Saturday, December 4, 2010

യുപിഎ മന്ത്രിസഭയെ നയിക്കുന്നത് ഏത് ശക്തി?

വിഗ്രഹങ്ങളായി ഉയര്‍ന്നുനിന്ന ചില മാധ്യമപ്രവര്‍ത്തകരുടെ തനി സ്വരൂപം മറനീക്കിക്കാട്ടിയ നീരാ റാഡിയാ ടേപ്പ് സംഭവത്തില്‍ വ്യവസായലോബിയും മാധ്യമ ദല്ലാള്‍സംഘവും എങ്ങനെ ചിന്തിക്കുന്നോ, അങ്ങനെതന്നെ കേന്ദ്രസര്‍ക്കാരും ചിന്തിക്കുന്നു.

കോര്‍പറേറ്റ് ദല്ലാള്‍ നീരാ റാഡിയാ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണങ്ങളടങ്ങിയ ടേപ്പ് പുറത്തുവന്നതിനെക്കുറിച്ച് എത്ര ഊര്‍ജസ്വലതയോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഭരണത്തിലുണ്ടായ ദുഃസ്വാധീനങ്ങളെക്കുറിച്ചല്ല അന്വേഷണം, മറിച്ച് ആ ദുഃസ്വാധീനങ്ങള്‍ പുറത്തുകൊണ്ടുവന്ന ടേപ്പ് ചോര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ് അന്വേഷണം. നീരാ റാഡിയയുമായുള്ള തന്റെ സംഭാഷണമടങ്ങിയ ടേപ്പ് ചോര്‍ന്നതിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റാ കോടതിയെ സമീപിച്ച ദിവസംതന്നെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതും.

ടേപ്പ് ചോര്‍ന്നതില്‍ നീരാ റാഡിയക്കും രത്തന്‍ ടാറ്റായ്ക്കും ബര്‍ഖാ ദത്തിനും വീര്‍സാങ്വിക്കും അസ്വസ്ഥതയുണ്ടാവുന്നത് മനസിലാക്കാം. ആ അസ്വസ്ഥത അതേ തോതില്‍ കേന്ദ്രസര്‍ക്കാര്‍ പങ്കിടുന്നതെന്തിന്? ഈ ചോദ്യം ഭരണരാഷ്ട്രീയ നേതൃത്വവും കോര്‍പറേറ്റ് ഭീമന്മാരും ഇവര്‍ക്കിടയിലെ മാധ്യമ ഇടനിലക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലേക്കാണ് വെളിച്ചംവീശുന്നത്. സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് 5000 ഫോണ്‍വിളികളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 104 എണ്ണമേ പുറത്തുവന്നിട്ടുള്ളൂ.

അധികാരത്തിന്റെ ഇടനാഴികളില്‍ ചുറ്റിത്തിരിഞ്ഞ് വന്‍വ്യവസായ ലോബിക്കുവേണ്ടി ശുപാര്‍ശകള്‍ നടത്തുകയും കാര്യങ്ങള്‍ നേടുകയും, അതിന് കഴിയാത്ത സാഹചര്യത്തില്‍, തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന രാഷ്ട്രീയനേതാക്കളെ മാധ്യമം ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഒരു ഗൂഢസംഘം ദേശീയതലത്തില്‍തന്നെയുണ്ട് എന്നത് തെളിഞ്ഞിരിക്കയാണ്. കേരളത്തില്‍ നേരത്തേതന്നെ കണ്ടെത്തപ്പെട്ട മാധ്യമ സിന്‍ഡിക്കറ്റിന്റെ ദേശീയ രൂപം! അവര്‍ക്ക് വേദനിക്കുമ്പോള്‍ ആ വേദന കേന്ദ്രസര്‍ക്കാര്‍തന്നെയാണ് ഏറ്റെടുക്കുന്നത് എന്നാണ് ചോര്‍ച്ചയ്ക്ക് ഉത്തരവാദിയാര്, എങ്ങനെ ചോര്‍ന്നു എന്നൊക്കെയുള്ള കാര്യങ്ങള്‍ അന്വേഷിക്കാനുള്ള കേന്ദ്രത്തിന്റെ വ്യഗ്രതയില്‍നിന്ന് തെളിയുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന് അഭിമാനിക്കുന്ന ഈ രാജ്യത്ത് മന്ത്രിയാരാകണമെന്നും ആരാകരുതെന്നും ആര്‍ക്ക് ഏത് വകുപ്പു വേണമെന്നും ഏത് വകുപ്പ് കൊടുക്കരുതെന്നും ഒക്കെ തീരുമാനിക്കുന്നതു പ്രധാനമന്ത്രിയല്ല, മറിച്ച് നീരാ റാഡിയമാരാണ് എന്നാണു തെളിഞ്ഞിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള ജനാധിപത്യത്തിന്റെ യഥാര്‍ഥ സ്വഭാവം ഇത് മറനീക്കി കാട്ടിത്തരുന്നുണ്ട്. ഈ അവസ്ഥയുണ്ടായതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിക്ക് തോന്നിയിട്ടില്ല എന്നത് വിചിത്രമാണ്.

