Friday, December 3, 2010

കര്‍ണാടകത്തില്‍ ബിജെപിയുടെ 'വേറിട്ട' അഴിമതി

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ തല്‍സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി. അതോടെ ഒരു ദേശീയ പാര്‍ടിക്കും ഇന്നുവരെയുണ്ടാവാത്ത ഗതികേടിന്റെ നെല്ലിപ്പടിയില്‍ എത്തിയിരിക്കയാണ് ബിജെപി. രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദംചെലുത്തിയ നേതൃത്വത്തെ ഭീഷണിയും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് യെദിയൂരപ്പ കീഴ്പ്പെടുത്തി. അതോടെ അഴിമതിയോടും സ്വജനപക്ഷപാതത്തോടും സന്ധിചെയ്യാന്‍ പാതാളത്തോളം താഴാന്‍ കഴിയുന്ന കക്ഷിയാണ് ബിജെപി എന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്. 2 ജി സ്പെക്ട്രം കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി ഇങ്ങനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ ബിജെപി ശബ്ദമുയര്‍ത്തുമ്പോഴാണ് അഴിമതിക്കാരനായ സ്വന്തം പാര്‍ടി നേതാവിനെ സംരക്ഷിക്കാന്‍ അവര്‍ ഉളുപ്പില്ലാതെ തയ്യാറായത്.

        ഇതോടെ രാജ്യത്തെ ഏറ്റവും കെടകെട്ട രാഷ്ട്രീയപാര്‍ടി ഏത് എന്ന ചോദ്യത്തിന് "തങ്ങളാണ് അത്'' എന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കയാണ് ബിജെപി. അഴിമതിയുടെ ആശാന്മാരായ കോണ്‍ഗ്രസ്പോലും ആദര്‍ശ് കുംഭകോണത്തിന്റെ മുഖ്യ സൂത്രധാരനായ അശോക്ചവാനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കി. അത് അഴിമതിയോടുള്ള എതിര്‍പ്പുകൊണ്ടൊന്നുമല്ല. നില്‍ക്കക്കള്ളിയില്ലാഞ്ഞിട്ട് ചെയ്തതാണ്. കോടികളുടെ അഴിമതി നഗ്നമായി ചെയ്ത ഒരു മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബിജെപി നേതൃത്വം കാണിക്കുന്ന ഈ ഉളുപ്പില്ലായ്മയെ എന്തുപേരിട്ടാണ് വിളിക്കാന്‍ കഴിയുക? ബംഗളുരുവില്‍ ശതകോടിക്കണക്കിന് രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി സ്വന്തം മക്കള്‍ക്കും മരുമക്കള്‍ക്കും മറ്റ് ഇഷ്ടജനങ്ങള്‍ക്കും വളരെ കുറഞ്ഞ വിലയ്ക്ക് പതിച്ചുനല്‍കുക എന്ന കൊടിയ അഴിമതിയാണ് മുഖ്യമന്ത്രി നേരിട്ടു നടത്തിയത്. അതാകട്ടെ എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പറത്തിക്കൊണ്ടും.

