Sunday, December 5, 2010

എന്‍ഡോസള്‍ഫാന്‍: എതിര്‍പ്പ് തള്ളി; മായി തന്നെ അധ്യക്ഷന്‍

ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ സി ഡി മായിയെ, കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എന്‍ഡോസള്‍ഫാന്‍ പഠനസമിതി അധ്യക്ഷനായി നിയമിച്ചു. മായിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ്, സമിതി അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതം പഠിക്കാനായി നിയോഗിച്ച സമിതിയിലെ അംഗമായിരുന്നു മായി. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സമിതി എന്‍ഡോസള്‍ഫാന്‍ അനുകൂല റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. സമിതി റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ അനുകൂലമാകുകയും വര്‍ഷങ്ങളായുള്ള ഈ കീടനാശിനിയുടെ ഉപയോഗം കാസര്‍കോട്ടെ ജനങ്ങളെ ദുരന്തത്തിലേയ്ക്ക് നയിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പുതിയ പഠന സമിതിയില്‍ മായിയെ ഉള്‍പ്പെടുത്തരുതെന്ന്  സംസ്ഥാനത്തുനിന്നും ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. സമിതിയില്‍ മായിയെ ഉള്‍പ്പെടുത്തരുതെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് എത്തി. എന്നാല്‍ ഈ എതിര്‍പ്പുളെല്ലാം അവഗണിച്ചുകൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രാലയം പുതിയ പഠന സമിതിയുടെ അധ്യക്ഷനായി മായിയെ നിയോഗിച്ചത്.

അഗ്രികള്‍ച്ചര്‍ സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനാണ് സി ഡി മായി. പുതിയ സമിതി അധ്യക്ഷനായി നിയോഗിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ അറിയിപ്പ് ലഭിച്ചതായും എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍മൂലം പദവി സ്വീകരിക്കണമോ എന്നകാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം ഇന്നലെ കേന്ദ്ര കൃഷിമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് സംബന്ധിച്ച് പഠനം നടത്തിയ ശേഷമേ അഭിപ്രായം പറയാന്‍ കഴിയൂ. പതോളജിസ്റ്റ് ആയതിനാല്‍ തന്റെ വിലയിരുത്തലുകള്‍ ശരിയാകുമെന്ന് ഉറപ്പില്ല. സമിതിക്കല്ല മറിച്ച് ഇത് സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കേന്ദ്രകൃഷിമന്ത്രാലയവും കേന്ദ്ര രാസവള മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച മൂന്ന് ദിവസത്തെ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്തത് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനി നിര്‍മാണ കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണമെന്ന് മുറവിളി സംസ്ഥാനത്ത ശക്തമായി തുടരുന്നതിനിടെയാണ് എന്‍ഡോസള്‍ഫാന്റെ നിര്‍മാതാക്കളായ എക്‌സല്‍ ക്രോപ് കെയര്‍, കൊറമാണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൃഷിമന്ത്രാലയത്തിന്റെ ത്രിദിന സെമിനാര്‍ നടക്കുന്നത്.

മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം മുപ്പത് സ്വകാര്യ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിലാണ് പരിപാടി നടക്കുന്നത്. എന്‍ഡോസള്‍ഫാന്‍ നിരോധന ആവശ്യത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാണിത് വ്യക്തമാക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കപ്പുറം സ്വകാര്യ കുത്തകകളുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് വിവിധ കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപതി പ്രതിഭാ പാട്ടീലാണ് പരിപാടി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. സെമിനാറില്‍ 'കീടനാശിനി മിഥ്യയും യാഥാര്‍ഥ്യവും പരിഹാര നടപടികളും' എന്ന വിഷയത്തില്‍ നടന്ന പ്രത്യേക ചര്‍ച്ച നയിച്ചത് എക്‌സല്‍ ക്രോപ് കെയര്‍ പ്രതിനിധി കെ ധുരിയാണ്.
(റെജി കുര്യന്‍)

കേന്ദ്രതീരുമാനം അപലപനീയം: മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനുപകരം വീണ്ടും പരിശോധനാ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം അപലപനീയമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.  മനുഷ്യരെയും ജന്തുജാലങ്ങളെയും പ്രകൃതിയെയും നശിപ്പിക്കുന്ന മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്‍ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടും ഇന്ത്യ അതിന്റെ വക്താക്കളാകുകയാണ്.  എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിച്ച് വില്‍ക്കുന്ന കുത്തകകളുടെ ആശ്രിതരും ഒത്താശക്കാരുമായി കേന്ദ്ര ഗവണ്‍മെന്റും മറ്റ് ബന്ധപ്പെട്ടവരും മാറിയിരിക്കുകയാണ്. 

കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലെ 500ഓളം പേര്‍ നരകിച്ച് മരിക്കാനിടയാക്കിയ കൊലയാളിയാണ് എന്‍ഡോസള്‍ഫാന്‍.  ഇപ്പോഴും മരണം തുടരുന്നു.  എന്‍ഡോസള്‍ഫാന്റെ മാരക സ്വഭാവം കേന്ദ്രത്തിന്റെ തന്നെ വിദഗ്ധ്ധ സമിതികള്‍ മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നതാണ്.  എന്നാല്‍ എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ഒരു വിദഗ്ധനെതന്നെ മേധാവിയാക്കി അന്വേഷണത്തിനിറങ്ങിയിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ ദുരിതംകാരണം നരകയാതന അനുഭവിക്കുന്ന, അംഗവൈകല്യം സംഭവിച്ച 4000ല്‍പ്പരം പേരെയും അവരുടെ കുടുംബങ്ങളെയും നാട്ടുകാരെയും വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിന് തുല്യമാണിത്.  കാസര്‍കോട് ജില്ലയില്‍ മാത്രമല്ല കര്‍ണാടകയിലെ ചില ഭാഗങ്ങളിലും പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലും എന്‍ഡോസള്‍ഫാന്‍ ഭീകരത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഈ സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നിരോധിക്കുകയും അതിന്റെ ഉല്‍പ്പാദനം തടയുകയും അത് മറ്റ് വ്യാജപേരുകളില്‍ വിപണിയില്‍ എത്തിക്കുന്നത് തടയാന്‍ മുന്‍ കരുതല്‍ എടുക്കുകയും വേണം. 

എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ ക്ഷേമപദ്ധതിയും സമഗ്ര പുനരധിവാസവും ഉറപ്പാക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ്‌നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് കേന്ദ്രം ചെയ്യേണ്ടത്.  സമഗ്ര പുനരധിവാസപദ്ധതിക്കായി 100 കോടി രൂപ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളോടുള്ള വെല്ലുവിളി: ബിനോയ് വിശ്വം

കോട്ടയം: എന്‍ഡോസള്‍ഫാന്‍ പഠന സമിതിയില്‍ മുന്‍ പഠനസംഘത്തിലെ അംഗം സി ഡി മായിയെ ഉള്‍പ്പെടുത്താനുള്ള  കേന്ദ്രസര്‍ക്കാര്‍ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വനം മന്ത്രി ബിനോയ് വിശ്വം. കോട്ടയം ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ കലവറ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു. ലാഭക്കൊതി മൂത്ത വിഷക്കമ്പനിക്കാര്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് മായി. മുന്‍ പഠനസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് അനുകൂലമായ തീരുമാനമാണ് മായി എടുത്തത്. അതുകൊണ്ടുതന്നെ ജനവികാരം മാനിച്ച് മായിയെ പഠനസംഘത്തില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

janayugom 051210

5 comments:

  1. എന്‍ഡോസള്‍ഫാന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ സി ഡി മായിയെ, കേരളത്തിന്റെ എതിര്‍പ്പ് അവഗണിച്ച് എന്‍ഡോസള്‍ഫാന്‍ പഠനസമിതി അധ്യക്ഷനായി നിയമിച്ചു. മായിയെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ്, സമിതി അധ്യക്ഷനായി അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