ഹിറ്റ്ലറുടെ കാലത്ത് പരമസുന്ദരിയായ ഒരു മാതാഹരിയുണ്ടായിരുന്നു. ബ്രിട്ടന്റെയും ജര്‍മനിയുടെയും രഹസ്യങ്ങള്‍ ചോര്‍ത്തി പരസ്പരം കൈമാറി കാശുണ്ടാക്കിയ ഇരട്ട ഏജന്റായിരുന്നു അവര്‍. അവരുടെ പിന്മുറക്കാര്‍ ഡല്‍ഹിയിലെ സൌത്ത് ബ്ളോക്കിന്റെ ഇടനാഴികളില്‍ നീരാ റാഡിയമാരായി ചുറ്റിത്തിരിയുന്നു. അവരെ ചോദ്യംചെയ്യാന്‍ അവരുടെ സൌകര്യം കാത്ത് അധികൃതര്‍ ഓച്ഛാനിച്ചു നിന്നു. വിചിത്രമാണ് ഈ അവസ്ഥ.

2ജി സ്പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ നിലപാടുകളെയാകെ ഏതൊക്കെയോ തരത്തിലുള്ള ദുരൂഹത ചൂഴ്ന്നുനില്‍ക്കുന്നുണ്ട്. 2007 ഒക്ടോബര്‍ പത്തുവരെ സ്പെക്ട്രം ലൈസന്‍സിനുള്ള അപേക്ഷ സ്വീകരിക്കുമെന്ന് വിജ്ഞാപനം ചെയ്തിട്ട് അപേക്ഷ സ്വീകരിക്കുന്ന പ്രക്രിയ സെപ്തംബര്‍ 25ന് തന്നെ അവസാനിപ്പിച്ചതും 25നു ശേഷം കിട്ടിയ അപേക്ഷകളാകെ തള്ളിയതും അസ്വാഭാവികമാണെന്ന് പ്രധാനമന്ത്രിക്ക് തോന്നാതിരുന്നത് എന്തുകൊണ്ട്? ലേലത്തിലൂടെ ലൈസന്‍സ് കൊടുക്കുകയെന്ന നിര്‍ദേശം മന്ത്രിയായിരുന്ന എ രാജ തള്ളിയിട്ട് പ്രധാനമന്ത്രി നിശബ്ദനായിരുന്നത് എന്തുകൊണ്ട്? 2001ലെ വിലയ്ക്ക് 2007ല്‍ ലൈസന്‍സ് വില്‍പ്പന നടത്തിയത് ശ്രദ്ധയില്‍പെട്ടിട്ടും അത് റദ്ദാക്കാന്‍ പ്രധാനമന്ത്രി ധൈര്യം കാട്ടാതിരുന്നത് എന്തുകൊണ്ട്? പ്രധാനമന്ത്രിയുടെ കൈകള്‍ കെട്ടിയിരുന്ന ഏതൊക്കെയോ ശക്തികള്‍ ഡല്‍ഹിയിലുണ്ട് എന്നു വേണം ഇതില്‍നിന്നൊക്കെ മനസിലാക്കാന്‍.

