Thursday, December 2, 2010

ജനങ്ങള്‍ക്കു സ്വീകാര്യമല്ലാത്തത് തിരുത്തും : പിണറായി

ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തതെല്ലാം പാര്‍ടിയും എല്‍ഡിഎഫും സര്‍ക്കാരും തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തി ജനവിശ്വാസം ആര്‍ജിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ് വിരുദ്ധതരംഗം മറികടക്കാന്‍ തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ കഴിഞ്ഞിട്ടില്ലെന്നാണ് പാര്‍ടിയുടെ വിലയിരുത്തല്‍. സംസ്ഥാനത്ത് എല്‍ഡിഎഫ് പൊതുവില്‍ യോജിച്ചാണ് പ്രവര്‍ത്തിച്ചത്. എടുത്തുപറയത്തക്ക തര്‍ക്കം ഉണ്ടായില്ല. എന്നാല്‍, ചുരുക്കം ചിലയിടങ്ങളില്‍ തര്‍ക്കമുണ്ടായി. അതുകാരണം സീറ്റും തദ്ദേശഭരണവും നഷ്ടമാകുന്ന നിലയുണ്ടായി. ചില പ്രത്യേക സ്ഥലങ്ങളില്‍ എന്തുകൊണ്ട് യോജിപ്പുണ്ടായില്ല എന്ന പരിശോധന വേണം. ബന്ധപ്പെട്ട എല്ലാ പാര്‍ടികളും ആ പരിശോധന നടത്തി തിരുത്തണം. സിപിഐ എം ആ പ്രക്രിയയിലേക്ക് കടക്കുകയാണ്. ചിലയിടങ്ങളില്‍ റിബല്‍ സ്ഥാനാര്‍ഥികളുണ്ടായി. സംസ്ഥാനമൊട്ടാകെ എടുക്കുമ്പോള്‍ ഒറ്റപ്പെട്ടതാണെങ്കിലും അത് അതീവ ഗൌരവമണ്. അത് പാര്‍ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പിനെയും വിശ്വാസ്യതയെയും ബാധിക്കും. വ്യക്തിയോ വ്യക്തികളോ വഴിതെറ്റി സ്വീകരിക്കുന്ന നിലപാട് പാര്‍ടിയുടെയും മുന്നണിയുടെയും യശസ്സിനെ ബാധിക്കും. അത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചുകൂടാ. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് അതിരുകവിഞ്ഞ ആത്മവിശ്വാസമുണ്ടായത് ദോഷംചെയ്തു. വിപുലമായ പ്രചാരണമായിരുന്നു ആസൂത്രണംചെയ്തിരുന്നത്. അതില്‍ പോരായ്മയുണ്ടായി. വാര്‍ഡുതല പൊതുയോഗങ്ങളടക്കം ഉദ്ദേശിച്ച തരത്തില്‍ നടന്നില്ല. യുഡിഎഫിന് പ്രത്യേക പ്രവര്‍ത്തനമില്ലെങ്കിലും അവരുടെ പ്രചാരണം വീടുകളില്‍ എത്തിക്കുന്നതിന് ഒരുവിഭാഗം മാധ്യമങ്ങളുണ്ട്.

