Saturday, December 4, 2010

പക്ഷേ, ചരിത്രം നിശബ്ദമാണ്!

1910 സെപ്തംബര്‍ 26.

സ്വദേശാഭിമാനി പത്രത്തിന്റെ ഓഫീസില്‍ പോലീസ് എത്തുന്നു. സ്ഥാപനം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. പത്രാധിപര്‍ എതിരൊന്നും പറഞ്ഞില്ല. പോലീസ് സംഘം മഹസ്സര്‍ തയ്യാറാക്കാന്‍ ആരംഭിച്ചു. ഓഫീസിലെ സാധനങ്ങളുടെ ലിസ്റ്റായി. മഹസ്സര്‍ തയ്യാറായി. എല്ലാം സീലുവെച്ച് അവ സ്റ്റേഷനിലേക്ക് മാറ്റി.

പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ പോലീസ് അകമ്പടിയോടെ പാളയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ താമസസ്ഥലവും ഇതിനിടയില്‍ പൂട്ടി സീല്‍ വെച്ചിരുന്നു.

രാത്രി പന്ത്രണ്ടുമണിക്ക് അദ്ദേഹത്തെ ഒരു വണ്ടിയില്‍ കയറ്റി. ഒപ്പം പോലീസും. യാത്ര അവസാനിച്ചത് ആരുവാമൊഴി കോട്ടക്ക് മുന്നില്‍.

ആ കോട്ടക്ക് പുറത്ത് വെച്ച് തിരുവിതാംകൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പത്രാധിപര്‍ രാമകൃഷ്ണപിള്ളയോട് യാത്രപറഞ്ഞു പിരിഞ്ഞു. അതൊരു നാടുകടത്തലായിരുന്നു.

ആ നടപടിക്ക് ആധാരം ശ്രീമൂലം തിരുനാള്‍ രാജാവിന്റെ രാജകീയ വിളംബരം.

നാടുകടത്തലിനെ ന്യായീകരിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ ഉണ്ടായി. സാവകാശം അവയെല്ലാം നിലച്ചു.

കാലം കടന്നു പോയി..

ശ്രീമൂലം തിരുനാള്‍ രാജാവ് മരിച്ചു. ശ്രീചിത്തിരതിരുനാള്‍ രാജാവായി.

ഇതിനിടക്ക് രാമകൃഷ്ണപിള്ളയും മരിച്ചു.

*
സ്വദേശാഭിമാനി പ്രസിന്റെയും പത്രത്തിന്റെയും ഉടമസ്ഥന്‍ വക്കം അബ്ദുള്‍ഖാദര്‍ മൌലവിയായിരുന്നു. രാമകൃഷ്ണപിള്ളക്ക് എല്ലാ സ്വാതന്ത്ര്യവും അദ്ദേഹം നല്‍കിയിരുന്നു.

കാലം മാറിയപ്പോള്‍ പ്രസ് തിരിച്ചുകിട്ടാന്‍ ശ്രമിക്കണമെന്ന് പലരും മൌലവിയെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. അദ്ദേഹം അതിനൊന്നും ഒരുങ്ങിയില്ല.

‘എന്റെ പത്രാധിപരില്ലാത്ത സ്വദേശാഭിമാനി എനിക്കെന്തിന്?” അതായിരുന്നു അദ്ദേഹത്തിന്റെ മനോഭാ‍വം.

പ്രസ് തിരിച്ചുകിട്ടാന്‍ ഒരു ശ്രമം നടത്തിയത് മൌലവിയുടെ മരുമകനായിരുന്നു. പി.ഹബീബ് മുഹമ്മദ്. ജഡ്ജി. സര്‍. എം. ഹബീബുള്ള ദിവാ‍നായിരിക്കുമ്പോള്‍. ദിവാന്‍ കാര്യം രാജാവിനോട് പറഞ്ഞു. രാജാവിന്റെ പ്രതികരണമിതായിരുന്നു.

