Saturday, December 4, 2010

ചാരവൃത്തിക്ക് ബ്രിട്ടീഷ് വ്യോമതാവളം അമേരിക്ക ഉപയോഗിച്ചു

ചാരവൃത്തിക്ക് അമേരിക്ക ബ്രിട്ടന്റെ വിദേശത്തെ വ്യോമതാവളം അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ഇതേച്ചൊല്ലി ഇരു രാജ്യവും തമ്മില്‍ തര്‍ക്കമുള്ളതായും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ ഇത്തരം ചെയ്തികളുടെ പേരില്‍ മനുഷ്യാവകാശലംഘനത്തിന് തങ്ങള്‍ പ്രതിക്കൂട്ടിലാകുമോ എന്ന ആശങ്കയാണ് ബ്രിട്ടനുള്ളത്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ഉപയോഗിച്ച് തുര്‍ക്കി, വടക്കന്‍ ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ ചാരവിമാനങ്ങള്‍ നിരീക്ഷണം നടത്തിയതാണ് തര്‍ക്കത്തിനു കാരണമായത്. ലണ്ടനിലെ അമേരിക്കന്‍ എംബസിയില്‍നിന്ന് 2008ല്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരം നിരീക്ഷണത്തിന്റെ ഫലമായി പിടികൂടുന്നവരെ പീഡിപ്പിച്ചാല്‍ മനുഷ്യാവകാശ ലംഘനത്തിന് തങ്ങളും പഴികേള്‍ക്കുമെന്ന് ബ്രിട്ടന്‍ ഭയക്കുന്നതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വിദേശവകുപ്പിന് അയച്ച സന്ദേശങ്ങളില്‍ പറയുന്നു. ഈവിധത്തില്‍ പിടികൂടുന്നവരെ ഒരുതരത്തിലും പീഡിപ്പിക്കരുതെന്നും ബ്രിട്ടന്‍ ആവശ്യപ്പെടുന്നതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണില്‍ അറിയിച്ചു. എന്നാല്‍, ബ്രിട്ടന്റെ ഈ നിലപാട് ഭീകരവിരുദ്ധപോരാട്ടങ്ങള്‍ക്ക് ഗുണമല്ലെന്നാണ് അമേരിക്ക പ്രതികരിച്ചത്.

ടോണി ബ്ളെയര്‍ രാജിവച്ചശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഗോര്‍ഡന്‍ ബ്രൌണ്‍ തികഞ്ഞ പരാജയമാണെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണില്‍ അറിയിച്ചതായും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കി. രാഷ്ട്രീയദുരന്തങ്ങളില്‍നിന്ന് രാഷ്ട്രീയദുരന്തങ്ങളിലേക്കാണ് ബ്രൌണ്‍ സഞ്ചരിക്കുന്നതെന്ന് അന്നത്തെ അമേരിക്കന്‍ അംബാസഡര്‍ റോബര്‍ട്ട് ടര്‍ട്ടില്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. പരാജയങ്ങളെ തുടര്‍ന്ന് ബ്രൌണ്‍ ലേബര്‍ പാര്‍ടിയുടെ നേതൃസ്ഥാനത്തുനിന്നു പുറത്താകുമെന്നും പകരം ഡേവിഡ് മിലിബാന്‍ഡ് നേതാവാകുമെന്നും ടര്‍ട്ടില്‍ പ്രവചിച്ചു. ടര്‍ട്ടിലിന്റെ പ്രവചനം പകുതിമാത്രം ശരിയായി. ബ്രൌണ്‍ പുറത്തായി; പക്ഷേ, പകരം നേതാവായത് എഡ് മിലിബാന്‍ഡാണ്.

രാജ്യാന്തര സംഭവവികാസങ്ങള്‍ സഹിഷ്ണുതയോടെ കാണാന്‍ അമേരിക്ക തയ്യാറല്ലെന്നതിനു തെളിവാണ് പുറത്തുവന്ന രേഖകളെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് പറഞ്ഞു. എന്നാല്‍, റഷ്യ അനാവശ്യമായി ആരെയും ഭയക്കുന്നില്ലെന്നും വെളിപ്പെടുത്തലുകള്‍ അമേരിക്ക-റഷ്യ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിക്കിലീക്സ് വെളിപ്പെടുത്തലുകള്‍ പരിഭ്രമത്തിലാഴ്ത്തിയ അമേരിക്ക പുതിയ വിശദീകരണവുമായി രംഗത്തുവന്നു. നയതന്ത്രപ്രതിനിധികളുടെ വിശദീകരണങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗികനയമല്ലെന്നും സംഭവങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങള്‍ മാത്രമാണെന്നും അമേരിക്കന്‍ വിദേശവകുപ്പ് വക്താവ് പി ജെ ക്രോളി പറഞ്ഞു.