        യെദിയൂരപ്പ നടത്തിയ നഗ്നമായ അഴിമതി ഇവയാണ്: 1. ബംഗളുരു നഗരപ്രാന്തത്തിലെ ആര്‍ എം വി എക്സ്റ്റന്‍ഷനില്‍ 4000 ചതുരശ്ര അടി ഭൂമി വീടുവയ്ക്കാനും നാഗഷെട്ടിഹള്ളിയില്‍ രണ്ടര ഏക്കര്‍ സ്ഥലം വ്യവസായ ആവശ്യത്തിനും മകന്‍ രാഘവേന്ദ്ര എംപിക്ക് പതിച്ചുനല്‍കി. 2. ഹൊറഹള്ളിയില്‍ മക്കളായ ഉമാദേവി, ദീപ എന്നിവര്‍ക്ക് രണ്ടേക്കര്‍ വീതം പതിച്ചുനല്‍കി. 3. ഹൊറഹള്ളിയില്‍തന്നെ മരുമകന്‍ സോഹന്‍കുമാറിന് രണ്ടേക്കര്‍ ഭൂമി വ്യവസായാവശ്യത്തിന് നല്‍കി. ചതുരശ്ര അടിക്ക് 20,000 രൂപ വിലവരുന്ന സ്ഥലം നിസ്സാരവിലയ്ക്കാണ് മക്കള്‍ക്കും മരുമക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കുമായി നല്‍കിയത്. മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കള്‍ക്കായി 25 ഏക്കറോളം സ്ഥലം ഇങ്ങനെ പതിച്ചുനല്‍കി. 4. മറ്റു പലര്‍ക്കുമായി ആകെ 259 ഏക്കര്‍ സ്ഥലം ഈ രണ്ടരവര്‍ഷത്തെ ഭരണകാലത്തിനുള്ളില്‍ മുഖ്യമന്ത്രി പതിച്ചുനല്‍കി. 5. ബംഗളുരു വാലിക്കരയില്‍ 15,400 ചതുരശ്ര അടി സ്ഥലം 8 കോടി രൂപയ്ക്ക് മകന്‍ രാഘവേന്ദ്ര എംപിയുടെ ഉടമസ്ഥതയിലുള്ള ദേവഗിരി പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് നല്‍കി. 25 കോടി രൂപ വിപണി വിലയുള്ള ഈ ഭൂമി വെറും എട്ടുകോടി രൂപയ്ക്കാണ് നല്‍കിയത്. 6. ബംഗളുരു വികസന അതോറിറ്റിക്ക് നല്‍കിയിരുന്ന ഭൂമിയില്‍ യെദ്യൂരപ്പയുടെ ഒത്താശയോടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് മറിച്ചുവില്‍ക്കുന്നതായി ആരോപണമുണ്ട്. 7. മുഖ്യമന്ത്രിയുടെ സ്വന്തം സ്ഥലമായ ഷിമോഗയില്‍ സ്വാമി വിവേകാനന്ദ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത് യെദ്യൂരപ്പയാണ്. അത് ഇപ്പോള്‍ നോക്കി നടത്തുന്നത് മക്കളായ രാഘവേന്ദ്രയും വിജയേന്ദ്രയുമാണ്. തുടങ്ങുമ്പോള്‍ ഈ സ്ഥാപനത്തിന് 5 ഏക്കര്‍ സ്ഥലമേ ഉണ്ടായിരുന്നുളളൂ. ഇപ്പോള്‍ 30 ഏക്കര്‍ സ്ഥലം ആ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുണ്ട്. അതും അനധികൃതമായി കൈവശപ്പെടുത്തിയതാണ്. മല്ലിനഹള്ളിയില്‍ നക്ഷത്രഹോട്ടലുകളും എന്‍ജിനീയറിംഗ് കോളേജുകളും അവര്‍ നിര്‍മ്മിച്ചതും നിയമം ലംഘിച്ചാണ്. 8. ചിത്രദുര്‍ഗ, ബെല്ലാരി എന്നിവിടങ്ങളിലെ നിരോധിത മേഖലകളില്‍ ഖനന ലൈസന്‍സ് അനുവദിക്കുന്നതിന് 21 കോടി രൂപ മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന് ആരോപണമുണ്ട്. 9. ഈ മന്ത്രിസഭയുടെ കാലയളവില്‍ നടന്ന പല ഭൂമി ഇടപാടുകളും സുതാര്യമല്ല. 10 മന്ത്രിസഭ പ്രതിസന്ധിയിലായപ്പോള്‍ എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ കോടികള്‍ നല്‍കി. ഒരു എംഎല്‍എക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തതിന്റെ ടേപ്പ് പുറത്തുവന്നിട്ടുണ്ട്. കുതിരക്കച്ചവടം സംബന്ധിച്ച് വേറെയും തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു.

