Friday, December 10, 2010

എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍

കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍. ഇന്‍സെക്റ്റിസൈഡ് ആക്ടിലെ സെക്ഷന്‍ 9 പ്രകാരം രജിസ്റ്റര്‍ ചെയ്ത കീടനാശിനിയായതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത് വഴി ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം കോര്‍പ്പറേഷന്‍ നിഷേധിച്ചിട്ടില്ലെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും മാനേജിങ് ഡയറക്ടര്‍ എന്‍ കെ മനോജ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ മികച്ച കീടനാശിനിയാണെന്നും ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ മുന്‍കരുതല്‍ എടുത്തശേഷമാണ് കശുമാവിന്‍ തോട്ടങ്ങളില്‍ ഹെലിക്കോപ്റ്റര്‍ വഴി 2000 വരെ മരുന്നുതളിച്ചതെന്നും കോര്‍പറേഷന്‍ അവകാശപ്പെട്ടു.

1977ല്‍ കശുമാവിന്‍ തൈകള്‍ക്ക് മാരകമായ രോഗം പിടിപെട്ടിരുന്നു. തേയില കൊതുകുകളാണ് കാരണമെന്ന് കണ്ടെത്തിയപ്പോള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പ്രതിവിധിക്കായി കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തെ സമീപിച്ചു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല അധികൃതരുമായി ചര്‍ച്ചചെയ്തശേഷം എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. 1977-78ല്‍ ഗവേഷണ കേന്ദ്രം ഇതേക്കുറിച്ച് പഠനം നടത്തിയശേഷം ഹരിയാനയിലെ ഫരീദാബാദിലെ ഡയറക്റ്ററേറ്റ് ഒഫ് പ്ലാന്റ് പ്രൊട്ടക്ഷന്‍ ക്വാന്റെയ്ന്‍ ആന്‍ഡ് സ്റ്റോറേജിന് നിലവിലുള്ള കീടനാശിനികളുടെ ലിസ്റ്റ് അയച്ചുകൊടുത്തു. അവരാണ് എന്‍ഡോസള്‍ഫാനിന്റെ പേര് നിര്‍ദേശിച്ചത്. 1988ല്‍ കേന്ദ്ര കശുവണ്ടി വികസന്യൂ ഡയറക്ടറേറ്റും ഇതേ ഉപദേശം തന്നെയാണ് നല്‍കിയത്. കശുമാവിനുണ്ടാകുന്ന തേയിലപ്പുഴു ബാധയ്ക്ക് ഇന്ത്യയില്‍ എല്ലായിടത്തും എന്‍ഡോസള്‍ഫാന്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പല വിദഗ്ധ സമിതികളുടെയും അഭിപ്രായം അറിഞ്ഞശേഷമാണ് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഇത് ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്ന ഹര്‍ജിക്കാരന്‍ ടി അസഫലിയുടെ വാദം ശരിയല്ല - കോര്‍പറേഷന്‍ പറഞ്ഞു.

ഹെലിക്കോപ്റ്റര്‍ വഴി മരുന്നുതളിച്ച കാലങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകളും എടുത്തിരുന്നു. ഇതിനായി കാസര്‍കോഡ് ജില്ലാ കലക്ടറുടെ സാക്ഷ്യപത്രവും കോര്‍പറേഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2000ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ പ്രയോഗം കോര്‍പറേഷന്‍ നിര്‍ത്തിയിരുന്നു. അതേസമയം 2002 ഓഗസ്റ്റ് 12ന് മാത്രമാണ് ഹൈക്കോടതിയുടെ നിരോധന ഉത്തരവുണ്ടായത്. എന്‍ഡോസള്‍ഫാന്റെ നിര്‍മാണം, വിതരണം, ഉപയോഗം എന്നിവ അധികൃതര്‍ നിയമം മൂലം ഇതുവരെ തടഞ്ഞിട്ടില്ല. മരുന്നുതളിച്ചതിന്റെ പ്രത്യാഘാതമായി രോഗമുണ്ടായതായി ആരും ആരോപിച്ചിട്ടില്ല. അതുകൊണ്ട് നഷ്ടപരിഹാരം കൊടുക്കാന്‍ കോര്‍പറേഷന്‍ ബാധ്യസ്ഥരല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഹൈക്കോടതിയില്‍ തിരുത്തല്‍ സത്യവാങ്മൂലം നല്‍കും കൃഷിമന്ത്രി

പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യത്തില്‍ തിരുത്തല്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമവശങ്ങള്‍വിശദമായി പരിശോധിക്കും. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കോര്‍പറേഷന്‍ എംഡി യെ നീക്കും. എം ഡി രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കുമെന്നും മുല്ലക്കര അറിയിച്ചു.

പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച്

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ബോവിക്കാനത്തെ പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പെര്‍ളയിലെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കല്ലേറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു.

janayugom/deshabhimani 101210-111210(web)

1 comment:

  1. പ്ളാന്റേഷന്‍ കോര്‍പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ സാഹചര്യത്തില്‍ തിരുത്തല്‍ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിയമവശങ്ങള്‍വിശദമായി പരിശോധിക്കും. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കോര്‍പറേഷന്‍ എംഡി യെ നീക്കും. എം ഡി രാജിക്കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനമെടുക്കുമെന്നും മുല്ലക്കര അറിയിച്ചു.

    ReplyDelete