ഏറ്റവും വിചിത്രമായ കാര്യം ഇപ്പോള്‍ സുപ്രീംകോടതി കണ്ടെത്തിയ വസ്തുതയാണ്. ആജ്ഞാപിക്കുന്ന സ്വരത്തിലാണ് മന്ത്രിയായിരുന്ന എ രാജ പ്രധാനമന്ത്രിക്ക് കത്തയച്ചത് എന്ന് കോടതി പറയുന്നു. അവജ്ഞയും പുച്ഛവും നിറഞ്ഞ വാക്കുകളാല്‍ തനിക്ക് കത്തെഴുതിയ മന്ത്രിയെ മന്ത്രിസഭയില്‍ തുടരാന്‍ പ്രധാനമന്ത്രി അനുവദിച്ചത് തീര്‍ത്തും അസ്വാഭാവികമാണ്. തന്നെ അധിക്ഷേപിക്കുന്ന മന്ത്രിയെ അഴിമതിയുടെ പശ്ചാത്തലമുണ്ടായിട്ടുപോലും പുറത്താക്കാന്‍ കഴിയാത്ത നിസ്സഹായതയിലേക്ക് പ്രധാനമന്ത്രിയെ നയിക്കുന്നതാരാണോ അവരാണ് യഥാര്‍ഥത്തില്‍ യുപിഎ സര്‍ക്കാരിന്റെ നടത്തിപ്പുകാര്‍. അവര്‍തന്നെയാണ് ഇന്ന് അന്വേഷണം നടത്തേണ്ട മേഖലകളെയൊക്കെ അവഗണിച്ച് ടേപ്പ് ചോര്‍ച്ചയിലേക്കുമാത്രം അന്വേഷണത്തെ തിരിച്ചുവിടുന്നതും.

ദേശാഭിമാനി മുഖപ്രസംഗം 041210

1 comment:

  1. വിഗ്രഹങ്ങളായി ഉയര്‍ന്നുനിന്ന ചില മാധ്യമപ്രവര്‍ത്തകരുടെ തനി സ്വരൂപം മറനീക്കിക്കാട്ടിയ നീരാ റാഡിയാ ടേപ്പ് സംഭവത്തില്‍ വ്യവസായലോബിയും മാധ്യമ ദല്ലാള്‍സംഘവും എങ്ങനെ ചിന്തിക്കുന്നോ, അങ്ങനെതന്നെ കേന്ദ്രസര്‍ക്കാരും ചിന്തിക്കുന്നു.

    കോര്‍പറേറ്റ് ദല്ലാള്‍ നീരാ റാഡിയാ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംഭാഷണങ്ങളടങ്ങിയ ടേപ്പ് പുറത്തുവന്നതിനെക്കുറിച്ച് എത്ര ഊര്‍ജസ്വലതയോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഭരണത്തിലുണ്ടായ ദുഃസ്വാധീനങ്ങളെക്കുറിച്ചല്ല അന്വേഷണം, മറിച്ച് ആ ദുഃസ്വാധീനങ്ങള്‍ പുറത്തുകൊണ്ടുവന്ന ടേപ്പ് ചോര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ് അന്വേഷണം. നീരാ റാഡിയയുമായുള്ള തന്റെ സംഭാഷണമടങ്ങിയ ടേപ്പ് ചോര്‍ന്നതിന്റെ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വ്യവസായ പ്രമുഖനായ രത്തന്‍ ടാറ്റാ കോടതിയെ സമീപിച്ച ദിവസംതന്നെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതും.

    ReplyDelete