ഇടതുസര്‍ക്കാര്‍ ചെയ്തതും ചെയ്യുന്നതും 1 ഇവിടെ
വന്‍ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു: മന്ത്രി എളമരം കരീം
ആലത്തൂര്‍: കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ പുരോഗതിയാണ് വ്യവസായിക മേഖലയില്‍ കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാരണകാലത്ത് ചെയ്തതെന്ന് വ്യവസായ മന്ത്രി എളമരംകരീം പറഞ്ഞു. 2001ല്‍ നഷ്ടത്തിന്റെ പേരില്‍ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ കെല്‍പാം പനനാരു സംസ്കരണ യൂണിറ്റും ഫര്‍ണിച്ചര്‍ യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ അടച്ചുപൂട്ടിക്കിടന്ന 28 പൊമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു. രാജ്യവ്യാപകമായി പൊതുമേഖല സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുമ്പോള്‍ കേരളത്തില്‍ പൊതുമേഖല സ്ഥാപനം സംരക്ഷിച്ചുനിര്‍ത്തി. കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ ലാഭത്തിലൂടെ നിര്‍മിച്ച 10 സ്ഥാപനങ്ങള്‍ ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈസ്ഥാപനങ്ങളില്‍ രണ്ടായിരത്തോളം പേര്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നത് പ്രത്യേകതയാണ്.
സഞ്ചരിക്കുന്ന മാവേലിശൃംഖലയ്ക്ക് തുടക്കമായി
തിരുവനന്തപുരം: കെപ്‌കോ റസ്‌റ്റൊറന്റുകള്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ന്യായവിലയ്ക്ക് വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ പെതുവിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നത്. സഞ്ചരിക്കുന്ന ന്യായവില വില്‍പനശാലകള്‍ വിജയമാണെങ്കില്‍ മറ്റ് താലൂക്ക് കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ജനങ്ങളുടെ കൈയെത്തും ദൂരത്ത് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പാകം ചെയ്ത കെപ്‌കോ ഉത്പന്നങ്ങള്‍ സഞ്ചരിക്കുന്ന വില്‍പനശാലവഴി വീട്ടുപടിയ്ക്കല്‍ എത്തിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ലാഭം ഒട്ടും ഈടാക്കാതെ സബ്‌സിഡി നല്‍കിയാണ് സഞ്ചരിക്കുന്ന ന്യായവില ഷോപ്പുകളിലൂടെ അരി, പച്ചക്കറി, പാല്‍, പാലുല്‍പ്പന്നങ്ങള്‍, കോഴിയിറച്ചി, മാട്ടിറച്ചി, ടര്‍ക്കി, പലവ്യഞ്ജനങ്ങള്‍, മുട്ട, ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്നത്. സിവില്‍ സപ്ലൈസ്, കെപ്‌കൊ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നീ സ്ഥാപന ങ്ങളുമായി സഹകരിച്ചാണ് സപ്ലൈക്കോയുടെ പുതിയ സംരംഭം. ആദ്യപടിയായി തലസ്ഥാനനഗരിയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലാണ് ഒരു മാസക്കാലയളവില്‍ വില്‍പ്പനശാല സഞ്ചരിക്കുക. ജനങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാരിന്റെ ക്രിസ്മസ് സമ്മാനമായാണ് ഇത് സമര്‍പ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സഞ്ചരിക്കുന്ന വില്‍പനശാലയില്‍ എല്ലാ സാധനങ്ങളും പൊതുവിപണിയെ അപേക്ഷിച്ച് 25 ശതമാനം വരെ വിലക്കുറവിലാണ് ലഭ്യമാക്കുന്നത്. സിവില്‍ സപ്ലൈസ്, മൃഗസംരക്ഷണം, മില്‍മ, കെപ്‌കോ, എം പി ഐ എന്നീ വിഭാഗത്തിന്റെ ആറു മൊബൈല്‍ വാഹനങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വില്‍പന നടത്തുന്നത്. ജനങ്ങളെ കമ്പോള ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന കമ്പോളം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലെ 10.30 മുതല്‍ ഒരു മണിവരെയും രണ്ടു മുതല്‍ അഞ്ചു മണിവരെയും വാഹനത്തിന്റെ സേവനം ലഭിക്കുന്നതാണ്. ഇന്ന് വലിയതുറ, ശംഖുമുഖം, സുലൈമാന്‍ നഗര്‍ എന്നീ ഭാഗങ്ങളിലും നാളെ കൊച്ചുവേളി, വി എസ് എസ് സി എന്നീ ഭാഗങ്ങളിലും ശനിയാഴ്ച പൂന്തുറ, ആലിയാട് എന്നിവിടങ്ങളിലായിരിക്കുംവാഹനങ്ങളുടെ സേവനം ലഭ്യമാക്കുക.
