Monday, December 6, 2010

ബാബറി മസ്ജിദ് തകര്‍ക്കലിന് പതിനെട്ടാണ്ട്

ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായ അയോധ്യയിലെ ബാബറി മസ്ജിദ് മിനാരങ്ങള്‍ ഹൈന്ദവഫാസിസ്റ്റുകള്‍ തകര്‍ത്തിട്ട് പതിനെട്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. അയോധ്യാഭൂമി മൂന്നായി പകുത്തുനല്‍കിയ ചരിത്രപ്രാധാന്യമുള്ള കോടതിവിധിക്ക് ശേഷമുള്ള ആദ്യത്തെ ബാബറി വാര്‍ഷികവുമാണിത്. 16-ാം നൂറ്റാണ്ടില്‍ ബാബര്‍ നിര്‍മിച്ച ഈ ചരിത്രസ്മാരകം തകര്‍ത്താണ് സംഘപരിവാര്‍ ഇന്ത്യയില്‍ വര്‍ഗീയതയുടെ കൊടി ഉയര്‍ത്തിക്കെട്ടിയത്. പള്ളിതകര്‍ത്തുകൊണ്ട് സൃഷ്ടിച്ച വര്‍ഗീയധ്രുവീകരണത്തിലൂടെയാണ് യുപിയിലും കേന്ദ്രത്തിലും ബിജെപി അധികാരത്തില്‍ വന്നത്. എന്നാല്‍, അധികം വൈകാതെ അവര്‍ക്ക് അധികാരത്തില്‍നിന്ന് ഇറങ്ങേണ്ടിവന്നു.

ബാബറി മസ്ജിദ് തകര്‍ക്കാന്‍ സംഘപരിവാറിന് പ്രേരണയേകിക്കൊണ്ട് കോണ്‍ഗ്രസ് പുലര്‍ത്തിയ മൃദു ഹിന്ദുത്വസമീപനത്തിന്റെ കറ ഇനിയും കഴുകിക്കളയാന്‍ അവര്‍ക്കായിട്ടില്ല. 1949 ഡിസംബര്‍ 22ന് ബാബറി മസ്ജിദിനകത്ത് രാമവിഗ്രഹം സ്ഥാപിക്കാന്‍ അനുവദിച്ചതും 1986ല്‍ മസ്ജിദ് ഹിന്ദു ആരാധനയ്ക്കായി തുറന്നുകൊടുത്തതും ശിലാന്യാസം അനുവദിച്ചതും കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു. മസ്ജിദ് തകര്‍ക്കാന്‍ അവസരമൊരുക്കി കാവല്‍ നിന്നതും കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഒടുവില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി വന്നപ്പോഴും സംഘപരിവാറിന് അനുകൂലമായ മൌനമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഉടമസ്ഥാവകാശത്തര്‍ക്കം സംബന്ധിച്ച് 1940ല്‍ നിര്‍മോഹി അക്കാഡ നല്‍കിയ കേസിലാണ് സെപ്തംബര്‍ 30ന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധി പറഞ്ഞത്. തര്‍ക്കസ്ഥലം മൂന്നായി ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കുമായി വിഭജിച്ച് കൊടുക്കാനായിരുന്നു വിധി. ഉടമസ്ഥാവകാശത്തര്‍ക്കം പരിഹരിക്കുന്നതിനേക്കാള്‍ അതുമൂലമുണ്ടാകാനിടയുള്ള വര്‍ഗീയപ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിനാണ് ജഡ്ജിമാര്‍ ഊന്നല്‍ നല്‍കിയത്. അത് പരക്കെ വിമര്‍ശിക്കപ്പെട്ടു. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നെന്ന് സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ-മതനിരപേക്ഷ പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. മിനാരത്തിന്റെ താഴെയാണ് ശ്രീരാമന്‍ ജനിച്ചതെന്നുപോലും നിശ്ചയിക്കാന്‍ കോടതി തയ്യാറായി.

അലഹബാദ് കോടതിവിധി സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടുകയാണ്. താല്‍ക്കാലികക്ഷേത്രം ഉള്‍പ്പെടെ 2.77 ഏക്കര്‍ തര്‍ക്കസ്ഥലവും തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് നിര്‍മോഹി അക്കാഡ സുപ്രീംകോടതിയെ സമീപിച്ചു. നിര്‍മോഹി അക്കാഡയ്ക്ക് നല്‍കിയ രാംഛബൂത്രയും(രാമവേദി) സീത രസോയിയും(സീതയുടെ അടുക്കള) ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളും തങ്ങള്‍ക്ക് വേണമെന്നാവശ്യപ്പെട്ട് സംഘപരിവാറും സുപ്രീംകോടതിയെ സമീപിക്കുകയാണ്. കേസിലെ പ്രധാനകക്ഷികളിലൊന്നായ സുന്നി വഖഫ് ബോര്‍ഡും സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. ഉടമസ്ഥാവകാശത്തര്‍ക്കം ഇനിയും നീളുമെന്നര്‍ഥം. ബാബറി മസ്ജിദ് തകര്‍ത്ത കേസാകട്ടെ റായ്ബറേലി കോടതിയില്‍ ഇനിയും പൂര്‍ത്തിയായിട്ടുമില്ല.

അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഹിന്ദു-മുസ്ളിം നേതാക്കള്‍ തമ്മില്‍ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവും നടന്നിരുന്നു. കേസിലെ പ്രധാനകക്ഷികളിലൊരാളും അയോധ്യ നിവാസിയുമായ ഹഷീം അന്‍സാരിയും അയോധ്യയിലെ ഏറ്റവും വലിയ ക്ഷേത്രത്തിന്റെ അധിപനുമായ ഗ്യാന്‍ദാസും തമ്മിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍, അക്കാഡ പരീക്ഷത്തിന്റെ അധ്യക്ഷന്‍ കൂടിയായ ഗ്യാന്‍ദാസിന്റെ ശ്രമങ്ങളെ അംഗീകരിക്കില്ലെന്ന് സംഘപരിവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുസ്ളിങ്ങള്‍ തര്‍ക്കസ്ഥലം മുഴുവന്‍ രാമക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് മാത്രമേ തങ്ങള്‍ ഉള്ളൂവെന്നാണ് സംഘപരിവാര്‍ നിലപാട്. എന്നാല്‍, എന്‍ഡിഎ ഭരണകാലത്ത് ക്ഷേത്രനിര്‍മാണത്തിനായി നടപടി സ്വീകരിക്കാത്ത സംഘപരിവാറിന് അയോധ്യയില്‍ പഴയ സ്വീകാര്യതയില്ല. അയോധ്യപ്രശ്നം പഴയപോലെ വര്‍ഗീയധ്രുവീകരണം വളര്‍ത്താനായി ഉപയോഗിക്കാനുമാകില്ല.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 061210

1 comment:

  1. ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായ അയോധ്യയിലെ ബാബറി മസ്ജിദ് മിനാരങ്ങള്‍ ഹൈന്ദവഫാസിസ്റ്റുകള്‍ തകര്‍ത്തിട്ട് പതിനെട്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. അയോധ്യാഭൂമി മൂന്നായി പകുത്തുനല്‍കിയ ചരിത്രപ്രാധാന്യമുള്ള കോടതിവിധിക്ക് ശേഷമുള്ള ആദ്യത്തെ ബാബറി വാര്‍ഷികവുമാണിത്.

    ReplyDelete