Monday, December 6, 2010

പുതിയ ബിപിഎല്‍ പട്ടിക പുതുവര്‍ഷത്തില്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ബിപിഎല്‍ പട്ടിക ജനുവരി ഒന്നിനു പ്രഖ്യാപിക്കുമെന്നു മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) സംസ്ഥാന കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സെന്റര്‍ പ്രസിഡന്റുകൂടിയായ ഐസക്.

കേന്ദ്രത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 70ലക്ഷം കുടുംബങ്ങളില്‍ 11.5ലക്ഷം മാത്രമാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്. അര്‍ഹരായ 30ലക്ഷത്തോളം കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയ്ക്കു പുറത്താണ്. ഈ 30 ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ പട്ടികയിലുള്‍പ്പെടും. കയര്‍തൊഴിലാളികളില്‍ 60ശതമാനവും മത്സ്യതൊഴിലാളികളില്‍ 40ശതമാനവും കര്‍ഷകതൊഴിലാളികളില്‍ 50ശതമാനവും മാത്രമാണ് കേന്ദ്രത്തിന്റെ ബിപിഎല്‍ പട്ടികയിലുള്ളത്. മുഴുവന്‍ ആദിവാസികള്‍പോലും ഈ പട്ടികയിലില്ല. പാവപ്പെട്ടവര്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹ്യക്ഷേമപദ്ധതികളുടെ ഗുണം അര്‍ഹരായ മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും ഇക്കാരണത്താല്‍ കിട്ടുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ മാനദണ്ഡമനുസരിച്ച് സമഗ്രമായ സര്‍വേയിലൂടെ ബിപിഎല്‍ പട്ടിക തയ്യാറാക്കിയത്.

ബിപിഎല്‍ പട്ടികയിലുള്ള കയര്‍തൊഴിലാളികള്‍ക്കു രണ്ട് രൂപയ്ക്കു മാസം 19 കിലോ അരിയും ആറുകിലോ ഗോതമ്പുമാണ് നല്‍കാന്‍ തീരുമാനിച്ചത്. അര്‍ഹര്‍ക്ക് ഇവ കിട്ടുന്നുവെന്നു ഉറപ്പുവരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മോണിറ്ററിങ് കമ്മിറ്റികള്‍ ഫലപ്രദമാക്കും- ഐസക് പറഞ്ഞു. കവന്‍ഷനില്‍ മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. കയര്‍തൊഴിലാളികള്‍ക്കു തൊഴിലും വരുമാനവര്‍ധനയും ഉറപ്പുവരുത്തുന്നതിനാണ് ആധുനികവല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നു സുധാകരന്‍ പറഞ്ഞു.

deshabhimani 061210

1 comment:

  1. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ബിപിഎല്‍ പട്ടിക ജനുവരി ഒന്നിനു പ്രഖ്യാപിക്കുമെന്നു മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) സംസ്ഥാന കവന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സെന്റര്‍ പ്രസിഡന്റുകൂടിയായ ഐസക്.

    കേന്ദ്രത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ 70ലക്ഷം കുടുംബങ്ങളില്‍ 11.5ലക്ഷം മാത്രമാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത്. അര്‍ഹരായ 30ലക്ഷത്തോളം കുടുംബങ്ങള്‍ ബിപിഎല്‍ പട്ടികയ്ക്കു പുറത്താണ്. ഈ 30 ലക്ഷം കുടുംബങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ പട്ടികയിലുള്‍പ്പെടും

    ReplyDelete