        1991ലെ കര്‍ണാടക ഭൂ നിയമം അനുസരിച്ച് ബംഗളുരു വികസന അതോറിറ്റിക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഭൂമിയാണ് യെദിയൂരപ്പ സ്വന്തം മക്കള്‍ക്ക് 'ഇഷ്ടദാനം' നല്‍കിയത്. ബംഗളുരു വികസന അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമി ഡീനോട്ടിഫൈ ചെയ്യാനോ വില്‍ക്കാനോ പാട്ടത്തിന് നല്‍കാനോ പാടില്ലെന്ന് നിയമത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ആ ഭൂമിയാണ് മുഖ്യമന്ത്രി സ്വന്തം കുടുംബക്കാര്‍ക്ക് ഭാഗിച്ചുനല്‍കിയത്. വെള്ളരിക്കാ പട്ടണത്തുപോലും നടക്കാത്ത നഗ്നമായ നിയമലംഘനം.

        ഭൂമി കുംഭകോണക്കേസില്‍ മറ്റു മന്ത്രിമാരും ബിജെപി നേതൃത്വത്തിലെ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി ആര്‍ അശോക്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു, വൈദ്യുതിമന്ത്രി ശോഭ കരന്ത് ലാജെ, തദ്ദേശ സ്വയംഭരണമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ദേവസ്വംമന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവര്‍ക്കെതിരെയും ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ടതിന് വ്യക്തമായ തെളിവുണ്ട്.

        നടന്നത് നഗ്നമായ പകല്‍ കൊള്ളയാണെന്ന കാര്യത്തില്‍ ബിജെപി നേതൃത്വത്തിനോ മുഖ്യമന്ത്രിക്കും മക്കള്‍ക്കുമോ തര്‍ക്കമില്ല. അതുകൊണ്ടാണല്ലോ അനധികൃതമായി ലഭിച്ച ഭൂമി വിവാദമായതോടെ തിരികെ നല്‍കാന്‍ അവര്‍ തയ്യാറായത്.

        മെഡിക്കല്‍കോളേജ് നിയമന വിവാദത്തില്‍ തന്റെ മന്ത്രിസഭയിലെ അംഗമായ രാമചന്ദ്രഗൌഡയ്ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന ഉടന്‍ യെദ്യൂരപ്പ രാജി എഴുതി വാങ്ങി. അതുപോലെ ലൈംഗികാപവാദക്കേസില്‍ അടിപ്പെട്ട ഹാലപ്പയെക്കൊണ്ടും രാജിവെപ്പിച്ചു. എന്നാല്‍ സ്വന്തം പേരില്‍ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് മുഖ്യമന്ത്രി. യെദ്യൂരപ്പയ്ക്ക് തുണയായി പല മന്ത്രിമാരും എംഎല്‍എമാരുമുണ്ട്. വര്‍ഗ്ഗീയ കാര്‍ഡുപയോഗിച്ചാണ് യെദിയൂരപ്പ വിരട്ടുന്നത്. ബഹുഭുരിപക്ഷം എംഎല്‍എമാരും തന്റെ ഒപ്പമാണെന്നും തനിക്കെതിരെ നടപടിവന്നാല്‍ പാര്‍ടിയെ പിളര്‍ത്തും എന്നുമുള്ള യെദ്യൂരപ്പയുടെ ഭീഷണിക്കുമുമ്പില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. അധികാരം നിലനിര്‍ത്താന്‍ ഏതറ്റംവരെ പോകാനും മടികാണിക്കില്ല എന്ന കാര്യത്തിലാണ് ബിജെപി 'വേറിട്ട' പാര്‍ടിയാകുന്നത്.

        ഇനിയും അധികാരത്തില്‍ തുടരാനുള്ള യെദ്യൂരപ്പയുടെയും ബിജെപിയുടെയും ധാര്‍ഷ്ട്യത്തിനെതിരെ പൊതുജനരോഷമാണ് അലയടിച്ചുയരേണ്ടത്. ഇത് ഒരു സംസ്ഥാനത്തിന്റെയോ ഒരു രാഷ്ട്രീയ പാര്‍ടിയുടെയോ മാത്രം കാര്യമല്ല. ഇന്ത്യന്‍ ജനാധിപത്യത്തിന്റെതന്നെ സംശുദ്ധിയുടെ പ്രശ്നമാണ്.