മൃഗ സംരക്ഷണ വകുപ്പില്‍ അഞ്ച് വര്‍ഷത്തിനിടെ വിപ്ലവാത്മകമായ മാറ്റം: സി ദിവാകരന്‍
തിരുവനന്തപുരം: മൃഗ സംരക്ഷണ വകുപ്പില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിപ്ലവാത്മക മായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ പറഞ്ഞു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. പാലിന്റെ വില വര്‍ധിപ്പിച്ചു, പശുക്കളെ വാങ്ങുന്നതിന് സമ്പത്തിക സഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തില്‍ സംഘ ടിച്ച ഭക്ഷ്യ സുരക്ഷ മൃഗസം രക്ഷണ മേഖലയില്‍ എന്ന ശില്‍പ്പശാല വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷീര കര്‍ഷകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തി. പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്ല് ഉള്‍പ്പടെയുള്ള ഭക്ഷ്യധാന്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ കേരളത്തില്‍ സാധ്യമല്ല. എന്നാല്‍ പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇത് നേടാനാകും. ഇതിനുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുതുവര്‍ഷത്തില്‍ ലോഡ്ഷെഡിങ്ങും താരിഫ് വര്‍ധനയുമില്ല: മന്ത്രി ബാലന്‍
കുണ്ടറ: പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് ലോഡ്ഷെഡിങ്ങും പവര്‍കട്ടും താരിഫ്വര്‍ധനയും ഉണ്ടാകില്ലെന്ന് വൈദ്യുതിമന്ത്രി എ കെ ബാലന്‍ അറിയിച്ചു. കുണ്ടറ നിയോജകമണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തുകയായിരുന്നു മന്ത്രി. സിറാമിക്സ് ഗ്രൌണ്ടില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി അധ്യക്ഷനായി.
ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ 100 മണ്ഡലങ്ങളില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും. ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്ന അഞ്ചാമത്തെ മണ്ഡലമാണ് കുണ്ടറ. ജില്ലയില്‍ അടുത്ത 25 വര്‍ഷം വോള്‍ട്ടേജ്ക്ഷാമം ഉണ്ടാകാതിരിക്കാന്‍ സംവിധാനം ഇതിനകം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒമ്പത് സബ്സ്റേഷനുകള്‍ പൂര്‍ത്തീകരിക്കുകയും ഏഴെണ്ണത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതുതായി മൂന്നെണ്ണത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി 206 സബ്സ്റേഷനുകള്‍ അനുവദിച്ചു. ഒരുനൂറ്റാണ്ട് കഴിഞ്ഞാലും വൈദ്യുതി എത്തില്ലെന്ന് കരുതിയ പല സ്ഥലങ്ങളിലും വൈദ്യുതി എത്തിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇത്തരത്തിലാണ് പാലക്കാട് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കിയ ആദ്യ ജില്ലയായത്. എല്ലാവര്‍ക്കും വൈദ്യുതി നല്‍കി എന്നതിനപ്പുറം മെച്ചപ്പെട്ട ഈ തൊഴില്‍സംസ്കാരം കേരളത്തെ ഒരുപാട് മുന്നോട്ടു നയിക്കും- മന്ത്രി പറഞ്ഞു.
