Friday, December 3, 2010

കുറ്റവിചാരണ

അഴിമതിയില്‍ മുങ്ങി താഴ്ന്ന കേന്ദ്ര കോണ്ഗ്രസ് സര്‍ക്കാരിനെതിരെ ഡി വൈ എഫ് ഐ  നേതൃത്വത്തില്‍ സംസ്ഥാനത്താകെ വായിച്ച അവിശ്വാസ പ്രമേയം. അവിശ്വാസ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു .

അവിശ്വാസ പ്രമേയം


    ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ചെന്നുപെട്ടിരിക്കുന്ന അഴിമതിയുടെ ആഴങ്ങള്‍ ഞങ്ങളെ ലജ്ജിപ്പിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ധനസമ്പാദനത്തിന്റെ, രാഷ്ട്രീയ ജീര്‍ണ്ണതയുടേയും എക്കാലത്തേയും പ്രതീകങ്ങളായിരുന്നു വലതുപക്ഷ രാഷ്ട്രീയ ശക്തികള്‍. പൊതുഖജനാവിനെ ചോര്‍ത്തി, ജനങ്ങളുടെ ജീവിതാവകാശങ്ങളെ നിഷേധിക്കുന്ന വലതുരാഷ്ട്രീയ ജീര്‍ണ്ണതകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് തന്നെയും തനിക്കുചുറ്റുമുള്ള ഉപഗ്രഹസദൃശ്യമായ അനുയായി വൃന്ദത്തെയും സാമ്പത്തികമായി ശക്തിപ്പെടുത്തി നിലനിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ്സ് അഴിമതിയുടെ പിന്നിലെ രാഷ്ട്രീയം.

    അതിര്‍ത്തികാക്കുന്ന സൈനികന്റെ കൈകളിലേയ്ക്ക് നിലവാരമില്ലാത്ത ആയുധം നല്‍കി രാഷ്ട്രത്തെ കബളിപ്പിച്ച ബൊഫോഴ്സ് കോഴയുടെ ദുര്‍ഗന്ധം ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ ഇന്നും തങ്ങി നില്‍ക്കുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക വേഷംകെട്ടി കോണ്‍ഗ്രസ്സ് നേതൃത്വം അപഹരിച്ചതും കോടികള്‍. കാര്‍ഗില്‍ യുദ്ധത്തില്‍ മണ്‍മറഞ്ഞ് പോയവരുടെ ഉറ്റവര്‍ക്കായി അനുവദിച്ച ആദര്‍ശ് ഫ്ളാറ്റ് വിതരണത്തിലും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് കവര്‍ന്നെടുത്തതും കോടികള്‍. ഏറ്റവും ഒടുവില്‍ അഴിമതികളുടെ കൊടിയ അഴിമതിയായ  2ജി സ്പെക്ട്രം ഇടപാടുകള്‍. 1.76 ലക്ഷം കോടി രൂപ അപഹരിക്കപ്പെട്ടൂ എന്ന് കണ്ടുപിടിക്കപ്പെട്ടപ്പോള്‍ ഘടകകക്ഷി മന്ത്രിയെ കൈയ്യൊഴിഞ്ഞ്, കൈകഴുകിയൊഴിഞ്ഞ് മാറാനുള്ള കോണ്‍ഗ്രസ്സ് തന്ത്രം ഇന്ത്യന്‍ പാര്‍ലമെന്റിനെ നിശ്ചലമാക്കിയിരിക്കുന്നു. സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തെ ഭയപ്പെടുന്ന കോണ്‍ഗ്രസ്സ് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തോടും ജനങ്ങളുടെ ചരിത്രബോധത്തോടും യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്.

    ഇന്ത്യന്‍ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി പിന്തുടരുന്ന അഴിമതിഗ്രസ്ഥമായ പൊതുപ്രവര്‍ത്തന ശൈലിയിലൂടെ യുവതലമുറയേയും ആട്ടിത്തെളിക്കുന്ന ഹൈടെക് തെരഞ്ഞെടുപ്പ് ശൈലിയും രീതികളും യുവജന സംഘടനയിലൂടെ നടപ്പാക്കുന്നു. കോടികള്‍ മുടക്കിയാല്‍ നേതൃത്വത്തിലെത്താനാകുമെന്ന് പുതിയ ശൈലിയിലൂടെ അഴിമതിയുടെ വൃത്തിഹീനമായ പാരമ്പര്യത്തെയാണ് ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയം കൈമാറാന്‍ ശ്രമിക്കുന്നത്. മനംമയക്കുന്ന മൂല്യരാഹിത്യത്തിന്റെ ഉടമകളും പിന്തുടര്‍ച്ചക്കാരും ഒരു പാര്‍ട്ടിയില്‍, ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയിലും വിശ്വാസമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്കാവുകയില്ല. ഇന്ത്യന്‍ ജനാധിപത്യമെന്നത് വാണിഭശാലയിലെ വിലപേശലല്ലെന്നും ഒരു സമൂഹത്തിന്റെ രാഷ്ട്രീയ മൂല്യബോധത്തിന്റെ ആവിഷ്ക്കാരമായിരിക്കണമെന്നും അസാന്നിദ്ധ്യത്തിലും നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന നിഷ്കാമികളായ പൂര്‍വ്വസൂരികളുടെ സ്മൃതി വെളിച്ചത്തില്‍, ആവര്‍ത്തിക്കപ്പെടുന്ന അഴിമതിയുടെ പരമ്പരകള്‍ക്ക് അവസാനം കുറിക്കാന്‍ ഇന്ത്യന്‍ യുവത്വം ഉണരുകതന്നെ ചെയ്യും.

    രണ്ടാം യുപിഎ സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിക്കുന്ന അഴിമതി എന്ന അപരാധത്താല്‍ ജനങ്ങളുടെ വിശ്വാസം അവകാശപ്പെടാനാവില്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഇന്നത്തെ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിപ്പിക്കുന്ന അഴിമതി പരമ്പരകള്‍ക്ക് ഉത്തരവാദികളായ മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിലുള്ള, ചിന്തിക്കുന്ന ചെറുപ്പത്തിന്റെ വിശ്വാസം ഇതിനാല്‍ നഷ്ടമായിരിക്കുന്നുവെന്ന് ഈ പ്രമേയത്തിലൂടെ പ്രഖ്യാപിക്കുന്നു.

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിക്കുന്ന അഴിമതി എന്ന അപരാധത്താല്‍ ജനങ്ങളുടെ വിശ്വാസം അവകാശപ്പെടാനാവില്ലെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഇന്നത്തെ ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ തലകുനിപ്പിക്കുന്ന അഴിമതി പരമ്പരകള്‍ക്ക് ഉത്തരവാദികളായ മന്‍മോഹന്‍സിംഗ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാരിലുള്ള, ചിന്തിക്കുന്ന ചെറുപ്പത്തിന്റെ വിശ്വാസം ഇതിനാല്‍ നഷ്ടമായിരിക്കുന്നുവെന്ന് ഈ പ്രമേയത്തിലൂടെ പ്രഖ്യാപിക്കുന്നു.

    ReplyDelete