Sunday, December 5, 2010

പിന്നോക്ക മുസ്ളിങ്ങള്‍ക്ക് സംവരണം നല്‍കണം

സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്ളിങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കണമെന്ന രംഗനാഥ് മിശ്ര കമീഷന്‍ ശുപാര്‍ശ ഉടന്‍ നടപ്പാക്കണമെന്ന് ദേശീയ മുസ്ളിം അവകാശ കണ്‍‌വന്‍ഷന്‍ ആവശ്യപ്പെട്ടു. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലെ പട്ടികജാതിവിഭാഗത്തിനുള്ള സംവരണമാതൃക മുസ്ളിങ്ങള്‍ക്കും അനുവദിക്കണം. മറ്റു പിന്നോക്കവിഭാഗത്തിനും (ഒബിസി) പട്ടികജാതിക്കും നിലവിലുള്ള സംവരണം തടസ്സപ്പെടുത്താതെയാകണം ഇത് നടപ്പാക്കേണ്ടത്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന് സുപ്രീംകോടതിയുടെ വിധിയുള്ള സാഹചര്യത്തില്‍ ഇതിനായി ഭരണഘടനാ ഭേദഗതിക്ക് തയ്യാറാകണമെന്നും കണ്‍‌വന്‍ഷന്‍ ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് ഫോറം ഫോര്‍ നാഷണല്‍ ഇന്റഗ്രേഷന്‍- കൊല്‍ക്കത്ത, മുസ്ളിം ഇന്റലിജന്‍ഷ്യ ഫോറം- ഡല്‍ഹി, ആവാസ്- ഹൈദരാബാദ് എന്നീ സംഘടനകളാണ് ഡല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ കണ്‍‌വന്‍ഷന്‍ സംഘടിപ്പിച്ചത്.

മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച് രംഗനാഥ് മിശ്ര കമീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടുകയാണെന്ന് കണ്‍‌വന്‍ഷന്‍ ചൂണ്ടിക്കാട്ടി. 2007 മെയ് പത്തിനാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. റിപ്പോര്‍ട് പാര്‍ലമെന്റില്‍വച്ചത് രണ്ടരവര്‍ഷത്തിനുശേഷം 2009 ഡിസംബറില്‍. അതും നടപടി റിപ്പോര്‍ട്ട് ഇല്ലാതെ. റിപ്പോര്‍ട് പരിശോധിക്കുന്നുവെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 13.4 ശതമാനം വരുന്ന മുസ്ളിം ന്യൂനപക്ഷം ഏറെ പിന്നോക്കാവസ്ഥയിലാണ്. സംവരണം എല്ലാ പ്രശ്നത്തിനും ഉത്തരമല്ലെങ്കിലും അത് ഏറ്റവും ഫലപ്രദമായ നടപടികളിലൊന്നാണ്. രാജ്യത്തെ മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടികളെക്കുറിച്ച് സമഗ്രമായ വിലയിരുത്തല്‍ നടത്തണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണ്.

രംഗനാഥ മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ നടപ്പാക്കല്‍ സംബന്ധിച്ച ആദ്യ വിഭാഗത്തില്‍ ജെഎന്‍യു ഇന്ത്യന്‍ ഭാഷാകേന്ദ്രത്തിലെ അന്‍വര്‍ പാഷ അധ്യക്ഷനായി. രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്മാന്‍ ഖാന്‍, അഖിലേന്ത്യ മുസ്ളിം വ്യക്തിനിയമബോര്‍ഡ് അംഗം മൌലാന അനിസുര്‍ റഹ്മാന്‍ ക്വാസ്മി, പിന്നോക്കവിഭാഗങ്ങള്‍ക്കുള്ള ദേശീയ കമീഷന്‍ മുന്‍ മെമ്പര്‍ സെക്രട്ടറി പി എസ് കൃഷ്ണന്‍, രാജ്യസഭാംഗം അലി അന്‍വര്‍ അന്‍സാരി, മൊയ്നുള്‍ ഹസ്സന്‍ എംപി, ഓള്‍ ഇന്ത്യ മുസ്ളിം ഒബിസി ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഷബിര്‍ അഹമ്മദ് അന്‍സാരി, കെ ടി ജലീല്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള രണ്ടാംസെഷനില്‍ സിയാസത് എഡിറ്റര്‍ സാഹിദ് അലി ഖാന്‍ അധ്യക്ഷനായി. ആസൂത്രണ കമീഷന്‍ അംഗം സയ്യദ സൈദായിന്‍ ഹമീദ്, മുന്‍ മാനവശേഷി സഹമന്ത്രി എം എ എ ഫത്മി, ലോക്സഭാംഗം ഷഫിഖുര്‍ റഹ്മാന്‍ ബര്‍ഖ്, പശ്ചിമബംഗാള്‍ ന്യൂനപക്ഷവികസന ധന കമീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് സലിം, മുന്‍ എംപി ടി കെ ഹംസ എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ സുഭാഷിണി അലി, സുധ സുന്ദരരാമന്‍ തുടങ്ങിയവര്‍ സദസ്സിലുണ്ടായിരുന്നു.
(വിജേഷ് ചൂടല്‍)

ദേശാഭിമാനി 051210

2 comments:

  1. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്ളിങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കണമെന്ന രംഗനാഥ് മിശ്ര കമീഷന്‍ ശുപാര്‍ശ ഉടന്‍ നടപ്പാക്കണമെന്ന് ദേശീയ മുസ്ളിം അവകാശ കണ്‍‌വന്‍ഷന്‍ ആവശ്യപ്പെട്ടു. ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളിലെ പട്ടികജാതിവിഭാഗത്തിനുള്ള സംവരണമാതൃക മുസ്ളിങ്ങള്‍ക്കും അനുവദിക്കണം. മറ്റു പിന്നോക്കവിഭാഗത്തിനും (ഒബിസി) പട്ടികജാതിക്കും നിലവിലുള്ള സംവരണം തടസ്സപ്പെടുത്താതെയാകണം ഇത് നടപ്പാക്കേണ്ടത്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന് സുപ്രീംകോടതിയുടെ വിധിയുള്ള സാഹചര്യത്തില്‍ ഇതിനായി ഭരണഘടനാ ഭേദഗതിക്ക് തയ്യാറാകണമെന്നും കണ്‍‌വന്‍ഷന്‍ ആവശ്യപ്പെട്ടു. ഡെമോക്രാറ്റിക് ഫോറം ഫോര്‍ നാഷണല്‍ ഇന്റഗ്രേഷന്‍- കൊല്‍ക്കത്ത, മുസ്ളിം ഇന്റലിജന്‍ഷ്യ ഫോറം- ഡല്‍ഹി, ആവാസ്- ഹൈദരാബാദ് എന്നീ സംഘടനകളാണ് ഡല്‍ഹി മാവ്ലങ്കര്‍ ഹാളില്‍ കണ്‍‌വന്‍ഷന്‍ സംഘടിപ്പിച്ചത്.

    ReplyDelete
  2. ഹഹഹഹാ.. ഇനിയും സംവരണമോ? കൊള്ളാം.. നടക്കട്ടേ... കുറച്ച് കത്തനാരന്മാര്‍ കത്തോലിക്കര്‍ക്കും വേണമെന്ന് കുറച്ച് നാളുകളായി ഒച്ചവച്ചിട്ടുണ്ടായല്ലോ? അവരെന്തെ കൂടെ കൂട്ടണില്ലേ?

    ReplyDelete