കുണ്ടറ വെളിച്ചത്തിന്റെ നിറവില്‍
കുണ്ടറ: കുണ്ടറ നിയോജകമണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചതായി വൈദ്യുതിമന്ത്രി എ കെ ബാലന്‍ പ്രഖ്യാപിച്ചു. മന്ത്രി എം എ ബേബി അധ്യക്ഷനായി. കുണ്ടറ, പെരിനാട്, പേരയം, കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത്, പനയം, തൃക്കരുവ, തൃക്കടവൂര്‍ എന്നീ എട്ട് പഞ്ചായത്തുകളാണ് സമ്പൂര്‍ണ വൈദ്യുതീകരണത്തിലൂടെ പ്രകാശത്തിന്റെ പ്രഭാപൂരത്തിലായത്. 564 ഗാര്‍ഹിക കണക്ഷനുകളും പോസ്റ് ആവശ്യമില്ലാത്ത 805 കണക്ഷനുകളും ഉള്‍പ്പെടെ 1369 കണക്ഷനുകള്‍ നല്‍കി. ഇതില്‍ 404 പട്ടികജാതി കുടുംബങ്ങളും ബിപിഎല്‍ കുടുംബങ്ങളും ഉണ്ട്. എംഎ ബേബി എംഎല്‍എയുടെയും പഞ്ചായത്തുകളുടെയും ബോര്‍ഡിന്റെ തനതുഫണ്ടും വിനിയോഗിച്ചാണ് മണ്ഡലം അതുല്യമായ ഈ നേട്ടം കൈവരിച്ചത്.
സംസ്ഥാനത്ത് 7 ഫയര്‍ സ്റ്റേഷന്‍കൂടി ആരംഭിക്കും: മന്ത്രി കോടിയേരി
കൊട്ടാരക്കര: ഫെബ്രുവരിയില്‍ സംസ്ഥാനത്ത് ഏഴ് ഫയര്‍ സ്റ്റേഷന്‍കൂടി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതോടെ 100 ഫയര്‍സ്റ്റേഷനുള്ള സംസ്ഥാനമായി കേരളം മാറും. കൊട്ടാരക്കര ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കോടിയേരി.
അഗ്നിശമനസേനയുടെ പ്രവര്‍ത്തനം വികേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് ഡിവിഷന്‍കൂടി രൂപീകരിക്കും. അതോടെ ഡിവിഷനുകളുടെ എണ്ണം അഞ്ചാകും. പുതിയ ഡിവിഷന്‍ അനുവദിക്കാന്‍ 29 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് അഗ്നിശമനസേനയോട് മുന്‍കാലങ്ങളില്‍ സ്വീകരിച്ചുവന്ന അവഗണനയുടെ തെളിവാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷത്തിനുള്ളില്‍ 50 കോടിയുടെ ഉപകരണങ്ങളാണ് അഗ്നിശമനസേനയ്ക്ക് വാങ്ങി നല്‍കിയത്. ഈ വര്‍ഷം 13 കോടിയുടെ ഉപകരണങ്ങള്‍ കൂടി വാങ്ങാന്‍ നടപടിയായി. വരുന്നവര്‍ഷം പ്ളാന്‍ഫണ്ടില്‍നിന്ന് 15 കോടി അനുവദിക്കാന്‍ ആസൂത്രണബോര്‍ഡുമായി ചര്‍ച്ച നടന്നുവരുന്നു. ബഹുനില ഫ്ളാറ്റില്‍ അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സ്കൈ ലിഫ്റ്റ് വാങ്ങാന്‍ നടപടി സ്വീകരിക്കും. ഒരെണ്ണം ഈ വര്‍ഷംതന്നെ വാങ്ങാന്‍ അനുമതി നല്‍കി. കടല്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊച്ചി ആസ്ഥാനമായി അഗ്നിശമനസേനയുടെ കീഴില്‍ മറൈന്‍ വിങ് ഉടന്‍ ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു. മറൈന്‍ വിങ്ങിനായി ബോട്ടും ഉപകരണങ്ങളും വാങ്ങിക്കഴിഞ്ഞു.