ഗിരീഷ് ചേനപ്പാടി chintha 031210

2 comments:

  1. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയെ തല്‍സ്ഥാനത്തുനിന്ന് മാറ്റില്ലെന്ന് ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കി. അതോടെ ഒരു ദേശീയ പാര്‍ടിക്കും ഇന്നുവരെയുണ്ടാവാത്ത ഗതികേടിന്റെ നെല്ലിപ്പടിയില്‍ എത്തിയിരിക്കയാണ് ബിജെപി. രാജിവെയ്ക്കാന്‍ സമ്മര്‍ദ്ദംചെലുത്തിയ നേതൃത്വത്തെ ഭീഷണിയും സമ്മര്‍ദ്ദതന്ത്രങ്ങളും ഉപയോഗിച്ച് യെദിയൂരപ്പ കീഴ്പ്പെടുത്തി. അതോടെ അഴിമതിയോടും സ്വജനപക്ഷപാതത്തോടും സന്ധിചെയ്യാന്‍ പാതാളത്തോളം താഴാന്‍ കഴിയുന്ന കക്ഷിയാണ് ബിജെപി എന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്. 2 ജി സ്പെക്ട്രം കുംഭകോണം, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി ഇങ്ങനെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതികള്‍ക്കെതിരെ ബിജെപി ശബ്ദമുയര്‍ത്തുമ്പോഴാണ് അഴിമതിക്കാരനായ സ്വന്തം പാര്‍ടി നേതാവിനെ സംരക്ഷിക്കാന്‍ അവര്‍ ഉളുപ്പില്ലാതെ തയ്യാറായത്.

    ReplyDelete
  2. കര്‍ണാടത്തിലെ ഭൂമി കുംഭകോണക്കേസില്‍ ഐടി മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു അടക്കം 11 പേര്‍ക്കെതിരെ ലോകായുക്ത കേസെടുത്തു. അതിനിടെ 2005ല്‍ പ്രതിപക്ഷനേതാവായിരിക്കെ ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് കീഴിലെ എച്ച്എസ്ആര്‍ ലേഔട്ടില്‍ 2,400 ചതുരശ്രയടി സ്ഥലം അനുവദിക്കാന്‍ യെദ്യൂരപ്പ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നു. കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് വിവിധ പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്ത് നല്‍കിയ നഷ്ടപരിഹാരത്തുക കുടുംബാംഗങ്ങളുടെപേരില്‍ തട്ടിയെടുത്ത സംഭവത്തിലാണ് ഐടി മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു, ഭാര്യ സൌഭാഗ്യ, മകന്‍ കട്ട ജഗദീഷ് എന്നിവരടക്കം 11 പേര്‍ക്കെതിരെ കേസെടുത്തത്. 2007ല്‍ വ്യവസായമന്ത്രിയായിരിക്കെയായിരുന്നു തട്ടിപ്പ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മരുമകന്‍ സോഹന്‍കുമാറിന്റെ അമ്മാവന്‍ ആര്‍ പി ശങ്കറിന്റെപേരില്‍ സ്ഥലം അനുവദിക്കണമെന്നാണ് യെദ്യൂരപ്പ അന്നത്തെ മുഖ്യമന്ത്രി ധരംസിങ്ങിനോട് ശുപാര്‍ശ ചെയ്തത്. പ്രതിപക്ഷനേതാവിന്റെ ശുപാര്‍ശയെതുടര്‍ന്ന് ധരംസിങ് ആര്‍ പി ശങ്കറിന്റെപേരില്‍ എച്ച്എസ്ആര്‍ ലേഔട്ടില്‍ മൂന്നാം സെക്ടറില്‍ 2,400 ചതുരശ്രയടി സ്ഥലം അനുവദിച്ചു. സ്ഥലം കൈമാറാന്‍ പാടില്ലെന്നിരിക്കെ മൂന്നുവര്‍ഷത്തിനുശേഷം സോഹന്‍കുമാറിന്റെ അമ്മ വിനോദ നടരാജിന് നല്‍കി. തുടര്‍ന്ന് 2010 സെപ്തംബര്‍ 14ന് ഈ സ്ഥലം സോഹന്‍കുമാര്‍ സ്വന്തം പേരിലേക്ക് മാറ്റുകയും ചെയ്തു

    ReplyDelete