണോ ഉപയോഗിച്ചത്. എങ്ങനെയാണ് 45 മിനിറ്റ് മാത്രം അനുവദിക്കാനാവുക. സ്പെക്ട്രം ഇടപാടിലൂടെ സര്‍ക്കാര്‍ സംവിധാനത്തിന്റെയാകെ പ്രതിച്ഛായ ഇടിഞ്ഞിരിക്കയാണ്. ഒരു സര്‍ക്കാര്‍ വകുപ്പിന്റെ നീതിയുക്തമായ പ്രവര്‍ത്തനമായി സ്പെക്ട്രം ഇടപാടിനെ കാണാനാകുമോയെന്ന് കോടതി ടെലികോം വകുപ്പിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തോട് ആരാഞ്ഞു. കോടതിയുടെ വിമര്‍ശനം സോളിസിറ്റര്‍ ജനറലും അംഗീകരിച്ചു. കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും ഇടപാടില്‍ സംശയങ്ങളുള്ള ആളുകളുണ്ടായിരുന്നെന്നും സുബ്രഹ്മണ്യം പറഞ്ഞു. എന്നാല്‍, സംശയം പ്രകടിപ്പിച്ചവര്‍ സാധാരണ ആളുകളല്ലെന്നും ധനവകുപ്പിന്റെ പ്രതിനിധികളടക്കം ഉണ്ടെന്ന് കോടതിയും പറഞ്ഞു. ഇടപാടിനെ ന്യായീകരിക്കാന്‍ വീണ്ടും സോളിസിറ്റര്‍ ജനറല്‍ ശ്രമിച്ചപ്പോള്‍ കോടതി കൂടുതല്‍ രൂക്ഷമായി പ്രതികരിച്ചു.

"താങ്കളൊരു പ്രധാന സ്ഥാനമാണ് വഹിക്കുന്നതെന്ന് മറക്കരുത്. ഇടപാടിന്റെ ഓരോ ഘട്ടവും നിങ്ങള്‍ സ്വയം വിലയിരുത്തി നോക്കണം. എന്തായിരിക്കും നിങ്ങളുടെ അഭിപ്രായം''- കോടതി ചോദിച്ചു.

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ എ രാജ കോടതിയില്‍ ചോദ്യംചെയ്തു. 1.76 ലക്ഷം കോടി രൂപ സര്‍ക്കാരിന് നഷ്ടം വന്നെന്ന കണ്ടെത്തല്‍ ഊഹാപോഹങ്ങളുടെ മാത്രം അടിസ്ഥാനത്തിലാണെന്ന് രാജയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ടി ആര്‍ അന്ത്യാര്‍ജുന വാദിച്ചു. സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ പല മന്ത്രിമാര്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി അന്ത്യാര്‍ജുനയുടെ വാദം ഖണ്ഡിച്ചു പറഞ്ഞു. കണ്ടെത്തലുകളെ ഊഹാപോഹമെന്ന് പറഞ്ഞ് തള്ളാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയനേതാക്കള്‍, കോര്‍പറേറ്റ് തലവന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി നിര റാഡിയ നടത്തിയ സംഭാഷണങ്ങളുടെ യഥാര്‍ഥ പകര്‍പ്പുകള്‍ കൈമാറാന്‍ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ടേപ്പുകള്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ സൂക്ഷിക്കും. അവശ്യമുള്ളപ്പോള്‍ പരിശോധന നടത്താം- കോടതി അറിയിച്ചു.
(എം പ്രശാന്ത്)

ദേശാഭിമാനി 021210

1 comment:

  1. ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മുന്‍ ടെലികോം മന്ത്രി എ രാജയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് സുപ്രിം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നീതിയുക്തമായും സത്യസന്ധമായും വേണം പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഉന്നതരുമായി കോര്‍പറേറ്റ് ഇടനിലക്കാരി നിര റാഡിയ നടത്തിയ സംഭാഷണങ്ങളുടെ പകര്‍പ്പ് കൈമാറാനും സ്പെക്ട്രം കേസില്‍ കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസില്‍ വാദം തുടരുകയാണ്. സ്പെക്ട്രം ഇടപാടിന്റെ ഓരോഘട്ടവും സംശയകരമാണെന്ന് ജസ്റ്റിസുമാരായ ജി എസ് സിങ്വി, എ കെ ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രകടമായി കാണാവുന്നതിനും അപ്പുറം പലതും സ്പെക്ട്രം ഇടപാടില്‍ നടന്നിട്ടുണ്ടെന്നും കോടതി വാദത്തിനിടെ പറഞ്ഞു.

    ReplyDelete