പ്രാദേശിക തലത്തിലെടുത്താല്‍ വീടുകളുമായി പൊതുവില്‍ നല്ല ബന്ധം എല്‍ഡിഎഫിനുണ്ട്. എന്നാല്‍, വിശദമായ പരിശോധനയില്‍ കണ്ടത് പലേടത്തും വീടുകളുമായുള്ള ബന്ധത്തില്‍ കുറവ് വന്നുവെന്നാണ്. അത് പരിഹരിക്കണം. പ്രാദേശിക സ്ഥാപനങ്ങളിലെ ഭരണം തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പ്രധാനമായും വിലയിരുത്തും. എല്‍ഡിഎഫ് നേതൃത്വത്തിലുള്ള പ്രാദേശിക സ്ഥാപനങ്ങള്‍ പൊതുവില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍, ചിലയിടങ്ങളില്‍ പ്രവര്‍ത്തനം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല. ചിലയിടങ്ങളില്‍ അവമതിപ്പുമുണ്ടായി. അതും പ്രതികൂലമായി ബാധിച്ചു. ഗ്രാമപഞ്ചായത്ത്, നഗരസഭാതലങ്ങളില്‍ ഒട്ടേറെ അധികാരങ്ങള്‍ പുതുതായി കിട്ടിയിട്ടുണ്ട്. പണവും അധികാരവുമില്ലാതിരുന്ന കാലത്ത് വലിയതോതില്‍ അഴിമതി ഉണ്ടായിരുന്നില്ല. എന്നാല്‍, അധികാരവും പണവും കിട്ടിയപ്പോള്‍ പഞ്ചായത്ത് ഓഫീസുകളുമായി ബന്ധപ്പെട്ട പലര്‍ക്കും അഴിമതിയുടെ തിക്താനുഭവമുണ്ടായി. ഇത് ജനപ്രതിനിധികള്‍ പലേടത്തും കണ്ടില്ലെന്നു നടിച്ചു. അതല്ലെങ്കില്‍, ഇത്തരം പ്രശ്നങ്ങളില്‍ ഇടപെട്ട് തിരുത്താനും നിയന്ത്രിക്കാനും നടപടി സ്വീകരിച്ചില്ല. അത് ജനങ്ങളില്‍ നീരസം സൃഷ്ടിച്ചു. ഇത്തരം ദൌര്‍ബല്യങ്ങളും പരിഹരിക്കണം.

മികച്ചനിലയില്‍ പ്രവര്‍ത്തിച്ച പഞ്ചായത്തുകള്‍ക്ക് പൊതുവില്‍ നല്ല അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവയാണെങ്കിലും ജനപ്രതിനിധികളില്‍നിന്ന് ഉദ്യോഗസ്ഥമേധാവിത്വ സമീപനവും ഉണ്ടായിട്ടുണ്ട്. അത്തരം ചില നടപടി ആളുകളില്‍ അപ്രിയമുണ്ടാക്കി. ഒരിടത്തും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമുണ്ടായിട്ടില്ല. എന്നാല്‍, ചില കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് പരാതിയുണ്ടായി. തുടര്‍ച്ചയായ മഴ റോഡിന്റെ തകര്‍ച്ചയ്ക്കും നന്നാക്കാന്‍ വൈകുന്നതിനും കാരണമാണ്. എങ്കിലും റോഡിന്റെ ശോച്യാവസ്ഥ ജനങ്ങളില്‍ നീരസം ഉണ്ടാക്കിയിട്ടുണ്ട്. അത് പെട്ടെന്ന് പരിഹരിക്കും. ഇടത്തരക്കാര്‍, യുവാക്കള്‍ തുടങ്ങിയവരില്‍ കടുത്ത അതൃപ്തി ഉളവാക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇതടക്കമുള്ളവ പരിഹരിക്കാന്‍ നടപടിയുണ്ടാകും. യുഡിഎഫ് വിജയത്തിനു പിന്നില്‍ ജാതി-മത ശക്തികളുടെ ഇടപെടല്‍ പ്രധാനമാണെന്നും പിണറായി പറഞ്ഞു.

സിപിഐയിലെ നേതൃമാറ്റം ബന്ധത്തെ ബാധിക്കില്ല: പിണറായി


സംസ്ഥാന സിപിഐയിലെ നേതൃമാറ്റം സിപിഐ എം-സിപിഐ ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. നയത്തിന്റെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ കൂട്ടായി തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുന്നതാണ് കമ്യൂണിസ്റ് പാര്‍ടികളുടെ രീതി. പാര്‍ടി അംഗീകരിച്ച നയത്തില്‍നിന്നും നിലപാടില്‍നിന്നും വ്യത്യസ്തമായ നിലപാടു സ്വീകരിക്കാന്‍ കഴിയില്ല. സിപിഐ സംസ്ഥാന സെക്രട്ടറിയായ ചന്ദ്രപ്പന്‍ ഇക്കാര്യത്തില്‍ കണിശക്കാരനുമാണ്. അതിനാല്‍ ഇരു കമ്യൂണിസ്റ് പാര്‍ടികളും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കയില്ല.

