Wednesday, December 1, 2010

കോൺ‌ഗ്രസിനെ ഉള്ളംകൈയിലാക്കി റാഡിയ

 തലപ്പത്തുനിന്നുയര്‍ന്ന അഴിമതി തരംഗം ഭാഗം 5

ഒന്നാം ഭാഗം കോണ്‍ഗ്രസ് കടയില്‍ വില്പന തകൃതി

രണ്ടാം ഭാഗം അഴിമതിക്ക് പ്രധാനമന്ത്രിയുടെ കൈയൊപ്പ്

മൂന്നാം ഭാഗം വ്യവസ്ഥകള്‍ നോക്കുകുത്തിയായി, മന്മോഹന്‍ കണ്ണടച്ചു 

നാലാം ഭാഗം അടിമുടി ചട്ടലംഘനം തടസ്സമില്ലാതെ അഴിമതി

'സോണിയയെ ഇന്ന് കാണണമെന്ന് വിചാരിച്ചതാണ്. പക്ഷേ ഞാന്‍ ജയ്പുരില്‍ കുടുങ്ങി. അടുത്ത ഏതെങ്കിലും ദിവസം കാണാന്‍ നോക്കാം. അഹമ്മദുമായി (സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍) ഒന്ന് ബന്ധപ്പെടട്ടെ'- ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്റെ എഡിറ്റോറിയല്‍ ഡയറക്ടറും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ വീര്‍സാങ്‌വി ഫോണിലൂടെ സൃഹൃത്തിന് ഉറപ്പുനല്‍കി. സുഹൃത്ത് മറ്റാരുമല്ല, കോര്‍പറേറ്റ് വൃത്തങ്ങളിലെ അറിയപ്പെടുന്ന ഇടനിലക്കാരി നീര റാഡിയ.

സംഭാഷണവിഷയം രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണമാണ്. റാഡിയക്ക് താല്‍പ്പര്യമുള്ള വ്യക്തിക്ക് ഇഷ്ടമുള്ള വകുപ്പ് കിട്ടണം. ഇതിന് കോൺ‌ഗ്രസിന്റെ ഉന്നതങ്ങളില്‍ സാങ്‌വി ഇടപെടണമെന്നാണ് റാഡിയയുടെ അഭ്യര്‍ഥന. കോൺ‌ഗ്രസ് നേതാക്കളുമായി റാഡിയക്ക് നല്ല ബന്ധമുണ്ടെങ്കിലും പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍കൂടി ആവശ്യപ്പെട്ടാല്‍ വിഷയത്തിന് ഗൌരവം കൂടും, ലോബിയിങ്ങിന് കുറച്ചുകൂടി ശക്തിയും ലഭിക്കും.

നീര റാഡിയ വിവിധ മാധ്യമപ്രവര്‍ത്തകരുമായും കോര്‍പറേറ്റ് മേധാവികളുമായും രാഷ്ട്രീയ നേതാക്കളുമായും 2008-09ല്‍ നടത്തിയ ടെലിഫോൺ സംഭാഷണങ്ങള്‍ ഓപ്പൺ, ഔട്ട്‌ലുക്ക് തുടങ്ങിയ മാസികകളാണ് പുറത്തുവിട്ടത്. ഭരണനേതൃത്വത്തില്‍ റാഡിയക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് സംഭാഷണം. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയയുടെ സെക്രട്ടറി അഹമ്മദ് പട്ടേല്‍, മുതിര്‍ന്ന കോൺ‌ഗ്രസ് നേതാവ് ഗുലാംനബി ആസാദ് തുടങ്ങി പലരും റാഡിയയുടെ സംഭാഷണങ്ങളില്‍ കടന്നുവരുന്നു.

അംബാനിമാര്‍ തമ്മിലുള്ള വാതകതര്‍ക്കം, രണ്ടാം യുപിഎ സര്‍ക്കാരിന്റെ രൂപീകരണം എന്നീ വിഷയങ്ങളാണ് സംഭാഷണങ്ങളില്‍ അധികവും. ഇത് രണ്ടിലും റാഡിയ ആഗ്രഹിച്ചതുനടന്നു. കാര്യങ്ങള്‍ മുകേഷിന് അനുകൂലമാക്കാന്‍ റാഡിയ നടത്തുന്ന ഇടപെടല്‍ സംഭാഷണങ്ങളില്‍ വ്യക്തമാണ്. യുപിഎ സര്‍ക്കാരിന്റെ വകുപ്പുവിഭജന വിഷയത്തില്‍ റാഡിയക്ക് താല്‍പ്പര്യമുള്ള എ രാജ വീണ്ടും ടെലികോം വകുപ്പിലെത്തി.