ദുരന്തസ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമന സേനാംഗങ്ങള്‍ക്ക് വേഗം എത്താന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ആധുനിക സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഘട്ടംഘട്ടമായി നടപടി സ്വീകരിക്കും. കൊല്ലം, തൃശൂര്‍ പൊലീസ് ജില്ലകളുടെ വിഭജനം ഈ സാമ്പത്തികവര്‍ഷത്തില്‍തന്നെ നടപ്പാക്കുമെന്നും കോടിയേരി പറഞ്ഞു. സ്വന്തം ജീവന്റെ സുരക്ഷ നോക്കാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അഗ്നിശമനസേനാംഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. വിയ്യൂരില്‍ പരിശീലനഅക്കാദമി ആരംഭിച്ചത് അഗ്നിശമനസേനയെ നവീകരിക്കുന്നതിന്റെ ഭാഗമാണ്. വലിയ ദുരന്തങ്ങളുണ്ടാകുമ്പോള്‍ നാവികസേനയുടെ സഹായത്തിനായി കാത്തുനില്‍ക്കുന്ന അവസ്ഥയില്‍നിന്ന് ഫയര്‍ഫോഴ്സിനെ ആധുനികസേനയായി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
സമഗ്രകേര രക്ഷാപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക്
കായംകുളം: ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന സമഗ്രകേര രക്ഷാപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ തെങ്ങുകളില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പദ്ധതി വ്യാപിപ്പിക്കാനാണ് ഓണാട്ടുകര ഗവേഷണകേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിപുലമായ പദ്ധതി തയാറാക്കി പഞ്ചായത്തുകള്‍ക്ക് നല്‍കും. ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ നാളികേര ഉല്‍പാദനം 80 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. 35 ഹെക്ടര്‍ വരുന്ന പ്രദേശത്തെ 7000ത്തോളം അത്യുല്‍പാദനശേഷിയുള്ള തെങ്ങുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റുകളുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതി പ്രദേശത്ത് സര്‍വെ നടത്തിയാണ് തെങ്ങുകള്‍ തെരഞ്ഞെടുത്തത്. രോഗപ്രതിരോധശേഷിയും, ഉല്‍പാദനശേഷിയുമുള്ള തെങ്ങുകളെയാണ് കണ്ടെത്തിയത്. മൂന്നുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. സംയോജിത വളപ്രയോഗവും സസ്യസംരക്ഷണത്തിലൂടെയുമാണ് സമഗ്രകേര രക്ഷാപദ്ധതി നടപ്പിലാക്കുന്നത്. ഘട്ടംഘട്ടമായുള്ള വളപ്രയോഗവും മറ്റ് കീടബാധ ഏക്കാതിരിക്കാനുള്ള പരിചരണവും തെങ്ങുകള്‍ക്ക് കൂടുതല്‍ കരുത്ത് നല്‍കും. ഇതോടൊപ്പം പദ്ധതിയില്‍ ഉള്‍പ്പെട്ട തെങ്ങുകള്‍ക്ക് അസംസ്കൃതവളവും തയ്യാറാക്കി ഇടും. ഇടവിളകൃഷിയും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ അനുബന്ധ പദ്ധതിയും നടപ്പിലാക്കും. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ തെങ്ങുകളില്‍നിന്ന് വിത്തു തേങ്ങ ശേഖരിച്ച് തൈകളാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.
