Friday, December 10, 2010

സ്‌പെക്ട്രം അഴിമതിയില്‍ കോര്‍പ്പറേറ്റ് വാക് പോര്

സ്‌പെക്ട്രം അഴിമതിയെച്ചൊല്ലി, കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പക്ഷത്തു പങ്കുപറ്റി രാജ്യത്തെ പ്രമുഖ വ്യവസായികള്‍ തമ്മില്‍ വാക്‌പോര്. ബി ജെ പിയുടെ ഭരണകാലത്താണ് ടെലികോം നയത്തില്‍ ഏറ്റവും വലിയ പാളിച്ചയുണ്ടായതെന്ന് ടാറ്റ ഗ്രൂപ്പ് തലവന്‍ രത്തന്‍ ടാറ്റ കുറ്റപ്പെടുത്തി. അതേസമയം യു പി എ ഭരണകാലത്തെ സ്‌പെക്ട്രം ഇടപാടിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയത് ടാറ്റയാണെന്ന വാദവുമായി വ്യവസായിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി.

ബി ജെ പിയുടെ കാലത്താണ് ടെലികോം നയത്തില്‍ തിരിമറിയുണ്ടായതെന്നും അതിലൂടെ രാജ്യത്തിന് 50,000 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ടാറ്റ പറഞ്ഞു. ജി എസ് എം സര്‍വീസ് ദാതാക്കളുടെ സംഘടനയായ സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കോക്കസിനെ തകര്‍ത്തത് 2008ല്‍ രാജയുടെ ടെലികോം നയമാണെന്ന് ടാറ്റ പറഞ്ഞു. 2008ലാണ്, അതുവരെ സി ഡി എം എ സേവനം നല്‍കിയിരുന്ന ടാറ്റ ടെലി സര്‍വീസസ് ജി എസ് എം രംഗത്തേയ്ക്ക് പ്രവേശിച്ചത്. രാജയെയോ മറ്റേതെങ്കിലും ടെലികോം മന്ത്രിയെയോ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ടാറ്റ പറഞ്ഞു.

രാജയുടെ നയത്തിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയ ടാറ്റ വിഷയം മാറ്റാനാണ് ശ്രമിക്കുന്നതെന്ന്, ബി ജെ പിയുടെയും ജെ ഡി എസിന്റെയും പിന്തുണയോടെ രാജ്യസഭാംഗമായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചും സുതാര്യമായുമാണ് പ്രവര്‍ത്തിച്ചതെന്ന ടാറ്റയുടെ വാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

ടാറ്റയുടെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പിയും രംഗത്തെത്തിയിട്ടുണ്ട്. ടാറ്റ ഒരു വിധികര്‍ത്താവല്ലെന്നും യു പി എയുടെ ടെലികോം നയത്തിലൂടെ നേട്ടമുണ്ടാക്കിയ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ആരും വില കൊടുക്കില്ലെന്നും ബി ജെ പി പ്രതികരിച്ചു. ടാറ്റയുടെ പ്രതികരണത്തോടെ കോണ്‍ഗ്രസ് ബി ജെ പിക്കെതിരെ കടുത്ത വിമര്‍ശനമഴിച്ചുവിട്ടു. കാര്‍ഗില്‍ യുദ്ധത്തിനു പിന്നാലെ ജഗ്‌മോഹനില്‍നിന്ന് ടെലികോം വകുപ്പ് ഏറ്റെടുത്ത അടല്‍ ബിഹാരി വാജ്‌പേയി ടെലികോം കമ്പനികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചതിലൂടെ രാജ്യത്തിന് 60,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

ടാറ്റയ്‌ക്കെതിരായ പ്രചാരണത്തിന് തടയിടാനാണ് നീരാ റാഡിയയെ ചുമതലപ്പെടുത്തിയതിന്, റാഡിയ വിവാദത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് രത്തന്‍ ടാറ്റ പറഞ്ഞു.

janayugom 101210

1 comment:

  1. സ്‌പെക്ട്രം അഴിമതിയെച്ചൊല്ലി, കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും പക്ഷത്തു പങ്കുപറ്റി രാജ്യത്തെ പ്രമുഖ വ്യവസായികള്‍ തമ്മില്‍ വാക്‌പോര്. ബി ജെ പിയുടെ ഭരണകാലത്താണ് ടെലികോം നയത്തില്‍ ഏറ്റവും വലിയ പാളിച്ചയുണ്ടായതെന്ന് ടാറ്റ ഗ്രൂപ്പ് തലവന്‍ രത്തന്‍ ടാറ്റ കുറ്റപ്പെടുത്തി. അതേസമയം യു പി എ ഭരണകാലത്തെ സ്‌പെക്ട്രം ഇടപാടിലൂടെ ഏറ്റവും നേട്ടമുണ്ടാക്കിയത് ടാറ്റയാണെന്ന വാദവുമായി വ്യവസായിയും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി.

    ReplyDelete