“അമ്മാവന്‍ ചെയ്ത ഒരു കാര്യത്തെ നാം എങ്ങിനെ മറിച്ചു ചെയ്യും?”

*

രാജഭരണം പോയി.

ജനകീയ ഭരണം നിലവില്‍ വന്നു.

എന്നിട്ടും കിട്ടിയില്ല സ്വദേശാഭിമാനി പ്രസ് അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക്.

സി.കേശവന്‍, കുമ്പളത്ത് ശങ്കുപിള്ള, ടി.കെ.നാരായണപിള്ള തുടങ്ങിയവര്‍ക്ക് അതില്‍ അരിശം.

മൌലവിയുടെ രണ്ടാമത്തെ പുത്രനോട് ടി.കെ.നാരായണപിള്ള ഒരിക്കല്‍ ചോദിച്ചു.

“രാജ്യത്തിനു വേണ്ടിയല്ലേ പിതാവ് പ്രസ് നഷ്ടപ്പെടുത്തിയത്? രാജ്യത്തിനു മോചനം കിട്ടിയിട്ടും നിങ്ങളെന്തുകൊണ്ട് പ്രസ് മോചിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ല?“

“മുപ്പതുകൊല്ലം പഴക്കമുള്ള സംഭവമല്ലേ? ഇപ്പോള്‍ അതിനു ശ്രമിച്ചാല്‍ ഊരാക്കുരുക്കാകില്ലേ?“ ഇതായിരുന്നു ഉത്തരം.

ടി.കെ.നാരായണപിള്ള ആശ്വസിപ്പിച്ചു.

“ശരി. ഇത്തരം കാര്യങ്ങള്‍ അനുവദിക്കാനുള്ള അധികാരം ഞങ്ങളുടെ കൈയില്‍ വരുമെന്നാണ് തോന്നുന്നത്. ഇപ്പോള്‍ തന്നെ ഒരു ഹര്‍ജി കൊടുത്തേക്കൂ.”

പട്ടം മന്ത്രിസഭ അധികാരത്തില്‍ വന്നു.

സ്വദേശാഭിമാനിയുടെ അവകാശികള്‍ ഹര്‍ജി കൊടുത്തു.

ഒന്നും സംഭവിച്ചില്ല. പ്രസ് തിരിച്ചു കിട്ടിയില്ല.

വീണ്ടും കാലം കടന്നുപോയി.

ഒരിക്കള്‍ മൌലവിയുടെ മകനെ ആശ്വസിപ്പിച്ച ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയായി.

ആദ്യമാസം കടന്നുപോയി. പ്രസ് തിരിച്ചു കിട്ടിയില്ല.

അവകാശികള്‍ മുഖ്യമന്ത്രിയെ കാണാന്‍ തീരുമാനിച്ചു. നാലാമത്തെ മകന്‍ വക്കം അബ്ദുള്‍ ഖാദറാണ് മുഖ്യമന്ത്രിയെ കണ്ടത്. കാര്യങ്ങളൊക്കെ ആവര്‍ത്തിച്ചു വിശദീകരിച്ചു. അനുകൂലമായ പ്രതികരണമായിരുന്നു.

അധികം വൈകാതെ വക്കം അബ്ദുള്‍ ഖാദറിനു ജനകീയ സര്‍ക്കാരിന്റെ തീരുമാനം തപാലില്‍ കിട്ടി.

“The petitioner is informed that his application for restoration of swadeshabhimani printing press can not be granted."

വീണ്ടും ഗവണ്മെന്റുകള്‍ വന്നു. പ്രസ് തിരിച്ചുകിട്ടാനുള്ള അപേക്ഷകള്‍ വക്കം അബ്ദുള്‍ ഖാദര്‍ മുറക്ക് അയച്ചുകൊണ്ടിരുന്നു.

പ്രസ് തിരിച്ചു കിട്ടിയില്ല.

*
1957 പിറന്നു.

കേരളത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലവില്‍ വന്നു.