ജില്ലാപഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് വള്ളികുന്നത്ത് പദ്ധതി നടപ്പാക്കിയത്. പിന്നീട് ചേര്‍ത്തല കുത്തിയതോട് ഗ്രാമപഞ്ചായത്തുകളിലും പത്തിയൂര്‍, കണ്ടല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലും പദ്ധതി വിജയകരമായി നടപ്പാക്കി. രാഷ്ട്രീയ കര്‍ഷകവികാസ് യോജനപദ്ധതിയില്‍ പത്തിയൂരില്‍ 20 ലക്ഷവും കണ്ടല്ലൂരില്‍ 23 ലക്ഷം രൂപയും വിനിയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. ഇപ്പോള്‍ തഴക്കര ഗ്രാമപഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കി വരുന്നു. 22ന് കായംകുളത്ത് തുടങ്ങുന്ന മഹാനാട്ടുക്കൂട്ടത്തിലും പദ്ധതി സജീവ ചര്‍ച്ചാ വിഷയമാകുമെന്നാണ് പ്രതീക്ഷ.
മുളകൊണ്ടുള്ള ഫ്ളോറിങ് ടൈല്‍ ഫാക്ടറി ജനുവരിയില്‍ : മന്ത്രി കരീം
കൊച്ചി: മുള ഉപയോഗിച്ച് നിര്‍മിക്കുന്ന ഫ്ളോറിങ് ടൈലിന്റെ സംസ്ഥാനത്തെ ആദ്യ ഫാക്ടറി ജനുവരിയില്‍ കോഴിക്കോട് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. 12 കോടിരൂപ മുതല്‍മുടക്കുള്ള ഫാക്ടറിയുടെ കെട്ടിടനിര്‍മാണം പൂര്‍ത്തിയായതായും തായ്ലന്‍ഡ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വാണിജ്യവകുപ്പ്, കേരള ബാംബുമിഷന്‍, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്) എന്നിവയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ടൌണ്‍ഹാളില്‍ ആരംഭിച്ച കേരള ബാംബു ഫെസ്റ്റ് 2010 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തില്‍നിന്നുള്ള സംഘം ചൈന സന്ദര്‍ശിച്ചതിന്റെ ഫലമായി ഉരുത്തിരിഞ്ഞ ആശയമാണ് ടൈല്‍ ഫാക്ടറിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഫാക്ടറിക്കു വേണ്ട യന്ത്രങ്ങള്‍ ഈ മാസം ഇറക്കുമതിചെയ്യും. ഫാക്ടറിയിലേക്കുള്ള മുളകളുടെ സംസ്കരണ യൂണിറ്റുകള്‍ വയനാട്, പാലക്കാട്, കോഴിക്കോട് ജില്ലകളിലും ആരംഭിക്കും. ഇതുവഴി ധാരാളം തൊഴിലവസരങ്ങളുമൊരുങ്ങും. കാക്കനാട് കിന്‍ഫ്രയുടെ സ്ഥലത്ത് രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് ശ്രമം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് യാഥാര്‍ഥ്യമായാല്‍ അന്തര്‍ദേശീയ മേളകളും ഇവിടെ സംഘടിപ്പിക്കാനാകും.
2004 മുതല്‍ കൊച്ചിയില്‍ അരങ്ങേറുന്ന മുള ഉല്‍പ്പന്ന പ്രദര്‍ശനം ഈ മേഖലയില്‍ ഒട്ടേറെ നേട്ടം സൃഷ്ടിച്ചു. സ്ഥിരം പ്രദര്‍ശനകേന്ദ്രം ഇല്ലെന്നത് കുറവാണ്. ഇതു പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കൊച്ചിയില്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ വിവിധ യന്ത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷനായി. ഛത്തീസ്ഗഢ് ബാംബൂ ഡെവലപ്മെന്റ് അതോറിറ്റി മിഷന്‍ ഡയറക്ടര്‍ ദിവാകര്‍ മിശ്ര, ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് ക്യാഷ് ക്രോപ്സ് ഡെവലപ്മെന്റ് വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ വൈ കെ പ്രധാന്‍ എന്നിവര്‍ സംസാരിച്ചു. വാണിജ്യവ്യവസായ ഡയറക്ടര്‍ ടി ഒ സൂരജ് സ്വാഗതവും കെ-ബിപ് സിഇഒ വി രാജഗോപാല്‍ നന്ദിയും പറഞ്ഞു. കേരളത്തിനു പുറമെ ഛത്തീസ്ഗഢ്, നാഗാലന്‍ഡ്, സിക്കിം, ത്രിപുര, മണിപ്പുര്‍, മേഘാലയ, അസം, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് 12 വരെ നീളുന്ന മേളയിലുള്ളത്.