    ReplyDelete
  2. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് പ്രത്യാശ പകര്‍ന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് നയിക്കുന്ന അതിജീവന സന്ദേശയാത്ര തുടങ്ങി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക, രോഗബാധിതരെ പുനരധിവസിപ്പിക്കുക” എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഡിവൈഎഫ്ഐ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് അതിജീവന സന്ദേശയാത്ര. ശനിയാഴ്ച രാവിലെ പത്തിന് സ്വര്‍ഗയില്‍ നിന്നാരംഭിച്ച യാത്ര അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ദിവാകരന്‍ അധ്യക്ഷനായി. ടി വി രാജേഷ്, അംബികാസുതന്‍ മാങ്ങാട്, ജില്ലാസെക്രട്ടറി സാബു അബ്രഹാം എന്നിവര്‍ സംസാരിച്ചു. സി എച്ച് അവിനാശ് സ്വാഗതം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിലും സ്വീകരണകേന്ദ്രങ്ങളിലും ദുരിതബാധിതരുടെ ബന്ധുക്കളെത്തി നിവേദനം നല്‍കി. വാണിനഗര്‍, കിന്നിങ്കാര്‍, പള്ളപ്പാടി എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം നാട്ടക്കല്ലില്‍ സമാപിച്ചു. ഓരോ കേന്ദ്രത്തിലും ദുരന്ത ബാധിതരുടെയും ബന്ധുക്കളുടെയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രവര്‍ത്തകരുടെയും സംഗമം നടന്നു. ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്റെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ചിത്രരചനയും നാടന്‍ കലാസംഘത്തിന്റെ കലാപരിപാടിയും അരങ്ങേറി. ഞായറാഴ്ച വൈകിട്ട് 4.30ന് ചെര്‍ക്കളയില്‍ സമാപിക്കും. ഡോ. സെബാസ്റ്യന്‍പോള്‍ ഉദ്ഘാടനം ചെയ്യും. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ അവകാശ പ്രഖ്യാപനരേഖ അവതരിപ്പിക്കും. നിവേദനവും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശേഖരിച്ച മൂന്നുലക്ഷം ഒപ്പും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കും (ദേശാഭിമാനി 051210)

    ReplyDelete
  3. എന്‍ഡോസള്‍ഫാന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു പഠനസംഘത്തെയും ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത പ്രദേശങ്ങളിലൂടെ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് നയിക്കുന്ന അതിജീവന സന്ദേശയാത്ര സ്വര്‍ഗയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാനെതിരെയുള്ള പ്രക്ഷോഭം രാജ്യമാകെ വ്യാപിപ്പിക്കും. എന്‍ഡോസള്‍ഫാന്‍ കമ്പനിക്കനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയയാളെ പുതിയ പഠനസംഘത്തിന്റെ തലവനാക്കിയതിലൂടെ റിപ്പോര്‍ട്ട് എന്തായിരിക്കുമെന്ന് ഏവര്‍ക്കുമറിയാം. ഇത്തരത്തിലുള്ള ഒരു പഠനസംഘവും ജില്ലയിലേക്ക് വരേണ്ട. ലോകത്തിനാകെ മാതൃകയാകുംവിധം കാസര്‍കോട് ജില്ലാപഞ്ചായത്താണ് ആദ്യമായി ഈ മാരക കീടനാശിനി നിരോധിച്ചത്. ഒമ്പത് വര്‍ഷമായി ഇവിടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാറില്ല. അതിനാല്‍ നിലവില്‍ മണ്ണിലും വെള്ളത്തിലും വിഷാംശത്തിന്റെ അളവ് കൂടുതലായി ഉണ്ടാകാന്‍ സാധ്യത കുറവാണ്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ കമ്പനിയെ സഹായിക്കാനാണ് ശ്രമിക്കുന്നത്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ വികസിതരാജ്യങ്ങളുള്‍പ്പെടെ എന്‍ഡോസള്‍ഫാനെതിരെ രംഗത്ത് വന്നപ്പോള്‍ ഇത് നിരോധിക്കേണ്ടതില്ലെന്നാണ് ഇന്ത്യന്‍ പ്രതിനിധികള്‍ വാദിച്ചത്. കാസര്‍കോടെത്തി കേന്ദ്രമന്ത്രി കെ വി തോമസ് ദുരിതബാധിതരെ അവഹേളിച്ചതിന്റെ തുടര്‍ച്ചയാണ് വീണ്ടും പഠനസംഘത്തെ അയക്കാനുള്ള തീരുമാനമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