പതിവു ചടങ്ങെന്ന പോലെ വക്കം അബ്ദുള്‍ ഖാദര്‍ പ്രസ് തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് നിവേദനം കൊടുത്തു.

ഹര്‍ജിക്ക് ഉടന്‍ പ്രതികരണമുണ്ടായി. മുന്‍പതിവുകള്‍ തെറ്റിച്ചുകൊണ്ട്.

ഗവണ്മെന്റ് ഒരു പ്രത്യേക വിജ്ഞാപനം  തന്നെ പുറപ്പെടുവിച്ചു. അന്യായമായി കൈയടക്കിവെച്ചതാണ് പ്രസ് എന്ന ബോധം ഈ ജനകീയ യുഗത്തില്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലെന്നും ആ തെറ്റ് തിരുത്തപ്പെടണം എന്നും ആ വര്‍ഷത്തെ റിപബ്ലിക്ക് ദിനത്തില്‍ പ്രസ് അതിന്റെ അവകാശികള്‍ക്ക് തിരിച്ചുകൊടുക്കുന്ന ചടങ്ങ് നിര്‍വഹിക്കപ്പെടുമെന്നും.

1958 ജനുവരി 28ന് മൌലവിയുടെ അവകാശികള്‍ക്ക് സ്വദേശാഭിമാനി പ്രസ് തിരിച്ചു കിട്ടി.

കമ്യൂണിസ്റ്റ് സര്‍ക്കാരും ഇതര സര്‍ക്കാരുമായുള്ള അന്തരം മറ്റു പല കാര്യങ്ങളിലെന്ന പോലെ ഇക്കാര്യത്തിലും കാണാം. പക്ഷേ, ചരിത്രം നിശബ്ദമാണ്!

ആണ്ടലാട്ട് എഴുതിയ ‘ 1957 ഏപ്രില്‍ 5ന്റെ പൊരുള്‍’ എന്ന പുസ്തകത്തിലെ ‘പക്ഷേ, ചരിത്രം നിശബ്ദമാണ്’ എന്ന അധ്യായത്തെ ആധാരമാക്കി തയ്യാറാക്കിയത്.

1 comment:

  1. 910 സെപ്തംബര്‍ 26.

    സ്വദേശാഭിമാനി പത്രത്തിന്റെ ഓഫീസില്‍ പോലീസ് എത്തുന്നു. സ്ഥാപനം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. പത്രാധിപര്‍ എതിരൊന്നും പറഞ്ഞില്ല. പോലീസ് സംഘം മഹസ്സര്‍ തയ്യാറാക്കാന്‍ ആരംഭിച്ചു. ഓഫീസിലെ സാധനങ്ങളുടെ ലിസ്റ്റായി. മഹസ്സര്‍ തയ്യാറായി. എല്ലാം സീലുവെച്ച് അവ സ്റ്റേഷനിലേക്ക് മാറ്റി.

    പത്രാധിപര്‍ രാമകൃഷ്ണപിള്ളയെ പോലീസ് അകമ്പടിയോടെ പാളയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ താമസസ്ഥലവും ഇതിനിടയില്‍ പൂട്ടി സീല്‍ വെച്ചിരുന്നു.

    രാത്രി പന്ത്രണ്ടുമണിക്ക് അദ്ദേഹത്തെ ഒരു വണ്ടിയില്‍ കയറ്റി. ഒപ്പം പോലീസും. യാത്ര അവസാനിച്ചത് ആരുവാമൊഴി കോട്ടക്ക് മുന്നില്‍.

    ആ കോട്ടക്ക് പുറത്ത് വെച്ച് തിരുവിതാംകൂര്‍ പോലീസ് ഉദ്യോഗസ്ഥര്‍ പത്രാധിപര്‍ രാമകൃഷ്ണപിള്ളയോട് യാത്രപറഞ്ഞു പിരിഞ്ഞു. അതൊരു നാടുകടത്തലായിരുന്നു

    ReplyDelete