Friday, December 10, 2010

അന്വേഷണ പ്രഹസനം

സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് ജെ പി സി അന്വേഷണത്തില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരിക്കെ, 2001 മുതലുള്ള സ്‌പെക്ട്രം ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയോഗിച്ചു. 2001 മുതല്‍ 2009 വരെയുള്ള ഇടപാടുകളെക്കുറിച്ച് സുപ്രിം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ശിവരാജ് വി പാട്ടീല്‍ അന്വേഷിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുത്തും രേഖകള്‍ പരിശോധിച്ചും അന്വേഷണം നടത്തുന്ന കമ്മിഷന് മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ടാവില്ല.

സി ബി ഐ ഉള്‍പ്പെടെയുള്ള ബഹുതല സമിതിയെക്കൊണ്ട് സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിപ്പിക്കാമെന്നുള്ള സര്‍ക്കാര്‍ വാഗ്ദാനം നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ തള്ളിയിരുന്നു. രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളും മാധ്യമ പ്രവര്‍ത്തകരും വരെ പങ്കാളിയായ സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് ഫലപ്രദമായ  അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു മാത്രമേ കഴിയൂ എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. സി എ ജി റിപ്പോര്‍ട്ട് പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു പോലും ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവില്ല. രാഷ്ട്രീയ നേതൃത്വത്തില്‍നിന്നും കോര്‍പ്പറേറ്റുകളില്‍നിന്നും വേണ്ടിവന്നാല്‍ വിദേശ കമ്പനികളില്‍നിന്നുവരെ തെളിവെടുക്കാന്‍ അധികാരമുള്ള ഏജന്‍സിക്കേ സെപ്ക്ട്രം അന്വേഷണം നടത്താനാവൂ. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ വരെ വിളിച്ചുവരുത്താന്‍ ജെ പി സിക്കു കഴിയും. ഇത്തരത്തില്‍ വിലുപമായ അധികാരങ്ങളുള്ള ജെ പി സിക്കായി പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തെ ചില പാര്‍ട്ടികള്‍ പോലും രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ച് കേന്ദ്രത്തിന്റെ പ്രഹസനം.

എന്‍ ഡി എ കാലത്തേത് ഉള്‍പ്പെടെയുള്ള സ്‌പെക്ട്രം ഇടപാടില്‍ കമ്മിഷന്‍ നാലാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തയാക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. വകുപ്പു തല അന്വേഷണം മാത്രമാവും കമ്മിഷന്‍ നടത്തുക. സ്‌പെക്ട്രം ലൈസന്‍സ് നേടിയവര്‍ക്ക് നോട്ടീസ് അയയ്ക്കാനോ ചോദ്യം ചെയ്യാനോ കമ്മിഷന് അധികാരമുണ്ടാവില്ല. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് സി എ ജി വിപുലമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇത്തരമൊരു അന്വേഷണത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സിബല്‍ വ്യക്തമായ മറുപടി നല്‍കിയില്ല. സി എ ജി ഭരണഘടനാപരമായ സംവിധാനമാണെന്നും ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയാണ് അതിന്റെ ചുമതലയെന്നും സിബല്‍ പറഞ്ഞു. ഇതിലപ്പുറം എന്താണ് ഏകാംഗ സമിതി ചെയ്യാന്‍ പോവുന്നതെന്ന് സിബല്‍ വിശദീകരിച്ചില്ല.

2001 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള ടെലികോം വകുപ്പിന്റെ പ്രവര്‍ത്തനങ്ങളാണ്  കമ്മിഷന്‍ പരിശോധിക്കുക. കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അതതുകാലത്തെ നയവും നടപടിക്രമങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോയെന്നും ഇതു സുതാര്യമായിരുന്നോയെന്നും കമ്മിഷന്‍ പരിശോധിക്കും. കമ്മിഷന്റെ അന്വേഷണ പരിധി ഉടന്‍ തീരുമാനിക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

janayugom 101210

1 comment:

  1. സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് ജെ പി സി അന്വേഷണത്തില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരിക്കെ, 2001 മുതലുള്ള സ്‌പെക്ട്രം ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏകാംഗ കമ്മിഷനെ നിയോഗിച്ചു. 2001 മുതല്‍ 2009 വരെയുള്ള ഇടപാടുകളെക്കുറിച്ച് സുപ്രിം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് ശിവരാജ് വി പാട്ടീല്‍ അന്വേഷിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ഉദ്യോഗസ്ഥരില്‍നിന്ന് തെളിവെടുത്തും രേഖകള്‍ പരിശോധിച്ചും അന്വേഷണം നടത്തുന്ന കമ്മിഷന് മുന്‍ മന്ത്രിയെ ചോദ്യം ചെയ്യാനുള്ള അധികാരമുണ്ടാവില്ല.

    ReplyDelete