സോള്‍: ഉത്തരകൊറിയയ്‌ക്കെതിരെ അമേരിക്കയുമായിച്ചേര്‍ന്ന് ദക്ഷിണകൊറിയ ആക്രമണ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടെ ഇരു കൊറിയകളെയും സമാധാനത്തിന്റെ പാതയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാന്‍ ചൈന ശ്രമമാരംഭിച്ചു. ഇടയ്ക്ക് നിര്‍ത്തിവച്ചിരുന്ന ആണവനിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ചൈന ഉത്തര കൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങി.
ഇരു കൊറിയകളും തമ്മില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തമ്മിലുളള അടിയന്തര ചര്‍ച്ചകള്‍ക്ക് കളമൊരുക്കാന്‍ ചൈന ശ്രമം തുടങ്ങി. എന്നാല്‍ ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ക്ക് സന്നദ്ധമല്ലെന്ന നിലപാടിലാണ് അമേരിക്കയും ജപ്പാനും. അമേരിക്കയുടെ മുഖ്യസഖ്യകക്ഷിയായ ദക്ഷിണ കൊറിയയെ ചര്‍ച്ചയുടെ പാതയിലേയ്ക്ക് കൊണ്ടുവരാനുളള ശ്രമത്തിലാണ് ചൈന.
ഇതിനിടെ ഉത്തര കൊറിയ വീണ്ടും തങ്ങളെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയതായി വ്യക്തമായ വിവരം ലഭിച്ചതായി ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി വെളിപ്പെടുത്തി. ഏതു സമയവും യുദ്ധം പൊട്ടിപ്പുറപ്പെടാം. ഇതിനെ പ്രതിരോധിക്കാന്‍ ശക്തമായ സൈനികവിന്യാസം നടത്തിയതായും അദ്ദേഹം പറഞ്ഞു.
ദക്ഷിണകൊറിയയും അമേരിക്കയും ചേര്‍ന്നുളള സംയുക്തസൈനികാഭ്യാസമാണ് മേഖലയെ സംഘര്‍ഷത്തിലേയ്ക്ക് തളളിവിട്ടത്. ഏറ്റുമുട്ടലിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടിരുന്ന സൈനികാഭ്യാസം പുനരാരംഭിക്കാനുളള ചര്‍ച്ചകളിലാണ് ഇരുരാജ്യങ്ങളും. നിര്‍ത്തിവച്ചിരുന്ന ആണവനിരായുധീകരണത്തെക്കുറിച്ചുളള ആറുരാഷ്ട്രചര്‍ച്ചകള്‍ പുനരാരംഭിക്കാനുളള ശ്രമവും ചൈന ആരംഭിച്ചിട്ടുണ്ട്. ഇരു കൊറിയകളോടൊപ്പം ചൈന, റഷ്യ, ജപ്പാന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഈ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നത്. തങ്ങള്‍ ആണവമേഖലയില്‍ സുപ്രധാന പുരോഗതി കൈവരിച്ചതായുളള ഉത്തര കൊറിയയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തലുകള്‍ ചര്‍ച്ചകളെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. സംയുക്തസൈനികാഭ്യാസത്തെക്കുറിച്ചുളള തിരക്കിട്ട ചര്‍ച്ചകളിലാണ് അമേരിക്കയും ദക്ഷിണ കൊറിയയും. ദക്ഷിണ കൊറിയ സ്വന്തം നിലയ്ക്ക് 29 സ്ഥലങ്ങളില്‍ സൈനികാഭ്യാസം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി സൈനിക വക്താവ് വെളിപ്പെടുത്തി.
ദക്ഷിണ കൊറിയയെ ചര്‍ച്ചയുടെ പാതയിലേയ്ക്ക് കൊണ്ടുവരാനുളള ചൈനയുടെ ശ്രമങ്ങള്‍ക്ക് തടയിടുന്നത് അമേരിക്കയും ജപ്പാനുമാണ്. ഉത്തര കൊറിയയ്‌ക്കെതിരെ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ദക്ഷിണ കൊറിയയ്‌ക്കൊപ്പം യോഗം ചേരാന്‍ ഈ രാജ്യങ്ങള്‍ തീരുമാനമെടുത്തിട്ടുണ്ട്.
ജനയുഗം 021210
No comments:
Post a Comment