കോണ്‍ഗ്രസുമായി ചേര്‍ന്നുവേണം കമ്യൂണിസ്റുകാര്‍ വിപ്ളവം നടത്തേണ്ടതെന്ന് ചന്ദ്രപ്പന്‍ പറഞ്ഞതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം അങ്ങനെ പറയാനിടയില്ല. കാരണം വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്ര്യം കിട്ടുമ്പോഴുള്ള കാലത്തേക്കാള്‍ വന്‍കിട ബൂര്‍ഷ്വാസി സ്വഭാവത്തിലും ശക്തിയിലും കൂടുതല്‍ വളര്‍ച്ചയിലാണ്. വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ നിലകൊള്ളുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കമ്യൂണിസ്റുകാര്‍ വിപ്ളവം നടത്തേണ്ടത് അവരുമായി ചേര്‍ന്നാണെന്ന് ചന്ദ്രപ്പന്‍ പറയാനിടയില്ല. ഇക്കാര്യത്തിലെല്ലാം നല്ല അവഗാഹമുള്ള ആളാണ് ചന്ദ്രപ്പന്‍. കോണ്‍ഗ്രസിനൊപ്പം നിന്ന് രാജ്യത്ത് എന്തു വിപ്ളവം നടത്താനാണ്. കോണ്‍ഗ്രസിനെക്കുറിച്ച് നേരത്തേ ഉണ്ടായിരുന്ന ചില തെറ്റിദ്ധാരണകള്‍ കാരണം അടിയന്തരാവസ്ഥയെ പിന്തുണയ്ക്കുന്നതില്‍ വരെ സിപിഐ എത്തിയിരുന്നെങ്കിലും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ അതു തിരുത്തി. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചേരാതിരുന്നത് പിശകായിപ്പോയെന്ന് സിപിഐ എം കരുതുന്നില്ല. ആറുവര്‍ഷം രാജ്യം ഭരിച്ച ബിജെപി ഭരണം പിന്നീടും തുടര്‍ന്നാല്‍ രാജ്യം തകരും. അതൊഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റിന് കമ്യൂണിസ്റുകാര്‍ പിന്തുണ നല്‍കിയത്. സര്‍ക്കാരില്‍ കമ്യൂണിസ്റുകാര്‍ പങ്കാളിത്തം വഹിക്കണമെങ്കില്‍ നയപരമായി ഇടപെടാനുള്ള സ്വാധീനം വേണം. എങ്കിലേ പ്രയോജനമുള്ളൂ. അല്ലെങ്കില്‍ വന്‍കിട ബൂര്‍ഷ്വാസിയുടെയും സാമ്രാജ്യത്വത്തിന്റെയും ഭൂപ്രഭുത്വത്തിന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിന് സാക്ഷികളായി നിന്നുകൊടുക്കേണ്ടിവരും. ആദ്യ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയതും ഭരണത്തില്‍ പങ്കാളിയാകാതിരുന്നതും ശരിയായ നിലപാടു തന്നെയാണ്. പുറത്തുനിന്ന് പിന്തുണച്ചാല്‍ തെറ്റായ കാര്യങ്ങള്‍ വരുമ്പോള്‍ എതിര്‍ക്കാം. മറിച്ചാണെങ്കില്‍ കഴിയില്ല. അതുകൊണ്ട് ഒന്നാം യുപിഎ ഭരണത്തില്‍ കമ്യൂണിസ്റുകാര്‍ പങ്കാളിയാകണമായിരുന്നെന്ന ചന്ദ്രപ്പന്റെ അഭിപ്രായത്തോട് യോജിപ്പില്ല.

എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാറിന്റെ ജനതാദളിനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷ ചന്ദ്രപ്പന്‍ പ്രകടിപ്പിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, കോണ്‍ഗ്രസിനോട് സ്നേഹം തോന്നിയതുകൊണ്ടാണ് വീരേന്ദ്രകുമാര്‍ വിഭാഗം എല്‍ഡിഎഫ് വിട്ടതെന്ന് പിണറായി മറുപടി നല്‍കി. പഴയ സോഷ്യലിസ്റിന് കോണ്‍ഗ്രസിനോട് സ്നേഹം തോന്നിപ്പോയതാണ് പ്രശ്നം. അന്ന് ജനതാദളിലെ നല്ലൊരു വിഭാഗം പറഞ്ഞു, കോണ്‍ഗ്രസിനോടും യുഡിഎഫിനോടും ഒപ്പം പോകരുതേയെന്ന്. എന്നിട്ടും എല്‍ഡിഎഫ് വിട്ട് യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് ചേക്കേറുകയായിരുന്നു അവര്‍. എല്‍ഡിഎഫ് വിരുദ്ധ നിലപാടിലാണ് ഇപ്പോഴും അവര്‍. കുറച്ചുനാള്‍ മുമ്പുവരെ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ സംസ്ഥാനത്തെ ഇത്തരം കാര്യങ്ങള്‍ അറിയാത്തതുകൊണ്ടാകാം ചന്ദ്രപ്പന്‍ അങ്ങനെ പ്രതികരിച്ചത്. എല്‍ഡിഎഫ് വിരുദ്ധ നിലപാടു സ്വീകരിച്ചത് തെറ്റാണെന്ന് വീരേന്ദ്രകുമാറിനോടൊപ്പമുള്ള ആരെങ്കിലും ചന്ദ്രപ്പനോടു പറഞ്ഞിട്ടുണ്ടെങ്കില്‍, അദ്ദേഹം അത് എല്‍ഡിഎഫില്‍ ഉന്നയിക്കുകയാണെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാമെന്നും പിണറായി പറഞ്ഞു. ഗൌരിയമ്മയുമായി സിപിഐ എം കൂടുതല്‍ അടുത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിന് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് പിണറായി മറുപടി നല്‍കി.

ചില മാധ്യമങ്ങളുടേത് യുഡിഎഫ് സ്ക്വാഡ് പ്രവര്‍ത്തനം

കേരളത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ യുഡിഎഫിനുവേണ്ടി സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയാണെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫിനെ എങ്ങനെ അപകീര്‍ത്തിപ്പെടുത്താം, സര്‍ക്കാരിനെ എങ്ങനെ കരിതേയ്ക്കാം എന്ന പരീക്ഷണവും അതിനായി വാര്‍ത്തകള്‍ സൃഷ്ടിക്കുകയുമാണ് ഒരുവിഭാഗം മാധ്യമങ്ങള്‍. പെയ്ഡ് ന്യൂസ് എന്നത് നേരത്തേതന്നെ ദേശീയതലത്തില്‍ ചര്‍ച്ചയായതാണ്. അതില്‍ പണം വാങ്ങി എന്ന ഭാഗം ഒഴിവാക്കിയാല്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് പത്രം എത്തിയാല്‍ ഓരോരുത്തരായി വായിച്ച് വാര്‍ത്തകള്‍ അറിയുന്ന രീതിയായിരുന്നു. എന്നാല്‍, ദൃശ്യമാധ്യമങ്ങളുടെ വരവോടെ വാര്‍ത്തകളുടെയും വിവരണങ്ങളുടെയും പിടിയില്‍നിന്ന് വീട്ടിലുള്ള ആര്‍ക്കും ഒഴിഞ്ഞുനില്‍ക്കാനാകാത്ത സ്ഥിതിയാണ്. പാര്‍ടി എന്ന നിലയില്‍ സിപിഐ എമ്മിനും മുന്നണി എന്ന നിലയില്‍ എല്‍ഡിഎഫിനും എതിരായി ഓരോ വീട്ടിലും യുഡിഎഫിനുവേണ്ടിയുള്ള സ്ക്വാഡ് പ്രവര്‍ത്തനമാണ് ഈ മാധ്യമങ്ങള്‍ ചെയ്യുന്നത്. ഇത് കണ്ടുകൊണ്ടുള്ള പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിലും വീടുകളിലെത്തി ജനങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും പോരായ്മ സംഭവിച്ചു. അത് മേലില്‍ തിരുത്തും.