വിനോദസഞ്ചാര മേഖലയില്‍ 'സപര്യ' വരുന്നു
കണ്ണൂര്‍: പ്രദേശിക പ്രത്യേകതകളും തൊഴില്‍ സാധ്യതകളും കോര്‍ത്തിണക്കാന്‍ ടൂറിസം രംഗത്ത് നൂതന പദ്ധതിവരുന്നു. വിനോദസഞ്ചരമേഖലകളിലെ തദ്ദേശവാസികള്‍ക്ക് പ്രാധാന്യം നല്‍കി അവരുടെ ഉല്‍പന്നങ്ങള്‍, ജീവിതരീതികള്‍, സംസ്കാരം, തുടങ്ങിയവ ടൂറിസംമേഖലക്ക് അനുഗുണമായി മാറ്റുകയാണ് സപര്യഎന്ന പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ ഇനിയും വികസിപ്പിക്കാത്ത ടൂറിസം മേഖലകള്‍ കണ്ടെത്തി നിലവിലുളളവയുമായി സംയോജിപ്പിക്കും. കൃഷി, മത്സ്യബന്ധനം, പരമ്പരാഗത തൊഴില്‍ തുടങ്ങി വിവിധ മേഖലകള്‍ ടൂറിസവുമായി ബന്ധിപ്പിക്കും. വിനോദസഞ്ചാരത്തെ പ്രദേശിക ജീവിതവുമായി അടുപ്പിക്കുന്ന പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്ത് കണ്ണൂരിലാണ് പദ്ധതി ആരംഭിക്കുന്നത്. കാസര്‍കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിലും ആദ്യഘട്ടത്തില്‍ നടപ്പാക്കും.
മീന്‍കുന്ന് ബീച്ച് മുതല്‍ തലശേരി നഗരസഭ വരെയുള്ള പ്രദേശങ്ങളിലെ ഏഴ് തദ്ദേശസ്ഥാപനങ്ങള്‍ ചേര്‍ന്നാണ് കണ്ണൂര്‍ ജില്ലയില്‍ പയലറ്റ് പദ്ധതി നടപ്പാക്കുന്നത്. അഴീക്കോട്, പള്ളിക്കുന്ന്, എടക്കാട്, മുഴപ്പിലങ്ങാട്, ധര്‍മടം പഞ്ചായത്തുകള്‍, കണ്ണൂര്‍, തലശേരി നഗരസഭകള്‍ എന്നിവയെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ ടൂറിസം റിസോര്‍ട് ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. 28 മുതല്‍ ജനവരി ആറുവരെ ബോധവല്‍ക്കരണ പരിപാടി നടത്തും. പദ്ധതിക്കായി റിസോഴ്സ് പേഴ്സമാരെയും നിശ്ചയിക്കും. റിസോഴ്സ് പേഴ്സണുള്ള പരിശീലനം 12 മുതല്‍ 15വരെ നടക്കും. ജനുവരി 15 മുതല്‍ ഫെബ്രുവരി 15വരെ ടൂറിസം മാപ്പിങ് സര്‍വെ നടത്തും. സപര്യ സംബന്ധിച്ചു വിശദീകരിക്കാന്‍ ബുധനാഴ്ച കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ കെ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി. ടൂറിസം റിസോര്‍ട്ട്ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടി കെ മന്‍സൂര്‍, പ്രേജക്ട് മാനേജര്‍ വിനോദ്കുമാര്‍, ശരത് വിരാജ്, റെജി, ഡിടിപിസി സെക്രട്ടറി എം വി കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
വിവിധ തീയതികളിലെ ദേശാഭിമാനി, ജനയുഗം വാര്‍ത്തകള്‍
അഭിവാദ്യങ്ങള്‍!