രാജ്യത്തെ വന്‍കോര്‍പറേറ്റുകളുടെ ഇടനിലക്കാരിയെന്ന നിലയില്‍ ഒന്നര ദശകമായി റാഡിയ ഡല്‍ഹിയില്‍ സജീവമാണ്. ദീര്‍ഘകാലം ലണ്ടനില്‍ കഴിഞ്ഞ റാഡിയ ഇന്ത്യയില്‍ മടങ്ങിയെത്തിയാണ് കോര്‍പറേറ്റ് ലോബിയിങ് പ്രൊഫഷണായി സ്വീകരിച്ചത്. വശ്യമായ സംഭാഷണചാരുതയും ആകര്‍ഷകമായ വ്യക്തിത്വവും റാഡിയക്ക് അനുകൂല ഘടകങ്ങളായി.

കേന്ദ്രഭരണത്തിന്റെ സിരാകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന നോര്‍ത്ത്- സൌത്ത് ബ്ളോക്കുകളില്‍ (ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളുടെ പ്രവര്‍ത്തനകേന്ദ്രം) വലിയ സ്വാധീനമാണ് റാഡിയക്കുള്ളത്. വിവാദ ഫോൺകോളുകളുടെ പശ്ചാത്തലത്തില്‍ റാഡിയയെ ചോദ്യംചെയ്യാന്‍ കഴിഞ്ഞ വര്‍ഷം നീക്കമുണ്ടായിരുന്നെങ്കിലും ഉന്നതങ്ങളിലെ ഇടപെടലാണ് ഇത് തടഞ്ഞത്.
ടെലികോം മേഖല വലിയ ബിസിനസ് മേഖലയായി മാറുകയും ടാറ്റ ഈ രംഗത്തേക്ക് കടന്നുവരികയും ചെയ്തതോടെയാണ് ടെലികോം വകുപ്പും റാഡിയയുടെ സ്വാധീനവലയത്തിലായത്. രാജ ടെലികോം മന്ത്രിയായതോടെ കാര്യങ്ങള്‍ എളുപ്പമാവുകയുംചെയ്തു. 2006 മുതല്‍ റാഡിയക്ക് രാജയുമായി പരിചയമുണ്ട്. കരുണാനിധിയുടെ മകള്‍ കനിമൊഴിയിലൂടെയാണ് റാഡിയ രാജയുമായി പരിചയപ്പെടുന്നത്.

സ്പെക്ട്രം ഇടപാട് രാജ സുഗമമായി മുന്നോട്ടു കൊണ്ടുപോയത് റാഡിയയുടെ സഹായത്താലാണ്. റേസ്‌കോഴ്സ് റോഡിലെ പ്രധാനമന്ത്രി കാര്യാലയത്തിലും പത്ത് ജന്‍പഥിലും (സോണിയയുടെ വസതി) റാഡിയക്കുള്ള സ്വാധീനം തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ വഴിയൊരുക്കി. ധന- നിയമമന്ത്രാലയങ്ങളുടെ എതിര്‍പ്പും പ്രധാനമന്ത്രി കാര്യാലയം തുടക്കത്തില്‍ പ്രകടിപ്പിച്ച സംശയവുമൊക്കെ വളരെ പെട്ടെന്ന് ഇല്ലാതായി. സ്വകാര്യകമ്പനികള്‍ക്ക് കോടികളുടെ ലാഭമൊരുക്കി സ്പെക്ട്രം ഇടപാട് ഭംഗിയായി നടത്തുകയും ചെയ്തു.

