Wednesday, December 8, 2010

സിഗരറ്റ് കൂടുകളില്‍ ഇനി അര്‍ബുദം ബാധിച്ച വായുടെ ചിത്രം

കൊച്ചി: പുകയില ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണത്തിന് പുകയില ഉല്‍പ്പന്ന കൂടുകളില്‍ ഇനി പുതിയ പരസ്യം. അര്‍ബുദം ബാധിച്ച വായുടെ ചിത്രം കൊടുക്കാനാണ് നിര്‍ദേശം. ഒപ്പം സിഗരറ്റ്, ബീഡി കൂടുകളില്‍ 'പുകവലി കൊല്ലും' എന്നും പുകയിലക്കൂടുകളില്‍ 'പുകയില കൊല്ലും' എന്നും 'പുകയില അര്‍ബുദത്തിനു കാരണമാകും' എന്നും എഴുതും. കൂടിന്റെ മുന്നിലെ 40 ശതമാനം സ്ഥലം ഇതിനു വിനിയോഗിക്കണം. മുന്നറിയിപ്പുകള്‍ ചുവന്നപ്രതലത്തില്‍ വെള്ളഅക്ഷരത്തിലാണ് രേഖപ്പെടുത്തേണ്ടത്. ചിത്രം വെള്ളപ്രതലത്തിലും. ഇംഗ്ളീഷിലും അതത് പ്രാദേശികഭാഷകളിലും മുന്നറിയിപ്പ് എഴുതണം. 2009 ജൂണ്‍ മുതല്‍ കൂടുകളില്‍ പതിക്കുന്ന മുന്നറിയിപ്പിനു പകരമായാണ് കൂടുതല്‍ ഫലപ്രദമായ ചിത്രവും അറിയിപ്പുമുള്ള പുതിയ പരസ്യം നല്‍കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. ഒന്നുമുതല്‍ കൂടുകളില്‍ ഈ പരസ്യം നല്‍കാത്തവര്‍ക്കെതിരെ പരാതിപ്പെടാനും വകുപ്പുണ്ട്.

സിഗരറ്റ്, ബീഡി കൂടുകളില്‍ അര്‍ബുദം ബാധിച്ച ശ്വാസകോശത്തിന്റെയും പുകയിലക്കൂടുകളില്‍ തേളിന്റെയും ചിത്രമാണ് ഇതുവരെ നല്‍കിയിരുന്നത്. ഇത് വേണ്ടത്ര ഫലംചെയ്തില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മാറ്റിയത്. കോട്ടയത്ത് ഉള്‍പ്പെടെ രാജ്യത്തെ പതിനാറോളം കേന്ദ്രങ്ങളില്‍ നടത്തിയ സര്‍വേയാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തെ മാറ്റത്തിനു പ്രേരിപ്പിച്ചത്. പരസ്യമാറ്റത്തിനെതിരെ ഐടിസി, ജിപിഐ തുടങ്ങിയ പ്രമുഖ പുകയില ഉല്‍പ്പന്ന നിര്‍മാതാക്കള്‍ പ്രതിഷേധത്തിലാണ്. സര്‍ക്കാരിന് വന്‍ വരുമാനം നല്‍കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്തുമെന്നാണു ഭീഷണി. പുതിയ മുന്നറിയിപ്പില്ലാതെ ഉല്‍പ്പാദിപ്പിച്ചവ വിറ്റഴിക്കാനുള്ള തന്ത്രമാണ് കമ്പനികളുടെ സമരപ്രഖ്യാപനമെന്ന് കേരള വളന്ററി ഹെല്‍ത്ത് സര്‍വീസസ്പോലുള്ള സംഘടനകള്‍ ആരോപിക്കുന്നു. പുതിയ നിര്‍ദേശം അവഗണിച്ചു വില്‍ക്കുന്ന പുകയില ഉല്‍പ്പാദകര്‍ക്കെതിരെ 1800-110456 എന്ന ആരോഗ്യമന്ത്രാലയത്തിന്റെ ടോള്‍ഫ്രീ നമ്പറില്‍ പരാതിപ്പെടാം.
(എം എസ് അശോകന്‍)

ദേശാഭിമാനി 081210

1 comment:

  1. പുകയില ഉപയോഗത്തിനെതിരായ ബോധവല്‍ക്കരണത്തിന് പുകയില ഉല്‍പ്പന്ന കൂടുകളില്‍ ഇനി പുതിയ പരസ്യം. അര്‍ബുദം ബാധിച്ച വായുടെ ചിത്രം കൊടുക്കാനാണ് നിര്‍ദേശം. ഒപ്പം സിഗരറ്റ്, ബീഡി കൂടുകളില്‍ 'പുകവലി കൊല്ലും' എന്നും പുകയിലക്കൂടുകളില്‍ 'പുകയില കൊല്ലും' എന്നും 'പുകയില അര്‍ബുദത്തിനു കാരണമാകും' എന്നും എഴുതും. കൂടിന്റെ മുന്നിലെ 40 ശതമാനം സ്ഥലം ഇതിനു വിനിയോഗിക്കണം. മുന്നറിയിപ്പുകള്‍ ചുവന്നപ്രതലത്തില്‍ വെള്ളഅക്ഷരത്തിലാണ് രേഖപ്പെടുത്തേണ്ടത്. ചിത്രം വെള്ളപ്രതലത്തിലും. ഇംഗ്ളീഷിലും അതത് പ്രാദേശികഭാഷകളിലും മുന്നറിയിപ്പ് എഴുതണം. 2009 ജൂണ്‍ മുതല്‍ കൂടുകളില്‍ പതിക്കുന്ന മുന്നറിയിപ്പിനു പകരമായാണ് കൂടുതല്‍ ഫലപ്രദമായ ചിത്രവും അറിയിപ്പുമുള്ള പുതിയ പരസ്യം നല്‍കാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. ഒന്നുമുതല്‍ കൂടുകളില്‍ ഈ പരസ്യം നല്‍കാത്തവര്‍ക്കെതിരെ പരാതിപ്പെടാനും വകുപ്പുണ്ട്.

    ReplyDelete