    ReplyDelete
  4. കാസര്‍കോട്: വ്യക്തിയുടെ ജീവിക്കാനുള്ള അവകാശമാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിലൂടെ നഷ്ടപ്പെട്ടതെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ഭരണകൂടംതന്നെ തീമഴയായി വിഷം ചീറ്റുകയായിരുന്നു. മനുഷ്യ രൂപംപോലും ഇല്ലാതെ കുഞ്ഞുങ്ങള്‍ പിറക്കാന്‍ ഇടയാക്കിയത് വിഷമഴയാണ്. ഭരണകൂടം വലിയ മനഷ്യാവകാശലംഘനമാണ് നടത്തിയത്. ഡിവൈഎഫ്ഐ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ അതിജീവന സന്ദേശ യാത്രയുടെ സമാപന സമ്മേളനം ചെര്‍ക്കളയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയ്മല്യയെപ്പോലുള്ള കീടനാശിനി നിര്‍മാതാക്കളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുന്ന സര്‍ക്കാരായി കേന്ദ്രം മാറി. പുറമേയുള്ള ചില ശക്തികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതാണ് കേന്ദ്ര ഭരണകൂടം എന്ന നിലയിലേക്ക് എത്തിയത് രാജ്യത്തിന് ആപത്താണ്. കീടനാശിനി ഇല്ലെങ്കില്‍ കാര്‍ഷികരംഗം പിന്നോട്ട് പോകുമെന്നാണ് വാദം. വിഷത്തേക്കാള്‍ പ്രധാനമാണ് ജീവന്‍. ആദ്യം അത് സംരക്ഷിക്കണം. മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ മാത്രം പോര. ബഹുജന ഇടപെടല്‍ അനിവാര്യമാണ്- സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു.(deshabhimani 061210)

    ReplyDelete
  5. കാസര്‍കോടിനെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് ആവശ്യപ്പെട്ടു. ദുരന്തബാധിതരുടെ സംരക്ഷണം പുര്‍ണമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കുകയും രാജ്യവ്യാപകമായി ഈ മാരക കീടനാശിനി നിരോധിക്കുകയും വേണം. ഡിവൈഎഫ്ഐ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ അതിജീവന സന്ദേശയാത്രക്കിടയില്‍ ബോവിക്കാനത്ത്് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാജേഷ്. മരണം വിതയ്ക്കുന്ന കീടനാശിനിപ്രയോഗം മൂലം അറുന്നൂറോളം ആളുകള്‍ മരിച്ചു. ആയിരങ്ങള്‍ നരകയാതന അനുഭവിക്കുകയാണ്. ജാഥാസ്വീകരണ കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകള്‍ തങ്ങളുടെ യാതന വിവരിക്കാനെത്തി. ആദ്യദിവസം 248 നിവേദനം കിട്ടി. ഇതില്‍ 123 പേര്‍ ഒരാനുകൂല്യവും കിട്ടാത്തവരാണ്. ബെള്ളൂരിലെയും സമീപ പഞ്ചായത്തുകളിലെയും മുന്‍ ഭരണസമിതികള്‍ വേണ്ടത്ര ജാഗ്രത ഇക്കാര്യത്തില്‍ കാണിച്ചില്ലെന്നാണ് തോന്നുന്നത്. ദുരിതം അനുഭവിക്കുന്ന മുഴുവനാളുകള്‍ക്കും ചികിത്സയും സഹായങ്ങളും ലഭിക്കണം. ദുരിതബാധിത പഞ്ചായത്തുകളില്‍ ഡിവൈഎഫ്ഐ ജനകീയ സിറ്റിങ് സംഘടിപ്പിക്കും. ജാഥയില്‍നിന്നും സിറ്റിങ്ങില്‍നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ചേര്‍ത്ത് എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ അവകാശ പ്രഖ്യാപന രേഖ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമര്‍പ്പിക്കും. ദുരന്തം എന്‍ഡോള്‍ഫാന്‍മൂലമാണെന്ന് അറിയാന്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. എന്നിട്ടും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാന്‍ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. അതും മുമ്പ്് എന്‍ഡോസള്‍ഫാനെ കുറ്റവിമുക്തമാക്കിയ സി ഡി മായിയുടെ നേതൃത്വത്തില്‍. ഈ കമ്മിറ്റിയെ പിന്‍വലിച്ച് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനും പുനരധിവാസപദ്ധതി നടപ്പാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകേണ്ടത്. മായി കമ്മിറ്റിയെ കാസര്‍കോട് കാലുകുത്താന്‍ അനുവദിക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സാബു അബ്രഹാം, സിജി മാത്യു, ബി എം പ്രദീപ് എന്നിവരും സംബന്ധിച്ചു.

    ReplyDelete