യുപിഎ സര്‍ക്കാരിന് ഡിഎംകെയുടെ പിന്തുണ നിര്‍ണായകമായതിനാലാണ് സ്പെക്ട്രം അഴിമതി തടയാനാവാതെ പോയതെന്നാണ് കോൺ‌ഗ്രസിന്റെ അവകാശവാദം. അഴിമതിക്ക് വ്യക്തമായ തെളിവുകള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് നേരത്തെ ലഭിച്ചതുമാണ്. എന്നാല്‍, നടപടിയുണ്ടായില്ലെന്നു മാത്രമല്ല രാജയെ സംരക്ഷിക്കുകയാണ് മന്‍മോഹനും കൂട്ടരും ചെയ്തത്. സമ്മര്‍ദം ഡിഎംകെയില്‍ നിന്നല്ല, ടാറ്റമാരില്‍നിന്നും അംബാനിമാരില്‍നിന്നുമാണെന്ന് വ്യക്തം.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനവും കള്ളപ്പണമാണെന്നാണ് ജെഎന്‍യു അധ്യാപകനും സാമ്പത്തികശാസ്ത്രജ്ഞനുമായ അരുൺകുമാറിന്റെ കണ്ടെത്തല്‍. അഴിമതിക്കാരായ നേതാക്കളും ബിസിനസുകാരും ബ്യൂറോക്രസിയുമൊക്കെ ഒത്തുചേര്‍ന്ന് കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഇന്ത്യയിലെ കറുത്ത സമ്പദ്‌വ്യവസ്ഥ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയായ അരുൺകുമാര്‍ പറഞ്ഞു. എൺപതുകളില്‍ ശ്രദ്ധേയമായ അഴിമതികള്‍ എട്ടെണ്ണമാണ് ഉണ്ടായിരുന്നത്. എന്നാല്‍, മന്‍മോഹന്‍സിങ് ധനമന്ത്രിയായപ്പോള്‍ 26 വന്‍അഴിമതികളാണ് രാജ്യത്ത് സംഭവിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയായതോടെ അഴിമതി ദിവസേനയെന്നോണമായിയെന്നും അരുൺകുമാര്‍ പറഞ്ഞു. (അവസാനിച്ചു)

(എം പ്രശാന്ത്)

ദേശാഭിമാനി 30112010

1 comment:

  1. സ്പെക്ട്രം ഇടപാട് രാജ സുഗമമായി മുന്നോട്ടു കൊണ്ടുപോയത് റാഡിയയുടെ സഹായത്താലാണ്. റേസ്‌കോഴ്സ് റോഡിലെ പ്രധാനമന്ത്രി കാര്യാലയത്തിലും പത്ത് ജന്‍പഥിലും (സോണിയയുടെ വസതി) റാഡിയക്കുള്ള സ്വാധീനം തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കാന്‍ വഴിയൊരുക്കി. ധന- നിയമമന്ത്രാലയങ്ങളുടെ എതിര്‍പ്പും പ്രധാനമന്ത്രി കാര്യാലയം തുടക്കത്തില്‍ പ്രകടിപ്പിച്ച സംശയവുമൊക്കെ വളരെ പെട്ടെന്ന് ഇല്ലാതായി. സ്വകാര്യകമ്പനികള്‍ക്ക് കോടികളുടെ ലാഭമൊരുക്കി സ്പെക്ട്രം ഇടപാട് ഭംഗിയായി നടത്തുകയും ചെയ്തു.

    യുപിഎ സര്‍ക്കാരിന് ഡിഎംകെയുടെ പിന്തുണ നിര്‍ണായകമായതിനാലാണ് സ്പെക്ട്രം അഴിമതി തടയാനാവാതെ പോയതെന്നാണ് കോണ്‍‌ഗ്രസിന്റെ അവകാശവാദം. അഴിമതിക്ക് വ്യക്തമായ തെളിവുകള്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്ക് നേരത്തെ ലഭിച്ചതുമാണ്. എന്നാല്‍, നടപടിയുണ്ടായില്ലെന്നു മാത്രമല്ല രാജയെ സംരക്ഷിക്കുകയാണ് മന്‍മോഹനും കൂട്ടരും ചെയ്തത്. സമ്മര്‍ദം ഡിഎംകെയില്‍ നിന്നല്ല, ടാറ്റമാരില്‍നിന്നും അംബാനിമാരില്‍നിന്നുമാണെന്ന് വ്യക്തം.

    ReplyDelete