ഡൊമെയ്ന്‍ കമ്പനിയെ പിന്‍വലിച്ച് വിക്കിലീക്സ് തകര്‍ക്കാന്‍ ശ്രമം

വിക്കിലീക്സ് വെബ്സൈറ്റ് തകര്‍ക്കാന്‍ വീണ്ടും അമേരിക്ക ശ്രമിച്ചു. സൈബര്‍ ആക്രമണഭീഷണിയെതുടര്‍ന്ന് വിക്കിലീക്സിന്റെ അമേരിക്കന്‍ ഡൊമെയ്ന്‍ നാമദാതാവ് പിന്മാറി. ഇതേത്തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ഡൊമെയ്ന്‍വഴി വിക്കിലീക്സ് ഇന്റര്‍നെറ്റില്‍ തിരികെ പ്രവേശിച്ചു. അമേരിക്കയിലെ എവരിഡിഎന്‍എസ് എന്ന കമ്പനിയാണ് വിക്കിലീക്സിന് ഡൊമെയ്ന്‍ സേവനം നല്‍കിവന്നത്. എന്നാല്‍, നുഴഞ്ഞുകയറ്റക്കാരില്‍നിന്ന് നിരന്തരം നേരിടുന്ന ആക്രമണം മറ്റ് ഉപയോക്താക്കളെയും ബാധിക്കുമെന്നതിനാല്‍ വിക്കിലീക്സിന് നല്‍കിവരുന്ന സേവനം അവസാനിപ്പിക്കുകയാണെന്ന് എവരിഡിഎന്‍എസിന്റെ ഉടമകളായ ഡൈനാമിക് നെറ്റ്വര്‍ക്ക് സര്‍വീസസ് അറിയിച്ചു. വൈകാതെ വിക്കിലീക്സ് ഇത് സ്ഥിരീകരിച്ചു. ആക്രമണങ്ങള്‍ ഉണ്ടാകുന്നുവെന്ന പേരില്‍ എവരിഡിഎന്‍എസ് തങ്ങളെ കൈയൊഴിഞ്ഞതായി വിക്കിലീക്സ് ട്വിറ്ററില്‍ കുറിച്ചു. തുടര്‍ന്ന് wikileaks.ch  എന്ന സ്വിസ് ഡൊമെയ്നിലേക്ക് വിക്കിലീക്സ് മാറുകയും ചെയ്തു.

അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്മര്‍ദം കാരണമാണ് എവരിഡിഎന്‍എസ് പിന്മാറിയതെന്ന് വിക്കിലീക്സിന്റെ അഭിഭാഷകന്‍ മാര്‍ക്ക് സ്റീഫന്‍സ് ലണ്ടനില്‍ പറഞ്ഞു. വിക്കിലീക്സിന് സെര്‍വര്‍ നല്‍കിയിരുന്ന ആമസോ ഡോട്ട് കോം അമേരിക്കന്‍ സര്‍ക്കാരിന്റെ ഭീഷണിയെതുടര്‍ന്ന് കഴിഞ്ഞദിവസം പിന്മാറിയിരുന്നു. ഇപ്പോള്‍ സ്വീഡന്‍ സെര്‍വറായ ബാഹന്‍ഹോഫാണ് വിക്കിലീക്സ് ഉപയോഗിക്കുന്നത്.

ദേശാഭിമാനി 041210

2 comments:

  1. ചാരവൃത്തിക്ക് അമേരിക്ക ബ്രിട്ടന്റെ വിദേശത്തെ വ്യോമതാവളം അവരുടെ അനുമതിയില്ലാതെ ഉപയോഗിച്ചതായി വിക്കിലീക്സ് വെളിപ്പെടുത്തല്‍. ഇതേച്ചൊല്ലി ഇരു രാജ്യവും തമ്മില്‍ തര്‍ക്കമുള്ളതായും വിക്കിലീക്സ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. അമേരിക്കയുടെ ഇത്തരം ചെയ്തികളുടെ പേരില്‍ മനുഷ്യാവകാശലംഘനത്തിന് തങ്ങള്‍ പ്രതിക്കൂട്ടിലാകുമോ എന്ന ആശങ്കയാണ് ബ്രിട്ടനുള്ളത്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമതാവളം ഉപയോഗിച്ച് തുര്‍ക്കി, വടക്കന്‍ ഇറാഖ്, ലെബനന്‍ എന്നിവിടങ്ങളില്‍ അമേരിക്കന്‍ ചാരവിമാനങ്ങള്‍ നിരീക്ഷണം നടത്തിയതാണ് തര്‍ക്കത്തിനു കാരണമായത്. ലണ്ടനിലെ അമേരിക്കന്‍ എംബസിയില്‍നിന്ന് 2008ല്‍ വാഷിങ്ടണിലേക്ക് അയച്ച സന്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരം നിരീക്ഷണത്തിന്റെ ഫലമായി പിടികൂടുന്നവരെ പീഡിപ്പിച്ചാല്‍ മനുഷ്യാവകാശ ലംഘനത്തിന് തങ്ങളും പഴികേള്‍ക്കുമെന്ന് ബ്രിട്ടന്‍ ഭയക്കുന്നതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വിദേശവകുപ്പിന് അയച്ച സന്ദേശങ്ങളില്‍ പറയുന്നു. ഈവിധത്തില്‍ പിടികൂടുന്നവരെ ഒരുതരത്തിലും പീഡിപ്പിക്കരുതെന്നും ബ്രിട്ടന്‍ ആവശ്യപ്പെടുന്നതായി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ വാഷിങ്ടണില്‍ അറിയിച്ചു. എന്നാല്‍, ബ്രിട്ടന്റെ ഈ നിലപാട് ഭീകരവിരുദ്ധപോരാട്ടങ്ങള്‍ക്ക് ഗുണമല്ലെന്നാണ് അമേരിക്ക പ്രതികരിച്ചത്.

    ReplyDelete
  2. apparently wikileaks also says that the chinese "LOVE" the idea of a united korean nation controlled by south korea (and thts y chinese banned the site in china) ... any comments?

    ReplyDelete