ReplyDeleteപ്രദേശിക പ്രത്യേകതകളും തൊഴില്‍ സാധ്യതകളും കോര്‍ത്തിണക്കാന്‍ ടൂറിസം രംഗത്ത് നൂതന പദ്ധതിവരു.... കല്ലിട്ടോ? കൊള്ളാം ചെപ്പടി വിദ്യകള്‍.. എന്തെങ്കിലും തൊഴില്‍ പദ്ധതി നടപ്പിലാക്കി, നാലു പ്രവാസികളെ നാട്ടിലെത്തിച്ചാല്‍ ഞാന്‍ ആ സര്‍ക്കാരിനെ പിന്തുണക്കും!
ReplyDeleteസംസ്ഥാന കൃഷിവകുപ്പ്, കേരള കാര്‍ഷികസര്‍വകലാശാല, ഓണാട്ടുകര വികസന ഏജന്‍സി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ 'ഓണാട്ടുകര ഭക്ഷ്യസുരക്ഷാസേന' രൂപീകരിക്കുന്നു. ഓണാട്ടുകര മേഖലയില്‍ കൃഷിയിടങ്ങള്‍ പരമാവധി കൃഷിയോഗ്യമാക്കുകയും ഇതിനാവശ്യമായ വിവിധതരം കാര്‍ഷികയന്ത്രങ്ങള്‍ ലഭ്യമാക്കാനുമായി കാര്‍ഷിക സാങ്കേതിക വിദഗ്ധരുടെ ഒരു ശൃംഖല സൃഷ്ടിക്കുകയാണ് ഭക്ഷ്യസുരക്ഷാസേനയുടെ ലക്ഷ്യം. ഓണാട്ടുകരയിലെ 41 ഗ്രാമപഞ്ചായത്തുകളും കായംകുളം, മാവേലിക്കര, കരുനാഗപ്പള്ളി നഗരസഭാ പ്രദേശങ്ങളും ഉള്‍പ്പെടുന്ന 44 കൃഷിഭവനുകളുടെ പരിധിയില്‍പ്പെട്ട 18നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 120ല്‍പ്പരം തൊഴില്‍രഹിതരുടെ അപേക്ഷകളാണ് സേനയിലേക്ക് ലഭിച്ചത്. കേരളാ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ തൃശൂര്‍ മണ്ണുത്തിയിലുള്ള കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് കായംകുളത്ത് പരിശീലനം നല്‍കുന്നത്. 40 പേര്‍ അടങ്ങുന്ന അംഗങ്ങള്‍ക്ക് 20 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. സൌജന്യമായി നല്‍കുന്ന പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് 'ഭക്ഷ്യസുരക്ഷാസേനാ യൂണിഫോം' കൈപുസ്തകം അടക്കം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നവരുടെ യോഗം ഫെബ്രുവരി മൂന്നിന് രാവിലെ 10ന് കായംകുളം കെപിഎസിയിലെ തോപ്പില്‍ഭാസി ഓഡിറ്റോറിയത്തില്‍ നടക്കും. യോഗത്തില്‍ കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പങ്കെടുക്കും. മണ്ണുത്തി കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം റിട്ട. ഫാം മാനേജര്‍ ടി കെ വിജയനാണ് ഭക്ഷ്യസുരക്ഷാസേനയുടെ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.
ReplyDelete