എല്‍ഡിഎഫും യുഡിഎഫും തമ്മിലെ വോട്ടുവ്യത്യാസം ലോക്സഭാതെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നന്നായി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വ്യത്യാസം 3.62 ശതമാനവും എണ്ണത്തില്‍ 6,61,000 വോട്ടുമാണ്. മുമ്പുള്ള തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ എല്‍ഡിഎഫ് പിന്നോട്ടുപോയ അനുഭവമുണ്ട്. എന്നാല്‍, ഗ്രാമപഞ്ചായത്തില്‍ സാധാരണനിലയില്‍ ഇപ്പോഴുണ്ടായതുപോലുള്ള പിറകോട്ടടി ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ എല്‍ഡിഎഫ് വിരുദ്ധ തരംഗത്തെ മുറിച്ചുകടക്കാന്‍ ശ്രമിച്ചെങ്കിലും അതു മാറ്റിയെടുക്കാനായില്ല. ഇനിയും വളരെ വിശദമായ പരിശോധന എല്ലാ തലങ്ങളിലും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. വീഴ്ചയും ദൌര്‍ബല്യവും കണ്ടെത്തി തിരുത്തി ജനങ്ങളുടെ പിന്തുണ നന്നായി ആര്‍ജിച്ച് എല്‍ഡിഎഫിന് വിജയത്തിലേക്ക് കുതിക്കാനാകും. പ്രാദേശിക തെരഞ്ഞെടുപ്പില്‍ പണത്തിന്റെ കുത്തൊഴുക്കും ഇത്തവണയുണ്ടായി. ഒരു വോട്ടിനുവേണ്ടി പോലും യുഡിഎഫ് വന്‍ തുക നല്‍കി. മദ്യവും വിതരണംചെയ്തു. ഇത്രയൊക്കെയായിട്ടും എല്‍ഡിഎഫ് തകര്‍ന്ന് താഴോട്ട് പോയിട്ടില്ല. പക്ഷേ, തോല്‍വിയെ ഞങ്ങള്‍ ഗൌരവമായി കാണുന്നുവെന്നും പിണറായി പറഞ്ഞു. മഞ്ഞളാംകുഴി അലിയെ കീടമെന്ന് വിശേഷിപ്പിച്ചത് മഹാമേരുവല്ലാത്തതുകൊണ്ടാണെന്ന് പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ജമാഅത്തെ ഇസ്ളാമി രാഷ്ട്രീയത്തില്‍ ഇറങ്ങിയതിലുള്ള എതിര്‍പ്പും ഇത്തരം സംഘടനകള്‍ക്ക് മേല്‍ക്കൈ കിട്ടുന്നത് ആപത്താണെന്നുമുള്ള തിരിച്ചറിവാണ് മലപ്പുറത്ത് മുസ്ളിംലീഗിനെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ സഹായിച്ചത്. അല്ലാതെ അലി ഘടകമല്ല. മലപ്പുറത്തെ ലീഗിന്റെ വിജയം സ്ഥായിയാണെന്നുകരുതേണ്ട- അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 021210

3 comments:

  1. ജനങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തതെല്ലാം പാര്‍ടിയും എല്‍ഡിഎഫും സര്‍ക്കാരും തിരുത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. തെറ്റുകള്‍ തിരുത്തി ജനവിശ്വാസം ആര്‍ജിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നു ദിവസമായി നടന്ന പാര്‍ടി സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete
  2. ohh.. thiruthan enthenkilum undo? adithara sakthamalle?

    ReplyDelete
  3. http://www.youtube.com/watch?v=N3eEIoRxw0g

    ReplyDelete